മനുഷ്യത്വത്തെ പുനർനിർവ്വചിക്കുന്ന ആൽഫ

ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലൂടെയും മലയാള നോവൽ സാഹിത്യത്തിന്റെ ഭൂമികയെ പരിഷ്‌കരിച്ച ടി.ഡി. രാമകൃഷ്ണന്റെ തികച്ചും വ്യത്യസ്തമായ രചനയാണ് ആൽഫ. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ആദ്യ നോവൽ. ചരിത്ര സത്യങ്ങളുടെയും സങ്കല്പങ്ങളുടെയും വേർതിരിവുകളറിയാനാകാത്തവിധം ആകർഷകമായ ആഖ്യാനത്തിലൂടെ ആസ്വാദകരെ മായികയാഥാർത്ഥ്യത്തിന്റെ ഭ്രമാത്മകവശ്യതയല്ല ഈ നോവലിന്റെ സവിശേഷത. മറിച്ച് മനുഷ്യാവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങളാണ് ഈ നോവൽ അന്വേഷിക്കുന്നത്.

വ്യക്തമായി എന്നു തുടങ്ങിയെന്നറിയാത്ത, മനുഷ്യന്റെ ഉൽപത്തി മുതൽ ഇതുവരെ നേടിയ എല്ലാ അറിവും ഉപേക്ഷിക്കുക. വീണ്ടും പൂജ്യത്തിലേക്ക്... ആദിയിലേക്ക്... എന്നിട്ടവിടെനിന്ന് ജീവിതം പുനരാരംഭിക്കുക. ഇതായിരുന്നു ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ ആന്ത്രപ്പോളജി പ്രൊഫസ്സർ ആയിരുന്ന പ്രൊഫസ്സർ ഉപലേന്ദു ചാറ്റർജിയുടെ പരീക്ഷണം. അതിനായി പ്രൊഫസറും ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നും എത്തിച്ചേർന്ന 12 പേരും ഇരുപത്തി അഞ്ചുവർഷം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനായി ആളൊഴിഞ്ഞ ദ്വീപിൽ എത്തിയത്. കരയിൽനിന്നും 850 കിലോമീറ്റർ അകലെ, മനുഷ്യസാന്നിദ്ധ്യം എത്താത്ത ആ ദ്വീപിൽ കരയിൽ നിന്നുപോരുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രങ്ങളുൾപ്പടെ ഉപേക്ഷിച്ച് ഏറ്റവും പ്രാകൃത മനുഷ്യനെപ്പോലെ ജീവിക്കുവാനാണ് തീരുമാനം. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമാണ് പരീക്ഷണം വിഭാവനം ചെയ്തത്. ഇരുപത്തിയഞ്ചു വർഷത്തിനുശേഷം ഈ പരീക്ഷണത്തെക്കുറിച്ച് പുറംലോകത്തറിയാവുന്ന ഏകവ്യക്തി ആ ദ്വീപിൽ എത്തിയപ്പോൾ എന്താണ് കണ്ടത്? അന്ന് അവശേഷിച്ചവർക്കെന്താണ് പറയാനുള്ളത? അതാണ് ആൽഫയുടെ ഇതിവൃത്തം.

ഭൂതകാലത്തെ ഉപേക്ഷിക്കുന്ന മനുഷ്യന് എന്താകും സംഭവിക്കുക എന്ന് ആൽഫ രസകരമായി പറഞ്ഞുവയ്ക്കുന്നു. കാപട്യത്തിന്റെയും സ്വാർത്ഥതയുടെയും കൂത്തരങ്ങാകുന്ന മനുഷ്യജീവിതത്തിൽ സ്‌നേഹവും കാരുണ്യവും പ്രകാശം പരത്തുന്നതെങ്ങിനെ എന്ന് ഈ നോവൽ വിവരിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന മനുഷ്യത്വമെന്ന ബന്ധത്തെ പുനർനിർവ്വചിക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ആൽഫ.