മാന്ത്രികനായ എഴുത്തുകാരൻ

മലയാളിക്ക് സുപരിചിതനായ വിശ്വസാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്. മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരുടെ ഒപ്പം അദ്ദേഹത്തിന്റെ പേരും മലയാളവായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. ജീവിതത്തിലും രചനയിലും വേറിട്ടു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വശ്യസുന്ദരമായ ഭാവനകളും വാക്കുകളും നിറഞ്ഞ തന്റെ രചനകളിലൂടെ മാർക്വിസ് ലോകത്തെ വിസ്മയിപ്പിച്ചു.

വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത് ലോകസാഹിത്യത്തിന്റെ സിംഹാസനങ്ങളിലൊന്നിൽ ഇടം നേടിയ വിശ്രുത സാഹിത്യകാരന്റെ ജീവിതവും സാഹിത്യവും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് മാർക്വിസ് വായന: ജീവിതപുസ്തകവും പുസ്തകജീവിതവും. പ്രൗഢോജ്വലമായ ഏതാനും ലേഖനങ്ങളിലൂടെ മാർക്വിസിനെ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് പുസ്തകത്തിലൂടെ അധ്യാപകനും വിവർത്തകനുമായ കെ. ജീവൻകുമാർ. മാർക്വിസിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതെല്ലാം കോർത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

മാർക്വിസിന്റെ ജീവിതകാലത്തെ അത്യപൂർവ്വമായ ചിത്രങ്ങളും പുസ്തകങ്ങളുടെ പുറംചട്ടകളും ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. നോബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് മാർക്വിസ് നടത്തിയ പ്രസംഗവും, ഇ.കെ. പ്രേംകുമാർ രചിച്ച 'മാർക്വിസ് എന്ന നിതാന്ത വിസ്മയം മലയാളിയെ സ്വാധീനിച്ചതിന്റെ നാൾ വഴി' എന്ന ഭാഗവും പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.

മാർക്വിസ് വായന: ജീവിതപുസ്തകവും പുസ്തകജീവിതവും എന്ന കൃതി മാർക്വിസ് എന്ന വിഖ്യാത സാഹിത്യകാരന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലേക്കുള്ള ഒരു വഴികാട്ടി കൂടിയാണ്. മാർക്വിസ് രചനകളെ എന്നും ആവേശപൂർവ്വം സ്വീകരിക്കുന്ന വായനക്കാർക്ക് അത്യന്തം സ്വീകാര്യമായ കൃതിയാണ് ഇത്.