മുക്കുറ്റി കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളമണ്ണിൽ സമ്പൽസമൃദ്ധമാക്കുന്നവയാണ് ഇവിടുത്തെ സസ്യലതാധികൾ. നമ്മുടെ നാടിന്റെ സാംസ്‌കാരികപരവും പാരമ്പര്യപരവുമായ ഘടകം കൂടിയാണ് ഇവ. സർവചരാചരങ്ങളുടെയും നിലനിൽപ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ സസ്യസമ്പത്ത് ആശ്രയം നൽകുന്നവയാണ്. മനുഷ്യനു ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ പോലെതന്നെ പ്രധാനമായവയാണ് ഔഷധങ്ങൾ, ചായങ്ങൾ, സുഗന്ധലേപനങ്ങൾ, എണ്ണകൾ തുടങ്ങിയവയും. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങൾ മാറുന്നതിനൊപ്പം തന്നെ ഇവയിലും വളരെ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം നമുക്ക ലഭ്യമാക്കുന്നത് നമ്മുടെ പ്രകൃതിയാണ്.

ലോകത്തെ മഹാജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ശയിക്കുന്ന കേരളം സസ്യവൈവിധ്യത്തിന്റെ കാര്യത്തിൽ അതിസമ്പന്നമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ മഴയും ഉയർന്ന അന്തരീക്ഷ ആർദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളത്തെ സസ്യവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ ഭൂമികയാക്കി മാറ്റിയിരിക്കുന്നു. ഇവിടത്തെ വനമേഖലകളിലും ജനവാസ മേഖലകളിലും നിറത്തിലും തരത്തിലും ആകൃതിയിലും വലുപ്പത്തിലും സ്വഭാവഗുണങ്ങളിലും വ്യത്യസ്തമായ എണ്ണിയാലൊടുങ്ങാത്ത സസ്യജാതികൾ വളരുന്നുമുണ്ട്.

നമ്മുടെ മണ്ണിൽ വളരുന്ന തനതു വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വിവരങ്ങളടങ്ങിയ പുസ്തമാണ് ഡോ. ടി. ആർ. ജയകുമാരിയും ആർ. വിനോദ് കുമാറും ചേർന്നു തയാറാക്കിയ മുക്കുറ്റി കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും എന്ന പുസ്തകം. നമ്മൾ കണ്ടു പരിച്ചയിച്ചതും കണ്ടു മറന്നതുമായ ഒട്ടനവധി വൃക്ഷങ്ങളുടെയും ചെറുസസ്യങ്ങളുടെയും ഗുണങ്ങളും സവിശേഷതകളും ഉപയോഗങ്ങമൊക്കെ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.