നെഞ്ചിലെ ചോരക്കിളി നൊന്തുമൂളുന്നു... നിന്റെ സൂര്യന്‍ മരിച്ചുപോയ്

ഏഴു പതിറ്റാണ്ടിലധികമായി മലയാളത്തിന്റെ മനസ്സില്‍ സൗമ്യമധുരമായി ഒഴുകിയെത്തിയ കാവ്യഗംഗയായിരുന്നു ഒ. എന്‍. വി കുറുപ്പ്. ഓരോ മലയാളിയുടെയും ബാല്യ-കൗമാര-യൗവ്വന സമ്ൃതികളെ അത്രമേല്‍ സ്വാധിനിച്ചവയായിരുന്നു ആ കവിതകളും ഗാനങ്ങളുമെല്ലാം. അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മേലയാളമണ്ണില്‍ ംഅലയടിച്ച 'പൊന്നരിവാളമ്പിളിയില്‍' പോലുള്ള നാടകഗാനങ്ങള്‍ വെറും പാട്ടായിരുന്നില്ല മലയാളികള്‍ക്ക്; ഒരു കാലഘട്ടത്തിന്റെ ചിന്താധാരകളെ മാറ്റിമറിച്ച വികാരമായിരുന്നു. പാട്ടുകള്‍ക്ക് അങ്ങനെ തലമുറയെ മാറ്റിമറിക്കാം എന്ന ചരിത്രസത്യമായിരുന്നു ആ പാട്ടുകളിലൂടെ നാം കണ്ടത്. അതിന്‍െ അനുരണനം ഒ.എന്‍.വി എന്ന മൂന്നക്ഷരംകൊണ്ട് മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കവിയുടെ ആത്മാവില്‍ വന്നു നില്‍ക്കുന്നു. അവിടെ അവസാനിച്ചില്ല പതിറ്റാണ്ടുകള്‍ക്കപ്പുറം ന്യൂജനറേഷന്‍ കാലത്ത് 'മലരൊളിയേ.. മന്താരമലരേ.. എന്ന പാട്ടിലൂടെ അത് എത്ര തലമുറകളെ തഴുകി പാട്ടിന്റെ മാന്തളിര്‍ സ്പര്‍ശമായി. മധുരിക്കും ഒര്‍മ്മകള്‍ ഒരു കാലഘട്ടത്തിന് സമ്മാനിച്ചാണ് അദ്ദേഹം കോടികളുടെ ആത്മഹര്‍ഷത്തിന്റെ മലര്‍മഞ്ചലേറിപ്പോയത്.

വയലാറിനും പി.ഭാസ്‌കരനും ശേഷം ഒ.എന്‍.വി എന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞുവെച്ച ഒരു നിരയാണ്. എന്നാല്‍ ഗാനാസ്വാദകരില്‍ പലരും അവരുടെ താല്‍പര്യംപോലെ ഇതിലൊരാളെ ആദ്യം വെക്കാന്‍ ഇഷ്ടപ്പെടുന്നു. അതില്‍ ഒ.എന്‍.വിയാണ് മലയാളഗാനരചനയില്‍ മുമ്പന്‍ എന്ന് പറയുന്ന ഒരു തലമുറതന്നെയുണ്ട്. അത് വയലാറിന്റെയും ഭാസ്‌കരന്‍ മാഷിന്റെയും തലമുറയില്‍പ്പെട്ടവരെക്കാള്‍ തൊട്ടടുത്ത തലമുറക്കാരായിരിക്കും. ഇവര്‍ മൂവരും ഒരേ കാലഘട്ടത്തില്‍ ജനിച്ചവരാണെങ്കിലും വയലാറിന്റെ മരണശേഷവും ഭാസ്‌കരന്‍ മാഷ് സജീവമല്ലാതാവുകയും ചെയ്ത കാലത്താണ് ഒ.എന്‍.വി സജീവമായത് എന്നതാകാം കാരണം. തന്നെയുമല്ല അത് കാലത്തിന്റെ അനിവാര്യതയുമായിരുന്നു. നല്ല ഗാനങ്ങള്‍ക്ക് മലയാളത്തില്‍ വലിയ അഭാവം അതോടെ വന്നു എന്നതും സത്യമാണ്. അങ്ങനൊെയരു ഘട്ടത്തിലാണ് അധ്യാപനത്തിന്റെ തിരക്കിനിടയിലും ഒ.എന്‍.വി നല്ല ഗാനങ്ങളുമായി മലയാളത്തെ അനുഗ്രഹിച്ചത്.

നമ്മുടെ സാംസ്‌കാരികലോകത്തെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഒ. എന്‍ വി ഓര്‍മ്മകളുമായി ഒരുമിക്കുന്ന 'ഓര്‍മ്മതന്‍കിളുന്നുതൂവല്‍' വെറുമൊരു പുസ്തകമല്ലാതായിത്തീരുന്നതിന്റെയും കാരണം ഇതുതന്നെയാണ്. ഗായകന്‍ പി. ജചന്ദ്രന്‍, സുഗതകുമാരി, കെ. ജയകുമാര്‍, ശ്രീകുമാരന്‍ തമ്പി, വി. ടി മുരളി,  രവി മേനോന്‍, ശാരദക്കുട്ടി, വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ, വി. ആര്‍ സുധീഷ്, റഫീഖ് അഹമ്മദ് തുടങ്ങി പതിമൂന്നുപേരുടെ ഓര്‍മ്മകളാണ് ഈ സമാഹാരത്തിലുള്ളത്. നാം ഇന്നേവരെ അറിയാത്തൊരു ഒ എന്‍ വിയെ ഈ പുസ്തകത്തിലൂടെ നമുക്കനുഭവിക്കാം. ചില ഓര്‍മ്മകള്‍ നമ്മുടെ കണ്ണിനെ ഈറന്ണിയിക്കും. ചിലതു ചിരിപ്പിക്കും, മറ്റു ചിലതു ചിന്തിപ്പിക്കും. മലയാളമുള്ളിടത്തോളം മരിക്കാത്തൊരു കവിയെക്കുറിച്ചുള്ളൊരു മരിക്കാത്ത ഓര്‍മ്മകളുടെ സമാഹാരം. 

എന്നാല്‍ നാടകഗാനശാഖയില്‍ ഒ.എന്‍.വി അക്കാലത്ത് മുന്നില്‍തന്നെയായിരുന്നു. അദ്ദേഹത്തിന് വയലാര്‍ കാലഘട്ടത്തില്‍ സിനിമയില്‍ സജീവമാകാന്‍ കഴിയാതിരുന്നത് ഗാനങ്ങള്‍ ആരും സ്വീകരിക്കഞ്ഞിട്ടോ അവസരങ്ങള്‍ ആരും നല്‍കാതിരുന്നിട്ടോ ആയിരുന്നില്ല. മറിച്ച് അധ്യാപകനായ അദ്ദേഹത്തിന് അന്നത്തെ നിയമപ്രകാരം സിനിമയില്‍ പാട്ടെഴുതാന്‍ കഴിയുമായിരുന്നില്ല എന്നതാണ്. എന്നാല്‍ അപൂര്‍വമായി അക്കാലത്തും അദ്ദേഹം ബാലമുരളി എന്ന പേരില്‍ പാട്ടെഴുതിയിരുന്നു. അതില്‍ മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമരപൂവിലുണര്‍ന്നവളെ, കരുണയിലെ 'എന്തിനീ ചിലങ്കകള്‍, സാഗരമേ ശാന്തമാകനീ തുടങ്ങിയ എത്രയോ ഗാനങ്ങള്‍.

എന്നാല്‍ എണ്‍പതുകളോടെ അദ്ദേഹം സിനിമയില്‍ സജീവമായതോടെ മലയാളം നല്ല ഗാനങ്ങളെ വീണ്ടും പ്രണമിച്ചു. എണ്‍പതുകളില്‍ സിനിമയുടെ രൂപവും ഭാവവും മാറി. കാലഘട്ടത്തിന്റെതായ മാറ്റം സംഗീതത്തില്‍ പ്രകടമായി. പാശ്ചാത്യ സിനിമാ ശൈലിയും സംഗീത ശൈലിയും സിനിമയെ പിടികൂടി. അത് ആദ്യമൊക്കെ നമ്മുടെ സിനിമാക്കാര്‍ക്കും സംഗീതസംവിധായകര്‍ക്കും അങ്കലാപ്പുണ്ടാക്കുകയും അതനുസരിച്ച് പാട്ടുകള്‍ വികലമാവുകയും ചെയ്‌തെങ്കിലും ഭരതനെയും പത്മരാജനെയും പോലുള്ള സംവിധായകര്‍ എത്തിയതോടെ സിനിമക്കും പാട്ടിനും ഒരു ആധുനിക പരിവേഷം വന്നു. ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തിയുമൊക്കെ ഉള്‍പെട്ട മുന്‍കാലപ്രതിഭകളുടെ സ്ഥാനത്ത് ഇവരുടെയൊക്കെ ശിഷ്യസ്ഥാനീയരായ രവീന്ദ്രനും ജോണ്‍സണും മറ്റും സജീവമായി. അതോടെ വന്ന കാതലായ മാറ്റം പാട്ട് എഴുതിയിട്ട് സംഗീതം നിര്‍വഹിക്കേണ്ട അവസ്ഥമാറി അത് തിരിച്ചായി എന്നതാണ്.ഇങ്ങനെയൊരു മാറ്റം അംഗീകരിക്കാന്‍ മടിയുള്ളവരായിരുന്നു മുന്‍തലമുറ. എന്നാല്‍ അതിന് തയാറായവര്‍ പുതുതായി വന്നതോടെ പോപ്പുലര്‍ ഗാനങ്ങള്‍ അവരെത്തേടിപ്പോയി. എന്നാല്‍ അര്‍ഥവത്തായ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒ.എന്‍.വിയെ സമീപിക്കുകയേ അന്ന് മര്‍ഗമുണ്ടായിരുന്നുള്ളൂ.

വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ.. പോലുള്ള ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയകാലം എന്ന് തിരിച്ചറിയാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞു. പാട്ടെഴുതി സംഗീതം ചെയ്യുന്നതിനോട് കവിയെന നിലയില്‍ യോജിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുനെങ്കിലും അദ്ദേഹം അക്കാര്യത്തില്‍ ഒരിക്കലും കടുംപിടിത്തം പിടിച്ചില്ല. സലില്‍ ചൗധരി മലയാളത്തില്‍ വന്നപ്പോള്‍ ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ ചെയ്തത് ഒ.എന്‍.വിയുമൊത്താണ്. അതില്‍ ഇരുവരും ചേര്‍ന്നുള്ള ഏറ്റവും മനോഹരമായ ഗാനമായ 'സാഗരമേ ശാന്തമാകനീ..' വേറിട്ടു നില്‍ക്കുന്നു. ആരുടെയും മനസിനെ മഥിക്കുന ഈ ഗാനം ട്യൂണിട്ട് ഏഴുതിയതാണെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസം. അത്ര കാവ്യാത്മകമായാണ് അദ്ദേഹത്തിലെ കവി അതില്‍ പ്രതിഫലിക്കുന്നത്. ഇതുമാത്രമല്ല സലില്‍ ചൗഥരിയുമൊത്ത് ചെയ്ത ഓരോ ഗാനവും.

എഴുപതുകളില്‍ സിനിമയെ ആധുനികവല്‍കരിച്ച് കെ.ജി.ജോര്‍ജ്ജ് സജീവമായപ്പോള്‍ അദ്ദേഹത്തിന്റെ മിക്ക സിനിമകള്‍ക്കും പാട്ടെഴുതിയത് ഒ.എന്‍.വിയായിരുന്നു. ഇതില്‍ എടുത്തു പറയാവുന്നവയാണ് യവനികയും ഉള്‍ക്കടലും. രണ്ടിന്റെയും സംഗീതസംവിധാനം നിര്‍വഹിച്ചത് എം.ബി ശ്രീനിവാസനായിരുന്നു. അദ്ദേഹവുമൊത്ത് ഒ.എന്‍.വി ചെയ്ത പാട്ടുകള്‍ ഒരു വേറിട്ട അധ്യായം തന്നെയായിരുന്നു. ശരദിന്ദുമലര്‍ദീപാളം, ചെമ്പകപുഷ്പസുവാസിതയാമം, മിഴികളില്‍ നിറകതിരായി, നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ തുടങ്ങിയ ഓരോഗാനവും പ്രണയവും പ്രണയഭംഗവുമുള മനസ്സുകളെ വല്ലാതെ ഉലച്ചുകളഞ്ഞതാണ്.

പത്മരാജന്റെ കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പറന്നുപറന്ന്പറന്ന് തുടിങ്ങിയ ചിത്രങ്ങള്‍, ഭരതന്റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, കാതോട് കാതോരം, ഹരിഹരന്റെ നഖക്ഷതങ്ങള്‍, പഞ്ചാഗ്‌നി,ആരണ്യകം, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൊക്കെ ഒ.എന്‍.വി എഴുതിയ പാട്ടുകള്‍ വ്യത്യസ്തമായ കാവ്യലോകം തന്നെ സൃഷ്ടിച്ചവയാണ്. ലെനിന്‍ രാജേന്ദ്രന്റെ ചില്ലിലെ 'ഒരവട്ടംകൂടി' ഒരു ഗാനമായല്ല വികാരമായാണ് മലയാളികള്‍ ആസ്വദിക്കുന്നത്. 'ചൈത്രം ചായം ചാലിച്ചു' എന്ന  അതിലെ പ്രണയഗാനം കേട്ട് കോരിത്തരിച്ചിട്ടില്ലാത്ത യുവാക്കള്‍ അന്നുണ്ടാവില്ല. അത്രത്തോളം ആത്മസ്പര്‍ശമായിരുന്നു ആ ഗാനങ്ങള്‍ക്ക്. അത്തരം ഗാനങ്ങളുടെ ഒരു നിരതന്നെ പലര്‍ക്കും പറയാനുണ്ട്. നീള്‍മിഴിപ്പീലയില്‍, അരികില്‍ നീയണ്ടായിരുന്നെങ്കില്‍, മെല്‌ളെ മെല്‌ളെ മുഖപടം, ഒരുദളം മാത്രം, നീയെന്‍ സര്‍ഗസൗന്ദര്യമേ, തംബുരു കുളിര്‍ചൂടിയോ, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ.. അങ്ങനെ എത്രയോ ഗാനങ്ങളിലേക്ക് നീളുന്ന പാട്ടുകളുടെ നിര.