Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ ഒ.എൻ.വി

ONV Kurup മലയാളത്തിന്റെ മഹാകവി ഒ എൻ വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം.

ഒഎൻവിയെ ഇനിയും മനസ്സിലാക്കാനുണ്ട്. അദ്ദേഹം തന്നെ എഴുതിയതുപോലെ, വാഴ്‌വെന്ന വചനത്തിനൊടുവിൽ വിരാമചിഹ്‌നമായി മരണം വന്നുവെങ്കിലും മലയാളിമനസ്സുകളിൽ ആ സർഗാത്മക ജീവിതത്തിനു വിരാമമാകുന്നില്ല. കവിയുടെ മരണം ഒരു സാങ്കേതികപ്രശ്‌നം മാത്രമാണ്.

‘എഡിറ്റ്’ ചെയ്യപ്പെടാത്ത ജീവിതങ്ങളെക്കുറിച്ച് കെ.പി. അപ്പൻ പറഞ്ഞത് ഓർക്കുന്നു. മഹാകവി പി.കുഞ്ഞിരാമൻ നായർ, സുരാസു, ജോൺ എബ്രഹാം, ടി.ആർ, എ.അയ്യപ്പൻ തുടങ്ങിയവരുടെ ജീവിതം ‘എഡിറ്റ്’ ചെയ്യപ്പെടാത്തത് അവരുടെ പ്രതിഭയുടെ സവിശേഷസ്വഭാവമാണെന്ന് അപ്പൻ നിരീക്ഷിച്ചു. ഒഎൻവിയുടേത് സവിശേഷ പ്രതിഭയായിരുന്നു. എന്നാൽ അദ്ദേഹത്തിേൻറത് ‘എഡിറ്റ്’ ചെയ്യപ്പെട്ട ജീവിതമായിരുന്നു.

‘ജന്മനാ കവികളായി വരുന്നവരിൽ പലരും തങ്ങളുടെ സർഗശക്‌തിയെയും വ്യക്‌തിജീവിതത്തെയും അലസതയോടെ ധൂർത്തടിച്ചവരാണ്. പി.കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ മുതലായ എത്രയോ ഉദാഹരണങ്ങൾ. തന്നിലെ അഗ്നിതുല്യമായ കവിത്വശക്‌തിയെ അച്ചടക്കത്തോടെ അവസാനംവരെ ജ്വലിപ്പിച്ചു നിർത്തി എന്നതാണ് ഒഎൻവി കുറുപ്പ് എന്ന കവിയെ വേറിട്ടു നിർത്തുന്നത്’ – കവി റഫീക് അഹമ്മദ് ഇങ്ങനെ എഴുതിക്കണ്ടപ്പോൾ വീണ്ടും ഓർത്തു എഡിറ്റ് ചെയ്യപ്പെട്ട ആ ജീവിതത്തെ; ശരീരഭാഷയ്‌ക്കുപോലും വ്യാകരണം പിഴയ്‌ക്കരുതെന്നു നിർബന്ധമുണ്ടായിരുന്ന ഒഎൻവിയെ.

onvഒഎൻവിയുടെ ഭൂപടം അദ്ദേഹംതന്നെ വരച്ചതായിരുന്നു. ചാരായക്കടയിലോ ചങ്ങാതിക്കൂട്ടത്തിലോ അദ്ദേഹത്തെ കണ്ടില്ല. ഭ്രമണപഥം തെറ്റിയ ആത്മാനുരാഗികളായ അരാജകവാദികളെ അദ്ദേഹം വെറുത്തു, അവർ നല്ല കവികളായാൽപ്പോലും. എെൻറ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു – ‘ഞാൻ ഒരു കവിയാണ്, അതുകൊണ്ട് എെൻറ നാറ്റം നിങ്ങൾ സഹിച്ചുകൊള്ളണം എന്ന് കരുതുന്നവരെ ഞാൻ സഹിക്കില്ല’.

വേണ്ടാവാശികൾ വേണ്ടത്ര ഉണ്ടായിരുന്നു ഒഎൻവിക്ക്. പൊതുരംഗത്തു സജീവമായപ്പോഴും ഒരു യഥാർഥ കവിയെപ്പോലെ ലോകത്തെ പുറത്താക്കിയും ലോകത്തിൽനിന്നു പുറത്തായും ജീവിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. തന്നെ വിഗ്രഹമായി കണ്ടവരെപ്പോലും അദ്ദേഹം നിരാശരാക്കി. പൊട്ടകവിത തിരുത്താൻ എത്തിയവരെ മടക്കിയയച്ചു. അങ്ങനെ സ്വന്തം സമയത്തിെൻറമേൽ നിയന്ത്രണം സ്‌ഥാപിച്ചു.

ഭൂമിയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം വ്യക്‌തിയാണ് എന്നതു നിരന്തരം ഓർമിപ്പിച്ചു ഒഎൻവി. അദ്ദേഹത്തിെൻറ മനസ്സും, ചിന്തയും സ്വയംഭരണപ്രദേശമായിരുന്നു. ഒരക്ഷരത്തെറ്റുപോലും ചെയ്യാത്തയാൾ എന്ന ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. വളച്ചുകെട്ടലിലോ വചനഭൂഷണങ്ങളിലോ വിശ്വസിച്ചില്ല. വിമർശനങ്ങൾ ചിലപ്പോഴൊക്കെ അദ്ദേഹത്തെ തളർത്തി, മറ്റു ചിലപ്പോൾ പട്ടംപോലെ ഉയർത്തി. ഓരോ മഴയ്‌ക്കുശേഷവും പുഴ കൂടുതൽ ഇളപ്പമാവുന്നു എന്ന് ഒഎൻവി എഴുതിയിട്ടുണ്ട്. വിമർശനപ്പെരുമഴയ്‌ക്കു പിറ്റേന്ന് ഒഎൻവി വാശിയിൽ ഇളപ്പമാവുന്നതു ഞാൻ കണ്ടിട്ടുണ്ട്.


കവികളിൽ വൈലോപ്പിള്ളിയായിരുന്നു ഒഎൻവിയുടെ ഗുരുസ്‌ഥാനത്ത്. ഭൂതലം മുഴുവൻ തോലുവിരിക്കാൻ കഴിയില്ല, അതുകൊണ്ട് ചെരിപ്പിട്ടു നടക്കുക എന്ന് വൈലോപ്പിള്ളി പറഞ്ഞത് ഒഎൻവിക്കു വേദവാക്യമായി. പതിരു പരതുന്നവരുടെ പ്രകോപനങ്ങളിൽ പതറാതിരിക്കാൻ ഈ ഉപദേശമാണ് എന്നും അദ്ദേഹത്തെ തുണച്ചത്. ‘സമസ്‌തം വൈകിചെയ്യലേ സുഖം’ എന്ന വൈലോപ്പിള്ളി സൂക്‌തം പക്ഷേ ഒഎൻവിക്കു പഥ്യമായിരുന്നില്ല. എന്ത് ഏറ്റെടുത്താലും അത് ഏറ്റവും നന്നായി പറഞ്ഞ സമയത്തുതന്നെ ചെയ്‌തു തീർക്കണമെന്ന വാശി അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. അതൊരു മനോഭാവമായിരുന്നു. പ്രശസ്‌തിയിലും അദ്ദേഹം സ്വന്തം സ്വഭാവത്തിനൊപ്പം നിന്നു.


ഒഎൻവിയുടെ കവിതപോലെ ജനപ്രിയമായിരുന്നു ആ ചിരിയും. ചിരപരിചിതമായ ആ ചിരി പക്ഷേ, ഒരു കവിയുടെ അസ്വസ്‌ഥമധുരമായ മനസ്സിനെ ഒളിപ്പിച്ചു. ഒരു കവിയുടെ സർഗാത്മകതയും വിമർശകന്റെ നിശിത നിരീക്ഷണവും ആ മനസ്സിൽ സഹവർത്തിച്ചു. പലപ്പോഴും അസുഖകരമായ പാരസ്‌പര്യത്തിൽ .

onv-shanthi


ചവറയുടെ മണ്ണിൽ അരികുജീവിതങ്ങളും അതിജീവനസമരങ്ങളും കമ്യൂണിസത്തിെൻറ വേരുകളും കണ്ടുവളർന്ന കവിയുടെ രാഷ്‌ട്രീയവിശ്വാസങ്ങൾ പ്രബലമായിരുന്നു, പ്രകടവും. എന്നാൽ ഒഎൻവി കുറുപ്പ് ഒരു പാർട്ടിയുടെയും കുറിപ്പടിക്കുട്ടിയായില്ല. പാർട്ടിക്കുവേണ്ടി പടപ്പാട്ട് എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു പാർട്ടിക്കും അദ്ദേഹത്തെ പൂർണമായി പാട്ടിലാക്കാൻ കഴിഞ്ഞില്ല. പുഷ്‌ബട്ടൺ പ്രതികരണങ്ങൾക്ക് അദ്ദേഹത്തെ കിട്ടില്ലായിരുന്നു.വയലാർ അവാർഡ് ട്രസ്‌റ്റിെൻറ മുഖമായിരുന്നു ഒഎൻവി എന്നാൽ ട്രസ്‌റ്റും അതിെൻറ സാരഥികളും ഏറെക്കുറെ അന്യമായിരുന്നു ഒഎൻവിക്ക് എന്നത് ഏറെപ്പേർക്ക് അറിയാത്ത കാര്യം.
കവിതയ്‌ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹം തന്നെ പൂർണമായി വിട്ടുകൊടുത്തില്ല. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനമോ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ എന്തുമായിക്കൊള്ളട്ടെ ഒന്നിനും പൂർണമായും പിടികൊടുക്കാതെ അവയ്‌ക്കൊക്കെമേൽ കവിത്വംകൊണ്ട് ആധിപത്യം സ്‌ഥാപിക്കുകയായിരുന്നു അദ്ദേഹം. ഒഎൻവിക്ക് ഈശ്വരനിൽ വിശ്വാസമുണ്ടായിരുന്നു. ആ ഈശ്വരനു പക്ഷേ കൃഷ്‌ണനെന്നോ വിഷ്‌ണുവെന്നോ ശിവനെന്നോ പേര് ഉണ്ടായിരുന്നില്ല. ഒരു ‘കോസ്‌മിക് വിഷൻ’ എന്നാണ് സ്വന്തം വിശ്വാസത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ടഗോറിെൻറ മിസ്‌റ്റിക് കവിതകളിൽ കാണുന്നതുപോല. ഓരോ കാലത്തും മനുഷ്യനെ നയിക്കാൻ ശ്രമിച്ച ബുദ്ധനും ക്രിസ്‌തുവുമൊക്കെ പ്രചോദിപ്പിച്ചു. ടോൾസ്‌റ്റോയിയെപ്പോലെയുള്ള എഴുത്തുകാരും ഒ.എൻ.വിയുടെ ദൈവസങ്കൽപ്പത്തെ സ്വാധീനിച്ചിട്ടുണ്ട്.

onv-veruthe

ഞാൻ നിങ്ങൾ വിചാരിച്ചതെന്തോ അതല്ല എന്ന് വാൾട്ട് വിറ്റ്‌മാനെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ഒഎൻവി. ശരിക്കും മനസ്സിലാക്കപ്പെടുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവും വലിയ ദുഃഖം. ഒഎൻവിയെ ഇനിയും മനസ്സിലാക്കാനുണ്ട്. അദ്ദേഹം തന്നെ എഴുതിയതുപോലെ, വാഴ്‌വെന്ന വചനത്തിനൊടുവിൽ വിരാമചിഹ്‌നമായി മരണം വന്നുവെങ്കിലും മലയാളിമനസ്സുകളിൽ ആ സർഗാത്മക ജീവിതത്തിനു വിരാമമാകുന്നില്ല. കവിയുടെ മരണം ഒരു സാങ്കേതികപ്രശ്‌നം മാത്രമാണ്.

Your Rating: