Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധപാപങ്ങളുടെ ഇന്ത്യ

‘‘നിങ്ങളെന്തിനാണ് ദേവദാസിയായത് ?’’– കൗതുകത്തോടെ ഞാൻ ചോദിച്ചു. 

‘‘അച്ഛനു വളർത്താനും പഠിപ്പിക്കാനും ശേഷിയില്ലായിരുന്നു. അതുകൊണ്ട് ദേവദാസിയാക്കി. ഞങ്ങളുടെ നാട്ടിൽ എല്ലാ വീട്ടുകാരും അങ്ങനെ തന്നെയാണ് ചെയ്‌തിരുന്നത്. പഠിപ്പിക്കാനും കല്ല്യാണം കഴിപ്പിച്ചയയ്‌ക്കാനും കഴിവില്ലെങ്കിൽ പെൺകുട്ടികളെ മെൻസസ് ആയിക്കഴിഞ്ഞാൽ അടുത്ത മാഘപൗർണമിക്ക് അമ്പലത്തിൽ കൊണ്ടുപോയി  ദേവദാസിയാക്കും. പിന്നെ ആ പെൺകുട്ടികൾ ആരുടെയെങ്കിലും കീപ്പ് ആയി കാലം കഴിക്കും. എന്നെപ്പോലെ ചിലർ ബാംഗ്ലൂരിലേക്കും ബോംബെയ്‌ക്കും പോയി രക്ഷപ്പെടും. അല്ലാത്തവർ അവിടെ കിടന്ന് നരകിച്ച് ചാകും.’’

ദേവദാസികളുടെ ജീവിതം തേടിയിറങ്ങിയ പത്രപ്രവർത്തകന് അതൊരു പുതിയ അറിവായിരുന്നു.  മംഗലാപുരത്ത്  ഡാൻസ് ബാറുകൾ നിരോധിക്കുന്നു എന്നൊരു വാർത്തയിൽ നിന്നാണ് അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകൻ യാത്രയാരംഭിക്കുകയാണ്. പരിചയമില്ലാത്ത വഴിയിലൂടെ മംഗലാപുരം മുതൽ കൊൽക്കത്തയിലെ സോനാഗച്ചി വരെ അയാൾ യാത്ര ചെയ്തു, എട്ടുവർഷത്തെ യാത്രയും പഠനവും. ആ യാത്രയാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകം. ദൈവത്തിന്റെ പേരിൽ സ്ത്രീകളെ പുരുഷന്റെ കാമപൂർത്തീകരണത്തിനായി ചൂഷണം ചെയ്യുന്ന ഇന്ത്യൻ വ്യവസ്ഥിതിയെയാണ് ഈ പുസ്തകം തുറന്നുകാട്ടുന്നത്. 

ഗ്രന്ഥകാരൻ പറയുന്നുണ്ട്– ‘‘ദേവദാസികളെക്കുറിച്ച് പഴയ കഥകളിൽ വായിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിൽ ഉന്നത സ്‌ഥാനമുണ്ടായിരുന്ന ക്ഷേത്ര നർത്തകികളാണ് അവരെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. ഒരുകാലത്ത് രാജാക്കന്മാർ പോലും അവരുടെ പെൺമക്കളെ ദേവദാസിയായി ക്ഷേത്രങ്ങൾക്ക് സമർപ്പിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ, ബ്രാഹ്‌മണ മേധാവിത്തത്തിന്റെ കാലഘട്ടങ്ങളിൽ ദേവദാസികൾ സവർണരുടെ ഇംഗിതങ്ങൾക്ക് കീഴ്‌പ്പെട്ടതു വഴി സാമൂഹിക പദവി നഷ്‌ടപ്പെട്ടതായി ചരിത്രം പറയുന്നു. മധ്യകാലഘട്ടത്തിൽ കേരളത്തിൽ അച്ചീചരിതങ്ങൾക്കും ചമ്പുക്കൾക്കും മറ്റും സാമൂഹിക പശ്‌ചാത്തലമായ ഈ അനാചാരം പക്ഷേ, ഇന്നും നിലനിൽക്കുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു’’. 

ശോകതാളങ്ങളിൽ മുജ്‌റ പാടി ഉജ്‌ജയിനി

ഉജ്‌ജയിനി– മിത്തുകളും ചരിത്രവും കൂടിക്കലർന്ന കഥകളുടെ ഐതിഹ്യമാല. വിക്രമാദിത്യനും കാളിദാസനും ഭോജരാജാവും എല്ലാം ആ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. 

മിത്തുകൾ പോലെ, ക്ഷേത്രങ്ങളും ഒരുപാടുണ്ട് ആ ചെറിയ നഗരത്തിൽ. മധ്യപ്രദേശിലാണ് ഉജ്‌ജയിനി. ഇൻഡോറിൽ നിന്ന് 55 കിലോമീറ്ററുണ്ട് ഇവിടേക്ക്. അവന്തി രാജവംശത്തിന്റെ ആസ്‌ഥാനമായിരുന്നു ഉജ്‌ജയിനി. 

ക്ഷേത്രങ്ങളോടു ചേർന്ന് ദേവദാസികളെ അന്വേഷിച്ചെങ്കിലും അവരെയൊന്നും അവിടെ കണ്ടെത്താനായില്ല. ഒരു കാലത്ത് ദേവദാസികൾ തമ്പടിച്ചിരുന്ന പിഞ്ചാർവാടിയിലേക്ക് പോയി നോക്കാൻ ടൗണിൽ തുകൽ ബാഗുകളുടെ കട നടത്തുന്ന രാജേന്ദ്രസിങ് ഉപദേശിച്ചു. പിഞ്ചാർ വാടി, ടൗണിൽ നിന്ന് അധികം അകലത്തിലല്ല. അങ്ങോട്ടുള്ള വഴി സിങ് കൃത്യമായി പറഞ്ഞു തന്നിരുന്നെകിലും, ഇടയ്‌ക്ക് സംശയം തോന്നി ഒന്നു രണ്ടു കടക്കാരോട് ചോദിച്ചപ്പോൾ, അവരെല്ലാം അർഥം വച്ചു ചിരിക്കുക മാത്രമാണു ചെയ്‌തത്. നിറഞ്ഞ ചിരി. ഒടുവിൽ പഴയ ഇരുമ്പുസാധനങ്ങൾ തൂക്കിയെടുക്കുന്ന ഒരു കടയ്‌ക്കു മുൻപിലെത്തി. അവിടെ നിന്ന് കുറെ ഇടവഴികൾ തലങ്ങും വിലങ്ങും കാണാം. അതിൽ ഒരിടവഴിയിലൂടെ ഞാൻ ഊഹം വച്ച് നീങ്ങി. ആ ഇടവഴിയിൽ ഒരു വശത്ത് അടച്ചിട്ട മുറികളോടു കൂടിയ ഒരു നെടുനീളൻ ഒറ്റനില കെട്ടിടം. സത്യത്തിൽ, അതിൽ ഓരോ മുറിയും ഓരോ വീടുകളായിരുന്നു. നിരനിരയായി അടഞ്ഞു കിടക്കുന്ന വാതിലുകൾക്കിടയിൽ രണ്ടു ചെറിയ വാതിലുകൾ മാത്രം തുറന്നിരിക്കുന്നതു കണ്ടു. അതൊരു പെട്ടിക്കടയായിരുന്നു. മധ്യവയസ്‌കയായ സ്‌ത്രീയാണ് കടയിൽ. 

‘‘ഇതു തന്നെയാണ് പിഞ്ചാർവാടി’’– അവർ പറഞ്ഞു. 

‘‘ഇവിടെ ദേവദാസികളെ കാണാൻ വന്നതാണ് ’’– ഞാൻ പറഞ്ഞു.  

‘‘ദേവദാസികളോ? അവരൊന്നും ഇപ്പോൾ ഇവിടെയില്ല. നിങ്ങൾക്ക് വേണമെങ്കിൽ മുജ്‌റ കാണാം.’’ 

മുജ്‌റ കാണാൻ മുംബൈയിൽ അവസരം കിട്ടിയതാണെങ്കിലും അന്നത് നടന്നിരുന്നില്ല. ഇത്തവണ ആ നഷ്‌ടം തീർത്തേക്കാമെന്നു ഞാൻ കരുതി. 

തൊട്ടടുത്ത ഇടവഴിയിലെ  പഴഞ്ചൻ ഇരുനില കെട്ടിടത്തിലേക്ക് അവർ വിരൽചൂണ്ടി. ആ കെട്ടിടത്തിന്റെയും താഴത്തെ നിലയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ‘‘മുകളിലെ നിലയിലാണ് മുജ്‌റ ’’– അവർ പറഞ്ഞു. താഴെ അടച്ചിട്ട വാതിലുകളിൽ ഒരെണ്ണം തുറന്നാൽ മുകളിലേക്കുള്ള കോണിപ്പടി കാണാമെന്നും പറഞ്ഞു. അവർ ചൂണ്ടിക്കാണിച്ച കെട്ടിടത്തിനു മുന്നിലെ ഇടവഴിയിലൂടെ ഞാൻ നടന്നു. മുകളിൽ ചില മുറികളുടെ ജനലുകൾ തുറന്നിട്ടിട്ടുണ്ട്. രണ്ടു മുറികളുടെ ജനാലയിൽ മുജ്‌റ എന്നെഴുതിയ ബോർഡും വച്ചിട്ടുണ്ട്.–  സംഗീതോപകരണങ്ങളുടെ ചിത്രങ്ങളുള്ള ബോർഡ്. 

ഇടവഴിയിലൂടെ നടക്കുമ്പോൾ എതിരെ വരുന്ന സ്‌ത്രീയെ ഞാൻ ശ്രദ്ധിച്ചു. പഴകിയ ചുരീദാറാണ് വേഷം. എനിക്കു മുൻപിൽ അവർ ഭിക്ഷയ്‌ക്കായി കൈ നീട്ടി. പക്ഷേ, എന്താണ് എന്റെ പ്രതികരണം എന്നു ശ്രദ്ധിക്കാൻ പോലും നിൽക്കാതെ കടന്നു പോകുകയും ചെയ്‌തു. അടച്ചിട്ട മുറികൾക്കപ്പുറത്ത് കുറെ പേർ തിരക്കിട്ട് എന്തോ പണിയിലാണ്. ഞാൻ അവർക്കടുത്തെത്തി നോക്കി.  

അവർക്കടുത്തിരുന്ന്  സംസാരിച്ചു തുടങ്ങി. മുൻപ് ഇവിടെ ദേവദാസികൾ ഏറെ ഉണ്ടായിരുന്നതായി അവർക്കറിയാം. എന്നാൽ, അവർ എവിടെ പോയെന്നും എന്തിനു പോയെന്നുമുള്ള ചരിത്രമൊന്നും അവർക്കറിഞ്ഞുകൂടാ. സംസാരിച്ചിരിക്കുന്നതിനിടെ നേരത്തേ കണ്ട സ്‌ത്രീ വീണ്ടും ഞങ്ങൾക്കു മുൻപിലൂടെ പോകുന്നതു കണ്ടു. വഴിയിൽ എതിരെ നിന്നു വരുന്നവരോടെല്ലാം അവർ  കൈ നീട്ടുന്നുണ്ട്. 

മുജ്‌റ കാണുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ കായക്കച്ചവടക്കാർ ചിരിച്ചു. ‘‘ഇവിടെ ഇത് അംഗീകരിക്കപ്പെട്ടതാണോ? ബോർഡ് വച്ചിട്ടുണ്ടല്ലോ? – ഞാൻ ചോദിച്ചു. 

‘‘അതെ 11 മണി വരെ മുജ്‌റ നടത്താം. രാത്രി പറ്റില്ല.’’– അവർ പറഞ്ഞുതന്നു. 

‘‘രാത്രിയിൽ കാണണമെങ്കിലോ?’’– ഞാൻ വീണ്ടും ചോദ്യമെറിഞ്ഞു. 

‘‘പോയി നോക്ക്. ചിലപ്പോൾ അവർ സമ്മതിക്കുമായിരിക്കാം.’’ – ചോദ്യത്തിന്റെ ധ്വനി മനസിലാക്കിയിട്ടെന്നവണ്ണം ഒരു ചെറുപ്പക്കാരൻ മറുപടി പറഞ്ഞു. 

‘‘ഇപ്പോൾ പോയാൽ പൊലീസ് പിടിക്കുമോ?’’– ഞാൻ സംശയിച്ചു. 

‘‘ഇല്ലില്ല. രാത്രി 11 മണി കഴിഞ്ഞിട്ട് പോകുന്നെങ്കിൽ പൊലീസിനെ പേടിച്ചാൽ മതി.’’.– അയാൾ ധൈര്യം തന്നു. 

ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. കച്ചവടക്കാർ കാണിച്ചുതന്ന വതിലിന്റെ അടുത്തെത്തി. തള്ളിയപ്പോൾ തന്നെ   വാതിൽ തുറന്നു. വാതിൽ തുറക്കുന്ന ശബ്‌ദം കേട്ട് മുകളിൽ നിന്ന് ഒരു മനോഹരമായ പെൺശബ്‌ദം കേട്ടു: ‘‘കോൻ ഹേ?’’

മുജ്‌റ കാണാനാണെന്നു പറഞ്ഞപ്പോൾ മുകളിലേക്കു വരാൻ പറഞ്ഞു. ചെറിയ ഒരു ഹാളിലേക്കാണ് കയറിച്ചെന്നത്. അതിനു പുറമെ മറ്റ് രണ്ട് മുറികൾ കൂടിയുണ്ട്.  20നും 25നും ഇടയിൽ പ്രായം വരുന്ന രണ്ടു സുന്ദരികൾ ചേർന്നാണ് സ്വീകരിച്ചത്. ഒരുവൾ തടിച്ചും മറ്റവൾ മെലിഞ്ഞും. തടിച്ചവൾ അനീഷ എന്നു പേരു പറഞ്ഞു. മറ്റവൾ ഷഹനാസ് എന്നും. 

ഓരോ പാട്ടിനും 100 രൂപ വച്ചാണ് മുജ്‌റയുടെ ചാർജ്. ഞാൻ സമ്മതിച്ചു. പാട്ടുകാരെ വിളിക്കാം എന്നു പറഞ്ഞ് അനീഷ മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിച്ചു. ഹിന്ദി കലർന്നതെങ്കിലും കൃത്യമായി പിടികിട്ടാത്ത ഏതോ ഒരു ഭാഷയിലാണ് അവൾ ഫോണിൽ സംസാരിച്ചത്. അഞ്ചു മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞ് അനീഷയും ഷഹനാസും അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനും ഒരു വയസ്സനും കോണി കയറി അവിടെയെത്തി. അവർ വന്നയുടൻ സലാം പറഞ്ഞ് എനിക്കു നേരെ എതിർവശത്തായി ഇരുന്നു. ഒരു മൂലയിൽ ഇരിക്കുകയായിരുന്ന തബലയും ഹാർമോണിയവും എടുത്തു മുൻപിൽ വച്ച് അവർ മെല്ലെ താളമിട്ടു തുടങ്ങി. ഇതിനിടെ പെൺകുട്ടികൾ ഇരുവരും അകത്ത് മറ്റൊരു മുറിയിലേക്കു പോയിരുന്നു. 

ചെറുപ്പക്കാരൻ തബല വായിക്കാൻ തയാറായി ഇരിപ്പുറപ്പിച്ചു. വയസ്സൻ ഹാർമോണിയവും റെഡിയാക്കി. ചെറുപ്പക്കാരൻ ഹിന്ദിയിൽ എന്തോ പറഞ്ഞ ഉടൻ അനീഷയും ഷഹനാസും ഹാളിലേക്കെത്തി. പൗഡറൊക്കെയിട്ട് മുഖം ഒന്നു കൂടി മിനുക്കിയിട്ടുണ്ട് ഇരുവരും. ഷാൾ കൊണ്ട് ശരീരത്തിനു കുറുകെ ഇറുക്കിക്കെട്ടി ദേഹവടിവു പ്രകടമാക്കിക്കൊണ്ടാണ് വരവ്. വയസ്സൻ റെഡി വൺ, ടു, ത്രീ എന്നു പറഞ്ഞതും ഇരുവരും നൃത്തം ആരംഭിച്ചു. പിന്നാലെ വയസ്സൻ പാട്ടു പാടാനും തുടങ്ങി. വേഗതയാർന്ന ചുവടുകളായിരുന്നു മുജ്‌റയുടേത്. 

പാടിയ വരികൾ തന്നെ രണ്ടും മൂന്നു തവണ പാടുന്നുണ്ട്. കേൾക്കാൻ ഇമ്പമുള്ളതാണ് സംഗീതം. തബല വാദനവും ഹരം പകരുന്നതു തന്നെ. ആദ്യത്തെ പാട്ട് കഴിഞ്ഞ് 100 രൂപ കൊടുത്തപ്പോൾ, അടുത്ത പാട്ട് പാടട്ടെ എന്നു പെൺകുട്ടികൾ ചോദിച്ചു. പാടിക്കൊള്ളാൻ ഞാൻ സമ്മതിച്ചു. അതിനും കൊടുത്തു 100 രൂപ. ആ പാട്ട് കഴിഞ്ഞപ്പോൾ, ഞാൻ സംസാരിക്കാനുള്ള സാധ്യത അന്വേഷിച്ചു. 

‘‘നിങ്ങൾ ഇവിടത്തുകാർ തന്നെയാണോ?’’ 

‘‘അല്ല. ഞങ്ങൾ ഇങ്ങോട്ടു പിന്നീടു കുടിയേറിയവരാണ്. ഞങ്ങളുടെ നാട് ഇവിടെയല്ല.’’– അനീഷ താത്‌പര്യമില്ലാതെ പറഞ്ഞു. 

‘‘പിന്നെവിടെയാണ്?’’

‘‘അതൊക്കെ പോട്ടെ. ഞങ്ങൾ അടുത്ത പാട്ട് പാടട്ടെ?’’– അവൾ തിടുക്കം കാട്ടി. 

‘‘പാട്ട് മാത്രമേ ഉള്ളോ ഇവിടെ?’’

‘‘അതെ. മറ്റൊന്നും ഇവിടെ നടക്കില്ല സാർ. പൊലീസ് എപ്പോൾ വേണമെങ്കിലും വരാം.’’

‘‘പണ്ട് ദേവദാസികൾ ഉണ്ടായിരുന്ന സ്‌ഥലമാണ് ഇത് എന്ന് കേട്ടിട്ടുണ്ട്.’’

‘‘ആ.  ഞങ്ങൾക്കറിയില്ല.’’ – അവൾ താത്‌പര്യക്കുറവ് കുറച്ചുകൂടി വ്യക്‌തമാക്കി. 

ഒരു പാട്ടു കൂടി പാടിക്കൊള്ളാൻ പറഞ്ഞു. കേൾക്കേണ്ട താമസം, തബലക്കാരൻ വേറൊരു താളം തുടങ്ങി. അനീഷയും ഷഹനാസും ചടുലമായി ആടാനും തുടങ്ങി. ആട്ടം കഴിഞ്ഞതും അവർ അടുത്ത് നൂറ് ആവശ്യപ്പെട്ടു. പക്ഷേ, ചോദ്യങ്ങളോട് അവർക്ക് തീരെ താത്‌പര്യമില്ലായിരുന്നു. അവർക്ക് ആകെയുള്ളത് ഒരേയൊരു ചോദ്യമായിരുന്നു: ‘‘ഇനിയും പാട്ട് പാടട്ടെ?’’

‘‘പൈസയില്ലാതെ പാടുമോ?’’– ഞാൻ ചോദിച്ചു. 

‘‘ഇല്ല. ആകെയുള്ള വരുമാനം ഇതാണ്.’’– അനീഷ പറഞ്ഞു. 

അവൾ കൂടുതലൊന്നും പറയില്ല എന്നുറപ്പായതിനാൽ, ഞാൻ തബലക്കാരനിലേക്കു തിരിഞ്ഞു.: ‘‘നിങ്ങൾക്കറിയാമോ ദേവദാസികളെക്കുറിച്ച്?’’ 

‘‘ഇല്ല.’’ – അവൻ മറുപടി പെട്ടെന്നു പറഞ്ഞൊഴിഞ്ഞു. 

‘‘വേറെ പാട്ട് ഉണ്ട്. ആടട്ടെ?’’– അനീഷ വീണ്ടും ചോദിച്ചു. 

പൈസയുമായി വൈകിട്ട് വരാമെന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചു: ‘‘11 മണിക്ക് മുൻപ് വരണം. 11 കഴിഞ്ഞാൽ പിന്നെ മുജ്‌റ ആടാൻ പറ്റില്ല.’’

‘‘മുജ്‌റ വേണമെന്നില്ല. ഞാൻ പൈസയുമായി രാത്രി വൈകി വരാം.’’– ഞാൻ ഒരു കൊളുത്തിട്ടു നോക്കി. 

അവൾ വേണമെന്നോ വേണ്ടെന്നോ സൂചിപ്പിക്കാതെ ചിരിച്ചൊഴിഞ്ഞു.

പാപക്കറ തീരാതെ കാളിഘട്ട്

കാളിഘട്ട് എന്ന പേരിൽ,  കൊൽക്കത്ത നഗരത്തിൽ നിന്ന് അൽപ്പം മാറി മറ്റൊരു സ്‌ഥലം തന്നെയുണ്ട്. കാളിഘട്ട് എന്ന് ഈ സ്‌ഥലത്തിനു പേരു വന്നത് കാളീക്ഷേത്രത്തിന്റെ പേരിലാണ്. പക്ഷേ, ഈ ക്ഷേത്രത്തിന്റെ പേരിൽ ഇവിടേക്ക് എത്തിച്ചേർന്ന സ്‌ത്രീകൾ വഴിപിഴച്ചു പോയതിന്റെ പേരിലുള്ള ഏറെ പഴക്കമുള്ള മറ്റൊരു ചരിത്രം കൂടിയുണ്ട് കാളിഘട്ടിന്. അതാണ് തന്റെ പ്രവർത്തനം ഇവിടെ കേന്ദ്രീകരിക്കാൻ ഊർമി ബസു പറഞ്ഞ ന്യായവും. എന്നാൽ, ചരിത്രം രേഖപ്പെടുത്തുന്നവരുടെ മിടുക്കിൽ ആ ചരിത്രം എവിടെയോ മുങ്ങിപ്പോയിരിക്കുന്നു. അതിന്റെ പിന്തുടർച്ചയെന്നോണം ഇന്ന് ക്ഷേത്രത്തിലെ കർമികളുടെ ബഹളത്തിനിടയിൽ മുങ്ങിപ്പോകുകയാണ് കാളിഘട്ടിന്റെ പാതയോരങ്ങളിൽ മുഴുവൻ ഇടം പിടിച്ചിരിക്കുന്ന വേശ്യകളുടെ ശബ്ദങ്ങൾ. യഥാർഥത്തിൽ ഇവിടെ രണ്ടു കൂട്ടരും ആളെപ്പിടിക്കാനിരിക്കുകയാണ്. പൂജാസാധനങ്ങൾ വിൽക്കാനിരിക്കുന്ന കർമികളും പിന്നെ, കാമം തീർക്കാൻ എത്തുന്നവരെ കാത്തിരിക്കുന്ന വേശ്യകളും.

ഗംഗയുടെ പുണ്യത്തിൽ പാപക്കറ കഴുകിക്കളയാൻ ഇങ്ങോട്ടു വലിച്ചെറിയപ്പെട്ട ഗതികെട്ട കുറെ ജന്മങ്ങളുടെ പിൻമുറക്കാരാണ് ഇന്നിവിടെയുള്ള ലൈംഗികത്തൊഴിലാളികൾ. ഗംഗയുടെ കൈവഴിയായ ആദിഗംഗയാണ് കാളിഘട്ടിലൂടെ ഒഴുകുന്നത്.  ‘ആദി ഗംഗ’ എന്നാൽ ഹിന്ദിയിൽ ഗംഗയുടെ പാതി എന്നർഥം. പാപക്കറ കഴുകിക്കഴുകിയാവണം ആദിഗംഗ ഇന്ന് ഇവിടെ വെറും കരി പിടിച്ച അഴുക്കുചാലായിരിക്കുന്നു. കരി പിടിച്ച ജന്മങ്ങൾ അവരുടെ പാപക്കറ ഇന്ന് കഴുകിത്തീർന്നിരിക്കുന്നുവോ? അതറിയാനാണ് കാളിഘട്ടിൽ എത്തിയത്. 

ചായങ്ങൾ നിറഞ്ഞു കിടക്കുകയാണ് കാളിഘട്ട് ക്ഷേത്രത്തിലേക്കുള്ള റോഡ്. ദേവിക്കു വഴിപാട് നടത്താനുള്ള വർണക്കൂട്ടുകൾ ചിതറിത്തെറിച്ചിരിക്കുകയാണ് വഴിയിലെമ്പാടും. തെരുവുനായ്‌ക്കളും തെരുവിൽ ഭിക്ഷയ്‌ക്കിരിക്കുന്ന കുട്ടികളുമെല്ലാം ആ വർണപ്പൊടികളേറ്റ് മിന്നിത്തിളങ്ങുന്നു. പക്ഷേ, ആ വർണപ്പൊലിമ ഇവിടത്തെ ജീവിതങ്ങൾക്കില്ല. 

ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെയാണ് കാളിഘട്ട് പൊലീസ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ഒരു ഇടവഴിയിലൂടെ ഞങ്ങൾ മുന്നോട്ടു പോയപ്പോൾ വഴിയരികിൽ സ്‌ത്രീകളുടെ ഒരു നിര കണ്ടു. അപരിചതരായ ഞങ്ങളെ കണ്ടപ്പോൾ അവർ പ്രലോഭനങ്ങളുമായി അടുത്തുകൂടി: ‘‘വേണ്ടേ സാബ്, കാശു കുറവാക്കി തരാം.”  

ഒന്നും കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകുന്നതിനിടെയാണ് കുറച്ചു മാറി വഴിയരികിൽ മെലിഞ്ഞു കൊലുന്നനെയുള്ള ഒരു  സ്‌ത്രീയെ ഞങ്ങൾ കാണുന്നത്. ഏറെ പ്രായം ചെന്ന ഈ സ്‌ത്രീയെ സമീപിക്കാനും ആളുകൾ ഉണ്ടോ എന്നു ഞാൻ അമ്പരന്നു. ഞങ്ങൾ അവർക്കടുത്തെത്തി. 

അവർ അവരുടെ കഥ മുഴുവൻ പെട്ടെന്നു പറഞ്ഞു തീർത്തു. ഇതെല്ലാം ആരോടെങ്കിലും പറയണമെന്നു വെമ്പൽ കൊള്ളുന്നതുപോലെ തോന്നി അവരുടെ സംസാരം കേട്ടപ്പോൾ. 

സതി നിരോധിച്ചതിനെത്തുടർന്നാണ് കാളിഘട്ട് ലൈംഗികത്തെരുവാകുന്നതെന്നാണ് അവരുടെ അറിവ്. അതിനു തെളിവായി സ്വന്തം ജീവിതകഥ തന്നെയാണ് അവർക്ക് പറയാനുണ്ടായിരുന്നത്. 

ബീണ എന്നായിരുന്നു അവരുടെ പേര്. സതി സമ്പ്രദായം ശക്തമായിരുന്ന വടക്കൻ ബംഗാൾ ആയിരുന്നു ബീണയുടെ അമ്മ തനതയുടെ നാട്. പന്ത്രണ്ടാമത്തെ വയസ്സിൽ വിവാഹിതയായ തനത ഇരുപതാമത്തെ വയസ്സിൽ വിധവയുമായി. പണ്ടായിരുന്നെങ്കിൽ ഭർത്താവിന്റെ ചിതയിൽ ചാടി അവർ മരിക്കണമായിരുന്നു. ആ സമ്പ്രദായം നിരോധിച്ചെങ്കിലും അതൊക്കെ തുടരണമെന്ന് ഉള്ളിൽ ആഗ്രഹിക്കുന്നവരായിരുന്നു പലരും. അതുകൊണ്ടുതന്നെ സതി സമ്പ്രദായത്തിന്റെ നിരോധനം സത്യത്തിൽ സ്‌ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്‌തത്. ‘‘പണ്ടാണെങ്കിൽ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുന്നതോടെ എല്ലാം തീർന്നു. പിന്നെ ഒരു പ്രശ്‌നവും അറിയേണ്ട. മാത്രമല്ല, സതി നടപ്പിലാവുന്നതോടെ സതി അനുഷ്ഠിക്കുന്ന സ്‌ത്രീക്ക് ഒരു ദൈവീക പരിവേഷവും കൈവരുന്നു. പിന്നെ അവരുടെ പേരിൽ അമ്പലങ്ങൾ വരെ സ്ഥാപിക്കപ്പെടും. സതി അനുഷ്ഠിച്ചിടത്ത് വിഗ്രഹം സ്ഥാപിച്ച് അവരുടെ പേരിൽ പൂജകൾ വരെ നടത്തുമായിരുന്നു. എന്നാൽ, നിരോധനം വന്നതോടെ  ക്രിമനലുകളെ കാണുന്നതു പോലെയാണ് നാട്ടുകാർ വിധവകളെ കണ്ടിരുന്നത്. 

സതി നടത്തിയാൽ നിയമത്തിന്റെ പിടിയിലാകുമെന്നു പേടിയുള്ളതിനാൽ അവർ അതിനു നിർബന്ധിച്ചില്ല. പകരം, സ്‌ത്രീകളെ വീട്ടിൽ നിന്നു പിടിച്ചുപുറത്താക്കി. വൈധവ്യദോഷം തീർക്കാൻ ഗംഗയുടെ കരയിലുള്ള അമ്പലങ്ങളിൽ പോയി  ജീവിക്കാനായിരുന്നു ഇവരോടുള്ള നാട്ടുപ്രമാണിമാരുടെ ഉപദേശം. ഒരുതരത്തിൽ അതും ഒരു തരം രക്ഷപ്പെടൽ തന്നെ എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. കാരണം, വീടു വിട്ടില്ലെങ്കിൽ വീട്ടിൽ തന്നെയുള്ള മറ്റു പുരുഷന്മാരുടെ വെപ്പാട്ടിയായി കഴിയേണ്ടിവരും വിധവകൾക്ക്. പുനർ വിവാഹത്തിന് ആരും ധൈര്യപ്പെട്ടു മുന്നോട്ടു വരില്ല. വിധവകളെ വിവാഹം കഴിക്കുന്നത് അത്ര വലിയ പാപമായാണ് കരുതിയിരുന്നത്. ഇനി, ഭർതൃവീട്ടിൽ നിന്നു മാറി സ്വന്തം വീട്ടിൽ കഴിയാമെന്നു വച്ചാലോ, സ്വന്തം സഹോദരങ്ങൾക്കു പോലും അതിൽ താത്‌പര്യമില്ല. അവരുടെ സാമൂഹിക ജീവിതത്തെപ്പോലും ബാധിക്കുമായിരുന്നു സഹോദരിയുടെ വൈധവ്യം. നാട്ടിലെ മംഗള കർമങ്ങളിലോ പൊതുചടങ്ങുകളിലോ ഒന്നിലും വിധവയെ കൂടെ താമസിപ്പിക്കുന്ന വീട്ടുകാരെ പങ്കെടുപ്പിക്കില്ല. അപ്പോൾപ്പിന്നെ, ഭക്തിയുടെ കവചമണിഞ്ഞ് രക്ഷപ്പെടുക തന്നെ ഭേദം. അങ്ങനെയാണ് അക്കാലത്ത് വിധവകൾ ഗംഗയുടെ തീരത്തേക്ക് ധാരാളമായി കുടിയേറിയത്. 

ക്ഷേത്രത്തിലേക്കെത്തുന്ന സമ്പന്നർ ഇവരെ തങ്ങളുടെ കിടപ്പറകളിലേക്കു കൂട്ടും. രാത്രിയിൽ തന്നെ ക്ഷേത്രത്തിനു സമീപമെത്തി രാവിലെ ദർശനം കഴിഞ്ഞു പോകുന്ന ഭക്തർക്ക് ഭക്‌തിയുടെ ലഹരിക്കു മുൻപ് ഈ ലഹരി കൂടി വേണമായിരുന്നു. സത്യത്തിൽ ദൈവം സഹായിച്ചല്ല, ഇതുപോലുള്ള ഭക്തരുടെ അനുഗ്രഹത്താലാണ് ഗംഗയുടെ തീരത്ത് വിധവകൾ കഴിഞ്ഞുകൂടിയിരുന്നത്. പലർക്കും സ്ഥിരം ‘ഭക്ത’രുണ്ടായിരുന്നു. അവർ മാസത്തിലൊരിക്കലോ രണ്ടാഴ്‌ച കൂടുമ്പോഴോ ക്ഷേത്രദർശനത്തിനെത്തും. അപ്പോൾ അത്യാവശ്യത്തിനു പണവും നൽകും. മെല്ലെ മെല്ലെ ഒരു വിധവയെ കയ്യൊഴിഞ്ഞ് ഭക്തൻ അടുത്ത ആളിലേക്കു തിരിയും. എല്ലാ ദിവസവും എന്ന പോലെ പുതിയപുതിയ വിധവകൾ ഇവിടേക്കു കുടിയേറിക്കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ, സ്‌ത്രീകൾ ഉപജീവനത്തിനായി വേശ്യാവൃത്തി തന്നെ ഒടുവിൽ സ്വീകരിക്കുന്നു. എന്റെ അമ്മയും അങ്ങനെയാണ് ലൈംഗികത്തൊഴിലാളിയാകുന്നത്.’’

നർത്തകികളൊഴിഞ്ഞ മംഗലാപുരം

‘‘ഇവിടെ കാണാൻ ഈ ബീച്ചല്ലാതെ വേറെന്തൊക്കെയാണുള്ളത്?’’– ഞാൻ ചോദിച്ചു. 

‘‘വേറെ...കാണാൻ മാത്രമായിട്ടൊന്നുമില്ല; ലേഡീസ് വല്ലതും വേണോ സാർ?’’– അയാൾ നേരെ കാര്യത്തിലേക്കു കടന്നു. 

‘‘ഡാൻസ് ബാറിൽ ഉണ്ടായിരുന്ന ലേഡീസിനെ കിട്ടുമോ?’’– ഞാനും കൂടുതൽ വളച്ചുകെട്ടലിനു നിന്നില്ല. 

‘‘എത്രയെണ്ണത്തെ വേണം സാർ? അവർക്കൊക്കെ ഇപ്പോൾ ഇതു തന്നെയല്ലേ പണി.’’– കന്നട കലർന്ന മലയാളത്തിലായിരുന്നു അയാളുടെ സംസാരം. 

‘‘അത്.... പക്ഷേ, എനിക്കവരോട് ചില കാര്യങ്ങളൊക്കെ ചോദിച്ചറിയാനാണ്.’’– ഞാൻ പറഞ്ഞു. 

‘‘സാർ...’’– അയാൾ മെല്ലെ വണ്ടി നിർത്തി.– ‘‘നിങ്ങൾ പൊലീസുകാരനാണോ?’’

ഞാൻ ചിരിച്ചു: ‘‘പൊലീസൊന്നുമല്ല. എനിക്ക് അവരുടെ ലൈഫിനെക്കുറിച്ചൊക്കെ അറിയാനാണ്.’’

അയാൾ കുറെ നേരം ആലോചനയിലാണ്ടു. അങ്ങനെ പറയേണ്ടായിരുന്നു എന്നെനിക്കു തോന്നി.  

ഞാൻ പൊലീസിൽ നിന്നല്ലെന്നും ഇവരുടെ ജീവിതത്തെക്കുറിച്ച പഠിക്കാൻ എത്തിയതാണെന്നും അയാളെ ബോധ്യപ്പെടുത്താൻ പിന്നെയും കുറെ നേരം ചെലവഴിക്കേണ്ടി വന്നു.

‘‘അങ്ങനെ സംസാരിക്കാനൊന്നും ഹോട്ടലുകാർ സമ്മതിക്കില്ല. അതൊക്കെ റിസ്‌ക് ആണ് സാർ. ആദ്യം കസ്‌റ്റമർ ആണെന്നു പറഞ്ഞ് സാറ് അകത്തു കയറ്. പിന്നെ, കാര്യങ്ങള് ചോദിച്ച് മനസ്സിലാക്കുന്നതൊക്കെ സാറിന്റെ മിടുക്ക്.’’– ഒടുവിൽ അയാൾ പറഞ്ഞു.

‘‘ശരി. വണ്ട് വിട്.’’– ഞാൻ സമ്മതിച്ചു. 

‘‘ശരിക്കും സാറ് പൊലീസല്ലല്ലോ?’’– അയാൾക്ക് സംശയം തീർന്ന മട്ടില്ല. എങ്കിലും  ഓട്ടോ സ്‌റ്റാർട്ട് ചെയ്‌തു. ‘‘ഇത്തരം ലേഡീസ് കേരളത്തിലില്ലേ.. പിന്നെന്തിനാ മംഗലാപുരത്തെ പെണ്ണുങ്ങളുടെ ലൈഫ് നോക്കി വരുന്നത്?’’– അയാൾ ഒടുങ്ങാത്ത സംശയം വീണ്ടുമൊരു ചോദ്യമായി തൊടുത്തു. 

‘‘അവിടത്തെ സ്‌ത്രീകളുടെ ജീവിതമെല്ലാം ഞാൻ ചോദിച്ചു മനസ്സിലാക്കി. അതിനു ശേഷമാണ് ഇങ്ങോട്ടു വന്നത് ’’– ഞാൻ പറഞ്ഞൊപ്പിച്ചു. 

‘‘ഞാൻ ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തും. സാർ അകത്തു കയറിക്കൊള്ളണം, വേറൊന്നിനും എന്നെ കിട്ടില്ല. ഇനി സാറ് ശരിക്കും പൊലീസാണെങ്കിൽ എന്നെ അവര് വച്ചേക്കില്ല.’’– അയാൾക്ക് ആ സംശയം ഇനിയും പൂർണമായി മാറിയിട്ടില്ല.  

‘‘എന്നെ കണ്ടിട്ട് പൊലീസാണെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ?’’– ഞാൻ ചിരിച്ചുകൊണ്ട്  ചോദിച്ചു. 

അതയാൾക്ക് ബോധിച്ചെന്നു തോന്നുന്നു. അയാൾ എന്നെ അടിമുടി ഒന്നുനോക്കി. പിന്നെ, കൂടുതൽ സംശയമുണ്ടായില്ല. 

പനമ്പൂർ– മംഗലാപുരം റൂട്ടിൽ മംഗലാപുരത്തിന് രണ്ടു കിലോമീറ്റർ ഇപ്പുറം കൊടികൽ എന്ന സ്ഥലത്താണ് ഓട്ടോ നിർത്തിയത്. ഒരു ഹോട്ടൽ കാണിച്ചു തന്നിട്ട് എന്നോട് കയറിപൊയ്‌ക്കോളാൻ ജഗൻ പറഞ്ഞു. നേരത്തേ പറഞ്ഞുറപ്പിച്ചതു പോലെ 150 രൂപ ഓട്ടോ ചാർജ് കൊടുത്ത് ഞാനിറങ്ങി. 

ഹോട്ടൽ റിസപഷ്‌നിൽ ഗോപിക്കുറി നീട്ടി വരച്ച ഒരു ചെറുപ്പക്കാരനാണുണ്ടായിരുന്നത്. കയറിച്ചെന്നപ്പോൾ നിർവികാരനായി അയാൾ എന്റെ മുഖത്തേക്കു നോക്കി. എന്തു  ചോദിക്കണമെന്നറിയാതെ ഞാൻ അയാളെ തന്നെ അൽപ്പനേരം നോക്കിനിന്നു. അപ്പോൾ, സമയം കളയാനില്ലാത്തതു പോലെ അയാൾ ചോദിച്ചു– ‘‘ലേഡീസ്..?’’

‘‘യെസ്’’– എനിക്കാശ്വാസമായി. 

അയാൾ ബെല്ലടിച്ചു. പൂച്ചക്കണ്ണുള്ള ഒരുവൻ എത്തി. അവർ തമ്മിൽ കണ്ണുകൾ കൊണ്ടൊരു സംഭാഷണം നടത്തി. പൂച്ചക്കണ്ണൻ എന്നോട് ലിഫ്‌റ്റിൽ കയറിക്കൊള്ളാൻ പറഞ്ഞു. ലിഫ്‌റ്റിൽ മൂന്നാം നിലയിലേക്കുള്ള സ്വിച്ച് അമർത്തി. 

‘‘ഏത് ഏജിലുള്ള സ്‌ത്രീകളാ?’’ –ലിഫ്‌റ്റിന്റെ വാതിൽ അടഞ്ഞപ്പോൾ ഞാൻ ചോദിച്ചു. 

‘‘എല്ലാറ്റിനേം കാണിച്ചു തരാം. വേണ്ടതു നിങ്ങൾക്ക് സിലക്‌റ്റ് ചെയ്യാം.’’– അയാൾ പറഞ്ഞു.

ഞങ്ങൾ മൂന്നാം നിലയിലെത്തി. ഒരു ഇടനാഴിയുടെ അറ്റത്തേക്കാണ് ലിഫ്‌റ്റ് തുറക്കുന്നത്. നീണ്ടുകിടക്കുന്ന ആ ഇടനാഴിയുടെ ഇരുവശത്തുമായി ഒട്ടേറെ മുറികൾ കണ്ടു. ചില മുറികൾ അടച്ചിട്ട നിലയിലാണ്. ആറേഴെണ്ണം തുറന്നു കിടന്നിരുന്നു. തുറന്നിട്ട മുറികളിലെല്ലാം ഓരോ സ്‌ത്രീ വീതം ഉണ്ടായിരുന്നു. ചില മുറികളിൽ ഉണ്ടായിരുന്നവരെ സ്‌ത്രീ എന്നു പറയാമോ എന്നറിയില്ല. കൊച്ചുപെൺകുട്ടികളായിരുന്നു പലരും. മറ്റൊരു മുറിയിൽ കുറെ  പെൺകുട്ടികൾ ഒന്നിച്ചിരിക്കുന്നതും കണ്ടു. എല്ലാ മുറിയിലും കയറി നോക്കിക്കൊള്ളാൻ അയാൾ പറഞ്ഞു. ഓരോ മുറിയിൽ കയറുമ്പോഴും അകത്തുള്ളവർ എഴുന്നേറ്റു നിന്നു. ഒടുവിൽ, കണ്ടതിൽ ഏറ്റവും പ്രായം തോന്നിയ സ്‌ത്രീയെ മതിയെന്നു ഞാൻ പറഞ്ഞു.

അയാൾ എന്നെ പുറത്തേക്കു വിളിച്ചു. ‘‘ഏജ് കുറഞ്ഞ പെണ്ണുങ്ങളല്ലേ സാർ നല്ലത്.? റേറ്റ് വേണമെങ്കിൽ കുറച്ചു തരാം.’’ 

‘‘വേണ്ട. എനിക്ക് ഇവരു തന്നെ മതി.’’ 

അയാൾ ഒരു ചെറുചിരി ചിരിച്ചു: ‘‘15 മിനിറ്റിന് 700 രൂപ, ഒരു മണിക്കൂറിന് 1200.’’

‘‘അവിടെ കൊടുത്താൽ മതിയോ?’’

‘‘നോ. കാഷ് എന്റെ കയ്യിൽ തരണം’’– അയാൾ കൈ നീട്ടി. 

ഞാൻ 700 രൂപ കൊടുത്തു. ആ കാശ് പോക്കറ്റിലിട്ട് തിരികെ ഇറങ്ങാൻ അയാൾ ലിഫ്‌റ്റിൽ കയറി. ‘‘എന്തെങ്കിലും ടിപ് കൊടുത്തേക്കണേ’’– ലിഫ്‌റ്റിന്റെ വാതിലുകൾ അടയുന്നതിനിടെ അയാൾ വിളിച്ചു പറഞ്ഞു. 

ഞാൻ മുറിക്കകത്തേക്കു കയറി.

‘‘വാതിലടയ്‌ക്കൂ’’– മുറിയിലിരുന്ന സ്‌ത്രീ ചിരിച്ചു. അവർക്ക് ഉദ്ദേശം 45 വയസ്സു തോന്നും. ലാച്ചയും ടോപ്പുമാണ് വേഷം. കന്നടയിൽ തന്നെയായിരുന്നു അവരുടെ സംസാരം. കന്നട അത്രയൊന്നും എനിക്ക് വശമില്ലെങ്കിലും മംഗലാപുരത്തെ കന്നട അത്ര വിഷമിപ്പിക്കുന്നതല്ലായിരുന്നു. ഇംഗ്ലിഷ് കലർന്ന ആ ഭാഷ മലയാളികൾക്ക് എളുപ്പം പിടിച്ചെടുക്കാവുന്നതേയുള്ളൂ.

ഞാൻ വാതിലടച്ചു. അവർ മേശ തുറന്ന് ഗർഭനിരോധന ഉറയുടെ ഒരു പാക്കറ്റ് എടുത്തു കയ്യിൽ തന്നു. –‘‘ഇതിട്ടോളൂ.’’

ഞാൻ അത് കയ്യിൽ വാങ്ങി.: ‘‘എന്താ പേര്?’’

‘‘സുമ’’– അവർ പറഞ്ഞു.

‘‘നിങ്ങൾക്ക് ഡാൻസ് ബാറിലായിരുന്നോ ജോലി?’’

‘‘അതെ. മുൻപ്.’’

‘‘എവിടെയാണ് നാട്?’’”

‘‘ദാവൻഗരെ.’’

‘‘പിന്നെങ്ങനെ ഇവിടെയെത്തി?’’

‘‘നിങ്ങൾ മറ്റേ മാറ്ററിനു വന്നതോ, അതോ എന്നെ കല്ല്യാണം കഴിക്കാൻ വന്നതോ?’’

‘‘നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിരിക്കും എന്നാണ് ഞാൻ കരുതുന്നത്.’’

‘‘ഇല്ല. നിങ്ങൾക്കെന്താണു വേണ്ടത്?’’

‘‘എനിക്ക് നിങ്ങളെക്കുറിച്ച് കുറെ കാര്യങ്ങൾ അറിയാനുണ്ട്.?’’

‘‘എന്തിന്.. നിങ്ങളെന്താ പൊലീസുകാരനാണോ?’’

‘‘അല്ല. ഞാൻ നിങ്ങളെപ്പോലുള്ളവരുടെ ജീവിതം പഠിക്കാൻ വേണ്ടി വന്നതാണ്.’’

സംശയവും പേടിയും കലർന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. എന്തോ ഓർത്തിട്ടെന്ന പോലെ അവരുടെ മുഖം വലിഞ്ഞുമുറുകി: ‘‘ആ പെണ്ണുങ്ങൾ മുഴുവൻ റോഡ് സൈഡിലും ഹോട്ടലിലും ഇതുപോലെ ശരീരം വിറ്റു നടക്കുകയാണെന്ന് നിങ്ങൾ റിപ്പോർട്ട് കൊടുത്തേക്ക്. ഡാൻസ് ബാറിലുണ്ടായിരുന്ന വേറെയും പെണ്ണുങ്ങൾ മറ്റു മുറികളിലൊക്കെയുണ്ട്. ശരീരം കേടുവന്ന് ഇനി ഒന്നിനും പറ്റാത്തവർ ടൗണിലുമുണ്ട്. നിങ്ങളവരെയൊക്കെ കാണ്. എന്നിട്ട് ഈ സർക്കാരിനെ അറിയിക്ക്. എന്നിട്ട് സർക്കാര് എന്തു ചെയ്യുമെന്നാ... ഒന്നും ചെയ്യാൻ പറ്റില്ല.’’ കോപവും വെറുപ്പും നിറഞ്ഞ മുഖത്തോടെ അവർ എന്തോ ആലോചനയിലാണ്ടു. 

കുറച്ചു നേരം ഞാനും വെറുതെയിരുന്നു. മുറിയിൽ പെർഫ്യൂമിന്റെ രൂക്ഷഗന്ധം അസഹ്യമായി എനിക്കു തോന്നി. 

‘‘ദാവൻഗരെയിൽ നിന്ന് നിങ്ങളെങ്ങനെയാണ് ഇവിടെയെത്തിയത്?’’ –അവരുടെ കോപം കുറയ്‌ക്കാനായി ഞാൻ മറ്റൊരു ചോദ്യമെറിഞ്ഞു. 

‘‘അവിടെ ചെറുപ്പത്തിലേ ദേവദാസിയാക്കിയതാണ് എന്നെ. കുറെക്കാലം നാട്ടിലെ ഒരു പ്രമാണിയുടെ കീപ്പ് ആയിരുന്നു. പിന്നെ പിന്നെ അയാൾക്ക് മടുത്തു. അപ്പോഴാണ് ഒരാൾ എന്നെ ബാംഗ്‌ളൂരിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെ വച്ച് ഡാൻസ് പഠിച്ച് ബാറിൽ കയറി. കൽക്കട്ടയിൽ നിന്നുള്ള ഒരു ചേച്ചിയാണ് ഡാൻസ് പഠിപ്പിച്ചത്.

അവിടെ രണ്ടു കൊല്ലം നിന്നു.  അവിടെ നിന്ന് വേറൊരാൾ ഇങ്ങോട്ടു കൊണ്ടുവന്നു. നിരോധനം വന്നതിനു ശേഷവും കുറെക്കാലം രഹസ്യമായിട്ട് ഇവിടെ ഡാൻസ് ബാർ നടന്നിരുന്നു. പിന്നെ അതും നിന്നു. അപ്പോൾ ഈ ഫീൽഡിലേക്കിറങ്ങി.’’

ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ചരിത്രപുസ്തകങ്ങളിൽ മാത്രം വായിച്ചറിയവേ മലയാളിക്കുണ്ടാകുകയുള്ളൂ. അവർക്കിടയിലേക്കാണ് യഥാർഥ ദേവദാസി ജീവിതവുമായി അരുൺ എത്തുന്നത്. 

Your Rating: