Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഹിമിലെ മുസൽമാൻ; പാലൂരിന്റെ ഓർമയിലെ കാരുണ്യത്തിന്റെ മുഖം

mn-paloor-2 എം.എൻ. പാലൂർ

ഇന്നു മുംബൈ എന്നറിയപ്പെടുന്ന പഴയ ബോംബെ വെറുമൊരു നഗരം മാത്രമല്ല എം.എൻ. പാലൂർ എന്ന കവിക്ക്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അഭയം തേടിയെത്തിയപ്പോൾ നാടും വീടും ജീവിതവും സമ്മാനിച്ച അത്ഭുതനഗരം. പിൽക്കാല ജീവിതത്തിലെ ഉയർച്ചകൾക്ക് അടിത്തറ പാകിയ സ്വന്തം നാടിനേക്കാൾ പ്രിയപ്പെട്ട ഇടം. ഓർമിക്കാനും പറയാനും ഏറെയുണ്ടെങ്കിലും തല ചായ്ക്കാൻ ഇടംതേടി നടന്ന വിശപ്പിന്റെ നാളുകളിലെ ഒരനുഭവം പാലൂർ ആത്മകഥയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്; അവിസ്മരണീയമായ ഒരു ഓർമയായും ജാതിയോ മതമോ നോക്കാതെ സഹായിച്ച ഒരു മനുഷ്യനെക്കുറിച്ചുള്ള കടപ്പാടിന്റെ ചിത്രമായും. 

പകൽമുഴുവൻ ജോലി അന്വേഷിച്ചു നടക്കുക. അന്തിയാകുമ്പോൾ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിച്ച് എവിടെയെങ്കിലും കിടന്നുറങ്ങുക. ഇതായിരുന്നു 1957–ൽ ബോംബെയിൽ എത്തിയ ആദ്യനാളുകളിലെ പാലൂരിന്റെ ദിനചര്യ. 

ബോംബെയിൽ എത്തി ഒരുവർഷമാകുന്നു.സ്ഥിരജോലി ആയിട്ടില്ല. ധാരാളം പട്ടിണി കിടന്നു. കുളിക്കാതെയും പല്ലുതേക്കാതെയും പോലും ദിവസങ്ങൾ കഴിച്ചു. കവിത മാത്രം ഉപേക്ഷിച്ചില്ല. 1959 മധ്യത്തിൽ കയ്യിലുണ്ടായിരുന്ന അവസാനത്തെ ഒരുറുപ്പികയ്ക്ക് 20 പോസ്റ്റ് കാർഡ് വാങ്ങി പാലൂർ. 20 കത്ത് സാമ്പത്തികനില വിശദീകരിച്ചുകൊണ്ട് എഴുതി. കൂട്ടത്തിൽ ജവഹർ ലാൽ നെഹ്റുവിനും അയച്ചു ഒരു കാർഡ്. പള്ളിക്കൂടത്തിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തയാളാണെന്നും നമ്പൂതിരി എന്നു പേരിനോടൊപ്പമുള്ളതിനാൽ കമ്മ്യൂണിസ്റ്റ് എന്നു തെറ്റിധരിച്ച് ആരും ജോലി തരുന്നില്ലെന്നും പണിയെടുക്കാൻ തയ്യാറുള്ള ഒരു ചെറുപ്പക്കാരൻ നാളെ ബോംബെ തെരുവിൽ മരിച്ചുവീണാൽ അതു താനായിരിക്കുമെന്നുമൊക്കെ എഴുതി. കാർഡ് കിട്ടിയെങ്കിലും മറുപടി പോലും പലരുമെഴുതിയില്ല. 

കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ തീർന്നതോടെ ഊണും ഉറക്കവുമില്ലാതെ അലഞ്ഞുനടക്കാൻ തുടങ്ങി പാലൂർ. രാത്രി ഏതെങ്കിലും പാർക്കിൽ ഉറങ്ങാതെയിരിക്കും. പകൽ കിട്ടുന്ന ദിക്കിൽ തല ചായ്ക്കും. 

കയ്യിൽ ആകെയുള്ളത് ഒരു സുഹൃത്തിൽനിന്നു കടം വാങ്ങിച്ച ഒന്നുരണ്ടു പുസ്തകങ്ങൾ മാത്രം.രണ്ടു ദിവസം കഴിഞ്ഞു. മൂന്നാം ദിവസമായപ്പോഴേക്കും ആകെ തളർന്നു. ഭക്ഷണം പൈപ്പുവെള്ളം മാത്രം. ഉച്ചയ്ക്കു രണ്ടുമണിയോടെ നടന്നുനടന്ന് മാഹിം എന്ന സ്ഥലത്തെത്തി. ഒരിടവഴിയിലെ പീടികത്തിണ്ണയിൽ വിശ്രമസ്ഥലം കണ്ടെത്തി. 

എതിർവശത്തു താമസിക്കുന്നത് ഒരു മുസ്ലിം സമുദായാംഗം. വീടിനു മുന്നിൽ ഒന്നുരണ്ടു ബെഞ്ചും ഡെസ്കും കിടപ്പുണ്ട്. 

ആ വീട്ടിൽ എത്തുന്നവർക്ക് ചോറും കറിയും കിട്ടുന്നുണ്ട്. ഒരു പ്ലേറ്റിൽ കുറച്ചു ചോറും മറ്റൊന്നിൽ ലേശം കറിയും. ചുരുങ്ങിയ ഒരു വില ഈടാക്കുന്നുമുണ്ട്. തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന പാലൂരിനോട് എന്താ നോക്കുന്നതെന്ന് പെട്ടെന്നയാൾ മലയാളത്തിൽ ചോദിച്ചു. വീണ്ടും ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നു മറുപടി പറഞ്ഞു. അയാൾ പാലൂരിനെ അടുത്തേക്കു വിളിച്ചു. ജോലിക്കാരനോട് എന്തോ പറഞ്ഞു. 

ഒരു പ്ലേറ്റിൽ ചോറും ഒരു മീൻകഷണവും മീൻചാറും ജോലിക്കാരൻ കൊണ്ടുവന്നു. മീൻകറി കണ്ടതോടെ കരച്ചിലായി പാലൂർ. 

കഴിക്കാൻ സ്നേഹത്തോടെ അയാൾ നിർബന്ധിച്ചപ്പോൾ താൻ നമ്പൂതിരി ആണെന്നും മൽസ്യം ഇതുവരെ കഴിച്ചിട്ടില്ലെന്നും പറഞ്ഞൊപ്പിച്ചു പാലൂർ. നമ്പൂതിരിയാണെന്ന് അറിഞ്ഞില്ല എന്നു ക്ഷമാപണം നടത്തിയ വീട്ടുകാരൻ ചോറും പരിപ്പും വിളമ്പാൻ പറഞ്ഞു ജോലിക്കാരനോട്. ചോറും അതിനു മീതെ ഒഴിച്ച ദാലും ഒരു ഗ്ലാസ് വെള്ളവും. ആർത്തിയോടെ തിന്നാൻ തുടങ്ങി പാലൂർ. വീണ്ടും വേണോ എന്നു ചോദിച്ചപ്പോൾ തന്റെ കയ്യിൽ കാശില്ലെന്നു പറഞ്ഞു പാലൂർ. അയാൾ ഒരു പ്ലേറ്റ് ചോറും ദാലും കൂടി കൊണ്ടുവന്നു കൊടുത്തു പാലൂരിന്. 

ഭക്ഷണം കഴിച്ചു കൈ കഴുകിയ പാലൂരിനോട് വിശേഷങ്ങൾ വീട്ടുടമസ്ഥൻ ചോദിച്ചറിഞ്ഞു. ഒടുവിൽ വലിയ ഉപകാരം എന്നു നന്ദി പറഞ്ഞ് പാലൂർ അവിടെനിന്നിറങ്ങി. 

അധികം താമസിയാതെ താൽക്കാലിക ജോലികളും പിന്നീട് ഇന്ത്യൻ എയർലൈൻസിൽ സ്ഥിരജോലിയും ലഭിച്ചു പാലൂരിന്. അന്നും അദ്ദേഹം മറന്നില്ല മാഹിം എന്ന സ്ഥലവും പട്ടിണിയുടെ നാളുകൾക്ക് ഒടുവിൽ ഒരുനേരത്തെ അന്നം തന്നെ മനുഷ്യനെയും. വർഷങ്ങൾക്കുശേഷം ആ സ്ഥലം സന്ദർശിച്ചു. ആകെമാറിപ്പോയിരുന്നു ആ പ്രദേശമാകെ. ആ വീട് അവിടെ ഉണ്ടായിരുന്നില്ല. പകരം പുതിയ ഒരു കെട്ടിടം വന്നിരിക്കുന്നു. പഴയ കാലത്ത് ഉണ്ടായിരുന്ന കടയെക്കുറിച്ച് അന്വേഷിച്ചു. ആ കടയെക്കുറിച്ച് അറിവുള്ളവരെ ഒരാളെപ്പോലും കണ്ടെത്താനായില്ല. 

വിശപ്പിന്റെ വിളി എന്ന പേരിൽ മാഹിം അനുഭവം പാലൂർ ആത്മകഥയിൽ വിവരിച്ചു. മനുഷ്യന്റെ നൻമയുടെ വിശ്വാസപ്രഖ്യാപനമായും ജാതി മത പരിഗണനകൾക്കതീതമായ സാഹോദര്യത്തിന്റെ തെളിവായും.