Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേതന്‍ ഭഗത്‍, താങ്കളും? മീ ടൂ കാറ്റില്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍

chetan-bhagat

ഉത്തരം പറയാന്‍ അയാള്‍ കുറച്ചു നിമിഷങ്ങള്‍ കാത്തു. ‘യെസ് എന്നാണ് എന്റെ ഉത്തരമെങ്കില്‍, ഇത് ഇവിടെ അവസാനിപ്പിക്കാം എന്നു പറയുമോ? 

‘ഇല്ല, ഒരിക്കലും അത്ര നിസ്സാരമായി ഞാന്‍ പെരുമാറില്ല. ഞാന്‍ ആദ്യമാണ് ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നത് എന്നു മാത്രം.’  

‘എനിക്കൊരു കാമുകിയുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ്.’  

‘അതിനെക്കുറിച്ച് ഇപ്പോള്‍ നമ്മള്‍ സംസാരിക്കാതിരിക്കുന്നതല്ലേ നല്ലത്? 

കടന്നുപോയ ഒരു പ്രണയത്തെ കുഴിച്ചുമൂടിക്കൊണ്ട് അവര്‍ ഒരുമിക്കുകയാണ്. ശാരീരികമായും മാനസികമായും. ഒരുപക്ഷേ ഇനിയൊരിക്കലും പിരിയില്ല എന്ന ഉറപ്പിന്റെ ശക്തിയില്‍ പ്രണയം കണ്ടെത്തുന്ന നിമിഷം. ചേതന്‍ ഭഗത്തിന്റെ ‘വണ്‍ ഇന്ത്യന്‍ ഗേള്‍’  എന്ന നോവലിലെ വികാരസാന്ദ്രമായ ഒരു രംഗത്തിന്റെ തുടക്കമാണിത്. ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരുന്ന നോവലുകളിലൂടെ പുതിയ ഇന്ത്യയില്‍ പ്രശസ്തിയുടെ കൊടുമുടി കയറിയ എഴുത്തുകാരനാണ് ചേതന്‍ ഭഗത്ത്. സമകാലിക ജീവിതത്തിന്റെ അസ്വസ്ഥതകളെയും സങ്കീര്‍ണതകളെയും പിന്നിലാക്കി പ്രണയം കണ്ടെത്തുന്ന യൗവനലഹരിയെക്കുറിച്ച് എഴുതി ആരാധക മനസ്സു കവര്‍ന്ന എഴുത്തുകാരന്‍. ബോളിവുഡിലെ മുതിര്‍ന്ന നടന്‍ നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ഉന്നയിച്ച ആരോപണത്തിന്റെ പശ്ഛാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെ ഭാഗത്തുനിന്നു സംസാരിക്കാന്‍ ധൈര്യം കാട്ടിയ വ്യക്തി. ഇപ്പോൾ ഇതാ, ഇന്ത്യയിലും വീശിക്കൊണ്ടിരിക്കുന്ന മീ ടൂ കൊടുങ്കാറ്റില്‍ കാലിടറി വീണിരിക്കുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ക്ഷമാപണം നടത്തി ചൂടേറിയ അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജ്യം അതിശയവും ആശങ്കയും അടക്കിവയ്ക്കാനാകാതെ ചോദിച്ചുപോകുന്നു: ചേതന്‍ ഭഗത്, താങ്കളും...? 

അക്ഷരാര്‍ഥത്തില്‍ ഒരു വിഗ്രഹം കൂടി വീണുടഞ്ഞിരിക്കുകയാണ്. എല്ലാ പുരുഷന്‍മാരും ഇങ്ങനെയോ എന്നൊരു സംശയത്തിലേയ്ക്ക് സ്ത്രീകള്‍ എത്തിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞാൽ പോലും തെറ്റില്ല. ഹോളിവുഡില്‍ വെയ്ന്‍സ്റ്റെയിന്‍ എന്ന അതികായനെതിരെ ഒരു നടി പുറത്തുവിട്ട ആരോപണത്തില്‍നിന്നു തുടങ്ങിയ മീ ടൂ തുറന്നുപറച്ചില്‍ ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയിലുമെത്തി ബോളിവുഡില്‍ ചലനം സൃഷ്ടിച്ചുതുടങ്ങുമ്പോഴാണ് ചേതന്‍ ഭഗത്തും വീണിരിക്കുന്നത്. ഇനി ആരൊക്കെ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നതാണെങ്കിലും നിഷേധിക്കാന്‍ ഒരു പഴുതും കൊടുക്കാത്ത ആരോപണമാണ് ചേതന്‍ ഭഗത്തിനെതിരെ ഉയര്‍ന്നത്. ഇരയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പല മേഖലകളിലെ സ്ത്രീകളുടെ തുറന്നുപറച്ചിലുകൾ ശേഖരിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയാണ് ചേതന്‍ ഭഗത്തും ഒരു യുവതിയും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്. ചെറിയൊരു നിശ്ശബ്ദതയ്ക്കുശഷം ഫെയ്സ്ബുക്കില്‍ വിശദീകരണകുറിപ്പുമായി എഴുത്തുകാരന്‍ വന്നു. ക്ഷമാപണം; ഭാര്യയോടും ആരാധകരോടും പിന്നെ, ആ പെണ്‍കുട്ടിയോടും. 

ഭാര്യ അനുഷയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് എഴുത്തുകാരന്‍ ക്ഷമാപണം തുടങ്ങുന്നത്; അവസാനിപ്പിക്കുന്നതും. സ്ക്രീന്‍ഷോട്ടില്‍ നിങ്ങള്‍ കണ്ടതൊക്കെ സത്യമാണ്. അവ എന്റെ സംഭാഷണം തന്നെയാണ്– എഴുത്തുകാരന്‍ തുറന്നുപറയുന്നു. സംഭവത്തെക്കുറിച്ച് ആദ്യം സംസാരിച്ചതു ഭാര്യ അനുഷയോടാണെന്നും അദ്ദേഹം പറയുന്നു. 

ആദ്യം തന്നെ ഞാന്‍ സംഭാഷണം നടത്തിയ വ്യക്തിയോടു ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളില്‍ ഞാന്‍ വേദനിക്കുന്നു. എന്റെ ക്ഷമാപണം അംഗീകരിക്കില്ലേ? 

കുറച്ചധികം വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഭവം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട്. നല്ലൊരു സൗഹൃദമായിട്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. പെട്ടെന്നുതന്നെ സുന്ദരിയായ യുവതിയുമായി തീവ്രമായ ബന്ധവും അടുപ്പവും തോന്നി. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷ, എല്ലാവരുടെയും ജീവിതത്തില്‍ ചില പ്രത്യക കാലം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകാം. ഇതും അത്തരത്തിലൊരു ബന്ധമായിരുന്നു. വിവാഹിതനാണ് എന്നതുപോലും മറന്നുകൊണ്ടുള്ള ബന്ധം. അനുഷയോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. എനിക്കു തെറ്റുപറ്റിപ്പോയി. സൗഹൃദത്തെ തെറ്റായി ഞാന്‍ വ്യാഖ്യാനിക്കുകയായിരുന്നു. അവര്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരിക്കല്‍പ്പോലും ശാരീരികമായ ബന്ധം ഉണ്ടായിട്ടില്ല. മോശം ചിത്രങ്ങള്‍ കൈമാറിയിട്ടില്ല. തെറ്റായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ആ സംഭവം അവസാനിച്ചയുടന്‍ ഞാന്‍ ആ നമ്പര്‍ ഡിലീറ്റ് ചെയ്തു. വര്‍ഷങ്ങളായി ആ വ്യക്തിയുമായി എനിക്ക് ഒരു ബന്ധവുമില്ല. 

തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും തെറ്റുപറ്റി. ആവരെ എനിക്ക് ഇഷ്ടമായിരുന്നു. ഞാന്‍ കണ്ടുമുട്ടിയ അനേകം പേരില്‍നിന്നു വ്യത്യസ്തയായിരുന്നു അവര്‍. പക്ഷേ, എന്റെ ഭാഗത്തുനിന്നു തെറ്റു സംഭവിക്കരുതായിരുന്നു. 

ഒരിക്കല്‍ക്കൂടി ഞാന്‍ മാപ്പു പറയുന്നു. 

അനുഷ, നീ എനിക്കു മാപ്പു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

അനുഷയോടാണ് ഞാന്‍ ആദ്യംതന്നെ എല്ലാം തുറന്നുപറഞ്ഞത്. അനുഷ എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ...

തനുശ്രീ ദത്ത നാന പടേക്കര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചേതന്‍ ഭഗത്തിന്റെ പ്രതികരണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അപമാനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറയുമ്പോ‍ള്‍ തീര്‍ച്ചയായും ആ വാക്കുകള്‍ ശ്രദ്ധിക്കണം എന്നാണ് ചേതന്‍ പറഞ്ഞത്. ആര് ആരോടോ എന്തോ ചെയ്തു എന്നു പറഞ്ഞു തള്ളിക്കളയുകല്ല വേണ്ടത്. ഗൗരവത്തോടെ പരാതി ശ്രദ്ധിക്കുക. പരിഹാരം തീര്‍ച്ചയായും ഉണ്ടാകണം. പത്തുവര്‍ഷം മുമ്പു നടന്നു എന്നതു കൊണ്ട് തെറ്റ് ശരിയാകില്ല. തെറ്റ് എന്നും തെറ്റു തന്നെ. തനുശ്രീയുടെ ആരോപണം ഇന്ത്യയില്‍ മീ ടൂ ആഞ്ഞടിക്കുന്നതിന്റെ തുടക്കമാണെന്നു താന്‍ കരുതുന്നില്ലെന്നും ചേതന്‍ പറഞ്ഞിരുന്നു. പക്ഷേ ദിവസങ്ങള്‍ക്കകം അതേ മീ ടൂവിന്റെ വലയില്‍ വീഴാനും മാപ്പു പറയാനുമാണ് ചേതന്റെ നിയോഗം. 

കൂടുതല്‍ സംവിധായകര്‍. നടന്‍മാര്‍. ചലച്ചിത്രപ്രവര്‍ത്തകര്‍. രാഷ്ട്രീയക്കാര്‍. ഒടുവില്‍ പ്രശസ്തനായ എഴുത്തുകാരനും. ഇന്ത്യയില്‍ മീ..ടൂ.. സൃഷ്ടിക്കുന്ന കൊടുങ്കാറ്റിന്റെ ആരവം കേട്ടുതുടങ്ങിയിരിക്കുന്നു. വന്‍ മരങ്ങള്‍ വീണു തുടങ്ങുന്നു. താങ്കളും? എന്ന ചോദ്യം ഇനി ആര്‍ക്കെതിരെ?