Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചതു നമ്പൂതിരിയെങ്കിൽ പാലൂർ തന്നെ; മരണവാർത്ത തിരുത്തിയെഴുതിയ കവി

paloor-1

മരണം ഒന്നേയുള്ളൂ. അതനിവാര്യവുമാണ്. പക്ഷേ, ജീവിച്ചിരിക്കുമ്പോൾതന്നെ സ്വന്തം മരണവാർത്ത കേൾക്കാൻ ഭാഗ്യമോ ദൗർഭാഗ്യമോ ലഭിക്കുന്നവർ അപൂർവം. അങ്ങനെയൊരു അപൂർവാനുഭവമുണ്ട് എം.എൻ.പാലൂർ എന്ന എഴുത്തുകാരന്റെ ജീവിതത്തിൽ.

തറവാടിന്റെ അന്തഛിദ്രത്തെത്തുടർന്ന് വീട്ടിലും നാട്ടിലും നിൽക്കാനാവാത്ത അവസ്ഥ ഉണ്ടായതിനെത്തുടർന്ന് പാലൂർ എന്ന യുവാവ് പലായനം ചെയ്യുന്നത് 1957–ൽ. മഹാനഗരമായ മുംബൈയിലേക്ക്. അവിടെയൊരു സുഹൃത്ത് ഉണ്ടെന്നുള്ളതാണ് ആശ്വാസം. സുഹൃത്തുക്കൾക്കൊപ്പംകൂടി വർളി എന്ന സ്ഥലത്ത് ചെറിയ ജോലികളുമായി കഴിയുന്നതിനിടെ കൂടെ താമസിക്കുന്ന ഒരാൾക്കു ചിക്കൻപോക്സ് ബാധിക്കുന്നു. അക്കാലത്തു ചിക്കൻപോക്സ് വന്നാൽ ഉടൻ ആശുപത്രിയിൽ റിപോർട് ചെയ്യണം. നിയമം ലഘിച്ചു രോഗം മറച്ചുവയ്ക്കുന്നവരുമുണ്ട്. ബന്ധുക്കൾപോലും അടുപ്പിക്കില്ല. അസുഖബാധിതനായ സുഹൃത്തിന്റെ ചികിൽസ പാലൂർ ഏറ്റെടുത്തു. അയാളുടെ അസുഖം മാറിയപ്പോൾ അടുത്തയാൾക്കായി രോഗബാധ.സന്തോഷത്തോടെ അയാളെയും പാലൂർ ഏറ്റെടുത്തു. സ്വാഭാവികമായും മുന്നാമൂഴം പാലൂരിനു തന്നെ. അപ്പോഴേക്കും സാഹചര്യം മാറി. അസുഖം മാറിയവരുൾപ്പെടെയുള്ള സുഹൃത്തുക്കൾ പുതിയ അസുഖക്കാരനെ തള്ളിപ്പറഞ്ഞു.എത്രയും വേഗം വീടൊഴിഞ്ഞുപോകണം. പ്രതിസന്ധിയിലായി പാലൂർ. പരിചയത്തിലുള്ള കുറച്ചുപേർ മുംബൈയിൽ അവിടവിടെയുണ്ട്.പക്ഷേ അസുഖവുമായി എങ്ങനെ ആ വീടുകളിൽ കയറിച്ചെല്ലും. നൂറ്റിനാലു ഡിഗ്രിയലധികം പനി. ദേഹത്താകെ മഞ്ചാടിക്കുരുക്കൾ പോലെ പൊങ്ങിയിരിക്കുന്നു. ഇനിയും മുറിയിൽനിന്നുമിറങ്ങിയില്ലെങ്കിൽ പിടിച്ചുതള്ളുമെന്ന അവസ്ഥയായപ്പോൾ പാലൂർ ഇറങ്ങി. ഒരു പുതപ്പു കൊണ്ട് മുഖമൊഴിച്ച് സകലഭാഗവും മൂടി. ബസ്സിൽ കയറ്റുന്നില്ല. ഹോട്ടലുകാർ കണ്ട മാത്രയിലേ ആട്ടിയകറ്റുന്നു.

നടന്നുനടന്ന് ബംഗാൾ കെമിക്കൽസിനടുത്തുള്ള പാർക്കിൽ എത്തി. അന്നത്തെ ബോംബെയിൽ എപ്പോൾ വേണമെങ്കിലും പാർകിൽ പോയിയിരിക്കാം. ഉറങ്ങരുതെന്നു മാത്രം. ഉറങ്ങുന്നതുകണ്ടാൽ രാത്രിഡ്യൂട്ടിയിലുള്ള പൊലീസുകാർ വന്നു പിടിച്ചുകൊണ്ടുപോകും.ഇല്ലെങ്കിൽ ആട്ടിയോടിക്കും.. ഉറങ്ങാത്ത മുംബൈ നഗരത്തിൽ ഉറക്കംതൂങ്ങിക്കൊണ്ട് ഒരുമണി വരെ കഴിച്ചുകൂട്ടി. പതുക്കെ ബോധം നഷ്ടപ്പെടുന്നു. നാലു മണിയോടെ ശക്തി സംഭരിച്ചു റോഡിലിറങ്ങി നടന്നു. ഒരു ടാക്സിക്കു കൈ കാണിച്ച് ദാദർ സ്റ്റേഷനിലിറങ്ങി. അവിടെനിന്നു ചെമ്പൂരിൽ. അവിടെ എപ്പോഴും കയറിച്ചെല്ലാവുന്ന സുഹൃത്തിന്റെ വീടുണ്ട്. ദൊര. അയാളുടെ ഒരു സുഹൃത്തിന്റെ വീട് ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.അവിടെയാക്കി പാലൂരിനെ. അയാളും സുഹൃത്തും പുരുഷോത്തമനും കൂടി ആർതർ റോഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കം നടത്തി. ആംബുലൻസ് എത്തി.

രോഗികളുടെ പ്രവാഹമാണ് ആർതർ റോഡ് ആശുപത്രിയിൽ. മുറ്റത്തു ടാർപ്പായ പന്തൽ കെട്ടി കട്ടിലുകൾ നിരത്തിയിട്ടിരിക്കുന്നു. ആയിരക്കണക്കിനു രോഗികൾ വന്നുംപോയുമിരിക്കുന്ന ആശുപത്രി ഒരു പുണ്യഭൂമിയിയായിട്ടാണു പാലൂരിനു തോന്നിയത്. കയറിക്കിടക്കാൻ ഒരിടമായല്ലോ. സമയാമയങ്ങളിൽ നല്ല ഭക്ഷണവും.

അക്കാലത്ത് ആർതർ റോഡ് ആശുപത്രിയിൽ രണ്ടു നമ്പൂതിരിമാർ ചിക്കൻപോക്സ് ബാധിച്ച് എത്തിയിരുന്നു. ഒന്നു പാലൂർ.മറ്റൊരാൾ ഏതോ നമ്പൂതിരി. ചെറുപ്പക്കാരനായ ആ നമ്പൂതിരി ആശുപത്രിയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. വാർത്ത മുംബൈ മലയാളികൾക്കിടയിൽ പരന്നു. മരിച്ചതു പാലൂര് എന്നാണു വ്യാപിച്ച വാർത്ത.

വാർത്ത വ്യാജമായിരുന്നെങ്കിലും മരണത്തിൽനിന്നു പാലൂർ തിരിച്ചുനടക്കുകയായിരുന്നു ജീവിതത്തിലേക്ക്.മരണവും വേദനയും അവഗണനയും തിരസ്കാരവും അറിഞ്ഞ ദിവസങ്ങൾ. പതിനേഴു ദിവസം ആശുപത്രിയിൽ. രോഗം മാറിയെന്നു കണ്ടാലുടൻ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യും. പാലൂരിനും മതിയാക്കണം ആശുപത്രിവാസം. ഡിസ്ചാർച് ചെയ്തു. പോകാനൊരിടമില്ലെന്നു കരഞ്ഞുപറഞ്ഞു.ആശുപത്രിക്കാർ കേൾക്കുന്നില്ല. അവർ ബലമായി പുറത്താക്കി.

വീണ്ടും പെരുവഴിയിൽ. പത്തിരുപത് രൂപയേ കയ്യിലുള്ളൂ. ഒരു ടാക്സിക്കാരനോടു ദയനീയാവസ്ഥ പറഞ്ഞു. അയാൾ ഖാർ എന്ന സ്ഥലത്തു താമസിക്കുന്ന സുഹൃത്ത് കൃഷ്ണമേനോന്റെ വീട്ടിലെത്തിച്ചു. ഒരുമാസത്തോളം ആ വീട്ടിൽ താമിച്ചു പാലൂർ ആരോഗ്യം വീണ്ടെടുത്തു. ജീവൻ തിരിച്ചുകിട്ടി; പക്ഷേ വീണ്ടും ചോദ്യമുയരുന്നു. എങ്ങോട്ട്. എങ്ങനെ ജീവിക്കും ? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി വീണ്ടും ‘കലികാല’ത്തിലേക്ക്.