Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിക്യാമറ ആണിന്റെ മാത്രം കുത്തകയല്ല

avalude-prathikaram സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ വായിച്ച കഥയെയും കഥാകൃത്തിനെയും അടുത്തറിയാം .....

ഒളിക്യാമറ വച്ച് പകർത്തിയെടുത്ത പെൺശരീരത്തിന്റെ ചിത്രം കാണിച്ച്, ഇന്റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി അവളെ കീഴടക്കുന്ന നാലാംകിട പുരുഷതന്ത്രങ്ങൾക്ക് തിരിച്ചടി നൽകുകയാണ് 'അവളുടെ പ്രതികാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന കഥ.

സമീർ ഇയാൻ ചെങ്ങമ്പള്ളി എന്ന സോഷ്യൽ മീഡിയ കഥാകൃത്തിന്റെ സൃഷ്ടിയാണ്, സ്ത്രീ പക്ഷ രചനയായ 'അവളുടെ പ്രതികാരം'. അനിർവചനീയമായ ഭാവവ്യത്യാസങ്ങളിലൂടെ, ഒരു സ്ത്രീയുടെ മനക്കരുത്ത് വാക്കുകളിലൂടെ വരച്ചിട്ട കഥാകൃത്ത്, ഒളിക്യാമറയും ഭീഷണിയും ആണിന്റെ മാത്രം കുത്തകയല്ല, ഒരേ നാണയത്തിൽ മറുപടി നൽകാൻ സ്ത്രീക്കും അറിയാം എന്ന് തെളിയിക്കുന്നു.

അവളുടെ പ്രതികാരം കഥ വായിക്കാം

കഥ എന്നതിൽ ഉപരിയായി, വായനക്കാരുടെ ഉള്ളിൽ ശക്തമായ ഒരു ചലനം സൃഷ്ടിക്കാൻ സമീറിന്റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. റിയാദിൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന സമീറിന്റെ രചനകളിൽ നിഴലിക്കുന്നത്, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെയും സ്ത്രീകൾക്ക് നേരെയുള്ള ചൂഷണത്തിന്റെയും പലമുഖങ്ങളാണ്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ വായിച്ച കഥയെയും കഥാകൃത്തിനെയും അടുത്തറിയാം .....

ഒളിക്യാമറയും ഭീഷണിയും, അതിനെ മറ്റാരും വിചാരിക്കാത്ത തലത്തിൽ ധീരമായി നേരിടുന്ന നായിക കഥാപാത്രം,  'അവളുടെ പ്രതികാരം' എന്ന കഥ വന്ന വഴി വിവരിക്കാമോ? 

ഞാൻ നല്ലൊരു ഓൺലൈൻ വായനക്കാരനാണ്. അടുത്തിടെയായി ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കഥകളിലും സംഭവകഥകളിലും എല്ലാം തന്നെ അടുത്ത ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമെല്ലാം പെൺകുട്ടികൾ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുകയാണ്. ഇതിനു കാരണമായി മാറുന്നതാകട്ടെ ഒളിക്യാമറയിൽ പകർത്തിയെടുത്ത ദൃശ്യങ്ങളും. ഇത്തരത്തിൽ താൻ ചതിക്കപ്പെട്ടു എന്ന് തോന്നുമ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന പെൺകുട്ടികളുടെ കഥകൾ കേട്ട് മടുത്തപ്പോൾ, എന്തുകൊണ്ട് മാറ്റി ചിന്തിച്ചു കൂടാ എന്നുതോന്നി. പുരുഷന്മാർ ഭീഷണിക്കായി ഉപയോഗിക്കുന്ന ഈ ഒളിക്യാമറ  എന്തുകൊണ്ട് അവർക്കെതിരെയും ഉപയോഗിച്ച് കൂടാ എന്ന ചിന്ത. ആ ചിന്തയിൽ നിന്നുമാണ്  'അവളുടെ പ്രതികാരം' ജനിക്കുന്നത്. ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ തളരാതെ, പ്രതികരിക്കാൻ ഈ കഥ ഏതെങ്കിലും ഒക്കെ പെൺകുട്ടികൾക്ക് സഹായകമാകും എന്ന് തന്നെയാണ് പ്രതീക്ഷ.

രചനകളിൽ കൂടുതലും നിഴലിച്ചു കാണുന്നത് സ്ത്രീപക്ഷ ചിന്തകളാണ്, എന്തുകൊണ്ടാണിത്? 

സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ഉമ്മയിൽ നിന്നും പെങ്ങളിൽ നിന്നുമാണ് ഞാൻ സ്ത്രീപക്ഷ ചിന്തകളുടെ ആളായി മാറിയത്. സ്ത്രീ അമ്മയാണ്, അവൾ ബഹുമാനിക്കപ്പെടേണ്ടവളാണ് എന്ന ചിന്ത മനസ്സിൽ വന്നു അടിഞ്ഞ കാലം മുതൽക്ക് എന്റെ എഴുത്തുകളിലും അത് നിഴലിച്ചു തുടങ്ങി. പണ്ട്, പെങ്ങളോട് വീട്ടുകാർ കൂടുതൽ സ്നേഹം കാണിച്ചതിന് വീട്ടുകാരോട് കലഹിച്ച ആളാണ് ഞാൻ, എന്നാൽ ഗർഭിണിയായ പെങ്ങൾ മാതൃത്വത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ എടുക്കുന്ന വേദനയും കരുതലും എന്നെ ഇരുത്തി ചിന്തിപ്പിച്ചു. സ്ത്രീകളിൽ ഞാൻ കാണുന്നത് എന്റെ അമ്മയുടെയും പെങ്ങളുടെയും മുഖമാണ്, അത് തന്നെയാണ് എന്റെ സ്ത്രീപക്ഷ എഴുത്തുകളുടെയും ആധാരം. 

സോഷ്യൽ മീഡിയയും എഴുത്തിന്റെ ലോകവും താങ്കളിലെ എഴുത്തുകാരനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? 

എന്റെ രചനകൾ ആളുകൾ വായിക്കുന്നതും അഭിപ്രായം അറിയിക്കുന്നതും സോഷ്യൽ മീഡിയയിലൂടെയാണ്‌. പണ്ട്, ഞാൻ ഒരു വായനക്കാരൻ മാത്രമായിരുന്നു. സോഷ്യൽ മീഡിയിലെ എഴുത്തിന്റെ സാധ്യതകൾ എനിക്ക് അന്യമായിരുന്നു. അങ്ങനെയിരിക്കെ മഹേഷ് ഗൗരി എന്ന ഒരു ഓൺലൈൻ എഴുത്തുകാരനോട് ആരാധന തോന്നുകയും അദ്ദേഹത്തെ ഫോളോ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ എഴുതിത്തുടങ്ങിയത്. ഇപ്പോൾ പൂർണ അർത്ഥത്തിൽ ഒരു സോഷ്യൽ മീഡിയ എഴുത്തുകാരൻ എന്ന് അറിയപ്പെടാൻ തന്നെയാണ് എന്റെ ആഗ്രഹം. സോഷ്യൽ മീഡിയയിലെ ഒരെഴുത്തുകാരന്റെ വിജയം അയാൾക്ക് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും ആണ്. അതിലൂടെ ഒരു നല്ല സുഹൃത്തിനെ ലഭിച്ചാൽ അത്രയും സന്തോഷം.

മറ്റു രചനകൾ? 

ആദ്യരാത്രിയിലെ പ്രതികാരം എന്ന ഒരു കഥ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതും സ്ത്രീപക്ഷ എഴുത്തുതന്നെയാണ്. കഥയിൽ, ബലാൽസംഗം ചെയ്യപ്പെട്ട ഒരു പെണ്ണിനെ, കാലങ്ങൾക്ക് ശേഷം പ്രതി തന്നെ വിവാഹം കഴിക്കുന്നു. എന്നാൽ അവൾക്ക് അയാളെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല, അവളുടെ മനസ്സിൽ പ്രതികാരം മാത്രമാണുള്ളത്. സമകാലിക പ്രസക്തമായ സംഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് കഥയുടെ ഇതിവൃത്തം. പുരുഷപക്ഷത്തു നിന്നും ചിന്തിച്ചുകൊണ്ടുള്ള കഥകളും എഴുതിയിട്ടുണ്ട്. ഞാൻ സംഘിയല്ല, സുഡാപ്പിയും എന്നുള്ള കഥയും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയ പ്രഭാവത്തിൽ രണ്ട് അടുത്ത സുഹൃത്തുക്കൾക്ക് അരാഷ്ട്രീയപരമായി വന്ന ആശയവ്യത്യാസങ്ങളാണ് ആ കഥയുടെ ഇതിവൃത്തം.

പ്രിയപ്പെട്ട എഴുത്തുകാർ...പുസ്തകങ്ങൾ...?

എം ടിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ആരാധകനാണ് ഞാൻ. ബാല്യകാലസഖി, കോളറക്കാലത്തെ പ്രണയം, നാലുകെട്ട് എന്നിവയാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ 

വ്യക്തി വിവരങ്ങൾ....

സ്വദേശം മലപ്പുറം ജില്ലയിലെ വാണിയമ്പലം ആണ്. ഇപ്പോൾ സൗദി അറേബിയയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു . വീട്ടിൽ ഉപ്പ, ജ്യേഷ്ഠൻ, പെങ്ങൾ എന്നിവരാണ് ഉള്ളത്. 

Read more on Malayalam Literature Review Malayalam Literature Magazine