Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത് ആശ്രിതത്വം; കരുണാകരന് ബി. രാജീവന്റെ മറുപടി

b-rajeevan-karunakaran 'രാജീവനും സച്ചിദാനന്ദനും ഇടത് ആശ്രിതത്വത്തിൽനിന്നു സ്വയം വേർപെടണം' എന്ന പേരിൽ പ്രസിദ്ധീകരിച്ച കരുണാകരന്റെ ലേഖനത്തിന് ബി. രാജീവൻ നൽകിയ മറുപടി.

‘രാജീവനും സച്ചിദാനന്ദനും ഇടത് ആശ്രിതത്വത്തിൽ നിന്നു സ്വയം വേർപെടണം' എന്ന തലക്കെട്ടിൽ കരുണാകരൻ എഴുതിയ കുറിപ്പ് കണ്ടു. രാഷ്ട്രീയാധികാരമെന്നത് ഭരണകൂടാധികാരം മാത്രമാണെന്നു വിശ്വസിക്കുന്ന എല്ലാത്തരം പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചരിത്രപരമായി കാലഹരണപ്പെട്ടവയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഭരണകൂട കേന്ദ്രിതമായ പരമ്പരാഗത പാർട്ടികൾക്കു പുറത്തുനിന്നും അടിച്ചമർത്തപ്പെടുന്നവരുടെ വിവിധതരം സമരരൂപങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകമെങ്ങും ഉയർന്നു വരുന്നത് നാം കാണുന്നുണ്ട്. നമ്മുടെ നാട്ടിൽത്തന്നെ ഇപ്പോൾ ഏറ്റവും സജീവമായിരിക്കുന്നത് ഇത്തരം സമരങ്ങളാണ്. പരമ്പരാഗത ജനാധിപത്യ സങ്കൽപ്പങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങാത്ത, സമൂഹത്തിന്റെ അടിത്തട്ടുകളിൽനിന്നും വിവിധരൂപങ്ങളിൽ ഉയർന്നു വരുന്ന ബദൽ അധികാരത്തിന്റെ പ്രകാശനങ്ങളാണ് ഈ സമരങ്ങളിൽ നാം കാണുന്നത്. ഭരണകൂടാധികാരത്തിൽനിന്ന് ഗുണപരമായിത്തന്നെ ഭിന്നമായ ഭരിക്കപ്പെടുന്നവരുടെ ഈ ബദൽ ജനാധിപത്യാധികാരത്തിന്റെ പുതിയ രാഷ്ട്രീയത്തെ കുറിച്ചാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് എന്റെ പുസ്തകങ്ങളും പ്രബന്ധങ്ങളും വായിച്ചിട്ടുള്ളവർക്കറിയാം. മാത്രമല്ല, ആദിവാസികൾ സെക്രട്ടേറിയറ്റിനു മുന്നിൽ കുടിൽ കെട്ടി ഭൂമിക്കുവേണ്ടി നടത്തിയ സമരം തുടങ്ങി മൂന്നാറിലെ ‘പെൺകൾ ഒരുമൈ’ സമരം വരെയുള്ള മിക്ക സമരങ്ങളിലും പ്രത്യക്ഷമായി സഹകരിക്കുകയും അവയെക്കുറിച്ചൊക്കെ വിശദമായി ഞാൻ എഴുതുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളുടെ രാഷ്ട്രീയ നിലപാടുകളോട് നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടല്ലാതെ ഒരാൾക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്നതു വ്യക്തമാണ്. എന്നിട്ടും കരുണാകരൻ എന്തുകൊണ്ടാണ് എന്നെ ഒരു പാർട്ടി ആശ്രിത ബുദ്ധിജീവിയായി സ്ഥാപിക്കാൻ ശ്രമിക്കുന്നത്? ഒന്നുകിൽ ഞാൻ പറയുന്ന ആശയങ്ങൾ ഒന്നും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിയാത്തതാവാം. അതല്ലെങ്കിൽ അതൊക്കെ മനസ്സിലാക്കിക്കൊണ്ടുതന്നെ സ്വന്തം രാഷ്ട്രീയ നിലപാടിന്റെ ഭദ്രതക്കുവേണ്ടി അവയെ എല്ലാം തമസ്കരിക്കാൻ ശ്രമിക്കുന്നതാവാം. കരുണാകരനെ ഞാൻ മനസ്സിലാക്കിയിടത്തോളം രണ്ടാമതു പറഞ്ഞതാകാനാണ് സാധ്യത.

കാരണം മാർക്സിസത്തെയും ജനാധിപത്യത്തെയും കുറിച്ച് കരുണാകരനെപ്പോലുള്ളവർ അന്തിമ വിധിതീർപ്പുകളായി സ്വയം വിശ്വസിക്കുന്ന ധാരണകളെ ഉലയ്ക്കുന്നവയാണ്‌ ലോകമെങ്ങും മേലാളാധികാര പ്രയോഗങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന ജനങ്ങളുടെ ജനാധിപത്യാധികാര സമരങ്ങൾ, അഥവാ വർഗസമരത്തിന്റെ പുതിയ രൂപാന്തരങ്ങൾ. സോവിയറ്റ് മാർക്സിസത്തിന്റെ തകർച്ചയോടെ മാർക്സിസം തന്നെ എക്കാലത്തേക്കുമായി കാലഹരണപ്പെട്ടു കഴിഞ്ഞു എന്നും മുതലാളിത്തം മാത്രമാണ് മനുഷ്യപ്രകൃതിക്കു സഹജമായ ഒരേയൊരു സാമൂഹികവ്യവസ്ഥയെന്നും പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ഭരണകൂടാധികാര കേന്ദ്രിതമായ ജനാധിപത്യസങ്കൽപ്പം മാത്രമാണ് ഒരേയൊരു ജനാധിപത്യ സങ്കൽപ്പമെന്നും ഒരു ജീവിതകാലം മുഴുവൻ ചെലവഴിച്ചു കണ്ടുപിടുത്തം നടത്തിയ കെ. വേണുവിന്റെ ആശയാശ്രിതനായ കരുണാകരനെ, ആർക്കും തടഞ്ഞു നിർത്താനാവാത്ത മനുഷ്യചരിത്രത്തിന്റെ പുതുരൂപത്തിലുള്ള മുന്നേറ്റങ്ങളും ജനങ്ങളുടെ ജനാധിപത്യാധികാരത്തിന്റെ സർഗ്ഗാത്മകമായ ആവിഷ്കാരങ്ങളും അസ്വസ്ഥനാക്കുന്നുണ്ടാകാം. ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ ചായം മാറ്റി സ്വന്തം കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കാൻ ശ്രമിക്കുന്നവർ മാറിവന്ന ലോകത്തിന്റെ രാഷ്ട്രീയ ചിന്തയുടെയും രാഷ്ട്രീയ പ്രയോഗ രൂപങ്ങളുടെയും പുതിയ കുതിപ്പുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ ഭാഗമായാണ് എന്റെയും സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും സിപിഎം വിരുദ്ധ നിലപാട് വേണ്ടത്ര കൃത്യവും നിശിതവുമാകുന്നില്ല എന്ന ആരോപണം ഉയർത്തിക്കൊണ്ട്, ഞങ്ങൾ നടത്തുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെ കരുണാകരൻ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. 

sachidanandan സച്ചിദാനന്ദൻ

ജനാധിപത്യത്തെ കുറിച്ചുള്ള ഉപരിപ്ലവവും യാന്ത്രികവുമായ ആധുനിക പാശ്ചാത്യ ലിബറൽ സങ്കൽപ്പങ്ങളുടെ കാര്യത്തിലെന്നപോലെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര ദുരന്തങ്ങളിലൊന്നായ സോവിയറ്റ് മാർക്സിസത്തിന്റെയും കടുത്ത വിമർശകരാണ് ഞങ്ങൾ. എന്നാൽ ഈ കാലഹരണപ്പെട്ട രാഷ്ട്രീയ മാതൃകകളെ പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കൃത്യമായി കണക്കു തീർക്കുന്നതിന്റെ യുക്തിയിൽ മാത്രം ഒടുങ്ങുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം എന്ന് ഞങ്ങൾ കരുതുന്നില്ല. കാരണം, ഇത്തരം പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയസിദ്ധാന്തപരമായ ധാരണകളൊന്നും കൂടാതെ അവയിൽ വിശ്വാസമർപ്പിച്ച് ജീവിക്കുന്ന കോടിക്കണക്കായ മനുഷ്യരുണ്ട് നമ്മുടെ രാജ്യത്ത്. തെറ്റായ വിശ്വാസങ്ങളുടെ പേരിൽ ഒരു ജനതയെ പിരിച്ചുവിട്ട് നാം ശരിയെന്നു കരുതുന്ന സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ഒരു പുതിയ ജനതയെ നമുക്ക് തെരഞ്ഞെടുക്കാനാവില്ല. അതുകൊണ്ട് ഇന്ത്യൻ ഭരണവർഗ രാഷ്ട്രീയത്തിന്റെ വർത്തമാന മുഖമായ സംഘപരിവാറിനെതിരായ ജനാധിപത്യ സമരത്തിൽ എല്ലാ കീഴാള ജനാധിപത്യ ശക്തികളെയും ഐക്യപ്പെടുത്തുന്നതിനാണ് ഞങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നത്. ഇതിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സൈദ്ധാന്തികമായി കണക്കു തീർത്തതിന്റെ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും മുമ്പിൽ ഹാജരാക്കണമെന്ന് ഞങ്ങൾ കരുതുന്നില്ല. കാരണം, ഭരണവർഗാധികാരത്തിന്റെ നഗ്നതീവ്ര മുഖമായ ഫാസിസത്തിനെതിരെ ഉയരുന്ന ‘കീഴാള ജനാധിപത്യ’ത്തിന്റെ സമരരൂപങ്ങൾ ലക്ഷ്യം വയ്ക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ഫാസിസ്റ്റ് യന്ത്രങ്ങളെ മാത്രമല്ല നമ്മുടെ ജീവിത ബന്ധങ്ങളിലും നമുക്കുള്ളിൽത്തന്നെയും പ്രവർത്തിക്കുന്ന ഫാസിസ്റ്റ് ശക്തികളെ കൂടിയാണ്. അതുകൊണ്ട് ഈ ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ എല്ലാ പുരോഗമന ശക്തികൾക്കുമൊപ്പം കരുണാകരനും ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം