Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനറിയുന്ന മികച്ച എഴുത്തുകാർ നന്നായി കള്ളം പറയുന്നവരാണ്; മനോജ് കുറൂർ

മനോജ് കുറൂർ

ബഹുജനം പലവിധം എന്നാണല്ലോ.. താന്‍ കണ്ട പലവിധ എഴുത്തുകാരെ വളരെ രസകരമായി ഒരു ഫെയ്സ്ബുക് കുറിപ്പിൽ ഒതുക്കുകയാണ് മനോജ് കുറൂർ. മികച്ച എഴുത്തുകാർ ഇടത്തരം എഴുത്തുകാർ അതിനു താഴെയുള്ളവർ എന്നിങ്ങനെ പല ഗ്രൂപ്പുകളിലുള്ള എഴുത്തുകാരെ കുറിച്ച് മനോജ് കുറൂർ പറഞ്ഞു വയ്ക്കുന്നതിങ്ങനെ–

"ഞാനറിയുന്ന മികച്ച എഴുത്തുകാർ നന്നായി കള്ളം പറയുന്നവരാണ്. കള്ളമാണെന്ന് അവർക്കറിയില്ലെന്നേയുള്ളു. കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവും കാണില്ല. പക്ഷേ ഒട്ടും ഇഷ്ടമല്ലാത്തയാളുടെയും നല്ലൊരെഴുത്തു കണ്ടാൽ, 'ഒന്നാന്തരമായി' എന്നു പറഞ്ഞ് അവർ ചാടിയെണീക്കും. പണവും മറ്റു സൗകര്യങ്ങളുമില്ലാതെ ഒരേർപ്പാടിനുമില്ല എന്നു പറയും. എന്നാൽ എഴുത്തിന്റെ കടയ്ക്കൽത്തൊട്ട് ഒരു കമന്റ് പറഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല; കൂടെപ്പോരും. വിഷം കാണില്ല. എല്ലാ കള്ളത്തരങ്ങളും അറിഞ്ഞാലും നാമവരെ സ്നേഹിച്ചുപോവും.

മോശം എഴുത്തുകാർ പാവങ്ങളാവും. നല്ല സ്വഭാവം. ആരെയും കുറ്റം പറയില്ല. ആത്മവിശ്വാസവും കാണില്ല. അവരവർക്കുവേണ്ടി മാത്രമെഴുതുന്നതാണെന്ന് അവർക്കുതന്നെ അറിയാം. മികച്ച എഴുത്തുകാരെ ആരാധിക്കും എന്നതൊഴിച്ചാൽ ഇവരെക്കൊണ്ട് മറ്റാർക്കും ഒരപകടവുമില്ല.

ഇടയിലുള്ളവരാണ് അപകടകാരികൾ. മികച്ചവരോ മോശക്കാരോ അല്ലെന്ന് അവർക്കുതന്നെ അറിയാം. മറ്റുള്ളവരെ വളരെ ഒബ്ജക്ടീവ് ആയ മട്ടിൽ വിലയിരുത്തും. ശരിയെന്നു തോന്നിപ്പിക്കും. മറ്റുള്ളവരെഴുതുന്ന മികച്ച എഴുത്തിനെയും വ്യാഖ്യാനിച്ചു വെറും സാധാരണമെന്നാക്കും. തങ്ങളുടെ എഴുത്തിനെ കൗശലത്തോടെ ഇടയിൽ കടത്തിവിടും. മറ്റൊരാൾക്കു കിട്ടാവുന്ന പ്രശംസകളും അംഗീകാരങ്ങളും എങ്ങനെയും തടയും. മറ്റെഴുത്തുകാരെയും പത്രാധിപന്മാരെയും നിരന്തരം കോണ്ടാക്ട് ചെയ്തുകൊണ്ടിരിക്കും. മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടാൽ സഹതപിക്കുന്നു എന്നു തോന്നിച്ചുകൊണ്ട് സന്തോഷിക്കും. വിഷമുള്ള ഇനമാണെങ്കിലും തിരിച്ചറിയാൻ പാടാണ്.

ചുമ്മാ പറഞ്ഞതാണ്; ഒരു കൗതുകത്തിന്."

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം