Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എം.ടി അങ്ങനെയല്ല. അതിന് നൂറു തെളിവുകളുണ്ട് ' അബിൻ ജോസഫ്

mt-abin എം.ടി വാസുദേവൻ നായർ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പ്രചാരണങ്ങളോട് യുവകഥാകൃത്ത് അബിൻ ജോസഫ് പ്രതികരിക്കുന്നു.

മലയാളത്തിന്റെ പ്രിയ കഥാകൃത്ത് എം.ടി വാസുദേവൻ നായർ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പ്രചാരണങ്ങളോട് യുവകഥാകൃത്ത് അബിൻ ജോസഫ് പ്രതികരിക്കുന്നു. കോളജ് വിദ്യാർഥികൾ ഒരു പൊതുപരിപാടിക്ക് ക്ഷണിക്കാൻ ചെന്നപ്പോൾ എംടി മുസ്​ലിം വിരുദ്ധപരാമർശം നടത്തി എന്നാരോപിച്ചുകൊണ്ട് ഒരു വിദ്യാർഥി ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണു വിവാദമായിരിക്കുന്നത്.

എം.ടി. ഇസ്ലാമോഫോബിക് അല്ല എന്നതിന്, എം.ടി. സംഘപരിവാറല്ല എന്നതിന്, നൂറുനൂറു കാരണങ്ങൾ നിരത്താനുണ്ട്. അത്, അദ്ദേഹം ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന മാസ്റ്റർ റൈറ്റേഴ്സിൽ ഒരാളായതുകൊണ്ടല്ല, മലയാളസാഹിത്യത്തിലെ എവർഗ്രീൻ സൂപ്പർ സ്റ്റാറായതുകൊണ്ടല്ല, ഏഴു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതമാണ് അതിന് തെളിവ് നിൽക്കുന്നത്.

എം.ടി. രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരെയും കരിവാരിത്തേച്ചിട്ടില്ല.

എം.ടി. വിമർശനങ്ങളുന്നയിച്ചിട്ടുണ്ട്. പക്ഷേ, ആരെയും അപമാനിച്ചിട്ടില്ല.

എം.ടി. മറ്റാരെയുംകാൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ പൊങ്ങച്ചം പറഞ്ഞിട്ടില്ല.

എം.ടി. പ്രോത്സാഹിപ്പിച്ചവർ എഴുത്തിൽ അദ്ദേഹത്തെ അതിശയിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവരോട് അസൂയപ്പെട്ടിട്ടില്ല.

ഇക്കാലമത്രയും അദ്ദേഹം സ്വീകരിച്ച സമീപനങ്ങളും പരിചയിച്ച ജീവിതരീതിയും പ്രത്യേകം ഒാർമിപ്പിക്കേണ്ട കാര്യമില്ലല്ലോ. എം.ടി തന്റെ മതേതര നിലപാടുകളും വിമർശനങ്ങളും കഥയിലും നോവലിലും തിരക്കഥകളിലുമായി പകർത്തിവെച്ചിട്ടുണ്ട്. പ്രതികരിക്കേണ്ട സമയത്ത് അളന്നുതൂക്കിയ വാക്കുകളിൽ പ്രതികരിച്ചിട്ടുണ്ട്. മൈക്കിനു മുന്നിൽ പൊട്ടിത്തെറിക്കുകയോ, വിക്ഷുബ്ധനാവുകയോ ചെയ്തല്ല അദ്ദേഹം നിലപാടിന്റെ ഉറപ്പ് രേഖപ്പെടുത്തിയത്. വൈകാരികമായ അഭിപ്രായം പറച്ചിലുകൾ എം.ടിയിൽനിന്നുണ്ടായിട്ടില്ല. പത്രക്കാരുടെ നോട്ടം കിട്ടാനും പബ്ലിസിറ്റിക്കും വേണ്ടി കാട്ടിക്കൂട്ടലുകൾ നടത്തിയിട്ടില്ല. അഭിപ്രായത്തിനും പ്രതികരണത്തിനും അങ്ങോട്ടു സമീപിക്കുമ്പോൾ കിറുകൃത്യമായ ആലോചനകൾക്കുശേഷമാണ് മറുപടി പറഞ്ഞിട്ടുള്ളത്. ഒച്ചപ്പാടും ബഹളവുമല്ല പ്രതികരണമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. നിലപാടുകൾ കൂടെക്കൂടെ അതാവർത്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനറിയാം. വിശ്വാസ്യതയെപ്പറ്റി ഒരളവു പോലും ഉറപ്പില്ലാത്ത ആരോപണത്തിന്റെ പേരിൽ എം.ടിയെ കല്ലെറിയുന്നവരോട് ഒന്നുമാത്രമേ പറയാനുള്ളു, ഒാർമകളുണ്ടായിരിക്കണം.

എം.ടിയുടെ എന്നല്ല, ലോകത്തിലെ എല്ലാ കലാകാരന്മാരുടെയും സംഭാവനകൾ കണിശമായി വിലയിരുത്തപ്പെടുന്നത് കാലങ്ങൾക്കുശേഷമായിരിക്കും. തറവാടുകളുടെയും നാലുകെട്ടുകളുടെയും കഥകൾ എം.ടി. പറഞ്ഞിട്ടുണ്ട്. അത്, ആ കാലഘട്ടത്തിന്റെ- അന്നത്തെ സാമൂഹ്യാവസ്ഥയുടെ- സാമ്പത്തിക വ്യവസ്ഥയുടെ- അതിനുള്ളിലെ മനുഷ്യാത്മാക്കളുടെ കഥയായിരുന്നു. അവയൊന്നും പറയാതെ, അതിനെ അഭിമുഖീകരിക്കാതെ എങ്ങനെ എഴുതാനാവും?. ഒാരോ കാലത്തെയും സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ അന്തരീക്ഷങ്ങളാണ് എഴുത്തുകാരന്റെ മനസിൽ സർഗാത്മകതയുടെ രാസപ്രവർത്തനത്തിന് ഉത്തേജകമാകുന്നത്. ആയതിനാൽ തറവാടുകളുടെ കഥപറഞ്ഞതിന്റെ പേരിൽ എം.ടിയെ വിമർശിക്കുന്നതിൽ മുൻവിധിയുടെ പ്രശ്നമുണ്ടെന്ന് പറയാതെ വയ്യ.

ഞങ്ങളുടെ തലമുറയ്ക്ക് എം.ടി. ഗുരവല്ല. അദ്ദേഹത്തിന്റെ സാഹിത്യസമുദ്രത്തെ മുറിച്ചുകടക്കേണ്ടതില്ല. പക്ഷേ, പുറമേയ്ക്കു ശാന്തമെങ്കിലും അപാരമായ ആഴമൊളിപ്പിച്ച മഹാസമുദ്രമായി എം.ടി. നിലയുറപ്പിക്കുന്നു. വിവാദങ്ങളുടെയും വിമർശനങ്ങളുടെയും കല്ലെറിഞ്ഞാൽ അതിലെ തിരമാലകൾക്ക് എന്തുപറ്റാനാണ്?. ഇസ്ലാമോഫോബിക് ആയി ചിത്രീകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുമ്പോഴും എം.ടിയിൽനിന്ന് പൊട്ടിത്തെറിച്ച പ്രതികരണമുണ്ടായിട്ടില്ല. പറയേണ്ടത് പറയേണ്ടപ്പോൾ പറയും എന്ന എക്കാലത്തെയും നിലപാട് തന്നെയാണ് ഇന്നും അദ്ദേഹം സ്വീകരിക്കുന്നത്.

കാരണം, എം.ടി. വാസുദേവൻ നായരുടെ മതേതരത്വത്തെക്കുറിച്ച്, മലയാളികൾക്ക് എന്നതുപോലെ എം.ടി. വാസുദേവൻ നായർക്കും കൃത്യമായ ബോധ്യമുണ്ട്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം