Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയിലെ ഓർമപ്പെരുക്കങ്ങൾ

karunakaran ജീവിതത്തിൽ അരുതാത്തതില്ല, ഈ കഥാപാത്രങ്ങള്‍ക്ക്. അരുതെന്നു കരുതി തെറ്റെന്നു അനുമാനിച്ച് വേണ്ടെന്നു വയ്ക്കാനാവുന്നില്ല ഒന്നും. വീണ്ടു വിചാരങ്ങളുടെ ബലതന്ത്രങ്ങൾക്കകത്തല്ല ഒരു കഥാപാത്രവും.

സ്വപ്നം, ഓർമ, വിചാരം, ആഗ്രഹം, ഇഷ്ടം, വിശ്വാസം എന്നിങ്ങനെ ഒരാളിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പലമാനസ്വത്വങ്ങൾ ആ ആളിനെ പലഭാവത്തിൽ പലരെന്നമട്ടിൽ സമൂഹമധ്യത്തിൽ വെളിപ്പെടുത്തി കാട്ടും. കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തിലേക്ക് നടന്നിറങ്ങി തിരിച്ചു കയറാനാകാതെ അലഞ്ഞു നഷ്ടപ്പെടുന്നവർ, കാലം സമ്മാനിച്ച അനുഭവങ്ങളിൽ വിചാരപ്പെട്ട് ജീവിതതുടർച്ച മുറിഞ്ഞുമാറി ഓർമക്കാലത്ത് അകപ്പെട്ടു പോകുന്നവർ, ഓർമയും സ്വപ്നവും ജീവിതവും വിചാരവും അതിരു കലർന്ന് ഏത് എവിടെ തീരുന്നു എന്നു ക്ലിപ്തപ്പെടാതെ, ഏതിന്റെയും തുടർച്ചയാകാതെ വഴി നിന്നു പോകുന്നവർ– ഇങ്ങനെ ഒരു തരം ഗണിതയുക്തിയിലും അകം കൊള്ളാതെ പോകുന്ന കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമാണ് കരുണാകരന്റെ കഥാലോകം. 

പലരിലേക്കും ഒഴുകി പരക്കുന്നവർ, പലദിക്കിലേക്ക് നടന്നു നിറയുന്നവർ, പലതായ കാണലിൽ ജീവിതവും സ്വപ്നവും അതിരു മാഞ്ഞ്, അകമേ നിറയുന്ന ബോദ്ധ്യങ്ങളിൽ ജീവിച്ചു പനിച്ചവർ. ജീവിതത്തിൽ അരുതാത്തതില്ല, ഈ കഥാപാത്രങ്ങള്‍ക്ക്. അരുതെന്നു കരുതി തെറ്റെന്നു അനുമാനിച്ച് വേണ്ടെന്നു വയ്ക്കാനാവുന്നില്ല ഒന്നും. വീണ്ടു വിചാരങ്ങളുടെ ബലതന്ത്രങ്ങൾക്കകത്തല്ല ഒരു കഥാപാത്രവും. കീഴ്​വഴക്കങ്ങളുടെ ശീലങ്ങളിൽ ചുറ്റിതിരിയുന്നവരല്ല അവരാരും. ബോദ്ധ്യങ്ങളുടെ ശാഠ്യങ്ങൾ ആരെയും അതിരിട്ടവരാക്കുന്നില്ല. മരിച്ചു കഴിഞ്ഞിട്ടും ജീവിതം തുടരേണ്ടി വരുന്നുണ്ട് ‘ഒരൊറ്റ രാത്രി കൊണ്ട്’ എന്ന കഥയിലെ അച്ഛന്. 20 വർഷമായി ഇങ്ങനെ മരണാനന്തര ജീവിതം തുടരുന്നു. മരണശേഷവും അച്ഛൻ താൻ പെരുമാറിയിട്ടുള്ള ഇടങ്ങളിലെല്ലാം പലമാനഭാവത്തിൽ വന്നും പോയുമിരിക്കുന്നു. കഥയിലെ മകന് ഇത് മരണാനന്തര ജീവിത തുടർച്ചയല്ല. ജീവിച്ചു മുന്നേറൽ തന്നെയാണ്. അമ്മയ്ക്കു പക്ഷേ, അച്ഛന്റെ അലച്ചിലിൽ നൊമ്പരമുണ്ട്. അച്ഛനെ തന്റെ ജീവിതഗന്ധങ്ങളുടെ പരിസരത്തു നിന്ന് അടർത്തി മാറ്റി പൂർണ്ണ മരണത്തിനു വിട്ടു നൽകാൻ ഉപാധി കണ്ടെത്തിയ അമ്മയുടെ തീരുമാനത്തിനകത്താണ് മകനിപ്പോൾ. ദൈവത്തിലോ പ്രേതത്തിലോ വിശ്വാസമില്ലാത്ത മകന്റെ അവിശ്വാസങ്ങളിൽ കലർന്ന ശാഠ്യം മാഞ്ഞില്ലാതാകുന്നത് ‘കഥ എഴുതുന്നവർക്ക് എന്തിനും തുണ പോകാം’ എന്ന അമ്മയുടെ കണ്ടെത്തലിലാണ്. ജീവിതം കഥയിലേക്ക് വഴി മാറുന്നത് കാലത്തിന്റെ ഇടപെടൽ കൊണ്ടാവുമോ? എഴുതിക്കൊണ്ടിരിക്കും കഥപോലെ ഒരു ഓർമ. അഥവാ ഓർമകൾ തന്നെ കഥയായി മാറുക. ഭാവനയിൽ കണ്ടതും അനുഭവിച്ചു തീർത്തതും ഇടകലർന്ന് കഥയിലേക്ക് ജീവിതം കടന്നു കയറിയതാവണം. കാലത്തിന്റെ അതിർത്തി ലംഘനം ഭാവനയെ ജീവിതവും ജീവിതത്തെ ഓർമയുമാക്കി മാറ്റുന്നു. ഓർമയിൽ വിചാരപ്പെട്ടും വിചാരത്തിൽ സ്വപ്നപ്പെട്ടും ജീവിതവും കഥയും ഒന്നാകുന്നു. 

karunakaran-story കഥകവിയും ജീവിതവും, ജീവിതം നിറയും ഭാവനയും, ഭാവനയിൽ തളിർക്കും ഓർമകളും. മലയാളകഥയുടെ വായന വേറിട്ടതാക്കുന്നു കരുണാകരൻ.

ശ്രാദ്ധകർമ്മത്തിന് കാശിയിലേക്കു പോകുന്ന മലയാള കഥയിലെ ആദ്യ കഥാപാത്രമല്ല കരുണാകരന്റേത്. ശ്രാദ്ധമൂട്ടി പൂർണ്ണ മരണത്തിലേക്ക് ജീവിതങ്ങളെ അകറ്റി നിർത്താൻ പലർപോയ കാശിയിലേക്കാണ് കരുണാകരന്റെ കഥാപാത്രവും തീവണ്ടി ഇറങ്ങിയത്. അച്ഛന്റെ പ്രേതസാന്നിദ്ധ്യങ്ങൾ ആവശ്യപ്പെട്ടതിലധികം അമ്മയുടെ സ്നേഹശാസനകൾ കാശിയെന്ന മൃതരുടെ ഭൂമിയിലേക്ക് അയാളെ വഴി നടത്തിക്കുകയാണ്. അപരിചിതത്വം വഴിതടയാതിരിക്കുന്നതിന് കാശിയിൽ സഹായിയാകുന്നത് രംഗനാഥനാണ്. സ്ത്രീയും പുരുഷനും അതിരുഭേദിച്ച ശരീരത്തിനുടമ. മനുഷ്യ ജീവിതാസക്തികളുടെ വിരാമ ഭൂമികയിൽ സ്വത്വങ്ങളുടെ കൂടികലരലിലെ സാന്നിദ്ധ്യങ്ങൾ ഇങ്ങനെയാവാതെ തരമില്ല. നിലത്തു മുട്ടാത്ത കാലുകളോടെ ഇരുതോളിലും സ്ട്രെക്ച്ചറുകൾ ഉന്തി ജനസഞ്ചയത്തിനിടയിൽ വഴിയുണ്ടാക്കി കടന്നു വരുന്ന രംഗനാഥൻ എന്ന കഥാപാത്ര നിർമ്മിതി കരുണാകരന്റെ ബോധപൂർവ്വമായ ഇടപെടലിന്റെ രചനാകൗശലത വെളിപ്പെടുത്തുന്നു. കഥകൾ മാത്രമല്ല നമ്മൾ കെട്ടിയുണ്ടാക്കുന്നത്. ചില സമയം ഓർമ്മയും നമ്മൾ കെട്ടിയുണ്ടാക്കുന്നു. രംഗനാഥൻ ഒരിക്കൽ ഇങ്ങനെ പറയുന്നുണ്ട്. പലതായ ഓർമ്മകളിൽ നിന്നോ, പലതായ ഭാവനയിൽ നിന്നോ, പലതായ സ്വപ്നങ്ങളിൽ നിന്നോ കരുണാകരൻ ഈ കഥ കെട്ടിയുണ്ടാക്കുന്നു. അപരിചിതത്വം വെടിഞ്ഞ് ‘ഞാൻ കൂടെ വരട്ടെ’ എന്നു ചോദിക്കുന്ന, അല്ല തീരുമാനിക്കുന്ന ഒരുവളുണ്ട് പിന്നീട് അയാളുടെ കൂടെ. അയാളുടെ ഓർമ്മയിലെവിടെയോ ആ മുഖമുണ്ട്. അയാൾക്ക് പിടികൊടുക്കാതെ ആ ഓർമ യാഥാർഥ്യത്തിലേക്ക് വഴി നടത്തുന്നു. ഒരൊറ്റ രാത്രിയിലെ ജീവിതം. അവൾ നടത്തിക്കുന്ന അനുഭവങ്ങളുടെ തീചൂടിൽ അപ്രത്യക്ഷനായപോലെ അവൾക്കരികിൽ ഉറങ്ങി. ഉറക്കത്തിലെ സ്വപ്നത്തിൽ കുടുംബവീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗവും അതിന്മേലിരുന്ന് കുറുകുന്ന ഒരു പ്രാവിനേയും കണ്ടു. അതോ അങ്ങനെ സ്വപ്നം കണ്ടെന്ന് ഈ കഥാരചനയ്ക്കിടയിലെ ഓർമ്മയോ?. ആ ഓർമയുടെ പകർത്തലോ ഗംഗയിൽ ആണ്ടിറങ്ങി നിന്ന് ഒഴുകി വരുന്ന രൂപയുടെ കെട്ടിലേക്ക് ഒറ്റ കുതിപ്പിന് നീന്തി, അത് കൈകളിൽ പിടിച്ചെടുത്തുവരുന്ന അവളും, അവർക്കരികിലേക്ക് അങ്ങനെ ഒഴുകി വരുന്നത് ഒരു പക്ഷിയുടെ ജഡമോ ചെറിയ പുല്ലുകളോ എന്നു ചിന്തിച്ചു നിന്ന അയാളും. ആ രാത്രി കാശിനാഥൻ പാവപ്പെട്ട സ്ത്രീകളെ ഓർക്കുകയാണെന്നും അവരെ അനുഗ്രഹിക്കുകയാണെന്നും അവൾ അയാളോട് പറയുന്നു. അവിശ്വാസത്തോടെയല്ല അയാളത് കേൾക്കുന്നത്. 

പിറ്റേന്ന് പുലർച്ചെ തിരിച്ചു പോക്കിനുള്ള ബാദ്ധ്യതയിൽ ഉണർന്നെണീറ്റ അയാൾക്കരികിൽ അവളില്ലായിരുന്നു. അങ്ങനെയൊരാൾ ഇല്ലാതിരുന്ന പോലെ. അങ്ങനയൊരാളെ കണ്ടിട്ടില്ലെന്ന പോലെ. ഗംഗയിൽ നീന്തി ഒഴുക്കിൽ പിടിച്ചെടുത്ത നോട്ടുകള്‍ മേശമേൽ കാത്തിരിക്കുന്നു. അയാൾ മടക്കയാത്രയിലേക്കിറങ്ങി. സ്ത്രീവേഷത്തിലാണ് രംഗനാഥൻ അന്ന്. ആ രാത്രിയെ കുറിച്ച്, അവളെ കുറിച്ച്, ഉപേക്ഷിച്ചു വന്ന മേശയിലിരിക്കുന്ന പണത്തെക്കുറിച്ച് പലയാവർത്തി പറയാനാഞ്ഞ് പറയാതെ അയാൾ മടങ്ങി.

കരുണാകരൻ കരുണാകരൻ

ഇതുവരെ നീ എത്ര കഥകൾ എഴുതി? എന്ന് അയാളുടെ കൂട്ടുകാരി നബനീത ചേദിക്കുന്നുണ്ട്. എന്തെങ്കിലും ഒരു സംഖ്യ പറയാൻ ഓർമയിൽ പരതുന്നുണ്ടയാൾ. പിന്നീട് മാസങ്ങള്‍ക്കിപ്പുറം ആ ഒറ്റ രാത്രിയുടെ ഓർമ, അതോ പലതായ ഓർമകളോ, ഈ കഥയിലേക്ക് നിറയുമ്പോഴും അയാളിൽ അവശേഷിക്കുന്നത് ഓർമയായി ഉറയുന്നത്. 'ഒഴുകി വരുന്ന നദിയുടെ നേരെ നീന്തി തന്റെ ഭാഗ്യത്തെ കൈപറ്റിയ ഒരു സ്ത്രീയും അവൾക്ക് തുണപോയ ഒരു പുരുഷനും. ഒരു വാർത്തയോ ഫോട്ടോയോ പോലെ. ഒരു രാത്രിമാത്രം ഉണ്ടായിരുന്ന ജീവിതത്തെ ഓർക്കുന്ന പോലെ'– 

ഓർത്തെടുക്കാവുന്ന കഥപോലെ അനുഭവം... വിചാരപ്പെടുന്ന ജീവിതത്തിലേക്ക് അനുഭവമാകുന്ന കാലം... കാലത്തെഭേദിച്ച് അതിരു കവിയുന്ന സ്വപ്നവും ഭാവനയും... വായിച്ചു നിർത്തിയത് കഥയോ അനുഭവമോ ഭാവനയോ ജീവിതമോ? കഥകവിയും ജീവിതവും, ജീവിതം നിറയും ഭാവനയും, ഭാവനയിൽ തളിർക്കും ഓർമകളും. മലയാളകഥയുടെ വായന വേറിട്ടതാക്കുന്നു കരുണാകരൻ.


Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം