Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസ്: ആരാധനയിൽ അറിയാതെപോകുന്ന അപ്രിയങ്ങൾ

kj-yesudas യേശുദാസ്

ഒരു ദേശത്തിന്റെ സംഗീതത്തിൽ കാലവും ചരിത്രവും എത്രമാത്രം നിഴൽവീഴ്ത്തി നിൽപ്പുണ്ട് എന്ന അന്വേഷണം ഏതുകാലത്തും പ്രസക്തിയുള്ളതാണ്. ഒരു ജനതയുടെ സംഗീത ബോധ്യങ്ങളും ശീലങ്ങളും ആ ജനസമൂത്തിന്റെ വളർച്ചയുടെയും, സംഗീതത്തിന്റെ പക്വതയുടെയും സംഗീത വഴികളിലെ പരിണാമഘട്ടങ്ങളുടെയും അടയാളപ്പെടുത്തലാകും. അവയെല്ലാം യുക്തിഭദ്രമായും നീതിയുക്തമായും കണ്ടെത്തി അടയാളപ്പെടുത്തിയെടുക്കാൻ അതാതു ജനതകൾക്ക് ആർജ്ജവം ഉണ്ടാകണം എന്നു മാത്രം. മറ്റേതു കലാസങ്കേതങ്ങൾക്കും മീതെയായി ഗാനശാഖക്ക് ഒരു സമൂഹത്തിന്റെ സ്വത്വാവിഷ്‌ക്കാരത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കാൻ സാധ്യതയേറുമെന്നതിന് ചരിത്രം തെളിവുകൾ നൽകുന്നുണ്ട്. നാടോടിഗാനങ്ങളും നാടൻപാട്ടുകളും നാടൻ സംഗീത അഭിരുചികളും നമ്മെ കൂട്ടികൊണ്ടുപോകുന്നത് ഒരു സമൂഹത്തിന്റെ പ്രാഥമികമായ ജനസ്വത്വത്തിന്റെ വേരുകളിലേക്കാകുന്നത് അതുകൊണ്ടാണ്. നാടൻ ശീലുകളും ഈണങ്ങളും കീഴ്ത്തട്ടു ജനതയുടെ ജീവിതപരിസരങ്ങളുടെ നേർസാക്ഷ്യങ്ങളായി ആ ജനതയെ ഒന്നിപ്പിച്ചു നിർത്തുന്നതും അതിനാലാണ്. ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ നിരീക്ഷണം കാണുക, "ഒരു പുള്ളുവൻ പാട്ടിൽ പുള്ളുവന്റെ വംശീയതയുടെ കണ്ണീരും സ്വപ്നങ്ങളുമുണ്ടാവും. അത് ശബ്ദഘടനയിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ശബ്ദസ്വരൂപത്തിന് സാമൂഹ്യവും ചരിത്രാത്മകവുമായ ഒരു അടിപ്പടവുണ്ട്." കഥകളി സംഗീതത്തിന്റെ വഴികളിൽ സഞ്ചരിക്കുന്ന ഒരാൾ അടിസ്ഥാന ജനസ്വത്വത്തിന്റെ കീഴ്‌ത്തട്ടിലേക്ക് എത്തിച്ചേരാതെ പോകുന്നതും അതുകൊണ്ടാണ്. 

എന്നാൽ സംഗീതത്തിന്റെ വൈവിധ്യമാർന്ന പലതായ വഴികളിലെ ആസ്വാദന ശീലങ്ങളെ ഒന്നിച്ചിണക്കി ഒരു സമൂഹത്തിലെ മുഴുവൻ ജനതക്കും 'തന്റേതുകൂടി' എന്നു പറയാൻ പാകത്തിനാക്കിമാറ്റുന്ന രാസവിദ്യ കൈവരുന്നത് ചരിത്രത്തിന്റെ ആധുനികതയുടെ ഘട്ടത്തിലാണ്. കേരളദേശത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു അന്വേഷണം നമ്മെ കൊണ്ടു ചെന്നാക്കുക 1960കളുടെ തുടക്കത്തിലേക്കാണ്. 60കൾക്ക് മുമ്പ് മലയാളത്തിൽ പൊതുജന പ്രാതിനിധ്യസ്വഭാവമുള്ള സംഗീതപരിസരം ഇല്ലെന്നല്ല. പിൽക്കാലത്ത്‌ 2018 വരെ നീളുന്ന, സംഗീതത്തിലെ പ്രത്യേകിച്ചും, സിനിമാഗാനശാഖയുടെ ഭാവുകത്വ ഉയർച്ചയും അതിരുമാകാവുന്ന ശബ്ദലേഖനം ആദ്യം നടന്ന 1961 ഒരു സവിശേഷ ഘട്ടത്തെ അടയാളപ്പെടുത്താൻ പരിഗണിക്കുന്നു എന്നു മാത്രം. കേരളം എന്ന ഭൂപ്രദേശത്തിന് അതിരുകൾ നിർണയിക്കപ്പെട്ട് അപ്പോഴേക്കും അഞ്ചു വർഷം കഴിഞ്ഞിരുന്നു. ആ അതിരിനുള്ളിലെ ജനതയുടെ പൊതുഭാഷ മലയാളം എന്ന് അടയാളപ്പെട്ട് കഴിഞ്ഞിരുന്നു. ആ ഭാഷയിലെ സിനിമയുടെ സംഗീതവും ഗാനവും പാട്ടുകാരും ആര് എന്ന് അടയാളപ്പെട്ട്‌ വരണമായിരുന്നു. ആ ചരിത്രമുഹൂർത്തത്തിനാണ് മേൽപ്പറഞ്ഞ 1961 സാക്ഷ്യം വഹിച്ചത്. ശ്രീനാരായണ ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സർവ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്' എന്ന ഗുരുവചനം സിനിമാഗാനമാക്കി പിന്നണി പാടി ശബ്ദലേഖനം ചെയ്ത് കടന്നു വന്ന യേശുദാസ്, സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനുള്ളതു പോലുള്ള സമാന്തരമില്ലാത്ത പദവി സിനിമാപിന്നണിഗാനശാഖയിൽ നിർമ്മിച്ചെടുത്തു. 

ആ പദവി നിർമ്മിതിയിലെ ചരിത്രഗതികളും സാമൂഹിക ബലാബലങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന, ഒരു പക്ഷേ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരേയൊരു പഠന പുസ്തകമാവണം 'യേശുദാസ് ഗന്ധർവ്വസംഗീതം വിമർശിക്കപ്പെടുന്നു' എന്നത്. ഈ പുസ്തകത്തിന്റെ നേർ വിപരീതത്തിൽ സ്ഥാനം കൈയ്യാളുന്ന ഇനിയൊരു വേറിട്ട പുസ്തകവും മലയാളത്തിലുണ്ട്. സുഭാഷ് ചന്ദ്രന്റെ 'ദാസ് ക്യാപിറ്റൽ'. കേരളത്തിന്, മലയാളിക്ക് യേശുദാസ് എന്ത് എന്ന ചോദ്യത്തിനുള്ള പലവിധമായ ഉത്തരങ്ങളുടെ ഒരു സഞ്ചയം എന്ന് ഈ പുസ്തകത്തിന്റെ വികാരത്തെ വിശദീകരിച്ചെടുക്കാനാകും. സുഭാഷ് ചന്ദ്രൻ യേശുദാസ് എന്ന സിനിമാപിന്നണിഗായക സ്വത്വത്തിൽ അനുഭവിച്ചു തീർക്കുന്ന വിമർശനാതീത വിധേയത്വം ലോകത്തുള്ള ഏതു മലയാളിയിലേക്കും സമാന്തരമായി സഞ്ചരിച്ചെത്താവുന്ന പാതയുടെ അടയാളമായി മാറുന്നു. അങ്ങനെയുള്ള ഏകശിലാത്മക ബിംബ നിർമിതിയിലെ ആരാധനയിൽ അറിയാതെ പോകുന്ന അപ്രിയങ്ങളെ ആലോചനയ്ക്കെടുക്കാനുള്ള ആർജ്ജവമാണ് 'യേശു ദാസ് ഗന്ധർവ്വസംഗീതം വിമർശിക്കപ്പെടുന്നു' എന്ന പുസ്തകം ഏറ്റെടുക്കുന്നത്.

das-capital സുഭാഷ് ചന്ദ്രന്റെ 'ദാസ് ക്യാപിറ്റൽ'. കേരളത്തിന്, മലയാളിക്ക് യേശുദാസ് എന്ത് എന്ന ചോദ്യത്തിനുള്ള പലവിധമായ ഉത്തരങ്ങളുടെ ഒരു സഞ്ചയം എന്ന് ഈ പുസ്തകത്തിന്റെ വികാരത്തെ വിശദീകരിച്ചെടുക്കാനാകും.

ഈ രണ്ടു പുസ്തകങ്ങളും കേരളത്തിന്റെ കലാ സാംസ്ക്കാരിക പഠനത്തിന്റെ നിർണായകമായ രണ്ടു വ്യത്യസ്ത സമീപനങ്ങളെ അതീവഗരിമയോടെ നമുക്കു മുന്നിൽ തുറന്നിടുന്നു. ഒന്ന്, സമ്പൂർണ്ണ കീഴടങ്ങലിന്റെ, വിധേയത്വ ആരാധനയുടെ, ചിന്തകൾക്ക് കടന്നുപോകാനാകാത്തവിധത്തിൽ, അതാര്യമായ കടുംപിടുത്തശീലങ്ങളുടെ ആഴവും പരപ്പും കാട്ടിത്തരുന്നു. മറ്റൊന്ന്, അപനിർമാണത്തിന്റെ, വികേന്ദ്രീകരണത്തിന്റെ, സ്വയം വിമർശനത്തിന്റെ, സഹിഷ്ണുതയോടെയുള്ള ആലോചനകളുടെ യുക്തിഭദ്രമായ കെട്ടുകൾ അഴിച്ചു വിടുന്നു. 

വിമർശനം സഹിഷ്ണുതയോടെ

ഗ്രാമീണ ചാരുതയിൽ വൈവിധ്യമാർന്ന ശബ്ദങ്ങളുടെ പലതായ അനുഭവ മണ്ഡലങ്ങൾ ഉണ്ടായിരുന്ന പാട്ട് സംസ്ക്കാരത്തിലേക്ക് ഒരൊറ്റ ഭാവത്തിന്റേതായ യാന്ത്രിക കൃത്രിമ ശബ്ദം അവരോധിച്ച് വളർത്തിയെടുത്തു എന്നതാണ് യേശുദാസ് നേരിടുന്ന പ്രധാന വിമർശനം. ഹൃദയത്തിന്റെ അനുഭവ പരിസരം കുറഞ്ഞ, സാങ്കേതിക തികവിന്റെ മേന്മയിൽ മാത്രം അഭിരമിക്കുന്ന ഭാവമണ്ഡലമാണ് യേശുദാസിനുള്ളത് എന്നാണ് ഹരിനാരായണനും, വി.റ്റി. മുരളിയും, വി. കലാധരനും പലതായ വിധത്തിൽ ചർച്ച ചെയ്യുന്നത്. 

ഹരിനാരായണൻ പറയുന്നത് നോക്കാം - "അഞ്ചു പതിറ്റാണ്ടായി യേശുദാസ് പാടുകയാണ്. ഇത് കേട്ട് കേട്ട് മലയാളി saturated ആയി. മലയാളിയുടെ orgasm യേശുദാസാണ്. കേൾവിയിൽ ഇനിയെങ്ങോട്ടും പോകാനാവാതെ ഈ ശബ്ദം മലയാളിയെ കുടുക്കിയിട്ടുണ്ട്. വല്ലാത്ത ശാപമാണത്." "ഗായകനെന്ന നിലയിൽ അഞ്ചു പതിറ്റാണ്ടു മുമ്പ് നിന്നിടത്തു തന്നെ നിൽക്കുകയാണ് യേശുദാസ്. ക്ലാസിക്കൽ കർണ്ണാടിക് സിംഗർ എന്ന നിലയിൽ ആരും യേശുദാസിനെ ഗൗരവമായി കാണുന്നില്ല. പാലക്കാട് മണിയുടെയും എം.ഡി. രാമനാഥന്റെയുമൊക്കെ കാര്യമെടുത്തു നോക്കൂ... ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇനി താൻ മൈക്ക് ഉപയോഗിക്കില്ല എന്നു പറഞ്ഞ ആളാണ് പാലക്കാട് മണി. ഇതൊരു evolution ആണ്. സിംഗർ എന്ന നിലയിൽ ഇത്തരത്തിൽ എന്ത് evolution ആണ് യേശുദാസിന് അവകാശപ്പെടാൻ കഴിയുക എന്നാലോചിച്ചു നോക്കൂ..." വി.റ്റി. മുരളി നിരീക്ഷിക്കുന്നത് കാണാം - "നല്ല ശബ്ദം എന്ന പ്രയോഗമാണ് മലയാളികൾ എപ്പോഴും നടത്തുന്നത്. ഏതാണ് നല്ലത് ? ഏതാണ് ചീത്ത ശബ്ദം ? വികാരത്തെ വഹിക്കുമ്പോഴാണ് നല്ല സംഗീതം ഉണ്ടാവുന്നത്. നല്ല ശബ്ദം എന്നു പറഞ്ഞാൽ ഒരു സംഗീതാസ്വാദകൻ ഉദ്ദേശിക്കുന്നത് നല്ല വൈകാരികാംശമുള്ള ശബ്ദം എന്നു തന്നെയാണ്. പക്ഷേ, ശബ്ദത്തെമാത്രം കണക്കിലെടുത്ത് പിൽക്കാലത്ത് വന്ന ഗായകർക്കോ, അതേ ശബ്ദത്തിന്റെ പുറംതോടല്ലാതെ ആത്മാവില്ല എന്നു വന്നു." "എഴുപതുകളിൽ യേശുദാസിന്റെ പാട്ടിനുണ്ടായിരുന്ന ആത്മാവിനെ പിന്നീടദ്ദേഹം തന്നെ നഷ്ടപ്പെടുത്തി. സ്വാഭാവികമായി പാട്ടിൽ വന്നു ചേരുന്ന വൈകാരികാംശത്തിനു പകരം കൃത്രിമമായി വികാരം ഉണ്ടാക്കാൻ തുടങ്ങി. പിന്നീടുള്ള പാട്ടുകളിൽ ശബ്ദം മികച്ചു നിൽക്കുകയും വികാരം കുറഞ്ഞു പോവുകയും ചെയ്തു." 

gendarva-sangeetham ഏകശിലാത്മക ബിംബ നിർമിതിയിലെ ആരാധനയിൽ അറിയാതെ പോകുന്ന അപ്രിയങ്ങളെ ആലോചനയ്ക്കെടുക്കാനുള്ള ആർജ്ജവമാണ് 'യേശു ദാസ് ഗന്ധർവ്വസംഗീതം വിമർശിക്കപ്പെടുന്നു' എന്ന പുസ്തകം ഏറ്റെടുക്കുന്നത്.

വി. കലാധരന്റെ നിരീക്ഷണ വിമർശം കുറേകൂടി പരപ്പുള്ളതാണ്- "കഥകളി പാട്ടുകാരിലാണ് ചലച്ചിത്രഗാനങ്ങളിൽ ഭാവുകത്വവിശേഷം വരുത്തുന്നതും യേശുദാസിന്റെ സ്വരഭാവനയിലെ കേവലത്വം പേറുന്നതുമായ അംശങ്ങളുടെ പ്രകടമായ സന്നിവേശങ്ങൾ കാണാനാവുന്നത്. കഥകളി പാട്ടിൽ കാലങ്ങളായി കാത്തുസൂക്ഷിച്ചുപോരുന്ന ചില ഗാനാലാപന രീതികളും പദാലാപന സ്വഭാവങ്ങളും പാടെ മാറി മറിഞ്ഞു. പുറപ്പാടിന്റെ 'മുഖ'മായ 'കേദാരഗൗള' രാഗത്തിന്റെ 'അ'കാരത്തിലുള്ള വിസ്താരം കേട്ടു നോക്കൂ... നാട്ടുഗമകങ്ങൾ അതിൽ നിന്ന് അകന്നേ പോയി." "തുറന്നടിച്ചു പാടുന്ന സമ്പ്രദായം കഥകളിയിൽ നിന്ന് തീർത്തും അപ്രത്യക്ഷമായി. ഒതുക്കലും മിനുക്കലും മൂലം ഘനരാഗങ്ങളുടേയും രക്തിരാഗങ്ങളുടേയും ഊർജഭ്രംശം രൂക്ഷമായി തീർന്നിരിക്കുന്ന മേഖലയാണ് കഥകളി പാട്ടിന്റേത്." അദ്ദേഹം തുടർന്ന് പറയുന്നു - "പുള്ളുവൻപാട്ടിലും ശാസ്താംപാട്ടിലും കളമെഴുതുപാട്ടിലും നന്തുണിപ്പാട്ടിലും കഥാപ്രസംഗത്തിലും ഭജനകളിലും പള്ളിപ്പാനകളിലും മാപ്പിളപ്പാട്ടിലുമെല്ലാം യേശുദാസിനോടുള്ള ആരാധന അടയാളപ്പെട്ടുകിടക്കുന്നു."

ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ വിമർശനം രേഖപ്പെടുത്തുന്നുണ്ട്. 'യന്ത്രമാധുര്യം' അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെയാണ് - "ഹിന്ദുസ്ഥാനി സംഗീതാലാപനത്തിന്റെ സ്വഭാവം ശ്രുതിയിലലിഞ്ഞുനിൽക്കുക എന്നതാണെങ്കിൽ കർണാട്ടിക് സംഗീതത്തിന്റേത് ശ്രുതിചേർന്ന് നിൽക്കുകയാണ് എന്നു കാണാം. ശ്രുതിക്ക് മേൽക്കൈയുണ്ട് ഹിന്ദുസ്ഥാനിയിൽ. നമ്മുടെ പക്കമേളങ്ങൾ തന്നെ നോക്കുക. ശ്രുതിയെക്കാൾ ആലാപനത്തെ പിന്തുടരുന്നതിലാണതിന്റെ ശ്രദ്ധ. യേശുദാസിന്റെ ഗാനങ്ങളിൽ പാട്ടുകാരൻ നേടുന്ന മേൽക്കൈ ഈ കർണാട്ടിക് ആലാപനസ്വഭാവത്തിന്റെ കൂടി ഫലമാണ്. ബാബുരാജിന്റെ ഗാനങ്ങളോട് പൂർണ്ണമായി അദ്ദേഹത്തിന് നീതി പുലർത്താൻ കഴിയാതെ പോയതിനു കാരണവും ഈ സാങ്കേതിക സ്വഭാവമാണെന്നു കാണാം." അദ്ദേഹം തുടരുന്നു - "അത്ഭുതകരമായ ആലാപനശേഷിയാൽ ഏതു തരം വ്യാപ്തിയിലേക്കും യേശുദാസിന്റെ ആലാപനം പ്രവേശിച്ചു, പക്ഷേ, അവയ്ക്കൊക്കെയും ഒരു കർണാട്ടിക് ഫ്ലേവർ ഉണ്ടായിരുന്നു. നാടോടി ഭാവങ്ങളെ അതിന്റെ സ്വാഭാവികതയിൽ ആവിഷ്‌ക്കരിക്കുന്നതിൽ നിന്ന് യേശുദാസിനെ തടഞ്ഞത് ഈ ശാസ്ത്രീയ കേന്ദ്രിതത്വം ആണ്. നാടോടി ഗാനങ്ങളിലെ ഈണങ്ങളുടെ സ്വാഭാവികമായ ഒഴുക്കിനെയും ആലാപനസ്വഭാവങ്ങളെയും ആവിഷ്‌ക്കരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്." ഹരിനാരായണൻ മറ്റൊരിടത്ത് പറയുന്നത് ഇവിടെ ചേർത്തുവെച്ച് ആലോചിക്കാം - "അതുകൊണ്ടാണ് യേശുദാസ് വിപ്ലവഗാനം പാടിയാൽ മുന്നോട്ടല്ല പിന്നോട്ട് പോകാനാണ് തോന്നുക എന്ന ഫലിതം ഉണ്ടായത്."

predeepan ഡോ. പ്രദീപൻ പാമ്പിരിക്കുന്ന്

മെഹ്ബൂബിന്റെയും യേശുദാസിന്റെയും മറ്റനേകം ഗായികാഗായകരുടേയും ജന്മദേശമായ മട്ടാഞ്ചേരിയുടെ സംഗീത കമ്പങ്ങൾ അവിടെയുള്ളവരിൽ ആവേശമായി പടരുന്നതും ഏതുതരം ജീവിതങ്ങളുടെ പിന്നണിയിലും തീവ്രവികാരമായി വളരുന്നതും കാണിച്ചു തന്നാണ് ഷഫീഖ് അമരാവതി തന്റെ നിരീക്ഷണങ്ങൾ പറയുന്നത്. മട്ടാഞ്ചേരിയുടെ പാട്ട് പൈതൃകം വരച്ചിടുന്നത് കാണുക - "സിനിമാപാട്ടുകൾക്ക് പുറമെ ഗസൽ സംഗീതത്തിനും ഖവാലിയിലും അതിന്റെ മാതൃശാഖയായ ഹിന്ദുസ്ഥാനി സംഗീതത്തിലും ഇവിടുത്തെ സാധാരണക്കാർ പോലും പുലർത്തുന്ന ആസ്വാദനബോധം കേരളത്തിൽ മറ്റധികം പ്രദേശങ്ങളിൽ കാണാനാവില്ല. അതിനൊപ്പം തന്നെ കർണാട്ടിക് സംഗീതത്തിനും രബീന്ദ്രസംഗീതത്തിനും പോപ്പ്, റോക്ക് സംഗീതത്തിനും കേവലം അഞ്ചു കിലോമീറ്റർ മാത്രം ചുറ്റളവുള്ള ഈ പ്രദേശത്തു വേരോട്ടമുണ്ട്. തമിഴ്, ബംഗാളി, പഞ്ചാബി ഗാനങ്ങളും ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ഗാനങ്ങളും ഇവിടെ മുഴങ്ങുന്നു. ബോബ്മാർലിയുടെ പോരാട്ടവീര്യമുൾക്കൊണ്ട് അദ്ദേഹത്തിന് എല്ലാ വർഷവും ആദരാഞ്ജലിയായി ഗൗരവതരമായ കലാഇടപെടലുകൾ നടക്കുന്ന പ്രദേശവും കേരളത്തിൽ മറ്റെങ്ങുമില്ല. ബോണിയെമ്മും അബ്ബയും ഉഷാഉതുപ്പും ബൗൾ സംഗീതവും അങ്ങനെ പാട്ടിന്റെ പല ഗോത്രങ്ങളിൽ നിൽക്കുന്നവരും ഇവിടത്തുകാർക്കു അന്യരല്ല."

usha ബോണിയെമ്മും അബ്ബയും ഉഷാഉതുപ്പ് ബൗൾ സംഗീതവും അങ്ങനെ പാട്ടിന്റെ പല ഗോത്രങ്ങളിൽ നിൽക്കുന്നവരും ഇവിടത്തുകാർക്കു അന്യരല്ല

നാട്ടു നന്മകൾ നഷ്ടമാവുന്നതിന്റെ വേദനയിലാണ് ഇവിടെ യേശുദാസ് വിമർശം ചൂടുപിടിക്കുന്നത്. ഉയരങ്ങൾ താണ്ടുന്ന നാട്ടുകാരനിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന നന്മകൾ കാണാതെ പോകുന്നതിൽ മട്ടാഞ്ചേരിക്കാർ ചകിതരാണ്. ജന്മഗേഹം തന്റെ പിതാവിന്റെ സ്മാരകവും മ്യൂസിയവുമായി നിലനിർത്താത്തതിൽ നൊമ്പരപ്പെടുന്ന മട്ടാഞ്ചേരിക്കാരെ ആ ലേഖനത്തിൽ നിറഞ്ഞു കാണാം. മട്ടാഞ്ചേരിയുടെ പാട്ട് പൈതൃക സ്മരണയിൽ നിറം കെടാതെ നിൽക്കുന്ന മെഹ്ബൂബിന്റെ പാട്ടും ജീവിതവും അവരിൽ ആവേശമാർന്ന ജീവിത സത്യങ്ങൾ കാണിച്ചുകൊടുത്തിട്ടുണ്ട്. ആ കാണലിന്റെ നിറവിൽ ശോഭ മങ്ങിപോകുന്നുണ്ട് യേശുദാസ് എന്ന സ്വത്വത്തിന്. നിരാശയോടെയുള്ള വരികൾ നോക്കുക - "മെഹ്ബൂബിനോട് നാട്ടുകാർ ഇന്നും പ്രകടിപ്പിക്കുന്ന സ്നേഹം യേശുദാസിന്റെ കാര്യത്തിൽ അവർക്കില്ല. മെഹ്ബൂബും യേശുദാസും രണ്ടുകാലത്തിന്റെ പ്രതിനിധികളാണ്. അതിലുപരി അവർ രണ്ട് സംഗീത സംസ്ക്കാരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. മെഹ്ബൂബ് അല്ല യേശുദാസ്."

mehaboob-ramanathan മെഹ്ബൂബ്, എം.ഡി. രാമനാഥൻ

ഇങ്ങനെയെല്ലാമായ യേശുദാസ് കേരളത്തിന്റെ കലാ പരിസരത്തു ചരിത്രബാഹ്യമായി രൂപപ്പെട്ടതല്ല എന്നും, അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും ജനനവും വളർച്ചയും തുടർച്ചയും ധാരാളമായ ചരിത്ര സാമൂഹിക കലാധാരകളുടെ സമ്മിശ്രതയിൽ രൂപമെടുത്ത ഒരു അസാധാരണ പ്രക്രിയയാണെന്നും ആഴത്തിൽ പറഞ്ഞ് അടയാളപ്പെടുത്തുകയാണ് സുനിൽ പി ഇളയിടം ചെയ്യുന്നത്. നിഷേധിക്കാനാവാത്തവിധം എല്ലാ മലയാളിയുടേയും പൊതുപ്രതിനിധി എന്ന സ്ഥാനത്തേക്കുള്ള യേശുദാസിന്റെ കടന്നു വരവിനുള്ള സാംസ്ക്കാരിക പരിസരം ചരിത്രത്തിൽ ഇനി സാധ്യമല്ല എന്ന ബോധ്യമാണ് യേശുദാസിനെ വ്യതിരിക്തമായി അടയാളപ്പെടുത്തുന്നതെന്ന് സുനിൽ നിരീക്ഷിക്കുന്നു. ഗാനങ്ങളും ഗാനാലാപനവും സാങ്കേതികം എന്ന പരികൽപ്പനയിൽ തുടരേണ്ടി വരുമ്പോൾ ആ സാധ്യതക്ക് അനുഗുണമായവിധം തന്നിലെ സംഗീതത്തെ പരുവപ്പെടുത്തുവാൻ യേശുദാസിനാവുന്നത് കാലത്തിന്റെ ഒരു ആവശ്യം എന്ന നിലയിലും കാണണമെന്ന് വരുന്നു. സംഗീതോപകരണം പോലെ ഉപയോഗിക്കാനാവുന്ന തരത്തിൽ തന്റെ ശബ്ദത്തെ രൂപപ്പെടുത്തുവാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാങ്കേതിക ജ്ഞാനം അദ്ദേഹത്തിന് മുമ്പുള്ള ഗായകരിൽ കാണാൻ വിഷമമാണ്. ഇങ്ങനെ ശബ്ദത്തെ പരുവപ്പെടുത്തുന്നതു കൊണ്ടുള്ള മൂല്യശോഷണം മറ്റൊരു ചർച്ചയാണ്. ചരിത്രം പക്ഷേ, ഇങ്ങനെയൊരു പരുവപ്പെടൽ ആവശ്യപ്പെട്ടിരുന്നു. അത് ഭംഗിയായി നിർവഹിക്കാൻ കാലം യേശുദാസിനെ തിരഞ്ഞെടുക്കുകയായിരുന്നു. യേശുദാസ് അത് ഭംഗിയായി നിറവേറ്റുകയായിരുന്നു.

എസ് ഗോപാലകൃഷ്ണൻ, ഞെരളത്ത്‌ ഹരിഗോവിന്ദൻ, അനിൽകുമാർ തിരുവോത്ത്‌, വി. ജയിൻ തുടങ്ങിയവരും ഈ പുസ്തകത്തിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്. പുസ്തകം എഡിറ്റിങ് ഷിബു മുഹമ്മദാണ്.

ആരാധന ആരാധനമാത്രം 

സുഭാഷ് ചന്ദ്രൻ 'ദാസ് ക്യാപിറ്റലി'ന്റെ ആമുഖത്തിൽ പറയുന്നത് കാണുക– "ഈ പുസ്തകം യേശുദാസിനെകുറിച്ചുള്ള ഒരു സ്തുതിഗീതമല്ല. മലയാള സാഹിത്യത്തിലെ ഒരു ഇളമുറക്കാരൻ തന്റെ ജീവിതത്തിലെ ഒരു മഹാസാന്നിധ്യത്തെ ഹൃദയപൂർവം രേഖപ്പെടുത്തി വെക്കുക യാണ്. അതുകൊണ്ട് ഇതിൽ അദ്ദേഹത്തിന്റെയല്ല, അയാളുടെ ജീവിതമാണ് പറമേക്ക്‌ കാണാൻ കഴിയുക. ആ അർത്ഥത്തിൽ ഇതൊരു ആത്മകഥയാണ്. യേശുദാസ് എന്ന അനുഭവത്തെ മൂലധനമാക്കിയ ഒരു മലയാളി യുവാവിന്റെ ആത്മകഥ."

subhash-chandran-1 സുഭാഷ് ചന്ദ്രൻ

60 വയസ്സുള്ള ഒരു മലയാളിയെ സംബന്ധിച്ചു അവൾ / അവർ / അവൻ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന മൂളുന്ന, പാടുന്ന ഒരാളെങ്കിൽ യേശുദാസിനോട് ചേർത്തുവെച്ചല്ലാതെയുള്ള പാട്ടനുഭവം ഉണ്ടാകുന്നില്ല. പാട്ടോർമകൾ കോർത്തെടുത്തു ഏതൊരു മലയാളിയും അനുഭവങ്ങളെ പകർത്തിയെഴുതാൻ ശ്രമിക്കുമ്പോൾ യേശുദാസ് അതിൽ മിഴിവാർന്ന് വിടരും. സുഭാഷ് ചന്ദ്രനും അനുഭവം മറ്റൊന്നാകുന്നില്ല. എ.എം രാജ, ബ്രഹ്മാനന്ദൻ, സി.ഒ. ആന്റോ, ജയചന്ദ്രൻ, ഉണ്ണി മേനോൻ, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ എന്നീ ഗായകരിലേക്ക് പാട്ടോർമകൾ ആദ്യം ഓടി ചെല്ലുന്നില്ല. ട്രാൻസിസ്റ്റർ റേഡിയോ, ടേപ്പ് റെക്കോർഡർ, സി ഡി / ഡി വി ഡി പ്ലേയർ എന്നിങ്ങനെ പുതിയ സാങ്കേതിക പാട്ട് യന്ത്രങ്ങളുടെ അനുഭവങ്ങൾ പകർന്ന കൗതുകവും ആഹ്ലാദവും യേശുദാസിന്റെ ശബ്ദത്തോടൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ സിനിമാഗാനം സമം യേശുദാസ് എന്ന് സമവാക്യമുണ്ടായി. അത് മാത്രമാണ് പൂർണ്ണമായ ആൺ ശബ്ദം എന്ന തോന്നലുണ്ടായി. പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ വെച്ച് യേശുദാസിനെ നേരിൽ കണ്ട അനുഭവം സുഭാഷ് ചന്ദ്രൻ പകർന്നു തരുന്നത് വായിക്കുക - "പാർഥസാരഥീക്ഷേത്രത്തിനു മുന്നിലുള്ള സ്വരമണ്ഡപത്തിൽ രണ്ടിതളുകൾ മാത്രം താഴേക്കു വിരിഞ്ഞമർന്ന ഒരു വമ്പൻ വെള്ളത്താമര മൊട്ടുപോലെ ഇരിക്കുകയായിരുന്നു ഗാനഗന്ധർവൻ... ഞാൻ വീണ്ടും യേശുദാസിനെ നോക്കി. അധികമാരും ആലപിച്ചുകേട്ടിട്ടില്ലാത്ത ഒരപൂർവ്വരാഗത്തിന്റെ വിസ്താരങ്ങളിൽ ആണ്ടുമുങ്ങിയിരിക്കുന്നു അദ്ദേഹം. സ്വരദേവതയുടെ പുരുഷാവതാരം. ചെളിയേറുകാരുടെ നാട്ടിൽ ഒരു കറയും ഇല്ലാത്ത വെള്ളവസ്ത്രം. കാലത്തിന്റെ കാറ്റിൽ ഉലയാതെ കത്തുന്ന സംഗീതനാളം. പരനിന്ദനത്തിനു മാത്രമായി നമ്മൾ ഉപയോഗിക്കുന്ന അതെ മലയാളി തൊണ്ടയിലൂടെ പതിനായിരക്കണക്കിന് അനശ്വരഗാനങ്ങൾ ഉയിരെടുപ്പിച്ച മനുഷ്യൻ. വെറുമൊരു ഇരിപ്പിൽത്തന്നെ ഏറെക്കുറെ ഒരു പ്രതിഷ്ഠ."

ആ ശബ്ദമാണ് പണ്ടൊരിക്കൽ ജീവിതത്തിലേക്ക് തന്നെ തിരിച്ചെടുത്തു നടന്നത് എന്ന് എഴുതിയിട്ടുണ്ട് സുഭാഷ് ചന്ദ്രൻ. യേശുദാസിൽ ആരംഭിക്കുന്ന സംഗീതാസ്വാദന ബോധ്യങ്ങൾ മറ്റു ഗായകരിലേക്കുമുള്ള വൈകാരിക സഞ്ചാരങ്ങളുടെ വാതിൽ തുറന്നു നൽകുന്നുണ്ട് സുഭാഷ് ചന്ദ്രന്. അദ്ദേഹത്തിന്റെ സംഗീതാസ്വാദനത്തിൽ മറ്റു ചിലർ രസം കൂട്ടുന്നത് നോക്കുക - "തറവാട്ടിലെ റെക്കോഡ് പ്ലെയറിൽനിന്നുതന്നെയാണ് റഫി, കിഷോർ, മുകേഷ് ത്രയത്തിന്റെ വ്യത്യസ്ത സ്വരമാധുരികളും ആദ്യമായി കേൾക്കുന്നത്. മൂന്നു പേരുടെയും സ്വരം അനന്യം. മോഹിപ്പിക്കുന്ന റഫി, ആദരിപ്പിക്കുന്ന കിഷോർ, സ്നേഹിപ്പിക്കുന്ന മുകേഷ്. അങ്ങനെയാണ് അവർ ശബ്‌ദിച്ചത്. പ്രണയിച്ചു പ്രണയിച്ചു മതിവരാതെ ഒരു കാമുകൻ റഫിക്കുള്ളിലും പാടിപ്പാടി കൊതിതീർന്നിട്ടില്ലാത്ത ഒരു ഗന്ധർവ്വൻ കിഷോറിനുള്ളിലും കരഞ്ഞു കരഞ്ഞു ഒച്ചയടഞ്ഞുപോയ ഒരു പുണ്യവാൻ മുകേഷിനുള്ളിലും കുടുങ്ങികിടന്നു ശബ്‌ദിച്ചു... ദൈവത്തിനു മാത്രം സ്വന്തമായിരുന്ന ദിവ്യമായ ഒരു വാദ്യോപകരണം ലതയുടെ ആത്മാവിലേക്ക് വീണുപോയിരുന്നു. അവർ അതുമായി ഭൂമിയിൽ വന്നു. അവരുടെ പാട്ടുകളിൽ ആ ദിവ്യസ്വനം എപ്പോഴും ഉണർന്നു നിന്നു."

അതെ, ദീർഘമായ യാത്രയ്ക്കൊടുവിൽ, മടങ്ങിയെത്തി സ്വന്തം വീട്ടിൽ സ്വാസ്ഥ്യം അനുഭവിക്കും പോലെ സംഗീതാസ്വാദനത്തിലെ പലതായ ശബ്ദങ്ങളിൽ, രീതികളിൽ, സ്വരങ്ങളിൽ നടന്നുഴറിതിരികെ യേശുദാസിന്റെ ശബ്ദപരിസരത്തു മടങ്ങിയെത്തുകയാണ് ഓരോ മലയാളി ഗാനാസ്വാദകനും. വാസ്തവത്തിൽ ഈ രണ്ടു പുസ്തകങ്ങളും വളരെ പ്രാധാന്യമേറിയതാണ്. എല്ലാ നല്ല വശങ്ങളും മേന്മകളും മഹിമകളും ഒരു വശത്തും എല്ലാ കുറവുകളും പോരായ്മകളും തെറ്റുകളും മറുവശത്തും അടയാളപ്പെടാതെ ഏതു ജീവിതമാണ് പൂർണ്ണമാകുന്നത്? സക്കറിയക്ക് സംഭവിച്ചതുപോലെ ഇകഴ്ത്തലിൽ നിന്ന് നേരേ ഖേദത്തിന്റെ തലത്തിലേക്ക് വഴിമാറിനടക്കാം. വസ്തുനിഷ്ടമായ സൂക്ഷ്മ നിരീക്ഷണങ്ങളുടെ പാതയിലെ തെളിച്ചങ്ങൾ കാണിച്ചു തരുന്ന സത്യങ്ങൾക്കൊപ്പവും സത്യാനന്തരങ്ങൾക്കൊപ്പവും കൂടുതൽ ആഴത്തിൽ ഹൃദയംകൊണ്ടും ധിഷണകൊണ്ടും അടയാളപ്പെടുത്തി യേശുദാസിനെ കൂടെ കൂട്ടിയും കൂടെ കൂട്ടാതെയും നടന്നകലാം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം