Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ – വിവേകശൂന്യത

ns madavan സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

ദുബായിൽനിന്നൊരു കൃഷ്ണകുമാർ നായർ, മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്നു ഭീഷണി മുഴക്കുന്ന വിഡിയോ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അയാൾക്കു ജോലി നഷ്ടപ്പെട്ടു. കേരള പൊലീസ് അയാൾക്കെതിരെ കേസുമെടുത്തു. ഇതൊരു രാഷ്ട്രീയ പ്രവൃത്തിയെക്കാൾ കൂടുതലായി, വയസ്സുചെന്ന ഒരാൾ തന്റെ തൊഴിൽജീവിതത്തിന്റെ അവസാനനാളുകളിൽ, സമൂഹമാധ്യമത്തിൽ നടത്തിയ, സ്വന്തം ജീവിതം തുലച്ച ഇടപെടലായിട്ടാണ് എനിക്കു തോന്നുന്നത്. 

സൈബർ ഇടങ്ങളിൽ സംഭവിക്കുന്ന പെരുമാറ്റവ്യതിയാനത്തെയാണ് ആന്തരികമായ വിലക്കുകൾ തകർന്ന അവസ്ഥ (online disinhibition) എന്നു പറയുന്നത്. നേരിട്ടു മുഖാമുഖം നാം സംസാരിക്കുമ്പോൾ പുലർത്തുന്ന മിതത്വം ഓൺലൈനിൽ അപ്രത്യക്ഷമാകുന്നു. അജ്ഞാതത്വം, പല ശ്ലഥസംഭാഷണങ്ങളിൽ ഒരേസമയം ഏർപ്പെടുക, തന്നെ ആരും കാണുന്നില്ലല്ലോ എന്ന ആശ്വാസം എന്നിവയാണ് ആന്തരികമായ വിലക്കുകൾ തകർക്കുന്ന ചില ഘടകങ്ങൾ. 

ഇതു രണ്ടു രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണു പടിഞ്ഞാറു നടക്കുന്ന പഠനങ്ങൾ പറയുന്നത്: ഒന്നാമതായി അന്തർമുഖരും നാണംകുണുങ്ങികളുമായ വ്യക്തികളെ  ഉള്ളിലെ കെട്ടുകൾ പൊട്ടിച്ചു കൂടുതൽ തുറന്നു സംസാരിക്കാൻ സമൂഹമാധ്യമങ്ങൾ സഹായിക്കുന്നു. ഇതൊരു നല്ലകാര്യമാണെങ്കിൽ, രണ്ടാമത്തേതു ചീത്തവശമാണ്; പോസ്റ്റുകൾ അത്യന്തം വിഷലിപ്തമാകുക. വീണ്ടുവിചാരമില്ലാതെ സ്വന്തം സ്വകാര്യചിത്രങ്ങൾ ഷെയർ ചെയ്യുന്നതു മുതൽ മരണഭീഷണിയും കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങളും ഓൺലൈൻജന്യമായ വിവേകശൂന്യതയിൽനിന്നു സംഭവിക്കുന്നു. 

ഇതിനു പുറമെ കംപ്യൂട്ടർ കീബോർഡുമായി ഒട്ടും ചേരാത്ത കാര്യമാണ് മദ്യം. കൃഷ്ണകുമാർ നായർ പറയുന്നതും മദ്യത്തിന് അടിമയായി ബുദ്ധിമോശം പറ്റിയതാണെന്നാണ്. ഉണർന്നിരിക്കുന്നതിൽ പാതി സമയം ഫെയ്സ്ബുക്കിലും വാട്സാപ്പിലുമായി ജീവിക്കുന്ന മലയാളിയെ, കംപ്യൂട്ടർ മനുഷ്യരിലുണ്ടാക്കുന്ന പെരുമാറ്റ പരിണാമങ്ങളെപ്പറ്റി ബോധവാന്മാരാക്കുക എന്നത് ഒരാവശ്യമായി തീർന്നിരിക്കുന്നു. കൃഷ്ണകുമാർ നായരെപ്പോലുള്ളവരെ ശിക്ഷിക്കുന്നതിനെക്കാൾ നല്ലതു കൗൺസലിങ്ങിനു വിധേയമാക്കുകയായിരിക്കും. 

നന്ദികാട്ടാം, അവരോട് 

അൽബേർ കമ്യുവിന്റെ ‘ദ് പ്ലേഗ്’ എന്ന നോവൽ, ഒറാൻ എന്നൊരു പട്ടണത്തിൽ പടർന്നുപിടിച്ച പ്ലേഗിനെക്കുറിച്ചായിരുന്നു. ആളുകൾ എലികളെപ്പോലെ ചത്തുവീണതിനെ, കമ്യു രോഗത്തിന്റെ ‘നിഷ്പക്ഷമായ നീതിനിർവഹണ’മായി കണ്ടു; പണക്കാരും പാവങ്ങളും രോഗത്തിനു മുന്നിൽ സമന്മാർ. മരണസംഖ്യ വർധിച്ചപ്പോൾ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശവശരീരങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന രംഗങ്ങൾ ആ നോവലിലുണ്ട്. 

താഴ്ന്ന ജാതിക്കാരനെന്നപേരിൽ ഡോക്ടർ പൽപുവിനു തിരുവിതാംകൂർ ഹെൽത്ത് സർവീസിൽ ജോലി നിഷേധിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിനു ജോലി നൽകിയതു മൈസൂർ സർക്കാർ ആയിരുന്നു. അവിടെ പ്ലേഗ് പടർന്നപ്പോൾ അതിനെ നേരിടാനുള്ള സംഘത്തിന്റെ തലവനായിരുന്നു ഡോ.പൽപു. കാശിയിലെ ദശാശ്വമേധഘട്ടിൽ കത്തുന്ന ചുടലകൾക്കിടയിൽ ദണ്ഡുമേന്തി നിന്ന പുരാണത്തിലെ ഹരിശ്ചന്ദ്രരാജാവിനെപ്പോലെ, ശവശരീരങ്ങൾ ദഹിപ്പിക്കാൻ ശ്മശാനത്തിൽ താൻ ജോലി ചെയ്തതിനെപ്പറ്റി പിന്നീട് അദ്ദേഹം എഴുതി.

ഡോ.പൽപു. ഡോ.പൽപു.

മഹാമാരികൾ ഉയർത്തുന്ന വലിയ പ്രശ്നങ്ങളിലൊന്നാണു ശവശരീരങ്ങളുടെ നിർമാർജനം. പലപ്പോഴും അവ അനാഥങ്ങളാകുന്നു, കാരണം, ഉറ്റവർക്കു തന്നെ രോഗം ബാധിച്ചിരിക്കാം; അല്ലെങ്കിൽ, സ്വാഭാവികമായുണ്ടാകുന്ന രോഗഭയം. വടക്കൻ കേരളത്തിൽ പരന്ന നിപ്പ രോഗത്തിനിടയിലും ഇത്തരം സംഭവങ്ങളുണ്ടായി. 

കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്.ഗോപകുമാർ 12 ശവശരീരങ്ങളുടെ അന്ത്യയാത്ര സ്വയം ഏറ്റെടുത്തു. ശവമഞ്ചം തോളിൽ വഹിക്കുന്നതുതൊട്ട് ആരുമില്ലാത്ത കുട്ടിയുടെ ശരീരം അവന്റെ മതവിധികൾക്ക് അനുസരിച്ചു സംസ്കരിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഡോക്ടർ ചെയ്തു. നിപ്പയ്‌ക്ക് എതിരായി നമ്മുടെ സ്വകാര്യ, പൊതു ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും നടത്തിയ പോരാട്ടം രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. അവരോടുള്ള നന്ദി പലരീതിയിലും രേഖപ്പെടുത്താവുന്നതാണ്. ഡോ.പൽപുവിന്റെ കാര്യത്തിൽ, മൈസൂർ രാജാവ് അതു ചെയ്തത് അദ്ദേഹത്തെ ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്ക് അയച്ചിട്ടാണ്.  

ഇകാർദിക്കു പറ്റിയത് 

അടുത്തിടെ ഫിഫ ലോകകപ്പിൽ കളിക്കുന്ന 32 രാജ്യങ്ങളിൽ ഒരോന്നിന്റെയും 23 കളിക്കാരുടെ അന്തിമപ്പട്ടിക പുറത്തുവിട്ടു. ഈ 736 ഫുട്ബോൾ യോദ്ധാക്കൾക്കിടയിൽ ചില വലിയ പേരുകളില്ല. അതിലൊന്നാണ് അർജന്റീനയുടെ മൗറോ ഇകാർദി. ഇന്റർ മിലാനുവേണ്ടി കളിക്കുന്ന ഈ ഇരുപത്തഞ്ചുകാരൻ സ്ട്രൈക്കർ ഇറ്റലിയിലെ സെരി എ ലീഗിൽ ഈ സീസണിൽ, ഏറ്റവും കൂടുതൽ ഗോളുകൾ (29) അടിച്ചു. ഇകാർദിതന്നെയാണ് ഈ വർഷം യൂറോപ്പിലെ പ്രസിദ്ധമായ അഞ്ചു ലീഗുകളിൽ, ഏറ്റവും കൂടുതൽ കൺവേർഷൻ റേറ്റുള്ള സ്ട്രൈക്കറും. എന്തുകൊണ്ട് ഈ ഗോളടിയന്ത്രത്തെ അർജന്റീന കോച്ച് സാംപോളി റഷ്യയിലേക്കു കൊണ്ടുപോകുന്നില്ല?

മൗറോ ഇകാർദി. മൗറോ ഇകാർദി.

അർജന്റീനയിലെ ടെലിവിഷൻ താരവും ഇകാർദിയുടെ ഭാര്യയുമായ വാൻഡ നാര കാരണമാണ് ഇതെന്നാണു കിംവദന്തി. വാൻഡ ഇതിനു മുന്‍പു മാക്സി ലോപസ് എന്ന മറ്റൊരു അർജന്റീന കളിക്കാരന്റെ ഭാര്യയായിരുന്നു. ലോപസും ഇകാർദിയും ഒരുമിച്ച് ഇറ്റാലിയന്‍ ക്ലബ്ബായ സാംപ്‌ദോറിയയിൽ കളിച്ചിട്ടുണ്ട്. 2014ൽ ലോപസിൽനിന്നു വിവാഹമോചനം നേടിയ വാൻഡ, ഇകാർദിയെ വിവാഹം കഴിക്കുകയായിരുന്നു. 

ഇകാർദി ഒരു നിഷേധിയാണ്; ആരെയും കൂസാത്ത പ്രകൃതം. പൊതുവെ അർജന്റീനക്കാർ അയാളെ സ്നേഹിക്കുന്നില്ല. അവിടത്തെ സ്പാനിഷിൽ ഒരു പുതിയ വാക്ക് അടുത്തിടെ ഉണ്ടായിട്ടുണ്ട്: ഇകാർദിർ. എന്നുവച്ചാൽ ഇകാർദിയടിക്കുക; കൂട്ടുകാരന്റെ ഭാര്യയെ തട്ടിയെടുക്കുക എന്നർഥം. എന്നാൽ, ലോകകപ്പിൽനിന്ന് ഇകാർദിയെ മാറ്റിനിർത്തിക്കൊണ്ടുള്ള ടീമിനെപ്പറ്റിയും അർജന്റീനക്കാർ ആശങ്കാകുലരാണ്. അയാൾക്കു പറഞ്ഞുവച്ച ഒന്‍പതാം നമ്പർ ജഴ്സി ധരിക്കാൻ പോകുന്നത്, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനുവേണ്ടി കളിക്കുന്ന മുപ്പത്തൊന്നുകാരനായ ഹിഗ്വെയ്‌ൻ ആണ്. ഇവിടെയാണു മെസ്സി കടന്നുവരുന്നത്. ഇകാർദിയെക്കാൾ ഹിഗ്വെയ്‌ൻ അടുത്തു കളിക്കുന്നതായിരിക്കും ആ പത്താംനമ്പർ ജഴ്സിക്കാരൻ ഇഷ്ടപ്പെടുക. മാത്രമല്ല, മെസ്സി ലോപസിന്റെ സുഹൃത്തുകൂടിയാണ്. എതായാലും ഫുട്ബോളിന്റേത് അല്ലാത്ത കാരണങ്ങളാൽ ഇകാർദിയെ മാറ്റിനിർത്തിയതിന് അർജന്റീന വലിയ വില കൊടുക്കേണ്ടിവരുമോ എന്ന് അടുത്തുതന്നെ അറിയാം. 

സ്കോർപ്പിയോൺ കിക്ക്:  രാജ്യസഭ വൃദ്ധസദനമല്ലെന്നു കോൺഗ്രസിലെ യുവനേതാക്കൾ.

എന്തിനോ വേണ്ടി തിളച്ച സമ്പാറുകൾ! 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം