ഇത് എല്ലാവരെയും ചേർത്തുപിടിക്കേണ്ട സമയം

പ്ര‌‌ളയം കവർന്ന ജീവനുകൾ ഏറെയാണ്. ഒരാളുടെ മരണം മറ്റൊരാളുടെ ജീവിതത്തിലേക്ക് കലരുന്നത് ഓര്‍മയിലൂടെയാണ്, അല്ലെങ്കില്‍ അങ്ങനെയാണ് ഏതു മരണവും സ്വസ്ഥമാകുന്നത്. സുഹൃത്തിന്റെ മരണത്തിന് കൂട്ടിരുന്നതിന്റെ ഓർമ പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ കരുണാകരൻ. ഒപ്പം എല്ലാവരെയും ചേർത്തു നിർത്തേണ്ടതിനെ കുറിച്ചും എഴുത്തുകാരൻ ഓർമിപ്പിക്കുന്നു.

കുറിപ്പിങ്ങനെ–

വളരെ വളരെ മുമ്പാണ്, സദ്ദാംഹുസൈന്റെ സൈന്യം കുവൈത്തിനെ ആക്രമിച്ചു കീഴടക്കിയ നാളുകളില്‍ ഒന്നില്‍ വൈദ്യസഹായം കിട്ടാതെ മരിച്ച ചെങ്ങാതിയുടെ ശവവുമായി ശ്മശാനത്തിലേക്ക് പോകുന്ന ഒരു ചെറിയ ആംബുലന്‍സില്‍ അയാള്‍ക്ക് തുണയായി ഞാന്‍ ഇരിക്കുകയായിരുന്നു, വഴിയില്‍ വെച്ച് ഇറാഖി സൈനികര്‍ ചിലര്‍ വണ്ടി തടഞ്ഞുനിര്‍‍ത്തി. ആംബുലന്‍സിന്‍റെ പിറകില്‍ വന്ന സൈനികരില്‍ ഒരാള്‍ ആദ്യം ഉള്ളിലേക്ക് നോക്കി, ഇതില്‍ എത്ര ശവം ഉണ്ടെന്നു ചോദിച്ചു. ഞാന്‍ ഒന്ന് എന്ന് ആംഗ്യം ഉയര്‍ത്തി. തൊട്ടുപിറകെ, രണ്ടു സൈനികര്‍ അവരുടെ കാല്‍ച്ചോട്ടില്‍ നിന്നെന്നപോലെ വേറെ ഒരു ശവം, ചോരപ്പാടുകള്‍കൊണ്ട് നനഞ്ഞ ഒരു തുണിക്കെട്ട്, എടുത്തുയര്‍ത്തി, ചെങ്ങാതിയുടെ ശവത്തിനുമീതെ വെച്ചു. ധൃതിയില്‍ രണ്ടു സൈനികര്‍ ആംബുലന്‍സില്‍ കയറി. ആദ്യം ഞങ്ങളുടെ ഈ ശവമാണ്‌ ഇറക്കുന്നത്‌, പിന്നെ നിങ്ങള്‍ക്ക് പോകാം എന്ന് ഉത്തരവു പോലെ പറഞ്ഞു. ആ ശ്മശാനം മറ്റൊരു സ്ഥലത്താണ്. ആബുലന്‍സ് വീണ്ടും ഓടാന്‍ തുടങ്ങി. മരിച്ചവരുടെയും ജീവിക്കുന്നവരുടെയും ഭാരം കൂട്ടിക്കിഴിച്ചുകൊണ്ട് എന്ന പോലെ. 

പക്ഷേ, എനിക്ക്, ഈ ചെങ്ങാതി, ശവത്തെക്കാള്‍, മരിച്ചു കിടക്കുന്ന ആളായിരുന്നു. അയാളെക്കുറിച്ച് കുറെ ഓര്‍മകള്‍ ഉള്ള ആളും. ഞാന്‍ പട്ടാളക്കാരോട് നിങ്ങള്‍ ഇങ്ങനെ ചെയ്യരുത് എന്നു പറഞ്ഞു. ആ ആളെ ഇങ്ങനെ മരിച്ചു കിടക്കുന്ന ആളുടെ മീതെ വെയ്ക്കരുത്, എടുത്തു താഴെ വെയ്ക്കു എന്നു പറഞ്ഞു. നല്ല ഭയത്തോടെത്തന്നെ. ആശുപത്രിയും ചികിത്സയും നിരത്തും ഗതാഗതവും ജീവിതംതന്നെയും തകര്‍ന്ന ദിവസങ്ങളാണ്, വാസ്തവത്തില്‍ കോപമാണ് കാണുന്ന ഇടങ്ങില്‍ ഒക്കെ. ഞാന്‍ സ്ഥലമുണ്ടാക്കാന്‍ കാലുകള്‍ ഇരിപ്പിടത്തിലേക്ക് മാറ്റി. 

ഒരു പട്ടാളക്കാരന്‍ എന്നെ നോക്കി, ഇത് നിന്റെ ആരാ എന്നു ചോദിച്ചു. ഞാന്‍ ചെങ്ങാതിയാണ് എന്നു പറഞ്ഞു. ഇത് ഞങ്ങളുടെ ഒരു ചെങ്ങാതിയാണ്, പട്ടാളക്കാരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, സാരമില്ല, രണ്ടു പേരും ഇപ്പോള്‍ ചത്തിരിക്കുന്നു എന്നു പറഞ്ഞു. മറ്റേ പട്ടാളക്കാരനെ നോക്കി. എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ കരഞ്ഞു. എന്റെ സങ്കടം കണ്ടാവും, അതേ പട്ടാളക്കാരന്‍ അയാളുടെ ചെങ്ങാതിയുടെ ശവം നിരക്കി, താഴെ, അരികിലേക്ക് ഇട്ടു, ഇത് ഓക്കെയാണോ എന്ന് ചോദിച്ചു. ഞാന്‍ താഴേക്ക് നോക്കി. ഇപ്പോള്‍ രണ്ടുപേരും ഒരുമിച്ചു മരിച്ചു കിടന്നു. ഒരാളുടെ മരണം മറ്റൊരാളുടെ ജീവിതത്തിലേക്ക് കലരുന്നത് ഓര്‍മയിലൂടെയാണ്, അല്ലെങ്കില്‍ അങ്ങനെയാണ് ഏതു മരണവും സ്വസ്ഥമാകുന്നത്. അതുകൊണ്ടാണ് ഒരൊറ്റ ജീവിതവും ഒരു മരണമെങ്കിലും താണ്ടാതെ അവസാനിക്കാത്തത്. അതുപോലെയാണ് ദുരന്തങ്ങളും. അവ മുറിവുകള്‍ തുടച്ച് വൃത്തിയാക്കുന്നത് വേറെ ഒരു ഉടലിനെ എന്ന പോലെയാണ്. ഇപ്പോള്‍, മരിച്ചവരോടോപ്പമുള്ള യാത്രയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം എന്ന് ഓര്‍മ വരുന്നുവെങ്കില്‍ ഈ വെള്ളപ്പൊക്കത്തില്‍ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് ഒരാളും മറ്റൊരാളോട് ചോദിക്കില്ല; മറിച്ച്, അയാളുടെ ആ “ഒന്നും ചെയ്യാതിരിക്കല്‍” പോലും മരണം തൊട്ടതാണ് എന്ന് കരുതുന്നു. അയാളെ മറ്റൊരു സമയം വന്നു കാണാം എന്ന് വെയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം കിട്ടിയ പൈസ ഒരു ലെബനീസ് പൗരന്റെ ആയിരുന്നു. എപ്പോഴും ഓരോ ദുരന്തം നേരിടുന്ന ഒരു ജനതയുടെ പ്രതിനിധിപോലെ ഒരാള്‍. ഞാന്‍ കണ്ടിരുന്നു, കണ്ടിരുന്നു എന്നു മാത്രം പറഞ്ഞു പോയി.

അതിനാല്‍ ഇപ്പോള്‍ ഇവിടെ കൊടുമ്പിരി കൊള്ളുന്ന “un-friend” ആക്കലിന്റെ സമയം എന്നെ ദുഖിതനാക്കുന്നു. കാരണം, ഏറ്റവും ജീവത്തായി ഈ ദിവസങ്ങളില്‍ പെരുമാറിയ ഒരു ഇടമാണ് ഇത്. പൊതുസമൂഹത്തിന്റെ ഉമ്മറം പോലെ നിന്ന ഇടം...

Malayalam Short StoriesMalayalam literature interviews, മലയാളസാഹിത്യം