Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരിയാണിക്കഥ ഉണ്ടാക്കിയ പൊല്ലാപ്പുകൾ 

biriyani-writer വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ഒരു കഥയുടെ ആധികാരികതയെ പോലും മതം കൊണ്ടളക്കുമ്പോൾ മലയാളിയുടെ വായനാ ശീലം എത്തിച്ചേർന്ന ഇടങ്ങളിലേക്ക് തെല്ലു ഭയത്തോടെ നോക്കേണ്ടി വരും.

ബിരിയാണി എന്നത് വിശപ്പിന്റെ അടയാളപ്പെടുത്തലാണ്. ചില മോഹങ്ങളുണ്ട്, എത്ര നടക്കില്ല എന്ന് അറിയാമെങ്കിലും ഓർമ്മകളെങ്കിലും ഹൃദയത്തിന്റെ ഓരത്തു ചേർത്ത് നിർത്താൻ തോന്നിക്കുന്നവ. അത്തരം അവസ്ഥകളിലേക്കാണ് വിശപ്പിന്റെ ഓർമ്മകളും എടുത്തു വയ്ക്കേണ്ടത്. അല്ലെങ്കിലും ഒരു ബിരിയാണിക്കഥ ഇത്രമാത്രം കത്തി നിൽക്കുമ്പോൾ വിശപ്പിനെ കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ച് പറയാൻ, ഓർമ്മിപ്പിക്കാൻ !

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥ എന്തുകൊണ്ട്  സോഷ്യൽ മീഡിയയിൽ ഇത്ര ചർച്ചാ ഹേതുവായി? മതവും രാഷ്ട്രീയവും സമ്മിശ്രമായി സംഗമിക്കുന്ന ഒരു വായന ഒറ്റ നോട്ടത്തിൽ അതിലില്ലെന്നിരിക്കെ പ്രത്യേകിച്ചും? 

ബിരിയാണി എന്ന കഥ ഒരു ഓർമ്മപ്പെടുത്തലാണ്. മാനുഷികതയുടെ ആവശ്യത്തിലേക്കുള്ള ചൂണ്ടു പലകകളുമാണ്. അന്യ സംസ്ഥാനത്ത് നിന്ന് ജീവിതം തേടി എത്തുന്ന മനുഷ്യരുടെ ഗൾഫായി കേരളം മാറുകയും അവരിലേക്ക് നമ്മുടെ ജോലി സംസ്കാരം ചുരുങ്ങുകയും ചെയ്തതോടെ നാട്ടിൽ എന്ത് ജോലിയ്ക്കും ഇവരുടെ ആവശ്യകത ഏറി വരുന്നുണ്ട്.

ഏതു സാഹചര്യങ്ങളിൽ നിന്നാണ് ഇത്തരക്കാർ എത്തുന്നതെന്നോ, ഇവർക്കും കാത്തിരിക്കുന്ന കുടുംബമുണ്ടെന്നോ അവർക്കും വർദ്ധിച്ച വിലയുടെ മൂല്യത്തിനനുസരിച്ച് ചിലവുകളുണ്ടെന്നോ ഓർക്കാതെ, മൂന്നിലൊന്ന് പണം കൊടുത്തു ഇവരുടെ അദ്ധ്വാനം പിഴിഞ്ഞെടുക്കുന്നവരാണ് മലയാളികൾ. നടു പോലും നിവർക്കാനിടമില്ലാതെ അധ്വാനിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും നോക്കുകൂലി വാങ്ങി ഇവരെ പിഴിഞ്ഞ് ജീവിക്കുന്ന മലയാളികളും..ഇവരുടെ ജീവിതങ്ങളിലേക്കുള്ള ഒരു യാത്രയാണ് സന്തോഷിന്റെ ബിരിയാണി.

വിശപ്പ് എന്നത് ആദ്യമായല്ല ഒരു കഥയ്ക്കുള്ള വിഷയമാകുന്നത്. കാരൂരിന്റെ 'പൊതിച്ചോർ' എന്ന കഥ വിശപ്പിന്റെ ആധിക്യത്തെ ഏറ്റവും ഹൃദയത്തിൽ തട്ടി പറഞ്ഞു പോയ ഒന്നാണ്. അധ്യാപകന്റെ വിശപ്പിനെ വിദ്യാര്‍ത്ഥികളുടെ പൊതിച്ചോർ മോഷണത്തിലേക്ക്  എഴുത്തുകാരൻ കൊണ്ടെത്തിക്കുമ്പോൾ വിശപ്പിന്റെ മുന്നിൽ ചില തെറ്റുകളൊന്നും തെറ്റുകളല്ല എന്നും അദ്ദേഹം പറഞ്ഞു വച്ചു. എന്നാൽ ബിരിയാണിയിൽ വിശപ്പ് വെറും ആവശ്യമല്ല, കണ്ണ് നിറയുന്ന ഒരു മരണത്തിന്റെ കഥയും കൂടിയാണ്.

ആവശ്യത്തിലുമധികമായി വിവാഹ വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണി കൊണ്ട് കളയാൻ കുഴി വെട്ടാനാണ് അയാൾ ആ വീട്ടിലെത്തുന്നത്. കൊട്ടക്കണക്കിനു, എണ്ണമില്ലാത്ത, അയാൾക്കൊപ്പം പൊക്കമുള്ള കുഴിയിൽ ബിരിയാണി നിറയ്ക്കുമ്പോൾ വിശപ്പിന്റെ നിസ്സഹായത അയാളിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ട്. അവിടെ അയാൾക്ക് മുന്നിൽ ബസുമതി അരിയോടുള്ള പ്രേമവുമായി അയാളുടെ പ്രിയപ്പെട്ടവൾക്കു പച്ചയ്ക്കു കടിച്ചിറക്കാനായി വാങ്ങിയ 50 ഗ്രാം ബിരിയാണി അരിയുണ്ട്, വിശപ്പറിഞ്ഞു മരിച്ച അയാളുടെ മകളുമുണ്ട്. വായനകൾ കണ്ണു നിറച്ച് അക്ഷരം മാഞ്ഞു പോകുന്ന ജാലവിദ്യ ആരാണോ ആദ്യം കണ്ടെത്തിയത്. 

ബിരിയാണി സോഷ്യൽ മീഡിയയിൽ ആദ്യം നിറഞ്ഞതു വിശപ്പിന്റെ വൈകാരികത കൊണ്ടായിരുന്നെങ്കിൽ പിന്നീട് അതിനെ നൂലിഴ കീറി മുറിച്ചു അതിൽ നിന്നും പുറത്തെടുത്തിട്ട അതിന്റെ രാഷ്ട്രീയം കൊണ്ട് കൂടെയായിരുന്നു. ഹിന്ദു എഴുത്തുകാരന്റെ മുസ്‌ലിം വിരുദ്ധ എഴുത്തെന്ന തലത്തിൽ വരെ ബിരിയാണി കഥ സോഷ്യൽ മീഡിയയിൽ ചർച്ചകളുയർത്തി നിറഞ്ഞു നിൽക്കുന്നു. നായകനോ വില്ലനോ ഇല്ലാത്ത കഥയിൽ വില്ലനായി എത്തുന്നത് വിശപ്പ് മാത്രമാണ്. കഥാപാത്രങ്ങൾക്ക് കൊടുത്ത മതവത്കരണവും സമുദായവത്കരണത്തിലേക്കുള്ള യാത്രയായിരുന്നില്ല, മറിച്ച് ബിരിയാണി എന്ന ഭക്ഷണത്തിലേക്കുള്ള വഴിയായിരുന്നു.

ബീഹാറിലെ ഗോപാൽ യാദവ് എന്ന പണിക്കാരന് വെറും അരിയിലേക്ക് അധിക ദൂരമില്ല, പക്ഷെ വില കൂടിയ, നല്ല വിശപ്പിന്റെ ഗന്ധമുള്ള ബസുമതി ബിരിയാണിയിലേക്ക് ഏറെ ദൂരമുണ്ട്. അതുകൊണ്ടു തന്നെയാണ് ഭാര്യയുടെ മോഹം തീർക്കാൻ 50 ഗ്രാം അരി വാങ്ങി അയാൾ അവൾക്ക് കഴിക്കാൻ കൊടുക്കുന്നതും. കേരളത്തിലെ ഇന്നത്തെ പൊതു നിലപാടുകളിലേക്ക്  ബിരിയാണി വന്നിറങ്ങണമെങ്കിൽ അതിനു സമുദായത്തിന്റെ പിൻബലം അത്യാവശ്യം തന്നെയാണ്. എന്നാൽ മുസ്‌ലിം എന്ന സമുദായത്തിലേക്ക് ബിരിയാണിയെ  കൊണ്ടെത്തിക്കുക എന്ന് പറയുന്നതിനേക്കാൾ ബിരിയാണിയിലേക്ക് ആവശ്യമായതുകൊണ്ടു മാത്രം സമുദായവത്കരണം നടത്തുക എന്ന കൃത്യമാണ് സന്തോഷ് നടത്തിയത്. വളരെ കൃത്യമായ ഒരു എഴുത്തുകാരന്റെ എഴുത്തുവഴികളുടെ സൂചനയായി മാത്രമേ ഇതിനെ എടുക്കേണ്ടതുമുള്ളൂ. 

മതത്തിൽ നിന്നും വളർന്നു തികച്ചും ജനാധിപത്യപരമായ ഒരു രാജ്യത്തിന്റെ ചില വിശപ്പ് മുഖങ്ങളിലേക്കാണ് എഴുത്തുകാരൻ സഞ്ചരിച്ചത്. അതിനു തികച്ചും മാനുഷികതയുടെ മുഖം മാത്രമേ വായനക്കാർ കൊടുക്കേണ്ടതുമുള്ളൂ. ബിരിയാണി എന്ന ഭക്ഷണത്തിലല്ല കഥയുടെ സങ്കടം, കലന്തൻ ഹാജി എന്ന വ്യക്തിയുടെ ഒന്നിലധികം ഭാര്യമാരിലുമല്ല സങ്കടം, പക്ഷെ വായന എപ്പോഴും ഇതിൽ ചെന്ന് ചേരുന്നതും കണ്ണുകൾ കടലാകുന്നതും വിശപ്പ് കാരണം നിശ്ചലമായിപ്പോയ ഒരു കുഞ്ഞു മുഖത്തേയ്ക്കാണ്. ബിരിയാണി എന്ന കഥാപാത്രം കഥയിലേക്ക് വന്നത് തികച്ചും പണക്കാരന്റെ ഭക്ഷണമായി മാറപ്പെടുന്ന അതിന്റെ ഔന്നത്യം കൊണ്ട് മാത്രമാകാം. 

ഒരു കഥയുടെ വായന പലതരത്തിലാകാം, തീർച്ചയായും അതിന്റെ  ചിന്തയ്ക്ക് അതിർവരമ്പുകളില്ല. ഏതുഭാഗത്ത് നിന്നും വായനക്കാരന് എഴുത്തുകാരൻ എഴുതി വച്ചതിനെ പൂരിപ്പിക്കാം. പക്ഷെ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ഒരു കഥയുടെ ആധികാരികതയെ പോലും മതം കൊണ്ടളക്കുമ്പോൾ മലയാളിയുടെ വായനാശീലം എത്തിച്ചേർന്ന ഇടങ്ങളിലേക്ക് തെല്ലു ഭയത്തോടെ നോക്കേണ്ടി വരും.

ബിരിയാണിയുടെ തികഞ്ഞ വായനയിലേക്ക്, ഇപ്പോഴും നമ്മുടെ നാട്ടിലെ രണ്ടുതരം മനുഷ്യന്റെ നിസ്സഹായതകളിലേക്ക്, അവരുടെ വിശപ്പിന്റെ ജീവിതങ്ങളിലേക്ക് കണ്ണുകൾ വലിച്ച് താഴ്ത്താൻ ബിരിയാണി ഒരു പാഠമാകുമെങ്കിൽ ആ പാഠത്തിലേക്ക് വായനയെ കൊണ്ട് പോകുന്നതാകും നല്ലത്, മാനുഷികവും...