കാലത്തിനു മുൻപേ നടന്നൊരാൾ കവിയായ്‌ പിറന്നു...

ഒരു കാലഘട്ടം അവസാനിച്ചത്‌ പോലെയായിരുന്നു ഓ എൻ വി യുടെ വിട വാങ്ങൽ. നാടൻ ശീലുകളുടെയും കവിതകളുടെയും ഇടവഴിയിലൂടെ മെല്ലെ നടന്നൊരാൾ കാലത്തിന്റെ മങ്ങിയ കണ്ണടകൾക്കുള്ളിലൂടെ നടന്നപ്രത്യക്ഷനായത് പോലെ. ബാക്കി വച്ച പാട്ടുകളുടെയും കവിതകളുടെയും ഈണം കാതിലും നെഞ്ചിലും അലയടിയ്ക്കുന്ന കാലത്തോളം കവിയ്ക്കു മരണമില്ലാത്തത് കൊണ്ട് ഓർമ്മകൾ ഉണ്ടായിക്കോണ്ടേ ഇരിക്കും. ഓ എൻ വി യാത്രയായിട്ട് മാസങ്ങളുടെ ദൈർഘ്യമേ ആയിരുന്നുള്ളൂ, എന്നിരുന്നാലും അദ്ദേഹത്തിന്റെ ജന്മദിനങ്ങളെ ഓർമ്മിക്കാതെ കടന്നു പോകുവതെങ്ങനെ. 

കവിയുടെ വഴികൾ 

പേരറിയാത്തൊരു പെൺകിടാവേ നിന്റെ നേരറിയുന്നു ഞാൻ പാടുന്നു..... കവിതകളിൽ കാഴ്ചയുണ്ടാകാറുണ്ട്  പലപ്പോഴും പ്രത്യേകിച്ച് ഗ്രാമീണ ഭംഗികളെ കുറിച്ചാകുമ്പോൾ അതിൽ ഗൃഹാതുരതയുടെ താളവും കൂടി ചേരും. അത്തരത്തിൽ നോക്കുമ്പോൾ ഓ എൻ വി കവിതകൾ എത്ര കാലത്തോളം മലയാളിയുടെ വിഹ്വല മനസ്സിലേയ്ക്ക് ആശ്വാസത്തിന്റെ മഴ പെയ്യിച്ചിച്ചിട്ടുണ്ട്. പ്രവാസികളുടെ നാവുകൾക്കു ആ ഈണവും വിരഹത്തിന്റെ നാളുകൾക്കു അറുതിയുമായിട്ടുണ്ട്. ഓരോ കവിയുടെയും നിയോഗമാണത്, എന്തെങ്കിലും അവശേഷിപ്പിച്ചു പോവുക എന്നത്. അതാണ്‌ അവരുടെ അടയാളപ്പെടുത്തൽ. അത്തരത്തിൽ നോക്കിയാൽ എത്രയോ കവിതകളിൽ കവി തന്നെ തളച്ചിട്ടിട്ടാണ് യാത്ര പോയത്.  എൺപത്തിനാലാം വയസ്സിന്റെ ആഘോഷ ചടങ്ങുകൾ തന്റെ കവിതകൾക്ക് മാത്രമായി വിട്ടു കൊടുത്തു കൊണ്ട് കവി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യാത്രയാകുമ്പോൾ ഒപ്പം മലയാളനാട് ഒന്നാകെ കരഞ്ഞു. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിയ്ക്കുമ്പോൾ പാരമ്പര്യമായി കവിതയുടെ വഴികൾ ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഓ എൻ വിയ്ക്ക് അന്യമായിരുന്നു. സ്വയം നേടിയെടുത്ത പാതയിലൂടെ തന്നെ സിനിമയുടെയും കവിതകളുടെയും ദിക്കുകൾ തോറും അലഞ്ഞു നടന്നു കേൾവിയുടെ മനസ്സുകളെ പിടിച്ചുലച്ചു, അവിടെ അദ്ദേഹം ചിര പ്രതിഷ്ഠിതനായി . 

കവി ക്രാന്തദർഷി 

"ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-

മൃതിയില്‍ നിനക്കാത്മശാന്തി!

ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്

ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-

നിഴലില്‍ നീ നാളെ മരവിക്കേ,

ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍

ഉദകം പകര്‍ന്നു വിലപിക്കാന്‍

ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!

ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;

ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-

മൃതിയില്‍ നിനക്കാത്മശാന്തി!"

ഭാവികാലം മുൻകൂട്ടി കാണുന്നവനാണ് കവിയെന്ന വാക്കുകൾ വെറുതെയല്ല എന്നത് ഈ വരികളിലൂടെ എത്ര സത്യമായി തെളിയുന്നു. പ്രകൃതിയുടെ വരാൻ പോകുന്ന ദുരന്തവും തേങ്ങലും കവിയ്ക്ക് എഴുതിയേ മതിയാകൂ, കാരണം എഴുത്തുകാരൻ പട പൊരുതുന്നത് സമൂഹത്തിലെ സകല തിന്മകളോടുമാണ് , അതും അവന്റെ എഴുത്തിലൂടെ. അവനവനെ കുറിച്ച് എഴുതുന്നതിനപ്പുറം നന്മകളുടെ സഞ്ചാരങ്ങളെ കുറിച്ച് എഴുതുക എന്നത് തന്നെ അവന്റെ നിയോഗമാകുന്നു. അങ്ങനെയുള്ള എഴുത്തുകാരനെ ലോകം മുന്നിൽ ദൃശ്യപ്പെടൂ, അതിന്റെ സത്തുക്കളും സത്യങ്ങളും വെളിച്ചപ്പെടൂ. അങ്ങനെ മാത്രമേ അവനു ദീർഘദർശിയും ആകാൻ കഴിയൂ , അത്തരത്തിൽ പെട്ട ഒരു കവി ആയിരുന്നു ഓ എൻ വി എന്ന അഭിമാനത്തോടു കൂടി തന്നെ മലയാളിയ്ക്ക് പറയാം.

അരികിൽ നീ...

പ്രണയത്തിന്റെ സുഗന്ധം വീശുന്ന എത്രയോ കവിതകളും സിനിമാ ഗാനങ്ങളും കൊണ്ട് ധന്യമായിരുന്നു ഓ എൻ വിയുടെ എഴുത്തിടം. 

"അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ...

ഒരു മാത്ര വെറുതെ നിനച്ചു പോയീ..."

ഇത്രത്തോളം മലയാളി പ്രിയപ്പെട്ടവർക്കായി പാടിയ മറ്റു പാട്ടുകൾ ഉണ്ടോ എന്നത് സംശയമാണ്. അത്രമാത്രം ആഴത്തിൽ തരളമായി പടർന്നിറങ്ങി വിരഹത്തിന്റെ നോവണിയിച്ചു പ്രണയം പൊലിക്കും, ആ പാട്ടിലെ ഓരോ വരിയിലും. 

പഴയ ഗൃഹാതുര സന്ധ്യകളിൽ അത്താഴം കഴിഞ്ഞു മുറ്റത്ത്‌ നിലാവും നോക്കി ഉലാത്തുമ്പോൾ എത്രയോ തവണ ആരും കേൾക്കാതെ മനസ്സിൽ ഉറക്കെ പാടിയിരിക്കുന്നു...

അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു... . ചില പാട്ടുകളുടെ അനുഭൂതികൾ ആ പാട്ടിനു മാത്രമേ നൽകാൻ കഴിയൂ, അതുപോലെ മറ്റൊന്നില്ലാത്തത് കൊണ്ട് തന്നെയാകാം. 

കവി കവിയാകുന്നു..

കുട്ടിയായിരിക്കുമ്പോൾ തന്നെ കവിതയുടെ നീറുന്ന വഴികളിൽ യാത്ര തുടങ്ങിയിരുന്നു ഓ എൻ വി. ആദ്യ സമാഹാരമായ പൊരുതുന്ന സൗന്ദര്യം പുറത്തിറങ്ങുന്നത് 1949 ലാണ്. ഗുരുവായൂരപ്പൻ എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി എന്ന പേരിൽ പാട്ടെഴുതി തുടങ്ങിയ സപര്യ ശതാബ്ദങ്ങളോളം തുടർന്നു. പദ്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ പൊൻതൂവലുകളായി. ഓ എൻ വി അതിനു അർഹനുമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ ഔദ്യോഗിക പദവികൾക്ക് പുറമേ അധ്യാപക ജീവിതത്തിലും കവി സംതൃപ്തി കണ്ടെത്തി. 

ഓരോ മനുഷ്യനും ഭൂമിയിൽ ജനിച്ചു വീഴുമ്പോൾ വ്യക്തമായ ഉദ്ദേശം ആ ജീവിതത്തിനു ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. അത് മനുഷ്യ മനസ്സുമായി ബന്ധപ്പെട്ടോ സാമൂഹികമായോ സാംസ്കാരികമായോ ഒക്കെയാകാം. സാമൂഹികമായി ഇവിടെ കവി ഇടപെട്ടിട്ടുണ്ടെങ്കിലും മനുഷ്യന്റെ മനസ്സുകളിലെ അഴലകറ്റുക എന്ന ഉദ്ദേശത്തിനപ്പുറം കവിയ്ക്കു ചെയ്യാനാകുന്നത് മറ്റെന്താണ്. കലയും സാഹിത്യവും മനസ്സുകളുടെ കഴുകി വെടിപ്പാക്കലിനു വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ളതുമാണ്. നന്മയുടെ വരികൾ എഴുതി നല്കുക മാത്രമേ എഴുത്തുകാരന് ചെയ്യാനുള്ളൂ. താൻ നിയോഗിക്കപ്പെട്ട ആ കർമ്മം ഏറ്റവും ഭംഗിയാക്കി ചെയ്യാൻ ഓ എൻ വിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണല്ലോ മനസ്സുകളിൽ ഇപ്പോഴും ഈരടികളായി ആ പേരും മുഖവും ഇപ്പോഴുമുള്ളത്.