മിണ്ടാച്ചെന്നായ്– അനുഭവത്തിലെ സത്യസന്ധത

ബി. ജയമോഹൻ

'നീ ഇന്ത്യൻ പെരുച്ചാഴിയാണ്. കറുത്ത ജന്തു.' സായിപ്പ് എന്നെ നോക്കി നീട്ടിത്തുപ്പി. ഞാൻ വെറുതെ നോക്കി. സായിപ്പ് ‘മൃഗം’ എന്നു പറഞ്ഞ് എന്നെ നോക്കി കാർക്കിച്ചു തുപ്പി. 

നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ... നോവൽ വായനയിൽ പുത്തൻ അനുഭവങ്ങൾ മലയാളിക്കു സമ്മാനിച്ച ജയമോഹന്റെ പുതിയ നോവലും ഏറെ ശ്രദ്ധേയം. ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘മിണ്ടാച്ചെന്നായ്’ പ്രമേയത്തിലെ പുതുമയിലും ഭാഷയിലെ വന്യതകൊണ്ടും വ്യത്യസ്തമാകുകയാണ്. 

വേട്ടക്കാരന്റെയും അടിമയുടെയും ജീവിതമാണ് മിണ്ടാച്ചെന്നായ്. എന്നും പാവങ്ങളെ ഭരിച്ചും വേട്ടയാടിയും ജീവിച്ച അധികാരിവർഗവും, അവന്റെ ഭീഷണിക്കും മർദനത്തിനും ഇരയാകേണ്ടി വരുന്ന കീഴാളനും മുഖ്യകഥാപാത്രമാകുകയാണിവിടെ. വേട്ടക്കാരനായ സായ്പും അയാളുടെ കീഴിൽ അടിമജീവിതം നയിക്കുന്ന കീഴാളന്റെ ജീവിതവുമാണ് നോവൽ പ്രമേയം. ഏതുകാലഘട്ടത്തിലും ചർച്ച ചെയ്യാവുന്ന വിഷയം. സ്വാതന്ത്ര്യ പൂർവ്വ ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വർത്തമാനകാല ഇന്ത്യയിലും ഭാവി ഇന്ത്യയിലും ഈ വിഷയത്തിനു പുതുമ നഷ്ടപ്പെടില്ല.

കീഴാളന്റെ സ്വഗതാഖ്യാനമെന്ന രീതിയിലാണ് നോവൽ തുടങ്ങുന്നത്. തന്നെപ്പറ്റി അയാൾ പറയുന്നുണ്ട്. "അമ്മ ഫ്ലച്ചർ സായ്പിന്റെ കുശിനിക്കാരിയായിരുന്നു. അപ്പോഴാണു ഞാൻ ജനിക്കുന്നത്. എന്റെ കണ്ണുകൾ ആദ്യം പൂച്ചയുടെതായിരുന്നു. ചെറുപ്പത്തിൽ അവർ എന്നെ പൂച്ച എന്നാണു വിളിച്ചത്. വലുതായപ്പോഴാണു ഞാൻ ചെന്നായയായ് മാറിയത്. 

തന്റെ ജന്മം തന്നെ ശപിക്കപ്പെട്ടതാണെന്ന് നായകൻ വ്യക്തമാക്കുകയാണ്. ഇന്ത്യക്കാരിയിൽ സായ്പിനു ജനിച്ച മകൻ. നീചജന്മം പോലെയാണു സമൂഹം കാണുന്നത്. ചെറുപ്പത്തിൽ തന്നെ അധമബോധം ഉള്ളതിനാൽ മിണ്ടാച്ചെന്നായ് എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. 

വേട്ടയാടി മാത്രമേ സായ്പിനു ശീലമുള്ളൂ. ഏറ്റവും വലിയ ആനയെ വേട്ടയാടാനാണ് സായ്പ് ഈ മിണ്ടാച്ചെന്നായയെയും കൂട്ടി പോകുന്നത്. യാത്രയിലുടനീളം കൂടെയുള്ള സഹായിയെ ശകാരിച്ചും മർദിച്ചും അയാൾ തന്റെ മേധാവിത്തം കാണിക്കുകയാണ്. ഒരുഘട്ടത്തിൽ ആനയെ വീഴ്ത്തുന്നത് മിണ്ടാച്ചെന്നായയെ ഭീഷണിപ്പെടുത്തിയാണ്. 'അയാൾ കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു. അല്ലെങ്കിൽ നീ മരിക്കും. നിന്റെ ദൈവമല്ലേ അത്? അതിന്റെ തൊഴികൊണ്ട് ചത്താൽ നിനക്കു സ്വർഗമാണ്. പോ' ആനയുടെ മുന്നിലേക്കുപോകാൻ അയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്. 'ഓടിയാൽ നിന്നെ ഞാൻ വെടിവയ്ക്കും നീ രക്ഷപ്പെട്ടാലും തുരത്തിപ്പിടിച്ച് കൊല്ലും'. സായ്പിന്റെ സന്തോഷത്തിനു വേണ്ടി അയാൾ ആനയുടെ മുന്നിലേക്കു പോകുകയാണ്. ആ സമയത്താണ് സായ്പ് ആനയെ വെടിവച്ചുകൊല്ലുന്നത്. മറ്റൊരുത്തന്റെ ജീവൻ നഷ്ടപ്പെട്ടാലും തന്റെ സന്തോഷമാണ് സായ്പിനു പ്രധാനം. ആനയെ വീഴ്ത്തിയ സായ്പിനു പക്ഷേ വീഴ്ചവരുന്നു. കണ്ണാടിവിരിയന്റെ കടിയേറ്റ് അയാൾ മരിക്കാൻ പോകുകയാണ്. എന്നാൽ തന്റെ മേലാളനെ ആ ഘട്ടത്തിൽ അവിടെയിട്ടേച്ചുപോകാൻ അയാൾക്കു തോന്നുന്നില്ല. ഏറെ പ്രയാസപ്പെട്ട് അയാളുടെ ജീവൻ രക്ഷിക്കുന്നു. അതിനു പകരം എന്തുവേണമെങ്കിലും തരാമെന്നു സായ്പ് പറഞ്ഞെങ്കിലും അയാൾ ഒന്നും ചോദിക്കുന്നില്ല. 'എന്റെ ജീവന് ഒരു വില പറ. അതിനെ ചെറുതാക്കാതെ' എന്ന് സായ്പ് കെഞ്ചുകയാണ്. എന്നിട്ടും അയാൾ ഒന്നും ആവശ്യപ്പെടുന്നില്ല. ഒരു പുല്ലിന്റെ വിലപോലുമില്ല സായ്പിനെന്ന് പറയാതെ തന്നെ അയാൾ ബോധ്യപ്പെടുത്തുന്നു. 

ചെന്നായയുടെ കടിയേറ്റ് നായകൻ കൊല്ലിയിലേക്കു വീഴാൻ പോകുകയാണ്. അന്നേരം സായ്പ് അയാളെ രക്ഷിക്കാനെത്തുന്നു. അയാൾനീട്ടിയ സഹായം തട്ടിമാറ്റി ‘നരകത്തിലേക്കു പോ’ എന്നു പറഞ്ഞ് അയാൾ സ്വതന്ത്രനാകുകയാണ്. മരണത്തിനു മുന്നിലെങ്കിലും തന്റെ അസ്തിത്വം ഉറപ്പിച്ച് അയാൾ ധീരതയോടെ അഗാധതയിലേക്കു ഊളിയിടുന്നു. 

കാടിന്റെ ഓരോ സ്പന്ദനവും അറിഞ്ഞുകൊണ്ടാണ് ജയമോഹൻ ‘മിണ്ടാച്ചെന്നായ്’ എഴുതിയിരിക്കുന്നത്. തൊട്ടമുൻപിലെ നോവലായ ‘ആനഡോക്ടറിൽ‍’ യഥാർഥ ആന ചികിത്സകന്റെ അനുഭവമായിരുന്നു എഴുതിയത്. എഴുത്തിലെ സത്യസന്ധതയാണ് ജയമോഹന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത്. ഈ നോവലിന്റെ പ്രത്യേകതയും അതുതന്നെ. ചെറുതെങ്കിലും ഏറെ ഹൃദ്യം, മനോഹരം എന്നിങ്ങനെ നോവലിനെ വിശേഷിപ്പിക്കാം. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം