അരുന്ധതി ആളും, ആയിരം താളിൽ

ആയിരത്തിലേറെ പേജുകളിലായി പരന്നു കിടക്കുന്ന പടുകൂറ്റൻ പുസ്തകവുമായി അരുന്ധതി റോയിയെത്തുന്നു. മൈ സെഡീഷ്യസ് ഹാർട്ട് എന്നു പേരിട്ടിരിക്കുന്ന പുസ്തകം പല കാലങ്ങളിലെഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമാണ്. മുൻപു പല പുസ്തകങ്ങളിലായി വന്നതും വരാത്തതുമായ രചനകളാണ് ഇതിലുണ്ടാവുക. പുസ്തകം അടുത്ത വർഷം പുറത്തിറങ്ങും.

ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന ആദ്യ നോവലിലൂടെ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തിൽ വിപ്ലവം സൃഷ്ടിച്ച അരുന്ധതി പിന്നീടുള്ള ഇരുപതു വർഷങ്ങൾ ആക്ടിവിസത്തിനും അതിന്റെ ഭാഗമായുള്ള രോഷാകുല പ്രബന്ധങ്ങൾക്കുമായി മാറ്റി വയ്ക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷമാണ് രണ്ടാമത്തെ നോവലായ ദ് മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ് പുറത്തുവന്നത്.

ഔട്ട്ലുക്ക് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ വന്ന ദീർഘമായ പ്രബന്ധങ്ങൾ വലിയ സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ആയിരക്കണക്കിനു വാക്കുകളുള്ള ആ പ്രബന്ധങ്ങൾക്കായി താളൊഴിച്ചിടാൻ വിനോദ് മേത്തയെപ്പോലൊരു പത്രാധിപർ ഉണ്ടായിരുന്നു.

ആണവോർജം തൊട്ട് മുതലാളിത്തവും ഗുജറാത്ത് കലാപവും കോർപറേറ്റ് വൽക്കരണവും മാവോയിസവും പരിസ്ഥിതിയുമടക്കമുള്ള വിഷയങ്ങളിൽ അരുന്ധതിക്കു മാത്രമാകുന്ന ആർജവത്തോടെ പതി കാലത്തിൽ തുടങ്ങി കൊട്ടിക്കയറുന്ന ഭാഷയിൽ കുറിച്ച ആ ലേഖനങ്ങൾ ഉയർത്തിയ അലയൊലികൾ എഴുത്തുകാരിക്കു നേരെയുള്ള വധഭീഷണികളിൽ വരെ ചെന്നെത്തി. കേസുകളിൽ പെടുത്താനും ശ്രമമുണ്ടായി. 

മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടാമത്തെ നോവലെഴുതുകയായിരുന്നു അരുന്ധതി. ആ രാഷ്ട്രീയ മാറ്റം തന്നെ ഞെട്ടിച്ചു കളഞ്ഞതായി ഗാർഡിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. "വർഷങ്ങളായി ഇതേപ്പറ്റി പുരപ്പുറത്തു നിന്നു വിളിച്ചു കൂവാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അത് അങ്ങേയറ്റത്തെ പരാജയ ബോധവും പരിഭ്രാന്തിയുമാണ് ഉണ്ടാക്കിയത്. അഞ്ചു വർഷം മെത്തയിൽ കിടന്ന് ഉറങ്ങണോ അതോ ഈ പുസ്തകത്തിൽ ശ്രദ്ധിക്കണോ എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന സാധ്യതകൾ. ഇനി കൂടുതൽ പ്രബന്ധങ്ങൾ എഴുതണമെന്ന് എനിക്കു തോന്നിയില്ല, ഒരെണ്ണം ഞാൻ എഴുതിയെങ്കിലും. എനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ പോലെയാണു തോന്നിയത്. പരാജയം അംഗീകരിക്കാനുള്ള സമയമായിരുന്നു ". 

അടിയന്തര ഇടപെടലുകളായാണ് തന്റെ പ്രബന്ധങ്ങളെ അരുന്ധതി കാണുന്നത്. നോവലിനായി കാത്തിരിക്കാം. കഥാപാത്രങ്ങൾ ഉരുവപ്പെടാനും പ്രമേയങ്ങൾ പടർന്നു പൊലിക്കാനും വഴിത്തിരിവുകളുണ്ടാകാനും പതിറ്റാണ്ടുകൾ കാത്തിരിക്കാനും തയാറുള്ള ഈ എഴുത്തുകാരിക്ക് ലേഖനങ്ങൾ ആക്ടിവിസത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ നിർഭയമായ പ്രഖ്യാപനമാണ്.

രാജ്യദ്രോഹിയെന്നു മുദ്ര കുത്തപ്പെടുമ്പോഴും മാധ്യമ അജൻഡകളാൽ നിരന്തരം വേട്ടയാടപ്പെടുമ്പോഴും കോടതിയലക്ഷ്യം ചാർത്തപ്പെടുമ്പോഴും അരുന്ധതി ഒത്തുതീർപ്പുകൾക്കു വഴങ്ങിയിട്ടില്ല. എല്ലാവർക്കും ആരാധ്യയായി, അംഗീകാരങ്ങൾക്കായി തല കുനിച്ചു കൊടുത്തിട്ടുമില്ല. ആർക്കു നോവുമെന്നോർത്തു സംഭ്രമിച്ചു നിൽക്കാറുമില്ല. അൻപത്തിയാറാമത്തെ വയസ്സിലും അരുന്ധതി അഗ്നിനക്ഷത്രമാണ്. അതിന്റെ സത്യവാങ്മൂലങ്ങളാണ് മൈ സെഡീഷ്യസ് ഹാർട്ടിൽ നാം വായിക്കുക.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം