Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസിറ്റീവുകാർക്കിടയിലെ ഒരു നെഗറ്റീവ്‌ ചിന്തകൻ

x-default

ആശുപത്രിയിലെ ആളുകൾക്കിടയിൽ അപരിചിതനെപ്പോലെ സൗമ്യദേവൻ ഇരുന്നു. ജീവിതത്തിൽ ആദ്യമായി വിശദമായ രക്തപരിശോധന നടത്താൻ നഗരനടുവിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അതിരാവിലെതന്നെ എത്തുകയായിരുന്നു. ഇപ്പോൾ ഉച്ചയൂണും കഴിഞ്ഞ്‌ റിസൾട്ടിനായ്‌ കാത്തിരിക്കുന്നു.

മഴക്കാലമായതിനാൽ ആശുപത്രി നിറയെ പനിക്കാരും ചുമക്കാരും. ഇത്രയധികം അസുഖക്കാർ എത്തിയിട്ടും ഡോക്ടർമാരും നഴ്സുമാരും എങ്ങനെ അസുഖമൊന്നും പിടിപെടാതെ കഴിയുന്നുവെന്നായി അയാളുടെ അപ്പോഴത്തെ ചിന്ത.

“സൗമ്യദേവൻ കെ.ആർ.” ലാബ്‌ ടെസ്റ്റിന്റെ റിസൾട്ടു നൽകുന്ന കൗണ്ടറിൽനിന്ന്‌ നഴ്സ്‌ ഉച്ചത്തിൽ വിളിച്ചപ്പോൾ, ചിന്തകളിൽ നിന്ന്‌ ഞെട്ടിയുണർന്ന്‌ അയാൾ ഓടിച്ചെന്നു.

നഴ്സ്‌ ബ്ലെഡ്‌ ടെസ്റ്റിന്റെ റിപ്പോർട്ട്‌ നൽകിയപ്പോൾ മുറ്റിയ ആകാംക്ഷയോടെ അതിൽ പ്രിന്റു ചെയ്തിരുന്ന വരികളോരോന്നും വായിച്ചു. എച്ച്‌.ഐ.വി എന്നെഴുതിയതിനു നേരെയുള്ള കോളത്തിൽ നെഗറ്റീവ്‌ എന്നുകണ്ടപ്പോൾ ഒരു നിമിഷം സൗമ്യദേവന്റെ ഉള്ളൊന്നാന്തി..! 

കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ... ഇരുകണ്ണുകളും നന്നായൊന്ന്‌ ഇറുക്കിയടച്ചശേഷം വീണ്ടും തുറന്ന്‌ റിപ്പോർട്ടിലേക്ക്‌ നോക്കി... അതെ നെഗറ്റീവ്‌ തന്നെ..!

“ഈശ്വരാ... ഇതും നെഗറ്റീവോ..?” സൗമ്യദേവൻ സ്വയമറിയാതെ നെഞ്ചത്തു കൈവെച്ചു. പിന്നെ കൈ താടിക്കുകൊടുത്ത്‌ ലാബിലെ ഗ്ലാസിനുമുന്നിൽ റിപ്പോർട്ടുനൽകിയ നഴ്സിനെ അൽപനേരം തുറിച്ചു നോക്കിനിന്നു. എന്നിട്ട്‌ മെല്ലെ കൈകാട്ടി അവരെ അടുത്തേക്ക്‌ വിളിച്ചു.

നഴ്സ്‌ ഗ്ളാസ്സുമറയ്ക്കുള്ളിൽ അഭിമുഖമായെത്തിയപ്പോൾ, മുഖം മുഴുവൻ ചില്ലിലേക്കമർത്തിവച്ച്‌ അതിലെ ദ്വാരത്തിലൂടെ അമർത്തിയ ശബ്ദത്തിൽ അയാൾ ചോദിച്ചു.

“സിസ്റ്ററേ.. ഈ റിസൾട്ടൊന്ന്‌ നോക്കിപ്പറയാമോ..?”

ടെസ്റ്റ്‌ റിസൾട്ടിന്റെ പേപ്പർ വാങ്ങിനോക്കി നഴ്സ്‌ അൽപം ശബ്ദം താഴ്ത്തി പറഞ്ഞു. 

“നിങ്ങൾ എച്ച്‌.ഐ.വി നെഗറ്റീവാണ്‌..” 

“നെഗറ്റീവോ..?” സംശയത്തോടെ സൗമ്യദേവൻ ഒന്നുകൂടി നഴ്സിനെ തുറിച്ചുനോക്കി.

“അതെ.. നിങ്ങൾക്ക്‌ എയ്ഡ്സ്‌ രോഗമില്ല.. ഒന്നും പേടിക്കാനില്ല.. പിന്നെന്താ ഇത്ര ആശങ്ക..?”

മുഖത്തൊരു ചെറുചിരിയോടെ നഴ്സ്‌ വീണ്ടും പറഞ്ഞു.

“സിസ്റ്റർ ഒന്നുകൂടി ശരിക്കൊന്നു നോക്കിയേ..? ഇത്‌ നെഗറ്റീവ്‌ തന്നെയാണോയെന്ന്‌..?”

“നെഗറ്റീവ്‌ തന്നെ.. ഒരു സംശയവുമില്ല..”

മുഖത്തെ ചിരിമാഞ്ഞു കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ആശ്ചര്യത്തോടെ അയാളെ നോക്കി നഴ്സ്‌ പറഞ്ഞു. അതുകേട്ടപ്പോൾ നഴ്സിനടുത്തേക്ക്‌ മുഖമൊന്നുകൂടി ചേർത്തുകൊണ്ട്‌ അൽപം പരുങ്ങലോടെ വലിയൊരു രഹസ്യം പറയുമ്പോലെ അയാൾ ചോദിച്ചു

“ഇതൊന്നു പോസിറ്റീവാക്കി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ സിസ്റ്ററേ..? വേണമെങ്കിൽ ഞാൻ കൈമടക്കായ്‌ ചില്ലറ തരാം..“

അപ്പോഴേക്കും ഒരു കൗതുകവസ്തുവിനെ കാണുന്നതുപോലെയായ്‌ നഴ്സ്‌..!

”അല്ല.. ചേട്ടനിതെന്തോന്ന്‌ വർത്തമാനമാ ഈ പറയുന്നത്‌..? എച്ച്‌.ഐ.വി റിസൾട്ട്‌ നെഗറ്റീവ്‌ ആയതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്‌..? ഇനിയിത്‌ പോസിറ്റീവാക്കണമെന്നോ..? കൊള്ളാം..“

ആശ്ചര്യവും പരിഹാസവും മുറ്റിയ ചിരിയോടെ നഴ്സ്‌ മൂക്കത്തു വിരൽവച്ചു. പിന്നെ ബലമായി റിസൾട്ടുപേപ്പർ അയാളുടെ കയ്യിൽ പിടിച്ചേൽപിച്ച്‌ ലാബിനുള്ളിലേക്ക്‌ തിരികെ നടന്നു. 

ഇടിവെട്ടേറ്റവനെപ്പോലെ ഒരുനിമിഷം ആ പേപ്പറും കൈയ്യിൽപ്പിടിച്ച്‌ സൗമ്യദേവൻ നിശ്ചലനായ്‌ നിന്നു. മെല്ലെ മുന്നോട്ടുനടന്ന്‌ ആശുപത്രിയിലെ വലിയ ഹാളിലെ ഒഴിഞ്ഞ ഒരു കസേരയിൽപ്പോയി താടിക്കു കയ്യുംകൊടുത്ത്‌ തളർന്നിരുന്നു.

‘ഈ ലോകത്തിൽ ഒരു ബ്ലെഡ്‌ ടെസ്റ്റിന്റെ റിസൾട്ടുപോലും പോസിറ്റീവാക്കാൻ തന്നെക്കൊണ്ട്‌ കഴിയില്ലേ..?’ ഒരിക്കൽക്കൂടി സ്വയം പഴിച്ചുകൊണ്ട്‌ ചോദിച്ചു.

എന്നായിരുന്നു ആദ്യമായി നെഗറ്റീവായി മുദ്രകുത്തപ്പെട്ടത്‌..? ഓർമ്മകളുടെ കുമിളകൾ ഒന്നൊന്നായ്‌ അടർത്തി വേദന നിറഞ്ഞ നെഗറ്റീവ്‌ ചിന്തകൾ ഉയരുന്നു.

”നിങ്ങൾക്കും പണത്തിനുമിടയിൽ ഒരൊറ്റ തടസ്സമേ ഉള്ളൂ മിസ്റ്റർ... നിങ്ങൾ പോസിറ്റീവായി ചിന്തിക്കണം... നിങ്ങളുടെ മനസ്സും തലച്ചോറും ശരീരവും ഒരേപോലെ ഉണരണം... പ്രവർത്തിക്കണം..“

പാരലൽ കോളജിലെ തിരക്കുപിടിച്ച പഠിപ്പിക്കലിനിടയിലും മുറതെറ്റാതെ സർക്കാർ ജോലി തിരക്കിയുള്ള പരക്കം പാച്ചിലും നടത്തിയിരുന്നു. ആവശ്യപ്പെടാതെതന്നെ എല്ലാ സഹായത്തിനും ഓടിയെത്തുന്ന കോളജിലെ അറ്റൻഡർ ദാസന്റെ നിർബന്ധം സഹിക്കവയ്യാതെയാണ്‌ അന്ന് ആ മാർക്കറ്റിങ്ങുകാരുടെ മീറ്റിങ്ങിനുപോയത്‌. നീളമുള്ള ഹാളിൽ തിങ്ങിക്കൂടിയ തന്നെപ്പോലുള്ള സാധാരണക്കാരോട്‌ ടൈയും കോട്ടുമിട്ട ആധുനിക മാർക്കറ്റിങ്ങ്‌ നേതാവ്‌ വാതോരാതെ പ്രസംഗിക്കുന്നു. മണിചെയിൻ പോലുള്ള അവരുടെ പദ്ധതിയിൽ കോളജിലെ മറ്റുള്ള അധ്യാപകരെല്ലാം ചേർന്നുകഴിഞ്ഞു. അതിൽചേർന്നാൽപ്പിന്നെ മാസങ്ങളൊന്നും വേണ്ട.. ആഴ്ചകൾ കൊണ്ടുതന്നെ ലക്ഷങ്ങൾ സമ്പാദിക്കാം..

”വെറും 9999 രൂപകൊടുത്ത്‌ ഇന്നുതന്നെ നിങ്ങളീ പദ്ധതിയിൽ ചേരൂ.. പിന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക്‌ ഒഴുകിവരും ലക്ഷങ്ങൾ.. ഇപ്പോഴും നിങ്ങളുടെ ഉള്ളിലിരുന്ന്‌ ഒരു നെഗറ്റീവ്‌ ശബ്ദം മന്ത്രിക്കുന്നുണ്ടെന്ന്‌ എനിക്കറിയാം.. വേണ്ട.. ചേരണ്ട.. അത്‌ തട്ടിപ്പാണ്‌... പണം പോകും എന്നൊക്കെയാണ്‌ പറയുന്നത്‌... ഈ നെഗറ്റീവിസത്തെ മറികടന്ന്‌ നിങ്ങൾ പോസിറ്റീവായി ഒന്നുചിന്തിച്ചാൽ മാത്രം മതി. നിങ്ങളുടെ ഭാവി സുരക്ഷിതം.. അക്കൗണ്ടിൽ ആഴ്ചകൾതോറും ലക്ഷങ്ങൾ വരും..“

ഹാളിൽനിന്ന്‌ തിരിച്ചിറങ്ങുമ്പോഴും സംശയത്തോടെ ദാസന്റെ മുഖത്തേക്കുനോക്കി.. 

“ആ കോട്ടുകാരൻ പറഞ്ഞതൊന്നും സത്യമാകില്ല.. വെറുതെ കാശുകൊണ്ടുപോയി കളയണോ..?”

“എന്റെ സൗമ്യദേവൻ മാഷേ... നിങ്ങളുടെ ഈ നെഗറ്റീവിസമാ.. എല്ലാത്തകർച്ചയ്ക്കും കാരണം.. അതുമാറ്റാതെ ഈ ജന്മം മാഷ്‌ രക്ഷപ്പെടുമെന്ന്‌ തോന്നുന്നില്ല..! ഞാനീ ചെയ്നിൽ ചേർത്തവരെല്ലാം ഇന്ന്‌ ലക്ഷാധിപതികളാ.. അറിയാമോ..?”

എന്നിട്ടും ദാസൻ മാത്രം എന്താ ലക്ഷാധിപതിയാകാത്തത്‌ എന്നുചോദിക്കാൻ തോന്നിയെങ്കിലും ദാസന്റെ കണ്ണുകളിലും തന്നോടുള്ള അനിഷ്ടം അടിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, ആരേയും വെറുപ്പിക്കാൻ ആഗ്രഹിക്കാത്ത സൗമ്യദേവൻ ഉടൻ തന്നെ ദൃഷ്ടികൾ തിരിച്ച്‌ ഭവ്യതയോടെ പറഞ്ഞു.

“അല്ല... ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.. നമുക്ക്‌ നാളെത്തന്നെ ചേരാം മണി ചെയിനിൽ.. ഇനി ആ കുറവുകൊണ്ട്‌ ലക്ഷങ്ങൾ വരാതിരിക്കേണ്ട”

ശമ്പളത്തിൽ നിന്നും കഷ്ടിച്ചുപിടിച്ച്‌ പോസ്റ്റോഫീസിലെ സേവിങ്ങ്‌ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന പണം ഒട്ടുംവൈകാതെ പിൻവലിച്ച്‌ മണി ചെയിനിൽ നിക്ഷേപിച്ചു. പിന്നെ ആഴ്ചകൾതോറും അക്കൗണ്ടിൽ ലക്ഷങ്ങൾ വീഴുന്നതിനായുള്ള കാത്തിരിപ്പ്‌. എന്നാൽ അധികനാൾ അങ്ങനെ കാത്തിരിക്കേണ്ടി വന്നില്ല.. അതിനുമുമ്പുതന്നെ ആ അൽഭുതം സംഭവിച്ചു..

ടൈയും കോട്ടും കെട്ടിയ പോസിറ്റീവുകാരൻ മാർക്കറ്റിങ്ങ്‌ നേതാവിന്റെ പടം സഹിതം പത്രത്തിൽ ഒരുവാർത്ത..? കോടികളുടെ മണിചെയിൻ തട്ടിപ്പ്‌.. പണവുമായ്‌ നടത്തിപ്പുകാരൻ മുങ്ങി.?

എന്തായാലും കോളജിലെ മറ്റു സ്റ്റാഫുകളുടെ മുന്നിൽവച്ച്‌ ഒരു നെഗറ്റീവുകാരന്റെ ഇമേജ്‌ ദാസൻ ചാർത്തിത്തരുന്നതുകൂടി സഹിക്കേണ്ടി വരുമെന്നതിനാൽ മറ്റാരോടും പറയാതെ സൗമ്യദേവൻ മാഷ്‌ 9999 രൂപ പോയവഴിതന്നെ മറന്നു.

അത്ര കടുത്ത ഈശ്വര വിശ്വാസിയൊന്നുമല്ലെങ്കിലും ഓരോ ദിവസവും സൗമ്യദേവൻ മാഷ്‌ ദിനചര്യകൾ ആരംഭിക്കുന്നതുതന്നെ ‘ലോകോ സമസ്ത സുഖിനോ ഭവന്തു’എന്ന മന്ത്രോച്ചാരണം ഉരുവിട്ടുകൊണ്ടാണ്‌. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും സുഖവും നന്മയും വരാൻ പ്രാർത്ഥിച്ചിട്ടും സ്വന്തം ജീവിതത്തിൽ മാത്രമെന്തേ കഷ്ടതകളും തിരിച്ചടികളും വരുന്നുവെന്ന ചോദ്യം പലപ്പോഴും സൗമ്യദേവനെ അലട്ടാതിരുന്നില്ല.

ഒരു നെഗറ്റീവുകാരനായിപ്പോയതിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഇനിയുമേറെ... നാലോ അഞ്ചോ വർഷം മുമ്പൊരുദിനം. പാരലൽ കോളജിലെ ഫിലോസഫി ക്ലാസ്സുകഴിഞ്ഞ്‌ പതിവുപോലെ മനസ്സിൽ സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങളും സോക്രട്ടീസും ഗാന്ധിയും മാർക്സുമൊക്കെയുമായുള്ള ആശയങ്ങളുടെ ഏറ്റുമുട്ടലുകളും കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുകയായിരുന്നു. 

സ്റ്റാഫ്‌ റൂമിലിപ്പോൾ രേവതി ടീച്ചർ മാത്രമേ കാണൂ.. അപ്പോഴാണ്‌ അന്നുരാവിലെ വാട്സാപ്പിൽ ടീച്ചർ അയച്ച മെസ്സേജിനെക്കുറിച്ച്‌ ഓർമ്മിച്ചത്‌.. 

‘എല്ലായ്പ്പോഴും പോസിറ്റീവായി ചിന്തിക്കൂ... എപ്പോഴും ചിരിച്ചുകൊണ്ടിരിക്കൂ..’ അതായിരുന്നു ഇംഗ്ലിഷിലുള്ള സന്ദേശത്തിനുള്ളിലെ സന്ദേശം. ഈ ടീച്ചറുടെ ഒരുകാര്യം.. അങ്ങനെ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നാൽ ആളുകൾ വട്ടാണെന്ന്‌ കരുതില്ലേ..? അതോർത്തപ്പോൾ സൗമ്യദേവൻ ഉള്ളാലെ സ്വയം ചിരിച്ചു. 

എന്തായാലും ഇന്ന്‌ രേവതി ടീച്ചറുമായ്‌ ഈ വിഷയം തന്നെ സംസാരിക്കണം. ഇപ്പോൾ അൽപം കാര്യഗൗരവമായി എന്തെങ്കിലും സംസാരിക്കുന്നത്‌ രേവതി ടീച്ചറോടാണ്‌. അവർ പറയുന്ന പലകാര്യങ്ങളും വാട്സാപ്പിലൂടെ അയക്കുന്ന മെസ്സേജുകളും ജീവിതത്തിന്‌ പുതിയ അർത്ഥവും മനസ്സിൽ സദ്ചിന്തകളും പുത്തനുണർവുമൊക്കെ പകർന്നുനൽകുന്നതുപോലെ.. അതിൽത്തന്നെ ദ്വയാർത്ഥമുള്ള ചില മെസ്സേജുകൾ, ഉറങ്ങിത്തുടങ്ങിയ തന്റെ പുരുഷത്വത്തെപ്പോലും രാത്രികളുടെ അന്ത്യയാമങ്ങളിൽ ഇടയ്ക്കിടെ കുലുക്കിയുണർത്തുന്നു. 

ഭർത്താവ്‌ ഗൾഫിലായതിനാലാകണം ടീച്ചർ വളരെയേറെനേരം സംസാരിച്ചുകൊണ്ടേയിരിക്കും. ഇംഗ്ലിഷ്‌ സാഹിത്യ അധ്യാപികയായതിനാൽ സമകാലീന സംഭവങ്ങൾക്കൊപ്പം ആധുനിക ആംഗലേയ കവിതകളും മലയാള കവിതകളുമെല്ലാം സംസാരത്തിനിടെ ടീച്ചറുടെ വിഷയങ്ങളാകും. തത്വചിന്തകരായ സോക്രട്ടീസും പ്ലേറ്റോയും മാർക്സും അരിസ്റ്റോട്ടിലുമെല്ലാം സദാ ഉഴുതുമറിക്കുന്ന സൗമ്യദേവൻ മാഷിന്റെ മനസ്സിൽ കുളിർമഴ പെയ്യുന്നതുപോലെയാണ്‌ ടീച്ചറുടെ കവിതകളും മഹത്‌വചനങ്ങളുമൊക്കെ ചേർത്തുള്ള സംഭാഷണ ശകലങ്ങൾ പതിക്കുക.

അതു കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്‌. സമയം ഒഴുകിയിറങ്ങുന്നതും അറിയില്ല. അപ്പോഴൊക്കെ ഗൾഫിൽ മാർക്കറ്റിങ്ങ്‌ മാനേജരായി ജോലിചെയ്യുന്ന ടീച്ചറുടെ ഭർത്താവ്‌ സുധാകരൻ എത്രഭാഗ്യവാനാണെന്ന്‌ മനസ്സിലോർക്കും. ഇടയ്ക്കൊക്കെ കണ്ണുകളിൽ കുസൃതിയും ചുണ്ടുകളിൽ ഒളിപ്പിച്ച കള്ളച്ചിരിയോടെയും ടീച്ചർ തിരക്കും.  

“അല്ല... മാഷെന്താ... ഇതുവരെ കല്യാണം കഴിക്കാത്തത്‌..? ഇനിയും നോക്കിയിരുന്നാൽ പെണ്ണുകിട്ടാതെ ബ്രഹ്മചാരിയായി പോകും പറഞ്ഞേക്കാം.. ഇപ്പോൾത്തന്നെ മുടിയൊക്കെ നരച്ചുതുടങ്ങി..”

“ടീച്ചറെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു പെണ്ണിനെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാ..” നരച്ചമുടി ടീച്ചർ കാണാതെ കൈവിരലുകളാൽ ജാള്യതയോടെ ഒളിക്കുന്നതിനിടയിൽ മനസ്സിൽ പറയുമെങ്കിലും സൗമ്യദേവന്റെ മറുപടി എപ്പോഴും ഒരു വിടർന്ന ചിരിയിൽ ഒതുങ്ങുമായിരുന്നു.

ഇതൊക്കെയാലോചിച്ച്‌ സ്റ്റാഫ്‌ റൂമിലേക്കു കടന്ന സൗമ്യദേവൻ ഒരുനിമിഷം നിശ്ചലനായ്‌ നിന്നു. അനുവാദമില്ലാതെയുള്ള പ്രവേശനം അകറ്റിമാറ്റിയത്‌ ഇഴുകിച്ചേർന്ന്‌ ഒന്നാകാനായ്‌ പരിസരംമറന്നു പുണർന്നുനിന്ന രണ്ടാത്മാവുകളെ... പരിഭ്രാന്തിയോടെ ഞെട്ടിയകലുന്ന രണ്ടുരൂപങ്ങളും ഭീതിയോടെ തുറിച്ചുനോക്കുന്ന നാലുകണ്ണുകളും.

ഒന്നേ നോക്കിയുള്ളൂ... സ്വന്തം കണ്ണുകളെ അവിശ്വാസമില്ലാത്തതിനാൽ കണ്ണുകൾ തുടച്ചുനോക്കാതെ തന്നെ സൗമ്യദേവൻ സപ്തനാ‍ഡികളും തളർന്ന്‌ കസേരയിലിരുന്ന്‌ ഇരുവരേയും ഒന്നുകൂടി ഇടംകണ്ണിട്ടുനോക്കി... വെപ്രാളത്തോടെ പരസ്പരം ഉലഞ്ഞ വസ്ത്രങ്ങൾ നേരെയിടുന്ന റെജി മാഷും രേവതി ടീച്ചറും..!

മൂന്നുമാസം മുമ്പുമാത്രം കോളജിൽ ലക്ചറായെത്തിയ യുവാവും സുമുഖനുമായ റെജി ഒന്നുമറിയാത്തതുപോലെ സീറ്റിലിരുന്ന്‌ ബുക്ക്‌ മറിച്ചുനോക്കിത്തുടങ്ങി. സാരി നേരെയിടുന്ന ധൃതിയിൽ രേവതി ടീച്ചർ അരുതാത്തതെന്തോ ചെയ്തതുപോലെ, കോപംതുടിക്കുന്ന മിഴികളോടെ സൗമ്യദേവനെ കൺകോണുകളിലൂടെ വല്ലാതൊന്നു തുറിച്ചുനോക്കി.. സൗമ്യദേവൻ ടീച്ചറേയും നോക്കി ഒന്നു വിളറിച്ചിരിച്ചു... എന്നിട്ട്‌ അർത്ഥഗർഭമായി ആരോടെന്നില്ലാതെ പറഞ്ഞു.

“ങാ... ഇലവന്നു മുള്ളേൽ വീണാലും മുള്ളുവന്ന്‌ ഇലയിൽ വീണാലും കേട്‌ ഇലയ്ക്കുതന്നാ.. സൂക്ഷിച്ചാ എല്ലാവർക്കും കൊള്ളാം” 

പറഞ്ഞുതീരും മുമ്പെ, ഉരുളയ്ക്കുപ്പേരിപോലെ രേവതി ടീച്ചറുടെ മറുപടി വന്നു..

“പ്രായമിത്രയുമായില്ലേ..? ഇനിയെങ്കിലും കുറച്ചൊന്നു പോസിറ്റീവായി ചിന്തിച്ചൂടേ മാഷേ..? വെറുതെയല്ല മാഷിനിതുവരെ പെണ്ണുകെട്ടാൻ കഴിയാത്തത്‌”

ടീച്ചറുടെ കണ്ണിലെ അഗ്നികൂടി കണ്ടപ്പോൾ പിന്നീടൊരക്ഷരം കൂടുതലായി പറയാൻ തോന്നിയില്ല.. ഒരു നെഗറ്റീവുകാരന്റെ ചമ്മൽ മനസ്സിലും നിറഞ്ഞപ്പോൾ അവിടെ നിന്നിറങ്ങി അടുത്ത ക്ലാസ്സ്‌ മുറിയിലേക്ക്‌ നടന്നു. രേവതി ടീച്ചറുടെ ഭർത്താവ്‌ ഗൾഫുകാരൻ സുധാകരൻ എത്ര ഭാഗ്യദോഷിയാണെന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സുനിറയെ.

റേഷൻ കടയിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു മറ്റൊരു നെഗറ്റീവ്‌ അനുഭവം. ക്യൂവൊന്നും നിൽക്കാതെ എത്തിയ പലചരക്കുകാരൻ നാസറിന്‌ റേഷൻ കടക്കാരൻ ചാക്കുംപടി പഞ്ചസാര നൽകിയപ്പോൾ അതിനെ ചോദ്യംചെയ്തതാണ്‌ സൗമ്യദേവൻ...

“കുറച്ചൊന്നു പോസിറ്റീവായി ചിന്തിക്കൂ മാഷേ..? എന്തൊരു ചെലവാ..? ഇന്നത്തെക്കാലത്ത്‌ റേഷൻ കടയുമായി ഇരുന്നാൽ കുടുംബം കൊണ്ടുപോകാനൊക്കുമോ..?”

വേണ്ടായിരുന്നു വെറുതെ റേഷൻ കടക്കാരന്റെ മുമ്പിലും നാട്ടുകാരുടെ മുമ്പിലും താനൊരു നെഗറ്റീവുകാരനായി...

ഇതോടെ സൗമ്യദേവന്റെ മനസ്സിൽ പോസിറ്റീവും നെഗറ്റീവും തമ്മിലുള്ള രൂക്ഷമായ ആശയ സംഘട്ടനങ്ങളും ആരംഭിച്ചു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടംപോലെ... ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഭിന്നതപോലെ.. ഈ ലോകത്തിലെ തിന്മകളിൽ നിന്നും രക്ഷനേടാൻ ആധുനിക അന്ധകാരശക്തികൾ കണ്ടുപിടിച്ച എളുപ്പവഴിയാണ്‌ പോസിറ്റീവ്‌ പ്രയോഗം എന്ന്‌ മനഃസ്സാക്ഷി ഉറക്കെ വിളിച്ചുപറയുന്നു. എന്നിട്ടും ഇത്രയേറെ ആളുകൾ എന്തുകൊണ്ട്‌ പോസിറ്റീവുകാരായി..?

നഗരത്തിലെ പുതിയ ഷോപ്പിങ്ങ്‌ മാളിൽ ആദ്യമായി കയറിയപ്പോഴായിരുന്നു അടുത്ത അനുഭവം. സ്വന്തം നാട്ടുകാരനായ അപ്പു മേസ്തിരിയുടെ മകളും തന്റെ മുൻകാല ട്യൂഷൻ വിദ്യാർഥികളിലൊരാളുമായ രമ്യ ഒരുയുവാവിനെയും കെട്ടിപ്പിടിച്ച്‌ മാളിലൂടെ നടന്നുപോകുന്നതു കണ്ടു. രമ്യ ഹോസ്റ്റലിൽ നിന്നുകൊണ്ട്‌ നഗരത്തിലെ കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണെന്നറിയാം. എന്നാലും ഇത്രയടുത്ത പരിചയമുണ്ടായിട്ടും അപ്പു മേസ്തിരി മകളുടെ വിവാഹക്കാര്യം തന്നെ അറിയിച്ചില്ലല്ലോ..? അവളും പറഞ്ഞില്ല.. സൗമ്യദേവൻ അത്ഭുതപ്പെട്ടു. 

അടുത്തെത്തിയപ്പോൾ സൗമ്യദേവനെ നോക്കി വല്ലാതെചിരിച്ച പെൺകുട്ടിയോട്‌ മുഖത്തെ ഗൗരവം വിടാതെ ഒറ്റശ്വാസത്തിൽ മാഷ്‌ ചോദിച്ചു.

“നിന്റെ ഭർത്താവിനെന്താ ജോലി..? എന്നായിരുന്നു വിവാഹം... വിവാഹത്തിനെന്താ എന്നെ ക്ഷണിക്കാതിരുന്നത്‌..?”

“വിവാഹം കഴിച്ചതൊന്നുമല്ല സാറേ... ഞങ്ങൾ ഡേറ്റിംഗിലാ.. ഇപ്പോൾ ലിവിങ്ങ്‌ ടുഗതറിലുമാ...  ഒരു വർഷമായി ഈ സിറ്റിയിലെ ഒരേമുറിയിൽ ഒരുമിച്ചു താമസിക്കുന്നു.. ജീവിതത്തിലും ഒരുമിച്ച്‌ മുന്നോട്ടുപോകാൻ കഴിയുമെന്ന്‌ തോന്നിയാൽ ചിലപ്പോൾ രണ്ടോമൂന്നോ വർഷംകൂടി കഴിഞ്ഞ്‌ വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കും... അല്ലേടാ..?“

അതുപറഞ്ഞ്‌ പൊട്ടിച്ചിരിച്ച്‌ യുവാവിനൊപ്പം കൈപിടിച്ച്‌ മുന്നോട്ടുപോകുന്നതിനിടയിൽ തിരിഞ്ഞുനോക്കി അവൾ ഒരുകാര്യം കൂടി പറഞ്ഞു.

”സാറിതൊന്നും പോയി എന്റെ അച്ഛനോടൊന്നും പറഞ്ഞേക്കരുത്‌.. ഡേറ്റിംഗും ലിവിംഗ്‌ ടുഗതറുമൊന്നും ഇക്കാലത്ത്‌ തെറ്റൊന്നുമല്ല... കുറച്ചു പോസിറ്റീവായി ചിന്തിക്കണം... എല്ലാവർക്കുമൊപ്പം നമ്മളും ഫോർവേഡാകണം മാഷേ..“

തിയേറ്ററിലെ നീണ്ട ക്യൂവിൽ നിൽക്കുമ്പോഴാണ്‌ ടിക്കറ്റ്‌ ബുക്കുചെയ്ത്‌ ഭാര്യയേയും മൂന്നുകുട്ടികളേയും കൂട്ടി ആഢംബര കാറിലെത്തിയെ ഭരണകക്ഷിയുടെ പ്രാദേശിക നേതാവുകൂടിയായ സാമിനെ വർഷങ്ങൾക്കുശേഷം കാണുന്നത്‌. ഡിഗ്രി ക്ലാസ്സിലെ സഹപാഠിയായിരുന്നു. വാ തുറന്നാൽ നുണമാത്രം പറയുമായിരുന്ന സാം ക്യാംപസിലെ തീപ്പൊരി നേതാവുമായി. കോളജിൽ അഞ്ചിലേറെ പ്രണയങ്ങളുമായി നടന്നിരുന്ന സാമിന്റെ ഇപ്പോഴത്തെ ഭാര്യ അതിലൊന്നുമല്ലല്ലോ എന്നോർത്തപ്പോൾ സൗമ്യദേവന്റെ ഉള്ളിൽ സ്വയമറിയാതെയൊരു ചിരിയുണർന്നു.

പരിചയം പുതുക്കി പോകാനൊരുങ്ങിയപ്പോൾ വലിയൊരു സാരോപദേശകനെപ്പോലെ സാം ചെവിക്കടുത്തേക്ക്‌ മുഖമടുപ്പിച്ച്‌ മന്ത്രിച്ചു.. “ഓ... താനിതുവരെ പെണ്ണൊന്നും കെട്ടിയില്ലല്ലേ..? അന്നാ ക്യാമ്പസിൽ വച്ചുതന്നെ ഞാൻ പറഞ്ഞതാ... താനീ ആദർശവും വിശുദ്ധ പ്രണയവുമൊക്കെ മനസ്സിൽ വച്ചുനടന്നാൽ ഈ ജന്മം ഗതിപിടിക്കില്ലെന്ന്‌... ഇനിയെങ്കിലും കുറച്ചൊന്ന്‌ പോസിറ്റീവായി പ്രവർത്തിക്കാൻ നോക്ക്‌..”

സൗമ്യദേവന്റെ എല്ലാ പുതുവർഷവും ആരംഭിക്കുന്നത്‌ മറ്റുള്ളവരെപ്പോലെ ഉപേക്ഷിക്കാൻ പുകവലിയും മദ്യപാനവും പോലുള്ള ദുശ്ശീലങ്ങളൊന്നും തനിക്കില്ലല്ലോ എന്ന ചിന്തയോടെയാണ്‌. മുൻകാലങ്ങളിൽ അതേച്ചൊല്ലി അൽപം അഭിമാനവും തോന്നിയിരുന്നു. എന്നാൽ ഈയിടെയായി അതോർക്കുമ്പോൾ മനസ്സിലൊരു വിഷാദം. മറ്റുള്ളവർക്കു മുന്നിൽ വീണ്ടുമൊരു നെഗറ്റീവുകാരന്റെ കുപ്പായത്തിനുള്ളിൽ ഒതുങ്ങേണ്ടി വരുമല്ലോ എന്നൊരു ചിന്ത..!

മനസ്സിലെ ആരാധ്യരായ തത്വചിന്തകരും സത്യവാദികളുമായ സോക്രട്ടീസും ഗാന്ധിയും ക്രിസ്തുവുമൊക്കെ നെഗറ്റീവുകാരായിരുന്നോ എന്നൊരു ചിന്ത ഇപ്പോൾ മനസ്സിനുള്ളിൽ ഭീതിയുടെ ഫണം വിടർത്തിയാടുന്നു..? അതുകൊണ്ടാകാം അവരെ ജനക്കൂട്ടം തള്ളിപ്പറഞ്ഞത്‌.. വെടിവച്ചും വിഷകൊടുത്തും കുരിശിൽ തറച്ചും കൊലപ്പെടുത്തിയത്‌...? ഒന്നു പോസിറ്റീവായിരുന്നെങ്കിൽ ഈ ദുർമരണങ്ങളിൽ നിന്നൊക്കെ അവർക്ക്‌ രക്ഷപ്പെടാനാകുമായിരുന്നു? കഷ്ടം.. അന്നത്തെക്കാലത്ത്‌ പോസിറ്റീവ്‌ ഉപദേശകർ ആരും ഇല്ലാതിരുന്നതും വിനയായി.

അതിനിടെ തീർത്തും അപ്രതീക്ഷിതമായിരുന്നു പാരലൽ കോളജിലേക്കുള്ള ശ്രീലതയുടെ കടന്നുവരവ്‌... സൗമ്യദേവന്റെ കൗമാരകാല കാമുകി. കാമുകിയെന്നു മാത്രമല്ല, പഴയ നാട്ടുനടപ്പനുസരിച്ച്‌ മുറപ്പെണ്ണെന്നുതന്നെ പറയാം. അമ്മാവന്റെ മകൾ.. ജീവിതത്തിൽ ഒരിക്കലും കൈവിട്ടു പോകില്ലെന്ന്‌ കരുതിയവൾ.. എന്നാൽ അമേരിക്കക്കാരന്റെ പണക്കൊഴുപ്പിനു മുന്നിൽ താലിക്കായ്‌ ശിരസ്സുതാഴ്ത്തി ഒരു സുപ്രഭാതത്തിൽ ശ്രീലതയും ജീവിതത്തിൽ നിന്നും പടിയിറങ്ങിയപ്പോൾ, അതൊരു നെഗറ്റീവുകാരന്റെ നഷ്ടമാണെന്ന്‌ അന്നൊന്നും തിരിച്ചറിയാൻ സൗമ്യദേവനു കഴിഞ്ഞിരുന്നില്ല.

മനസ്സിനേറ്റ കനത്ത ആഘാതത്താൽ, വിഷാദരോഗത്തെ കൂട്ടുപിടിച്ച സൗമ്യദേവൻ പിന്നീട്‌ വർഷങ്ങളോളം അലഞ്ഞുനടത്തിയ ഏകാന്ത തപസ്യയിലൂടെ അതിൽനിന്നും രക്ഷപ്പെട്ട്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തുകയായിരുന്നു. ഇപ്പോഴിതാ ആ ശ്രീലത മൂന്നു ദശാബ്ദങ്ങൾക്കുശേഷം തന്നെ തിരക്കി വന്നിരിക്കുന്നു. 

“കുട്ടികളുമായി ഒന്നരമാസത്തെ ലീവിനായ്‌ വന്നതാണു ഞാൻ... വർഷങ്ങൾക്കുശേഷം ഇവിടെയെത്തിയപ്പോൾ മനസ്സിൽ നിങ്ങളുടെ ഓർമ്മകളും കടന്നുവന്നു. തിരക്കിയപ്പോൾ ഇവിടെയാണെന്ന്‌ അറിഞ്ഞു.. ഒന്നു നേരിൽ കാണണമെന്നും തോന്നി... അതാ.. വന്നത്‌..” 

മഞ്ഞുപോലെ മരവിച്ച ശബ്ദത്തിൽ ശ്രീലത അതുപറഞ്ഞപ്പോഴും സൗമ്യദേവന്റെ മനസ്സിൽ പഴയതുപോലെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയില്ല. മുഖത്തെ ചിരിമായാതെ അയാൾ പറഞ്ഞു.

“പഴയതൊക്കെ ഞാനെന്നേ മറന്നുകഴിഞ്ഞു... നീ യു.എസിൽ സുഖമായി ജീവിക്കുന്നുണ്ടെന്നും അറിഞ്ഞിരുന്നു. പിന്നെ ഇപ്പോഴിത്ര റിസ്കെടുത്ത്‌ എന്നെക്കാണാനൊന്നും വരേണ്ടിയിരുന്നില്ല.. നിന്റെ ഭർത്താവറിഞ്ഞാൽ വെറുതെ പ്രശ്നമാകില്ലേ..?” 

“സുഖത്തിനും സമ്പത്തിനും എനിക്കു കുഴപ്പമൊന്നുമില്ല.. കൊതിച്ചിരുന്ന പലതും ജീവിതത്തിൽ നേടാനായി... കോടികൾ സമ്പാദിക്കാൻ കഴിഞ്ഞു. യു.എസിലെ ഹൈ ലെവൽ ജീവിതം ആസ്വദിക്കുന്നു. പക്ഷെ, കാമുകനുള്ള കാര്യം മറച്ചുവച്ച്‌ ഞാൻ നിങ്ങളെ മാത്രമല്ലേ വഞ്ചിച്ചിരുന്നുള്ളൂ... നിങ്ങൾക്കറിയാമോ എന്റെ ഭർത്താവിനിപ്പോൾ അഞ്ചിലേറെ കാമുകിമാരുണ്ടെന്ന്‌ എനിക്കറിയാം. യു.എസ്‌ ഹൈ ലൈഫിൽ ഞങ്ങളതിനെ എക്സ്ട്രാ അഫയേഴ്സ്‌ എന്ന ഓമനപ്പേരിട്ടു വിളിക്കും. അതൊക്കെ ഇന്നത്തെ മോഡേൺ ലൈഫിന്റെ ഭാഗം മാത്രം. അതിനിടയിലും എനിക്ക്‌ നിങ്ങളെക്കുറിച്ചോർക്കുമ്പോഴാണ്‌ ദുഃഖം.. നിങ്ങളിപ്പോഴും വിവാഹംപോലും കഴിക്കാതെ താടിയും മുടിയും നീട്ടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ എന്റെ മനസ്സുനിറയെ സഹതാപം...” 

ശ്രീലതയുടെ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കി സൗമ്യദേവൻ ഒരുനിമിഷം ഊറിച്ചിരിച്ചു. പിന്നെ ഉറച്ചശബ്ദത്തോടെ പറഞ്ഞു.

“നിന്റെ ഇന്നിലെ സുഖസൗഭാഗ്യങ്ങൾ അറിയാൻ കഴിഞ്ഞതിലല്ല, എന്റെ ഇന്നിലെ ദുഃഖനൊമ്പരങ്ങളുടെ പങ്കുപറ്റാൻ നീയില്ലാത്തതിലാണ്‌ ഇന്നെനിക്ക്‌ സന്തോഷം. സന്മനസ്സില്ലാത്ത ആർക്കും ഏറ്റവുമെളുപ്പം പ്രകടിപ്പിക്കാൻ കഴിയുന്ന കാപട്യമാണ്‌ സഹതാപം. എനിക്കു നിന്റെ സഹതാപം വേണ്ട.. അതെന്റെ ചിന്തകളെപ്പോലും സ്പർശിക്കില്ല.. നിന്റെ ഹൈലെവൽ ജീവിതത്തെക്കുറിച്ചോർത്തും ഭർത്താവിനേയും കുട്ടികളേയും കുറിച്ചോർത്തും നീ സഹതപിക്കുകയോ സന്തോഷിക്കുകയോ ചെയ്തോളൂ”

“നിങ്ങൾക്ക്‌ ഇനിയെങ്കിലും ഒന്നു പോസിറ്റീവായി ചിന്തിച്ചൂടേ... നിങ്ങൾക്കും വേണ്ടേ ഒരു കുടുംബ ജീവിതം..??

ശ്രീലത അതുമുഴുമിപ്പിക്കും മുമ്പെ സൗമ്യദേവൻ അടുത്ത ക്ലാസ്സ്‌ മുറിയിലേക്ക്‌ നടന്നു കഴിഞ്ഞിരുന്നു. പഴയ കാമുകിയുടെ ഉപദേശം ചിന്താധരണിയുടെ ഏഴയലത്തുകൂടിപ്പോലും പോയില്ലെങ്കിലും കഴിഞ്ഞമാസം സ്കൂട്ടറിൽ നിന്നുവീണ്‌ കാലൊടിഞ്ഞപ്പോഴാണ്‌ വിവാഹിതൻ അല്ലാത്തതിന്റെ ബുദ്ധിമുട്ട്‌ സൗമ്യദേവൻ നന്നായി മനസ്സിലാക്കിയത്‌. ഒരുകൈ താങ്ങാകാൻ കൂട്ടിനൊരാളില്ലാത്തതിന്റെ പ്രയാസം ജീവിതത്തിൽ അന്നാദ്യമായി അനുഭവിച്ചറിഞ്ഞു. അസുഖങ്ങൾ വേട്ടയാടുന്ന ഇത്തരം ഘട്ടങ്ങളിൽ എപ്പോഴും ആശ്രയമായിരുന്ന അമ്മയും ഇപ്പോൾ തീരെ അവശയായി മാറിയിരിക്കുന്നു.

പിന്നെ വൈകിയില്ല.. അമ്മയുടെ കൂടി നിർബന്ധത്താൽ വിവാഹാലോചന ഊർജ്ജിതമാക്കി. അന്വേഷണങ്ങൾക്ക്‌ ഫലമുണ്ടായി. പെണ്ണുകണ്ടു... പെണ്ണിനെ ഇഷ്ടപ്പെടുകയും ചെയ്തു. അപ്പോഴാണ്‌ പെണ്ണിന്റെ അച്ഛന്റെ വായിൽനിന്ന്‌ ഒരു കൊള്ളിയാൻപോലെ ആ വാചകം..!

“എന്തായാലും ലേറ്റ്‌ മാര്യേജല്ലേ..? ഇത്രയും നാൾ ഒറ്റയ്ക്കു ജീവിച്ച വ്യക്തിയല്ലേ..? എനിക്കങ്ങനെ വേറെ ഡിമാൻന്റൊന്നുമില്ല.. മനസ്സമ്മതത്തിനു മുമ്പ്‌ എച്ച്‌.ഐ.വി ടെസ്റ്റ്‌ നടത്തിയ ബ്ലെഡ് റിപ്പോർട്ട്‌ ഒന്നുകാണണം.. അത്രമാത്രം.. അല്ല.. ജീവിതത്തിൽ ആള്‌ പോസിറ്റീവാണോയെന്ന്‌ ഒന്നറിയട്ടെ..”

ഒടുവിൽ എച്ച്‌.ഐ.വി ടെസ്റ്റും നെഗറ്റീവായി തന്നെ വെല്ലുവിളിച്ചിരിക്കുന്നു... സമയം സായന്തനമായതിനാൽ ആളുകളൊഴിഞ്ഞ്‌ ആശുപത്രിയും ഏകാന്തമായിത്തുടങ്ങി. വിശ്രമമുറിയിൽ എന്തുചെയ്യണമെന്നറിയാതെ അപ്പോഴും കുത്തിയിരുന്നു സൗമ്യദേവൻ മാഷ്‌.. ജീവിതത്തിൽ ഇതാദ്യമായി ഇരുകണ്ണുകളിൽ നിന്നുമുതിർന്ന നീർത്തുള്ളികളാൽ കൈയിലിരുന്ന നെഗറ്റീവ്‌ ബ്ലെ‍ഡ് ടെസ്റ്റ്‌ റിസൾട്ട്‌ പേപ്പറും കുതിർന്നുകലങ്ങി.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.