Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എം.എൻ. കാരശ്ശേരിയെ ബാധിച്ചത് കാരിയറിസം എന്ന ഫാസിസം' കെ.പി.രാമനുണ്ണി

ramanunni-karassery

കാരിയറിസം എന്ന ഫാഷിസം എം.എൻ. കാരശ്ശേരിയെ കീഴടക്കിയിരിക്കുന്നുവെന്ന് കെ.പി. രാമനുണ്ണി. ആനുകാലിക മാസികയിൽ തനിക്കെതിരെ എംഎൻ കാരശ്ശേരി നടത്തിയ ആരോപണങ്ങൾക്കാണ് കടുത്തഭാഷയിലുള്ള രാമനുണ്ണിയുടെ മറുപടി. ഭൂരിപക്ഷ ഫാഷിസത്തിന്റെയും ന്യൂനപക്ഷ ഫാഷിസത്തിന്റെയും ഹിംസകൾക്കെതിരെ കയർക്കുന്ന കാരശ്ശേരി കള്ളം പറഞ്ഞ് സഹപ്രവർത്തകരെ താറടിക്കുക എന്ന കടുത്ത ഹിംസയാണ് ഇപ്പോൾ നടത്തുന്നതെന്നും രാമനുണ്ണി ആരോപിക്കുന്നു. 

പ്രമുഖ നോവലിസ്റ്റ് കെ.പി.രാമനുണ്ണിയും സാമൂഹിക വിമർശകനായ കാരശ്ശേരിയും ഏതാനും വർഷങ്ങളായി വാക്കുകളിലൂടെ നടത്തുന്ന ഏറ്റുമുട്ടലിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമർശനങ്ങൾ. കഴിഞ്ഞലക്കം മാസികയിൽ (പച്ചക്കുതിര) തനിക്കെതിരെ കാരശ്ശേരി പേരുപറഞ്ഞ് നടത്തിയ പരാമർശങ്ങളാണ് രാമനുണ്ണിയെ ചൊടിപ്പിച്ചത്. ‘മഹാത്മജിയെപിടിച്ച് ആണയിടുന്ന കാരശേരി എന്നെപ്പറ്റി പച്ചക്കള്ളങ്ങളാണ് അഭിമുഖത്തിൽ പറയുന്നതെ’ന്ന് രാമനുണ്ണി വിമർശിക്കുന്നു. 

‘കെ.പി.രാമനുണ്ണി ഇറോം ഷർമിളയ്ക്കു വേണ്ടി നിരാഹാരം കിടന്നെങ്കിലും തന്റെ നാടായ പൊന്നാനിയിൽ സ്ത്രീകൾ കണ്ണും മൂടിക്കെട്ടി നടക്കുന്നതിൽ വേവലാതിയില്ലെ’ന്ന് കാരശേരി പറഞ്ഞിരുന്നു. ഈ ആരോപണത്തിന് രാമനുണ്ണിയുടെ മറുപടി ഇങ്ങനെ: അഫ്സ എന്ന കിരാത നിയമത്തിനെതിരെ പതിറ്റാണ്ടിലധികം നിരാഹാരം അനുഷ്ഠിച്ച ഇറോം ഷർമിളയെ പിന്തുണച്ചത് പർദപ്രശ്നവുമായി കൂട്ടിക്കുഴച്ച് സ്ത്രീകൾ കണ്ണും മൂടിക്കെട്ടി നടക്കുന്നതിന് ഞാൻ അനുകൂലമാണെന്ന് വരുത്തിത്തീർക്കുന്നതിൽ തീർച്ചയായും സത്യവിരോധമുണ്ട്. 

‘ജമാഅത്തെ ഇസ്ലാമിയുടെ വേദികൾ പങ്കിടുകയും അവരുടെ സൗജന്യങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതും ഇസ്ലാമിനോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ എന്തുകൊണ്ട് മുസ്ലീം ലീഗ് വേദികളിൽ പോകുന്നില്ല’ എന്നും കാരശ്ശേരി ചോദിച്ചിരുന്നു. ഈ ആരോപണത്തെ ശുദ്ധകളവെന്ന് രാമനുണ്ണി വിശേഷിപ്പിക്കുന്നു. താൻ കൂടുതലും പങ്കെടുത്തിട്ടുള്ളത് ലീഗ്– യൂത്ത് ലീഗ് വേദികളിലാണെന്ന് പരിപാടികളുടെ എണ്ണം നിരത്തി രാമനുണ്ണി മറുപടി നൽകുന്നു. ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും ഒരു വിശ്വാസി’ എന്ന തന്റെ ദീർഘലേഖനം പതിനായിരക്കണക്കിന് കോപ്പികളാണ് നന്നമ്പ്ര യൂത്ത് ലീഗ് കമ്മിറ്റി അച്ചടിച്ചു വിതരണം ചെയ്തത്. ഇടതു പാർട്ടികളുടെ നിരവധി വേദികളിലും സ്ഥിരമായി പങ്കെടുക്കുന്നത് കാരശ്ശേരി കാണാത്തതിൽ ദുരൂഹതയുണ്ട്. വ്യക്തിഹത്യ നടത്താനാണ് കാരശേരി ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കേരളത്തിലെ ഒന്നോ രണ്ടോ അൾട്രാ സെക്യുലറിസ്റ്റ് എഴുത്തുകാർ ഒഴികെയുള്ളവർ ജമാഅത്തെ ഇസ്ലാമിയുടെ വേദി പങ്കിടാറുണ്ട്. എന്നിട്ടും വിമർശനം തനിക്കു നേരെ മാത്രം. ഫാഷിസത്തേക്കാൾ വിനാശകാരിയായ കാരിയറിസത്തിന്റെ ബാധയാണ് ഇതിനു കാരണം. അതു ബാധിച്ചവർക്ക് കർമമണ്ഡലത്തിൽ പ്രതിയോഗി മാത്രമേ ഉണ്ടാവൂ. ഇപ്പോൾ പ്രതിയോഗിയായി സങ്കൽപ്പിച്ചിരിക്കുന്നത് തന്നെയാണ്. അതിനാലാണ് കാരശ്ശേരി തനിക്കെതിരെ കുറെക്കാലമായി ആക്രമണം നടത്തുന്നത്.

പ്രവാചകനോടും ശരിയായ ഇസ്ലാമിനോടും തനിക്ക് സ്നേഹമാണെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ ‘എന്നാൽ അതിലങ്ങ് ചേർന്നൂടേ’ എന്നാണ് കാരശേരി പുച്ഛഭാവത്തിൽ മറുപടി പറഞ്ഞത്. കാരിയറിസം കാരശ്ശേരിയെ എത്രത്തോളം ഹിംസോത്സുകനാക്കിയിട്ടുണ്ടെന്ന് മാസികയുടെ അവസാന താളിൽ കൊടുത്തിട്ടുള്ള ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായും രാമനുണ്ണി പരിഹസിക്കുന്നു. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം