Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ദിനമൊന്ന് അവസാനിച്ചിരുന്നെങ്കില്‍...

divorce-1

ചുറ്റും ഇരുട്ട് പാകിയ അസ്തമയ സൂര്യനെ, ആര്‍ത്തിരമ്പുന്ന തിരമാലകൾ പൂര്‍ണ്ണമായും വീഴുങ്ങുന്നതിനു മുമ്പേ, ഞാനും ദാസും പൂര്‍ണ്ണമാക്കാത്ത കുറെ വാക്കുകള്‍ മൗനത്തിനു വിട്ടുകൊണ്ട് യാത്ര പറഞ്ഞു. വെറും അഞ്ചുമാസത്തെ പ്രണയം. തുടര്‍ന്ന് പ്രണയം നടിച്ചിരുന്ന മൂന്ന് വര്‍ഷത്തെ ദാമ്പത്യം. അതാണവിടെ അവസാനിച്ചത്..

ഇതിനിടയില്‍ ആര്‍ക്കാണ് പിഴച്ചത്? പ്രായം കൂടുന്തോറും വിവാഹം അന്യമാകുന്നൊരു വേളയിലാണ് ദാസുമായി ഞാന്‍ പ്രണയത്തിലാവുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാവുന്നത് എന്നു പറയുന്നതാവും ശരി. അല്ലെങ്കില്‍ എന്നെക്കാളും പത്ത് വയസ്സോളം കൂടുതലുള്ള ഒരാളുമായി ഞാനിത്ര വേഗം അടുക്കുമോ?

വെറും സൗഹൃദമായിരുന്നു അത്. കൂടെ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹം, ഞാൻ ജോലിക്കു പ്രവേശിച്ചതിന്‍റെ മൂന്നാം നാള്‍ വൈകുന്നേരം, എന്നെ മാത്രമായി ഒരു ചായ സൽക്കാരത്തിനു ക്ഷണിച്ചു. പിന്നീടാണ് ബന്ധം വളര്‍ന്നത്. ചായ സൽക്കാരം ചെന്നെത്തിയത് സിറ്റിയിലെ ഏറ്റവും മികച്ച ഹോട്ടലിലെ ഒരു രാത്രിയിലേക്കായിരുന്നു. അവസാനിച്ചോ അവിടെ എല്ലാം? ഇല്ല. പിന്നീടായിരുന്നു വിവാഹം. 

എന്‍റെ വീട്ടുകാരോ ദാസിന്‍റെ വീട്ടുകാരോ എതിര്‍പ്പു പറഞ്ഞില്ല. സഹപ്രവര്‍ത്തകരാരും തന്നെ വ്യക്തമായ ഒരഭിപ്രായപ്രകടനവും നടത്തിയില്ല. പ്രായം മുപ്പത്തഞ്ചു കഴിഞ്ഞ, പ്രത്യേകിച്ച് യാതൊരു ഭംഗിയും തോന്നാത്ത, മെലിഞ്ഞു കറുത്ത ഹീരാ നായർ എന്നു പേരുള്ള എന്നെ തടിച്ചു വെളുത്ത മുഖത്തു ചുവന്ന മുഖക്കുരുവുള്ള, പ്രായം നാല്‍പത്തിയഞ്ച് കടന്നെങ്കിലും കാഴ്ചയില്‍ യാതൊരു കുറവുകളും തോന്നാത്ത രമണ്‍ദാസ് നായര്‍ എന്ന ദാസ്, നൂലില്‍ കോർത്തൊരു താലി കെട്ടുകയായിരുന്നു. പിന്നെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു നേരത്തെ സദ്യയും നല്‍കി രജിസ്റ്റര്‍ വിവാഹവും ചെയ്തു..

ഇതിലെന്താണ് പുതുമ? വിവാഹം ഏതൊരു മനുഷ്യനും പറഞ്ഞിട്ടുള്ളതല്ലേ? വിവാഹത്തിനു മുമ്പ് അയാളുമായി ശരിരം പങ്കിട്ടു എന്നതിനാണോ ഇവിടെ പ്രാധാന്യമുള്ളത്? അതു ഞങ്ങള്‍ രണ്ടാളും മാത്രമല്ലേ അറിഞ്ഞുള്ളു? ശരിയാണ് 'ഞങ്ങള്‍' രണ്ടു പേര്‍. 'ഞാന്‍' എന്നും 'നീ' എന്നും പറഞ്ഞവര്‍. വെറും അഞ്ചു മാസത്തെ അടുപ്പം കൊണ്ട് 'നമ്മള്‍' എന്ന വാക്കുണ്ടാക്കാൻ ശ്രമിച്ചവര്‍. ഇതെല്ലാം മനസ്സിലാക്കാന്‍ എനിക്കു മൂന്നു വര്‍ഷങ്ങള്‍ വേണ്ടി വന്നു. 

വിവാഹ ശേഷമാണ് എന്നില്‍ മാത്രം ഒതുങ്ങിയ ചിലതിനെ ദാസ് പറിച്ചെറിയാന്‍ ശ്രമിച്ചത്. ഒറ്റക്കിരിക്കാന്‍ ആഗ്രഹിച്ച വഴികളില്‍ എനിക്കൊപ്പം ദാസും കൂട്ടിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റു. പാതി വെളുത്ത പകലില്‍ പാടത്തുകൂടി നടക്കാന്‍ ദാസെനിക്ക് വഴികാട്ടിയായി കൂടെ വന്നു. രാത്രി ഏറെ വൈകിയും ഉറക്കം വരാതെ പ്രണയ നോവലുകൾ വായിച്ചിരുന്ന എനിക്കരികില്‍ ദാസ് പ്രണയം വരച്ചു കാട്ടിത്തന്നു. എനിക്ക് എന്‍റെ സ്വകാര്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട മൂന്നു വര്‍ഷങ്ങള്‍.

നാട്ടിൻപുറത്തുകാരി പെണ്ണിന്‍റെ ബാല്യത്തില്‍ നിന്നും ചോരതുളുമ്പിയ കൗമാരവും പലതും മോഹിച്ച യൗവനവുമെല്ലാം എന്നില്‍ നിന്നും തുടച്ചു നീക്കപ്പെട്ടതു പോലെ തോന്നി. ഞാന്‍ എന്ന വാക്കില്‍ നിന്നും നമ്മള്‍ എന്ന വാക്കിലേക്കുള്ള എന്‍റെ പ്രവേശനം പോലും വേണ്ടിയിരുന്നില്ല എന്നു തോന്നിയ കുറേ ദിനങ്ങള്‍. മകള്‍ എന്ന പദവിയില്‍ നിന്നും ഭാര്യ എന്ന പദവിയിലേക്ക്... അവിടെ നിന്നും അമ്മയിലേക്കുള്ള മാറ്റമായിരുന്നു ദാസിനു വേണ്ടിയിരുന്നത്.. 

തെറ്റു പറ്റിയത് എനിക്കാണ്. എനിക്കത് നിഷേധിക്കപ്പെട്ടിരിന്നു. പ്രായത്തിന്‍റെ മൂപ്പിൽ‍ ചിന്നിച്ചിതറിയതായിരുന്നില്ല അത്. മറിച്ച് അതിനെ ഞാന്‍ എന്നേക്കുമായി പറിച്ചെറിയുകയായിരുന്നു. പ്രണയം....... ഒരിക്കല്‍ ഞാന്‍ പ്രണയിച്ചിരുന്നു. പക്ഷേ അതവസാനിച്ചു. അങ്ങനെ പറയാനെ ഇനി കഴിയൂ... പ്രണയം അന്ന് എന്നെ കൊണ്ടു പോയത് കിലുക്കമുള്ള ചങ്ങലക്കൂട്ടങ്ങൾക്കിടയിലേക്കായിരുന്നു. "നാട്ടിൻ‍പുറത്തെ വായാടി പെണ്ണ് പിഴച്ചു പോയിരിക്കുന്നു! എങ്ങു നിന്നോ വന്ന തറവാട്ടിലെ ആനക്കാരനില്‍ നിന്നും പെണ്ണു ഗര്‍ഭം ധരിച്ചിരിക്കുന്നു !"

തറവാടു മുഴുവനും അപമാനത്തിന്റെയും കുത്തുവാക്കുകളുടേയും അപസ്വരം മുഴങ്ങി.

ദേവൻ.‍ ഒരിക്കല്‍ എന്നിലെ എന്നെ പൂര്‍ണ്ണമായും അറിഞ്ഞ എന്‍റെ ദേവേട്ടന്‍. പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ്. കടന്നു വരുന്ന വഴിയും തിരിച്ചിറങ്ങുന്ന വഴിയും നാം കണ്ടെന്നു വരില്ല. തികച്ചും അപരിചിതമായ വഴികളിലൂടെ ഒന്നിച്ചു നടന്നു നീങ്ങുന്നു. എവിടെയോ ഒരിക്കല്‍ അതു നഷ്ടമാവും. ചിലരില്‍ അപ്പോഴേക്കും ഒന്നും ബാക്കിയുണ്ടാവില്ല. അതാണ് എനിക്കെന്‍റെ പ്രണയത്തിലും സംഭവിച്ചത്. പൂര്‍ണ്ണമായും എന്നിലേക്ക് ഞാന്‍ ദേവേട്ടനെ അടുപ്പിച്ചു. വരുംവരായ്കകളെ കുറിച്ചൊക്കെ ഏറെ അറിയാമായിരുന്നിട്ടും ഒന്നിച്ചു ജീവിക്കണമെങ്കില്‍ ഇതാണ് വഴിയെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പകര്‍ന്നു തന്ന മോഹത്തിന്‍റെ ഓരോ തലോടലിലും അലിഞ്ഞു ചേര്‍ന്ന എന്നിലെ പ്രണയം... പക്ഷേ, തളര്‍ന്നു വീണു കഴിഞ്ഞിരുന്നു ഞാൻ. ആനക്കാരന്‍ എന്റെ മുന്നിൽ വെറുമൊരു അപരിചിതനായി. ഇതറിഞ്ഞ തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ മുതല്‍ ഇളയവര്‍ വരെ പെണ്ണിന്‍റെ മാനം കവര്‍ന്നു കടന്നു കളഞ്ഞവനെ പഴി പറഞ്ഞില്ല. പിഴച്ച കുഞ്ഞിനെ കളയല്ലേ എന്ന പെണ്‍ക്കരച്ചിലിനവർ കാതോര്‍ത്തുമില്ല.

ഒരു പ്രളയം തീര്‍ത്ത് പേമാരി പെയ്തു തോര്‍ന്ന പോലെ എല്ലാം അവസാനിച്ചു. പുറത്താരും അറിയാതെ പട്ടണത്തിലെ കൂറ്റന്‍ ആശുപത്രിയില്‍ ഒരു പെണ്ണിന്‍റെ കരച്ചില്‍ ഉയര്‍ന്നു. അതു പിന്നെ പൊട്ടിച്ചിരിയായി. കാലില്‍ തുരുമ്പു പിടിച്ച ചങ്ങല, പതിനാറു വയസ്സില്‍ നിന്നും ഇരുപതു വയസ്സുവരെ, വ്രണങ്ങൾ തീര്‍ത്തു. പൊള്ളുന്ന വേദനയില്‍ അടിവയറ്റില്‍ തുണിചുറ്റി അടിയാത്തിയെ പോലെ പിന്നാമ്പുറ കോലായില്‍ ചിരുണ്ടു കിടക്കേണ്ടി വരുന്ന ഭയം പോലും മനസ്സിലില്ലാതായി .

പെണ്ണെന്ന പേരുറയ്ക്കാനുള്ള ഗര്‍ഭപാത്രവും നീക്കം ചെയ്തു. എല്ലാം മറന്നു ജീവിക്കാന്‍ സ്വയം പറിച്ചു നട്ടു. മുപ്പത്തിയഞ്ചു കടന്നിട്ടും ഭ്രാന്തമായി പ്രണയം തോന്നിയ ആനക്കാരന്‍, മനസ്സില്‍ ചിലപ്പോൾ പഴയ പതിനാറുകാരിയെ ഓര്‍മ്മിപ്പിക്കും. അപ്പോഴൊക്കെ അടിവയറ്റില്‍, ഇരുമ്പു തുളയ്ക്കുന്ന വേദനയുണ്ടാകാറുണ്ട്.

നാട്ടിലേക്കുള്ള പോക്കുപോലും കുറച്ചു. നാടും തറവാടും മറന്നു. മുറ്റത്തേ പത്തായപുരയില്‍ നിന്നും ഇടയ്ക്ക് ഒരാനക്കാരന്‍റെ മണം വരുന്നതു മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചു. ഒരു തുലാവര്‍ഷ രാത്രിയിൽ, പുതപ്പിനടിയില്‍ ചൂടു പകര്‍ന്ന പ്രണയത്തെ കണ്ണുനീർ കൊണ്ടു മായ്ച്ചു കളഞ്ഞു. ആനക്കാരന്‍റെ കൂര്‍ത്ത പൊടിമീശ വിടര്‍ത്തിയ ചിരിമുഖം നിറഞ്ഞുനിന്ന രാവുകൾ..

പലപ്പോഴും നിദ്ര പോലും എന്നിലേക്ക് വരാതെയായി....

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഇതെല്ലാം മറ്റൊരാളിലേക്ക് പറിച്ചു നടുകയായിരുന്നു ഞാൻ.. പതിനാറുകാരന്‍റെ ചുടേറ്റതു മറക്കാന്‍ ഇരട്ടി പ്രായമുള്ളവന്‍റെ ചുടേറ്റു കിടന്ന മൂന്ന് വര്‍ഷങ്ങള്‍. സ്ഥാനകയറ്റം മോഹിച്ച അയാളെയും ഞാന്‍ വഞ്ചിച്ചു. ഒന്നും തുറന്നു പറയാതെ എന്നിലേക്ക് ഒതുങ്ങിക്കൂടി. 

ദാസിന് അതില്‍ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. എന്‍റെ വാക്കുകളില്‍ പൂര്‍ണ്ണത വരുംമുമ്പേ ദാസിതു പ്രതീക്ഷിച്ചു പോലും..

”ഈ ഒറ്റപ്പെടല്‍ ഹീരക്ക് ചേര്‍ന്നതല്ല. ഒന്നിനും ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. പക്ഷേ ഹീര എനിക്കൊപ്പം വേണമെന്നു ഞാനാഗ്രഹിക്കുന്നു. കഴുത്തിലെ താലിയോടുള്ള കടമ നിറവേറ്റനായി കൂടെ വരണമെന്നില്ല. മറിച്ച് മൂന്നു വര്‍ഷങ്ങൾക്കു ശേഷം, ഹീര രാമണ്‍ദാസ് ഹീര നായരായി വീണ്ടും മാറുന്നതിനുമുമ്പ് ഒരിക്കല്‍.. ഒരിക്കല്‍ മാത്രം ഞാനതാഗ്രഹിക്കുന്നു. ഹീര ഒരു ദിവസം എനിക്കൊപ്പം വേണമെന്ന്”

ഈ വാക്കുകളില്‍ ഒന്ന് വ്യക്തമാണ്. പലർക്കും, പ്രണയം ഒരു പുതപ്പിനടിയില്‍ ഉടലിനോടു മാത്രം തീര്‍ത്തു പൊഴിഞ്ഞു പോകുന്ന ഒന്നാണ്..

"ഇല്ല ദാസ്.. എല്ലാം അവസാനിച്ചു. ഹീരയിലെ ശരിരഭംഗിയും അവസാനിച്ചു... ഇതിവിടെ പൂര്‍ണ്ണമാവട്ടെ..."

* * * * * * 

നാളെ ഓഫിസിൽ ചെല്ലുമ്പോള്‍ ദാസ് എനിക്കാരായിരിക്കും? എന്‍റെ കൂടെ ജോലി ചെയ്യുന്ന സീനിയര്‍ ഓഫിസര്‍ രാമണ്‍ദാസോ? അതോ എന്റേതു മാത്രമായ ജീവിതത്തില്‍ ഇന്നലെ വരെ എന്‍റെ പാതിയായിരുന്ന ദാസോ?

ഇനിയെഴുതാനൊന്ന് മാത്രമെ ബാക്കിയുള്ളു. ഒരു ഒറ്റവരിക്കവിത. ഒരിക്കല്‍ മാത്രം എഴുതി, തിരുത്താന്‍ കഴിയാത്ത ഒരു വരി കവിത. അതെന്‍റെ മരണമായിരിക്കട്ടെ...

Malayalam Short StoriesMalayalam literature interviews,Malayalam Poems         


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.