Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഥി

athidhi-story-1 Representative Image

"ഒരിക്കലും പ്രതീക്ഷിക്കാതെ വിരുന്നിനു വരുന്ന അതിഥി ആണ് മരണം. ഒന്നും ബാക്കി വെക്കാതെ എല്ലാം തകർത്തെറിഞ്ഞു കളഞ്ഞ ശേഷം, ആതിഥേയനെയും കൊണ്ട് കടന്നു കളയുന്ന അതിഥി. ആ നിമിഷം എത്ര ഭയാനകം..."

ജോലിയിൽ തിരക്കോടു തിരക്ക്. തിരക്കിന് അവസാനമില്ലാതായപ്പോൾ അവൾ ഇനിയെന്തെന്നറിയാതെ മുകളിലേക്ക് നോക്കി ഒരേ ഇരുപ്പ്. 

കൈയിലുണ്ടായിരുന്ന പെൻസിൽ തിരുകിവച്ച് മുടി മുകളിലേക്ക് ഉയർത്തി കെട്ടി. പിന്നെ, പെൻസിൽ മാറ്റി, വീണ്ടും മുടി താഴേക്ക്, വീണ്ടും മുകളിലേക്ക്. ചിന്തയുടെ ആക്കം കൂടും തോറും, ഈ പ്രവർത്തി തുടർന്ന് കൊണ്ടേയിരുന്നു അവൾ.

പെട്ടെന്ന്, ആരുടെയോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. 'എടോ, താൻ എന്താ ഈ ചെയ്യുന്നത്? പെൻസിൽ മാറ്റല്ലേ, നല്ല ഭംഗിയുണ്ട്, ഒരു പൂവ് കൂടെ ചൂടിയിരുന്നെങ്കിൽ, ആഹാ ! " അടുത്ത ക്യാബിനിൽ നിന്ന് രോഹിത്‌ജി.

ഇതെന്തൊരു കഥ, പെൻസിൽ മാറ്റി വച്ച്, ക്യാബിൻ പൂട്ടി, ലിഫ്റ്റിനടുത്തേക്കോടുമ്പോൾ, അവൾ ഓർത്തു, രോഹിത്‌ജി, ഇയാൾക്കിതെന്തു പറ്റി? ഏകാന്തപഥികന് അവസ്ഥന്തരമോ? 

വയസ്സ് മധ്യം കടന്നെങ്കിലും, പ്രൗഢിക്ക് കുറവൊട്ടുമില്ല. ഇഷ്ടനിറമായ നീലഷർട്ടും, ഇളം ക്രീം നിറമുള്ള പാൻസും ധരിച്ച രോഹിത്‌ജി. ഗൗരവം കൂട്ടാൻ നല്ലൊരു കണ്ണടയും, കടും നീല നിറമുള്ള ടൈയും. പിന്നെ, തിളങ്ങുന്ന കറുത്ത ഷൂസും.

എന്താണെന്ന് അറിയില്ല, ആ സായാഹ്നത്തിന് ശേഷം, എന്നും രാവിലെ രോഹിത്‌ജി അവളുടെ ക്യാബിനിൽ ചെന്നിരുന്നു. എന്നും, അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടിട്ടാണ് അദ്ദേഹം ജോലികൾ ആരംഭിച്ചിരുന്നത്.

"എന്ത് കൊണ്ടാണിത്ര സ്നേഹം. ഇത്രയും സ്നേഹം ഒരു കുടുംബത്തിന് നൽകാമായിരുന്നില്ലേ?" അവസരങ്ങൾ കിട്ടിയപ്പോൾ എല്ലാം അവൾ അദ്ദേഹത്തോട് ചോദിച്ചു, ഒരു നറുപുഞ്ചിരി ആയിരുന്നു മറുപടി.

ഒരിക്കൽ അദ്ദേഹം മനസ്സുതുറന്നു... ഒരു യാത്രയുടെ കഥ...

യാത്രകൾ എന്നും ഇഷ്ടമായിരുന്നു രോഹിത്തിന്.

അങ്ങനെ, വർഷങ്ങൾക്കു മുൻപ് ഒരു യാത്രയിൽ ആണ് രോഹിത്‌ജി കണ്ടുമുട്ടിയത്, ഒരു സ്വപ്നസുന്ദരിയെ. 

അമൃത, ഇരുനിറം, നീണ്ടമുടി കഴുത്തിന് മുകളിൽ ഭംഗിയായി ഒതുക്കി കെട്ടി, പിച്ചിപ്പൂ ചൂടി, നീല പട്ടു സാരിയിൽ, ശോഭപകരുന്ന വൈഡൂര്യ കമ്മലും, മൂക്കുത്തിയും.  

ആ യാത്രയുടെ അവസാന ദിനം, പ്രതീക്ഷയുടെ ആദ്യ ദിനം. 

പിന്നീട് ഉള്ള രോഹിത്‌ജിയുടെ യാത്രകൾ എല്ലാം അമൃതയിലേക്കു ആയിരുന്നു. ദേശഭാഷകളുടെ അന്തരം ഭേദിച്ച്.

അടുപ്പം അറിഞ്ഞവർ എതിർപ്പ് പറയാതിരുന്നപ്പോൾ, ജീവിതം നങ്കൂരമിടുന്ന പോലെ. തീരെ പ്രതീക്ഷിക്കാതെ, തീരുമാനങ്ങൾക്കു ചില മാറ്റങ്ങൾ. യാഥാസ്ഥിതികരുടെ വിജയം.

വേദനയോടെ ആണെങ്കിലും, അമൃതയുടെ നെറ്റിയിൽ മറ്റൊരാൾ സിന്ദൂരം ചാർത്തുന്നത് കാണുവാൻ രോഹിത്‌ജി പോയിരുന്നു. പിന്നീട്, മകന് പിറന്നാൾ ആശംസിക്കുവാനും, അവന്റെ വിവാഹത്തിനും, എല്ലാം. രോഹിത്‌ജി ഒരു അതിഥിയായെത്തി. ഒരു പക്ഷേ, പിറക്കാതെ പോയ മകനെന്ന് അവനെക്കുറിച്ചു കരുതിയിരിക്കാം.

ആ കഥയിലെ നായിക, അവരുമായി സാമ്യം തോന്നിയത് കൊണ്ട്, അല്ലെങ്കിൽ, ഒരു സാന്ത്വനം, അതായിരിക്കാം ആ സുഹൃത്ബന്ധത്തിന്റെ തുടക്കം. 

കൈമാറിയതെന്തെല്ലാം, ഉപഹാരങ്ങൾ, സ്നേഹനിമിഷങ്ങൾ, എന്നും സഹചാരി... നല്ല മിത്രം... മറക്കാതെ, ജന്മദിനത്തിനും, വിവാഹവാർഷികത്തിനും സന്ദേശങ്ങൾ... എല്ലാം ഓർക്കുന്ന രോഹിത്‌ജി...

പുകച്ചുരുളുകൾ ആത്മാവിനു സ്വൈര്യം നൽകുമെന്ന് കരുതിയിരുന്നു രോഹിത്‌ജി. പിണങ്ങിയിരുന്നു അവൾ, എങ്കിലും അദ്ദേഹത്തിനൊപ്പം യാത്രകളുടെ കഥകൾ കേട്ട്, റൂഫ് ടോപ്പിൽ സിഗാറുമായി ഒരു സ്വൈരവിഹാരം. 

ജോലി തിരക്കുകൾ, ജീവിത തിരക്കുകൾ, പലരും, പലതും വന്നു പോയ്, അപ്രതീക്ഷിത സ്ഥാനചലനങ്ങൾ, പിരിമുറുക്കങ്ങൾ, വേദനകൾ... 

എങ്കിലും, എപ്പോഴൊക്കെയോ, എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയും, കഥകൾ പറഞ്ഞും, കഴിഞ്ഞു പോയത് രണ്ടു പതിറ്റാണ്ടുകൾ. 

അന്നും എന്നത്തേയും പോലെ തന്നെ കരകവിഞ്ഞൊഴുകുന്ന സ്നേഹം. നീല കണ്ണുകളുള്ള പ്രിയമിത്രം, ചിരിച്ചു കൊണ്ടാണ് ചോദിച്ചത്, "നിനക്കും നീലനിറം ഇത്ര ഇഷ്ടമാണോ?"

നീലകുപ്പിവളകൾ കിലുക്കി ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു, "അതെ, എനിക്ക് പ്രിയപ്പെട്ടതാണ് നീലനിറം, ഇത് കണ്ടോ, നീല ഷൂസ്, നീല സൽവാർ, നീല വളകൾ, ദില്ലിയിൽ നിന്നാണ്, ഇനി അവിടേക്കു യാത്ര പോകുമ്പോൾ മറക്കാതെ വാങ്ങി വരണം." 

രണ്ടു നാൾ കഴിഞ്ഞതും, അതിഥി വന്നു. നീലിച്ച മുഖവുമായി, രോഹിത് ജി യാത്രയായി. ആരോടും പറയാതെ... 

ഇത്രയും പെട്ടെന്നു ഇങ്ങനെ ഒരു യാത്ര? ബാക്കി വച്ചു പോയത് എത്രയോ യാത്രകൾ...

അണിയിക്കുവാനുള്ള നീല നിറമുള്ള ഷർട്ടും, ടൈയുമെല്ലാം, അവൾ തന്നെയാണ് എടുത്തു കൊടുത്തത്. പിറന്ന മണ്ണിലേക്ക് തിരിച്ചുള്ള യാത്ര. 

ഉറപ്പാണ്, അവിടെയുണ്ട്, നീലക്കണ്ണുകളുള്ള രാജകുമാരൻ, ഒരു നീല നക്ഷത്രമായി, നീലനഭസ്സിൽ, കാണാമറയത്ത്...

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.