ചാവേറുകൾ

ഞങ്ങൾ ചാവേറുകൾ. ആൾക്കൂട്ടത്തിനിടയിൽ സ്വയം പൊട്ടിത്തെറിച്ച് ആൾകൂട്ടത്തിൽ ചിലരോടൊപ്പം ഇല്ലാതാകുന്നവർ.

ആരൊക്കെയായിരുന്നു കൂടെ. നിശ്ചയമില്ല. പണത്തിനും പ്രശസ്തിക്കും, പട്ടിണി മാറ്റുവാനും, അമ്പലങ്ങളിലും, ആശുപത്രികളിലും, വിദ്യാലയങ്ങളിലും, ജോലിക്കുമായി വിവിധയിടങ്ങളിലേക്കുള്ള യാത്രകളുടെ വഴിമധ്യേ ആയിരിക്കണം അവരും ഞങ്ങളോടപ്പം പൊട്ടി തെറിച്ചത്.

പക്ഷെ ഞങ്ങൾക്ക് വഴി തെറ്റിയില്ല. മുൻ കൂട്ടി ഉറപ്പിച്ച ലക്ഷ്യ സ്ഥാനത്ത് എത്തി, അതാണ് അവസാനത്തെ പോയിൻറ് എന്ന് ഉറപ്പിച്ചതിന് ശേഷം തന്നെയാണ് വിരലുകൾ ബട്ടണുകളിലേക്ക് അമർന്നത്. അതുറപ്പിച്ചത് തന്നെയായിരുന്നു. അതായിരുന്നു ലക്ഷ്യവും.

അരയിൽ ബെൽറ്റ് കെട്ടാതെ ഒപ്പം പൊട്ടിത്തെറിച്ചവരും അനുഭവിച്ചത്‌ ഒരേ വേദന ആയിരിക്കുമോ?

അതിൻറെ കണക്കെടുപ്പ് നമ്മുടെ യാത്രയിൽ ഇല്ല. മുന്നും പിന്നും നോക്കിയാൽ ഒരിയ്ക്കലും ലക്ഷ്യത്തിലേക്കെത്താൻ കഴിയില്ലെന്ന് ആളിക്കത്തുന്ന തീ ജ്വാലകളിലേക്കടുക്കുന്ന ഈയാം പാറ്റകൾക്കറിയാം. പക്ഷെ ലക്‌ഷ്യം ആ നിറഞ്ഞു കത്തുന്ന അഗ്നിയാണെങ്കിലോ ?

കത്തിയമരാതെ മറ്റു വഴികളില്ലലോ.

എങ്കിലും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താതെയുള്ള മടക്കയാത്രയിൽ ഞങ്ങളോടൊപ്പം കൂടേണ്ടി വന്ന അപരിചിതരെ നോക്കാൻ പ്രയാസപ്പെടേണ്ടിവരുമെന്ന് അറിയാമായിരുന്നു. അവരുടെ കുറ്റപ്പെടുത്തിയുള്ള ഓരോ ചോദ്യങ്ങൾക്കും പറയാൻ ഞങ്ങൾക്ക് മറുപടികൾ ധാരാളമുണ്ട്. പക്ഷെ അവർക്കത് അംഗീകരിക്കുവാൻ പ്രയാസമായിരിക്കും. കാരണം അവരുടേത് നമ്മുടേത് പോലുള്ള ലക്ഷ്യങ്ങൾ ആയിരിക്കില്ലല്ലോ. 

എങ്ങനെ ആലോചിച്ചാലും അത് ചെറുത്. നാളത്തെ പട്ടിണി, കുഞ്ഞിനോ, അപ്പനോ, അമ്മയ്ക്കോ മരുന്ന്, അല്ലെങ്കിൽ സ്വന്തമായൊരു ചികിത്സ, അതുമല്ലെങ്കിൽ സ്വയം നേടാനാവില്ലെന്നുറപ്പിച്ച കാര്യത്തിന് വേണ്ടിയൊരു പ്രാർത്ഥന. ഇതിനൊക്കെ അപ്പുറം എന്തായിരിക്കുമല്ലേ. അപ്പോൾ എന്തായാലും അത് ചെറുത്. അതു കൊണ്ട് വേണമെങ്കിൽ അവർക്കും നമ്മളോടൊപ്പം യാത്ര അവിടെ മതിയാക്കാം.

ഇന്നല്ലെങ്കിൽ നാളെ ഇങ്ങനൊരു തിരിച്ചു പോക്ക് ഉറപ്പാണ്. അതൽപ്പം നേരത്തെ ആയി എന്ന് സമാധാനിക്കുന്നുണ്ടാകും. എങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവർ ഒരു നോവായിരിക്കും. പക്ഷെ എല്ലാം അവസാനിക്കും. സൂര്യൻ ഒന്ന് ഉദിച്ചുയരുമ്പോഴേക്കും തീരുന്ന പ്രശ്നങ്ങളെ ഒള്ളു എന്തൊക്കെയോ വലിയ സംഭവങ്ങൾ ആണെന്ന് കരുതി ഈ തലയിൽ ചുമന്നു നടക്കുന്നവയെല്ലാം.

പക്ഷെ അവർക്കു മുന്നിൽ പറഞ്ഞു ജയിക്കാനാവാത്ത നമ്മുടെ ലക്ഷ്യം. അത് പലയാവർത്തി പല ആളുകൾ പറഞ്ഞതല്ലേ. ആരും ചെവി കൊണ്ടില്ലലോ. അറിയാഞ്ഞിട്ടാണോ. അറിയില്ലെന്ന് നടക്കുന്നതല്ലേ എല്ലാവരും?

മാറ്റം വരാൻ ഇങ്ങനെയൊരു ചിന്ത അനിവാര്യമായിരിക്കുന്നു എന്ന തോന്നലാകാം ഒരു പക്ഷെ ഈ തീരുമാനം നമ്മളിലേക്കെത്തിച്ചത്. അനുസരിച്ചതല്ലല്ലോ. പൂർണ്ണമനസ്സോടെ നെഞ്ചും വിരിച്ചു ഏറ്റെടുത്തതല്ലേ. 

മാറ്റങ്ങൾക്കല്ല. മാറ്റത്തിൻറെ ശംഖൊലികൾ മുഴക്കുവാൻ. രണ്ട് നാളുകൾക്ക് ശേഷം മറ്റൊരു സംഭവത്തിൻറെ മറ പിടിച്ച് ഇതും ഇല്ലാതാകുമെന്നറിയാം. 

എങ്കിലും മുറിവുകൾ തരുന്ന വേദന ഒരു തിരിച്ചു ചിന്തയ്ക്കു വഴി തുറക്കേണ്ടതാണല്ലോ!

എന്തും വരട്ടെ എന്ന ചിന്ത കാലങ്ങളായുള്ളതാണ്. എന്തെങ്കിലും വരാൻ വേണ്ടി തന്നെയാണ് ചിന്തിച്ചതും പ്രവർത്തിച്ചതും. വരും. സമാധാനം കൊടുക്കണം. ഒരുമിച്ചൊരു ചിന്ത ഉണ്ടാകുന്ന നാൾ വരണം. വരട്ടെ എന്ന് ആശ്വസിക്കാം.

ഒപ്പമുള്ള ചിലരുടെ കടുപ്പം നിറഞ്ഞ മുഖം ഭയപ്പെടുത്തുന്നുണ്ട്. ഈ തീരുമാനം എടുത്തപ്പോൾ തോന്നാത്തതാണ് ഭയം. പക്ഷെ ഇപ്പോൾ. ഈ യാത്രയിൽ!

ഒറ്റയ്ക്കല്ല. പക്ഷെ കൂടെ ഉള്ളവർ കൂടെ കൂട്ടില്ലെന്നുറപ്പാണ്. അവരുടെ വഴി മുടക്കിയതല്ലേ. മറക്കാൻ പറ്റില്ല. പിന്നോട്ട് തിരിഞ്ഞു നോക്കി ചിന്തിച്ച് ശരിയും തെറ്റും തിരഞ്ഞു പിടിച്ചുറപ്പിക്കുന്ന കാലം വരെ നോക്കി ഇരിക്കേണ്ടി വരും. അപ്പോഴും ഉറപ്പില്ല ഈ തീരുമാനം അവരൊക്കെ അംഗീകരിക്കുമോയെന്ന്. അവർക്കതിന് കഴിയില്ല. കാരണം നഷ്ടങ്ങൾ അവർക്ക് മാത്രമാണ്. കൊടിയും, ശിലയും മുദ്രാവാക്യങ്ങളുമായൊക്കെ നാടിൻറെ വിവിധ ഭാഗങ്ങളിൽ അവരിൽ പലരും കാണുന്നതും, കേൾക്കുന്നുമുണ്ടാകാം. ചിലർക്ക് വീടിൻറെ തെക്കേ തൊടിയിൽ കത്തിയ ഒരു തിരിക്കുള്ളിൽ കുടുംബക്കാരുടെ മാത്രം സ്വത്തായി ഒതുങ്ങേണ്ടി വരും.

രണ്ടായാലും നഷ്ടം അവർക്കും, നേട്ടം അവരുമായി പുലബന്ധം ഇല്ലാത്തവർക്കും ആയിരിക്കുമെന്നത് പരമ സത്യം. പിൻവിളി പ്രതീക്ഷിച്ചൊരു പോക്കിനിടിയിൽ തന്നെ ആ സത്യം മനസിലാകും. ചിലപ്പോൾ അങ്ങനൊന്നുണ്ടാകില്ല. ഭൂമിയുടെ കറക്കത്തിനിടയിൽ  മറ്റുള്ളവരും കറങ്ങി തീരുക തന്നെ ചെയ്യും. ചില്ലറ ചില തട്ട് മുട്ടലുകളൊക്കെ ഉണ്ടായേക്കാം. അതിനെ ഒരു വീഴ്ചയായി കാണേണ്ടതില്ല . ആണെങ്കിൽ തന്നെ അതും തരണം ചെയ്തവർ മുന്നോട്ട് കുതിക്കും. ഒരു പക്ഷെ അത് ചിലപ്പോൾ വഴി മദ്ധ്യേ ഇട്ടിട്ട് തനിച്ച് പോയയാളോടുള്ള വാശി കൊണ്ടായിരിക്കാം. അല്ലെങ്കിൽ അര പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് തള്ളിയിട്ടതിലുള്ള അമർഷം. വിശപ്പ് മൂക്കുമ്പോൾ ഉയർത്തെഴുന്നേറ്റാലല്ലേ കഴിയൂ. അതുണ്ടാകും. അത് ചിലപ്പോൾ മറ്റൊരു ചരിത്രത്തിലേക്ക് വഴി തുറക്കുവാനും മതി .അങ്ങനെ വന്നാൽ ഈ നഷ്ടം വലിയൊരു ലാഭത്തിൻറെ തുടക്കമാകുകയല്ലേ.

ചില നഷ്ടങ്ങളെയേ ചിന്തകൾ ഉണർത്തൂ. അത് എന്തിനു വേണ്ടി ജീവിക്കണം എന്ന ചിന്ത കൂടി ആയാൽ വളരെ നന്ന്. അതിന് ശേഷമേ യഥാർത്ഥ ജീവിതമുണ്ടാകൂ. അങ്ങനെ ഒന്നുണ്ടായാൽ ഈ സംഭവിച്ചതിനെയൊക്കെ നഷ്ടത്തിന്റെ പട്ടികയിൽ നിന്നും മാറ്റിയെഴുതാൻ. ഒരു പക്ഷെ അല്ലെങ്കിൽ ?

എല്ലാം ചോദ്യങ്ങൾക്കും ഉത്തരം കണ്ടു പിടിക്കുവാൻ പോയാൽ ജീവിതം ഉണ്ടാകില്ല. പരീക്ഷകളിലെ പോലെ ജീവിക്കാം. അറിയാവുന്നത് ആദ്യം. അത്രയ്ക്ക് ഉറപ്പില്ലാത്തത്‌ അതിന് ശേഷം. ഒട്ടും ഉറപ്പില്ലാത്തതിനെ അവസാനം ചെറുതായി ഒന്ന് തൊട്ടു തലോടി പോയേക്കാം. അരയും ഒന്നുമൊക്കെയായിട് ചിലപ്പോൾ അതും കൂടി ചേർത്തൊരു നേട്ടം ഉണ്ടായാലോ. എങ്കിലും നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണെന്ന പഴമൊഴി മറ്റൊന്ന് പറഞ്ഞു ഇല്ലാതാക്കുന്നില്ല. 

പക്ഷെ ഞങ്ങൾ അങ്ങനെയല്ല. ആവേശമായിരിക്കും. പ്രതീക്ഷയായിരിക്കും, കനലായിരിക്കും. പിന്നാലെ വരുന്നവർക്ക്. ചിലപ്പോൾ ലോകത്തിന് തന്നെ. പിന്മുറക്കാർ ധാരാളം കണ്ടേക്കാം. ചിലപ്പോൾ ഇതോടെ ഒതുങ്ങാനും മതി. എങ്കിലും പരമമായ ലക്‌ഷ്യം നേടേണ്ടത് തന്നെ. ഇന്നല്ലെങ്കിൽ നാളെ കനലെരിയുന്ന കണ്ണുമായി ഒന്നിന് പിറകെ ഒന്നായി പിന്നാലെ വരുന്ന നെഞ്ചുറപ്പുള്ള കരുത്തന്മാർ അത് നേടിയിരിക്കും. 

പക്ഷെ പ്രതിക്ഷേധം ഭരണ കൂടതയ്‌ക്കെതിരാകുമ്പോൾ ഒരു ഭാഗത്ത് പ്രതിരോധവും, ജനരോക്ഷവും കണ്ടേക്കാം. പക്ഷെ ആ തീ ആളി കാത്തേണ്ടത്ത് തന്നെയല്ലേ. അലിഞ്ഞില്ലാതാകേണ്ടതല്ലോ. 

പ്രതീക്ഷ അറ്റവരുടെ സമരരീതികൾ ചിലപ്പോൾ കുറച്ച് കടുപ്പത്തിലാകാം. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്. നിർഭയമായി  ഇറങ്ങുന്നവനെ തടുക്കുന്നതെന്തിനാണ്. അല്ലെങ്കിലും ആര് തടുക്കും. പിന്നെ പാതി വഴിയിൽ ഒപ്പം ജീവിത യാത്ര അവസാനിപ്പിക്കേണ്ടി വരുന്നവർ. അതെല്ലായ്‌പ്പോഴും ഒരു ചോദ്യ ചിഹ്നം ആയിരിക്കും. അവർ മാപ്പ് തരില്ല. കാരണം ഒപ്പം പൊട്ടിത്തെറിച്ചവരും അനുഭവിച്ച വേദന ഒന്ന് തന്നെയായിരിക്കും. അവിടെ കൂട്ടി കിഴിക്കലുകളിൽ ലാഭ നഷ്ടത്തിൻറെ കണക്കുകളിലെ വ്യത്യാസങ്ങളുള്ളൂ.

ഞങ്ങൾ ചാവേറുകൾ. ആൾ കൂട്ടത്തിനിടയിൽ സ്വയം പൊട്ടിത്തെറിച്ച് ആൾക്കൂട്ടത്തോടൊപ്പം തന്നെ ഇല്ലാതായി കൊണ്ടേയിരിക്കും.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം