Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയലേഖനം

love-letter-1

എന്റെ കരളേ, അങ്ങനെ തന്നെ ഞാൻ വിളിച്ചോട്ടെ,

നിനക്കു തോന്നാം.. നെഞ്ചിലെ പിടപ്പ് ആത്മഗതമായി പുറത്തു വന്നതാണെന്ന്.. അതിന് ഒരു യുഗം തന്നെ കാത്തിരിക്കേണ്ടി വന്നു..

എനിക്കറിയാൻ പറ്റും നിനക്ക് എന്നോടും എനിക്ക് നിന്നോടും തോന്നുന്ന പ്രണയവികാരം...

എന്തു ചെയ്യാം ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടല്ലേ..

ഓരോ തവണ ആ ഇടവഴിയിലൂടെ പോകുമ്പോഴും നിന്നെ ഞാൻ ഒളികണ്ണിട്ട് നോക്കാറുണ്ട്. നിനക്കും അതറിയാം. നിന്നെ കാണുമ്പോൾ എന്റെ നെഞ്ചു പിടയും. കാലുകൾക്കു വേഗത കുറയും. ഇടയ്ക്കിടെ നിന്നെ ഞാൻ തിരിഞ്ഞു നോക്കുമ്പോഴൊക്കെ ഭാര്യ കൂടെയുള്ളതോർമ വരും. പിന്നെ ഞാൻ ആ മായലോകത്തു നിന്നും ഒരു ആട്ടിൻ കുട്ടിയെ പോലെ അവളുടെ കൂടെ നടക്കും.

ആരുമില്ലാത്ത തക്കം നോക്കി അവിടെ ഒന്നു വരാൻ. നിന്നെ കെട്ടിപിടിച്ചൊന്നു മുത്താൻ ഞാൻ ഒരു വേഴാമ്പലിനെ പോലെ എത്ര നാളായി കാത്തിരിക്കുന്നു.

എനിക്കോർമയുണ്ട്.. എന്റെ കല്യാണത്തിന്റെ തലേന്ന് ആണ് നിന്നെ അവസാനമായി കാണാൻ വന്നത്.. അന്നു ഞാൻ ഒരുപാട് കരഞ്ഞു. ഇനിയും നിന്നെ കാണാനുള്ള, നിന്റെ അടുത്തു വരാനുള്ള സ്വാതന്ത്ര്യം എനിക്കു കിട്ടില്ലല്ലോ എന്നോർത്ത്.

പിന്നീട് അങ്ങോട്ട് മിക്കവാറും ദിവസങ്ങളിൽ എനിക്ക് നിന്റെ ഓർമകൾ ആയിരുന്നു കൂട്ട്... അവളുടെ– എന്റെ ഭാര്യയെന്നു പറയുന്നവളുടെ കണ്ണു വെട്ടിച്ചു വേണ്ടേ എന്റെ ചക്കരെ നിന്നെ വന്നു കാണാൻ. അങ്ങനെ പേടിച്ചു പേടിച്ചു കണ്ടിട്ട് ഒരു കാര്യവുമില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്കിട്ട് രണ്ടു പൊട്ടിച്ചിട്ടു വന്ന്, നിന്നിൽ അഭയം കൊള്ളാൻ... നിന്നിൽ അലിഞ്ഞു ചേരാൻ.....

ആ ദിവസം സമാഗതമായി എന്നു തോന്നുന്നു.. അവൾ ഇന്നിവിടെ ഇല്ല.. മക്കളെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി...

ഇപ്പഴും ഇത് സ്വപ്നമോ മിഥ്യയോ എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ.

ഇന്നു രാത്രി ഒരു ഒൻപതു മണി കഴിഞ്ഞു ഞാൻ വരും. നിന്നിൽ നിന്ന് കണ്ണു പറിക്കാതെ എനിക്കു നിന്നെ തന്നെ നോക്കി നിൽക്കണം.. എന്റെ നേത്രങ്ങൾക്ക് അത് ഒരു ഉത്സവം തന്നെ ആയിരിക്കും... നിന്നെ ഞാൻ കണ്ട് ആസ്വദിക്കട്ടെ ആദ്യം. പിന്നെയാവാം ബാക്കി.

നിന്നെ കണ്ടതും നിന്നെ ഞാൻ എടുത്തു പൊക്കും. കൈകളിൽ ഇട്ട് അമ്മാനമാടും.. പാട്ടു പാടും.. പിന്നെ പിന്നെ...

ഇല്ല ഞാൻ പറഞ്ഞു തീർക്കുന്നില്ല..

എന്നിട്ടും മതിയാവുന്നില്ലെങ്കിൽ ഞാൻ നിന്നെ ഇങ്ങോട്ട് എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരും.. ആര് അവിടെ ഉണ്ടായാലും എനിക്കു പ്രശ്നമില്ല. ഇന്ന് ഒരാണിനെപ്പോലെ... ചങ്കൂറ്റത്തോടെ ഞാൻ വരും.. നീ ഒരുങ്ങി ഇരുന്നോ.

"ജോൺസൻ ചേട്ടാ.. ഒരു ഫുൾ," 

ട്ടേ... മുഖമടച്ചു കിട്ടിയ അടിയിൽ ജോജി ഞെട്ടിയുണർന്നു. ഭാര്യയാണ്. മുഖത്തിരുന്ന ഒരു കൊതുകിനെ അടിച്ചതാണ്. സ്വപ്നലോകത്തുനിന്നും ഉണർന്ന ജോജിക്ക് തന്റെ കയ്യിലെ ഫുൾ ബോട്ടിൽ താഴെ വീണുടഞ്ഞ പോലെ തോന്നി. നിരാശയോടെ നിർവികാരനായി അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു..