Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുളിന്റെ നിറമുള്ള സ്വപ്നങ്ങൾ...

Representational image

കള്ളവും, കപടവും, ചൂഷണവും എന്തെന്നറിയാത്ത അവൾ ബാല്യത്തിന്റെ കൊച്ചു കുപ്പായത്തിലായിരുന്ന കാലം. മരങ്ങളോടും, ചെടികളോടും, കൂട്ടുകാരോടും കഥകൾ പറഞ്ഞു ചിരിച്ചും കളിച്ചും നടന്ന സുന്ദരമായ കാലം. മുത്തശ്ശിക്കായി പൂക്കൾ പറിച്ചെടുത്തും, മാല കോർത്തും കൂടെ നടന്നവൾ. മുത്തശ്ശികഥകൾ അവളുടെ കുഞ്ഞു മനസ്സിൽ ഇഷ്ടവും പിന്നെ പേടിയുടെ ഇരുളും കൊണ്ട് നിറഞ്ഞിരുന്നു. രാത്രിയിലെ ചെറു ശബ്ദങ്ങൾ അവൾക്കു പ്രേതങ്ങളും പിശാചുക്കളുമായിരുന്നു. നീണ്ട പല്ലുകളും, ചോര ഒലിക്കുന്ന നീട്ടിയനാവും അതായിരുന്നു അവളുടെ മനസ്സിലെ പ്രേതങ്ങളുടെയും, പിശാചുക്കളുടെയും രൂപം. രാത്രിയുടെ ഇരുളിൽ എപ്പോഴും ഇവ ഒളിഞ്ഞിരിക്കുമത്രേ. 

അവൾ കണ്ട സ്വപ്നങ്ങൾക്കും ഇരുളിന്റെ അതേ നിറമായിരുന്നു. ഇരുണ്ട വെളിച്ചത്തിൽ മുത്തശ്ശിയോട് ചേർന്നിരുന്നായിരുന്നു സന്ധ്യകളിലെ പഠനം. മുറികളിൽ നിന്നും മുറികളിലേക്ക് പോകാൻ പേടിയുടെ നീണ്ട മേൽ മുണ്ടിടുമായിരുന്നു. മുത്തശ്ശിയുടെ പിറകിൽ നിന്നും മാറാതെ ഒട്ടിയൊട്ടി നടക്കുന്ന അവൾ ഉറങ്ങാൻ മുത്തശ്ശിയുടെ കട്ടിലിനു താഴെയുള്ള ഇത്തിരിപ്പോന്ന സ്ഥലത്ത് ഒരു കീറപ്പായ വിരിക്കുമായിരുന്നു. വിളക്കണഞ്ഞാൽ വിരിപ്പ് തലവഴി മൂടി ചുരുണ്ടു ഒറ്റ കിടത്തം, പിന്നെ അനങ്ങില്ല. എപ്പോഴൊക്കെയോ കാലും കട്ടിലുമായി ഇടയാറുണ്ടായിരുന്നു.

ഒരിക്കൽ ഒരു രാത്രിയുടെ നിശബ്ദതയിൽ ഒരു തണുത്ത കാറ്റും പിന്നെ കാലിലൂടെ എന്തോ ഒന്നിഴഞ്ഞു നീങ്ങുന്ന പോലെയോ അതോ ആരോ കാലിൽ  തൊടുന്ന പോലെയോ ഒക്കെ അവൾക്കു തോന്നി. പേടിച്ചിട്ടു ശബ്ദം പുറത്തുവരുന്നില്ലായിരുന്നു. വല്ലവിധവും മുത്തശ്ശിയെ വിളിച്ചുണർത്തി. മുത്തശ്ശി കൈകൾ താഴേക്കിട്ടു, അവൾ ആ കൈകളിൽ  മുറുകെ പിടിച്ചു കിടന്നു. പിന്നീടുള്ള രാത്രികളിലും ഇങ്ങനെ സംഭവിക്കുമായിരുന്നു. പലപ്പോഴും മുത്തശ്ശി എഴുന്നേറ്റു വിളക്കിട്ടു ചുറ്റും നോക്കുമായിരുന്നു. 

ഒന്നുമറിയാത്ത അവളുടെ കുഞ്ഞു മനസ്സിൽ പല പല തോന്നലുകളുമുണ്ടായി. കുഞ്ഞനെലി കയറിയതാവുമോ, അതോ പിശാചിന്റെ വരവായിരുന്നോ എന്നൊക്കെ അവൾ മുത്തശ്ശിയോട് ചോദിച്ചു. അതൊക്കെ പേടിയുടെ തോന്നലുകളായിരിക്കും എന്നു പറഞ്ഞ് മുത്തശ്ശി അവളെ ആശ്വസിപ്പിച്ചിരുന്നു. രാത്രി പകലിനു ജന്മം കൊടുക്കുമ്പോൾ കഴിഞ്ഞതെല്ലാം അവൾ മറന്നു പോകുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു രാത്രിയിലും ഇതുപോലെ അങ്ങനെ സംഭവിച്ചു. അവൾ വിളിച്ചുകൊണ്ടു ചാടി എഴുന്നേറ്റു. മുത്തശ്ശി എഴുന്നേറ്റു വിളക്കിട്ടു. അരണ്ട വെളിച്ചത്തിലൂടെ മുത്തശ്ശി നടന്നുപുറത്തേക്കു പോയി അടുത്തമുറിയുടെ വാതിൽ ഭദ്രമായി തഴുതിട്ടു. 

ഒരു സ്ത്രീയായി, ഭാര്യയായി,  അമ്മയായി, പിന്നെ മുത്തശ്ശിയായി അതിദൂരം സഞ്ചരിച്ച അവർക്കു  എന്തൊക്കെയോ മനസ്സിലായപോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ. മുത്തശ്ശിയുടെ വാതിലിനു അടവില്ലായിരുന്നു. അടുത്തമുറിയിൽ നിന്ന്  മാത്രമായിരുന്നു അവിടേക്കു തുറക്കപ്പെട്ടിരുന്നത്. പിന്നെ എല്ലാ രാത്രികളിലും ആ വാതിൽ മറക്കാതെ ഭദ്രമായി അടക്കാൻ മുത്തശ്ശി ശ്രദ്ധിച്ചിരുന്നു. 

പിന്നീടുള്ള മുത്തശ്ശി കഥകൾ വഴിമാറി കൊടുത്തത് പക്വതയുടെ നേർവഴിയായിരുന്നു. സംഭവിച്ചതും സംഭവിക്കാത്തതുമായ പല കാഴ്ചകളും, കഥകളും അവളെ പലതും ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. പല കഥകളിലെയും 'പെണ്ണ്' എപ്പൊഴും  അബലകളോ ചൂഷണത്തിനിരയാകുന്നവരോ ഒക്കെ ആയിരുന്നു. നടന്നു കഴിഞ്ഞ പാതകളിൽ തിരിഞ്ഞു നോക്കാനും, അവളുടെ നേർക്ക് വരുന്ന കൈകളെ ചെറുക്കാനും ആ മുത്തശ്ശി കഥകൾ അവളെ പ്രാപ്തയാക്കി. 

പിന്നെയൊരിക്കലും ആ പേടിപ്പിച്ച പിശാചോ അതോ കുഞ്ഞനെലിയോ അവളെ ശല്യപ്പെടുത്തിയില്ല.  ആ സംഭവം ഒരു അക്രമിയുടെ ക്രൂരതയും കൂസലില്ലായ്മയും ആയിരുന്നുവെന്ന് അവളെ കാലം പഠിപ്പിച്ചു.