Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും പറയാത്ത പ്രണയം

love

"കരയോട് എന്തോ പറയാൻ വന്ന തിരമാലകൾ നമ്മെ കണ്ടിട്ടാണോ ഒന്നും പറയാതെ തിരികെ പോകുന്നത്."

"അതെന്താ നമ്മളെ കണ്ടിട്ട് എന്നു പറഞ്ഞെ?"

"ഒന്നൂല്ല... ഒരു ആത്മഗതം പറഞ്ഞതാ"

"വട്ടായോ..."

ഇങ്ങനെ പോയാൽ ആകും...

"ഈ കടൽ നീ കാണുന്നില്ലേ, ഇതു പോലെയാണ് എന്റെ മനസ്സ്‌. നിറയെ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചിരിക്കുന്നവ. പലതവണ നിനക്കു കാണിച്ചു തരണം എന്നു കരുതി ക്ഷണിക്കുവാൻ തിരമാലകളെ അയച്ചതാണ് ഞാൻ, പക്ഷേ എന്തോ ഒരു ഭയം, ആ തിരമാലകൾ കൊണ്ട് നിന്നെ ഒന്നു തൊടാൻ പോലും ഭയമാണെനിക്ക്."

"എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളിലെ പ്രിയ കൂട്ടുകാരി നീയായിരുന്നുവെന്ന്, ഞാൻ എഴുതിയ ഓരോ വരികൾക്കും ജീവൻ നൽകിയത് നീയായിരുന്നുവെന്ന്, എന്നിൽ നിന്നും പറിച്ചുമാറ്റുവാൻ കഴിയാത്തത്രമേൽ നീ ആഴ്ന്നിറങ്ങിയെന്ന് പറയുവാൻ ഒരു ശ്രമം പോലും എനിക്കു കഴിയുന്നില്ല."

"ഇത്ര അരികിൽ നിൽക്കുമ്പോഴും നിന്നോടിതെല്ലാം പറയുവാൻ എനിക്കു ഭയമാണ്. ഇത്ര അടുത്തു നിന്ന്‌ നിന്നെ പ്രണയിക്കുമ്പോഴും അതു നിന്നെ അറിയിക്കാതിരിക്കാൻ ഞാൻ വല്ലാതെ പാടുപെടുന്നുണ്ട്."

"ഭയം, നിന്നെ നഷ്ടപ്പെട്ടേക്കും എന്ന ഭയം അതാണ് ഒരു മൂകനായി നിന്റെ കൂടെ എന്നെ ഇപ്പോഴും നടത്തുന്നത്."

"എന്താണ് കുറേ നേരമായല്ലോ ആലോചന.... നമുക്കു പോയാലോ നാളെ വൈകിട്ട് വരാം"

"ഉം.. പോകാം"

****    ****    ****    ****

"ശരിക്കും നമ്മുക്ക് ഇപ്പോൾ പോകേണ്ടിയിരുന്നില്ല."

"നിന്റെ തോളോട് ചേർന്ന് ഈ തിരമാലകളോട് കുറച്ചു നേരം കൂടി കിന്നാരം പറയണമായിരുന്നു. ഇവിടെ ഇങ്ങനെ നിന്ന് നിന്നോടൊപ്പം നടന്നകലുന്ന എന്നെ കാണാൻ എന്തു രസമാണ്."

"പ്രണയമാണോ എന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്തോ ഒന്ന്‌ ഭാരമായി മനസ്സിൽ വന്നു കയറിയിട്ട് കുറച്ച് നാളാകുന്നു. പല തവണ നിന്നോട് തന്നെ ചോദിച്ചാലോ എന്ന് ആലോചിച്ചതാണ്, പിന്നെ വേണ്ട എന്നു വെച്ചു. ഓരോ ദിവസവും നിന്നെ കബളിപ്പിച്ച് എന്തെന്ന് ഇനിയും അറിയാത്ത ഒന്നിനെ മനസ്സിൽ ഇട്ടു വളർത്തുന്നവൾ. ഞാൻ ഇപ്പോഴും ആ കടൽ തീരത്ത് തന്നെയാണ്, നിന്നോടൊപ്പം കൈകോർത്ത്‌ ഞാൻ പോകുന്ന കാഴ്ചയും നോക്കി ഇനിയും തീരാത്ത തിരമാലകളോടൊപ്പം."

നിന്നോളം ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല എന്ന് ആ രണ്ട് ഹൃദയങ്ങളും പറയുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ 

ചെവികൾക്ക് കേൾക്കാൻ തക്ക വണ്ണം ഉച്ചത്തിൽ ആയിരുന്നില്ല അവയെന്നു മാത്രം. എങ്കിലും ആ ഹൃദയങ്ങൾ പരസ്പരം അറിഞ്ഞിട്ടുണ്ടാകണം ഒരിക്കൽ പോലും പറയാൻ സാധ്യത ഇല്ലാത്ത ആ പ്രണയത്തെ.