സകലകലാ വല്ലഭന്‍മാർ ജൂറിക്കു പീഡനമായി

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ ഇത്തവണ വലച്ചതു നായക വേഷം കെട്ടിയ സകലകലാ വല്ലഭന്മാർ. നവാഗതർ  കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത്  അഭിനയിച്ചതായിരുന്നു അവാർഡിനെത്തിയ പത്തോളം  ചിത്രങ്ങൾ. ഇതിൽ മിക്ക സിനിമകളും അസഹനീയമായതിനാൽ കണ്ടു തീർക്കാൻ പോലും ജൂറി പാടു പെട്ടു.നായക വേഷങ്ങളുടെ പ്രകടനം പീഡനമായി മാറി. ഇത്തരം പടങ്ങൾ ഒരിക്കലും തിയറ്റർ കാണില്ല.അവാർഡും ലഭിക്കില്ല.പണം മുടക്കിയവരുടെ ഗതികേടാണ് ജൂറി മുഖ്യമായും ചർച്ച ചെയ്തത്. കുട്ടികളുടെ ചിത്രങ്ങൾ എന്ന പേരിൽ എത്തിയ ആറു സിനിമകളിൽ നല്ലൊരു പങ്കും തീരെ നിലവാരമില്ലാത്തവ ആയിരുന്നു. ഇത്തരം ചിത്രങ്ങളും ജൂറിക്കു പീഡനമായി മാറി.

മികച്ച നടനുള്ള  മത്സരത്തിൽ  ഇന്ദ്രൻസിനു വെല്ലുവിളി ഉയർത്താൻ ആരുമില്ലായിരുന്നു. ‘ആളൊരുക്കം’ എന്ന ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം വിസ്മയത്തോടെയാണ് ജൂറി കണ്ടത്. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’,‘ടേക്ക് ഓഫ്’ എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഫഹദ് ഫാസിൽ, ‘തൊണ്ടിമുതൽ’,‘സവാരി’ എന്നീ സിനിമകളിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ജൂറിയുടെ മികച്ച അഭിപ്രായം നേടി .ഇന്ദ്രൻസ് ഇല്ലായിരുന്നുവെങ്കിൽ ഇവരിൽ ഒരാൾക്ക് മികച്ച നടനുള്ള അവാർഡ് ലഭിക്കുമായിരുന്നു.

മികച്ച നടിക്കുള്ള മത്സരത്തിൽ പാർവതിക്കു വെല്ലുവിളി ഉയർത്തിയത് പുതുമുഖം വിനീത കോശി ആണ്.‘ഒറ്റമുറി വെളിച്ച’ത്തിലെ നായിക അത്രത്തോളം ഗംഭീരമായിരുന്നു. ‘ഉദാഹരണം സുജാത’,‘കെയർ ഓഫ് സൈര ബാനു’ എന്നീ സിനിമകളുമായി തൊട്ടു പിന്നിൽ മഞ്ജു വാരിയർ ഉണ്ടായിരുന്നുവെങ്കിലും മഞ്ജുവിന്റെ വേഷം അത്ര വെല്ലുവിളി ഉയർത്തുന്നതാണെന്നു ജൂറിക്കു തോന്നിയില്ല. ‘ടേക്ക് ഓഫ്’ എന്ന സിനിമയിൽ നഴ്സിന്റെ എല്ലാ ചലനങ്ങളും അതേ പടി അവതരിപ്പിക്കുകയും യുദ്ധഭൂമിയിലെ സംഘർഷം  ആവിഷ്കരിക്കുകയും ചെയ്തതാണ് പാർവതിക്കു തുണയായത്.നഴ്സിന്റെ ശരീരഭാഷ പിഴവില്ലാതെ പുനരാവിഷ്കരിക്കാൻ പാർവതിക്കു കഴിഞ്ഞു.വിനീത രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടുവെങ്കിലും പ്രത്യേക ജൂറി പുരസ്കാരം നൽകി ആദരിക്കാനായിരുന്നു തീരുമാനം.

അഞ്ചു സിനിമകളാണ് മികച്ച ചിത്രത്തിനുള്ള അവാർഡിന്റെ അവസാന റൗണ്ടിൽ എത്തിയത്.‘ഒറ്റമുറി വെളിച്ചം’,‘ഏദൻ’,‘ഇ.മ.യൗ’,‘ടേക്ക് ഓഫ്’,‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്നിവ.ഇതിൽ ഏറ്റവും ഗംഭീരം ‘ഒറ്റമുറി വെളിച്ച’മാണെന്ന കാര്യത്തിൽ ജൂറിക്ക് രണ്ട് അഭിപ്രായമില്ലായിരുന്നു.എന്നാൽ ‘ഏദൻ’ എന്ന ചിത്രത്തിന്റെ കാര്യത്തിൽ ചില അംഗങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി.ചിത്രം ഇഴഞ്ഞു നീങ്ങുന്നുവെന്നതാണ് ചിലരെ മടുപ്പിച്ചത്.എങ്കിലും ഭൂരിപക്ഷ തീരുമാനം  അനുസരിച്ച് ‘ഏദൻ’ മികച്ച രണ്ടാമത്തെ ചിത്രമായി.രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായ ‘ഏദൻ’, സംസ്ഥാന അവാർഡിൽ പിന്തള്ളപ്പെട്ടാൽ ഉണ്ടാകാവുന്ന വിവാദവും അവാർഡ് നൽകാൻ കാരണമായി.

മികച്ച സംവിധായകനുള്ള മത്സരത്തിൽ മൂന്നു പേരാണുണ്ടായിരുന്നത്.‘ഇ.മ.യൗ’ എടുത്ത ലിജോ ജോസ് പെല്ലിശേരി,‘ടേക്ക് ഓഫ്’ സംവിധാനം ചെയ്ത മഹേഷ് നാരായണൻ,‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ ഒരുക്കിയ ദിലീഷ് പോത്തൻ.

‘ഇ.മ.യൗ’ എന്ന ചിത്രത്തിൽ മരണ വീടിന്റെ അന്തരീക്ഷവും കനത്ത മഴയും ഞെട്ടിപ്പിക്കുന്ന കഥാ സന്ദർഭങ്ങളുമെല്ലാം അതിഗംഭീരമായി എടുത്തതിനാണ് ലിജോ ജോസിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. മഹേഷ് നാരായണന് ആശ്വാസമെന്ന നിലയിൽ നവാഗത സംവിധായകനുള്ള പുരസ്ക്കാരം നൽകി.

ലിജോ ജോസിനു പിന്തുണയുമായി പൗളി വത്സൻ തകർത്ത് അഭിനയിച്ചുവെന്നു ജൂറി വിലയിരുത്തി.മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരത്തിനു പൗളിയുമായി മത്സരിക്കാൻ ആരുമില്ലായിരുന്നു.‘ഇ.മ.യൗ’വിൽ മരിച്ചയാളിന്റെ ഭാര്യയായി തകർത്തഭിനയിച്ച  പൗളിയെ ‘ഒറ്റമുറി വെളിച്ച’ത്തിൽ നല്ല അമ്മയായി കണ്ടതോടെ അവരുടെ അഭിനയത്തിന്റെ റേഞ്ച് അവർക്കു ബോധ്യപ്പെട്ടു.

‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ മാല മോഷണത്തിന്റെ എഫ്ഐആർ തയാറാക്കുന്ന പൊലീസുകാരനായുള്ള അഭിനയമാണ് മറ്റെല്ലാവരെയും പിന്തള്ളി മികച്ച സ്വഭാവ നടനാകാൻ അലൻസിയറിനു വഴിയൊരുക്കിയത്.അലൻസിയർ പൊലീസുകാരനായി ജീവിച്ചുവെന്നു ജൂറി വിലയിരുത്തി.‘ഹേയ് ജൂഡി’ലെ വിജയ് മേനോൻ,സിദ്ദിക്ക് എന്നിവരാണ് സ്വഭാവ നടനുള്ള മത്സര രംഗത്തുണ്ടായിരുന്നത്. 

മറ്റു പല സിനിമകളിലും അച്ഛനും മുത്തഛനുമായി അലൻസിയർ മികച്ച പ്രകടനം കാഴ്ച വച്ചത് അദ്ദേഹത്തിനു പ്രയോജനം ചെയ്തു.വിജയ് മേനോന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

രണ്ടാം ലോകമഹാ യുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറഞ്ഞ ‘ഭയാനകം’ എന്ന സിനിമയിൽ അക്കാലത്തെ സംഗീതം ആവിഷ്കരിച്ചതിനാണ് എം.കെ.അർജുനന് അവാർഡ് നൽകിയത്.അന്നത്തെ കാലഘട്ടവും കൊയ്ത്തു പാട്ടും ആവിഷ്കരിച്ച അർജുനൻ മാഷിനു വെല്ലുവിളി ഉയർത്താൻ പുതിയ തലമുറയിൽ നിന്നു കാര്യമായി  ആരുമില്ലായിരുന്നു.മാഷിന്റെ പാട്ടുകൾ കേട്ടപ്പോഴേ അവാർഡ് അദ്ദേഹത്തിനു തന്നെയെന്നു ജൂറി തീരുമാനിച്ചു.അദ്ദേഹത്തിന് ഇതേവരെ സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകിയിട്ടില്ലെന്നതും ജൂറി പരിഗണിച്ചു.

മികച്ച ചിത്രത്തിനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ അഞ്ചു സിനിമകളുടെയും തിരക്കഥ നല്ലതായിരുന്നു.വെറുമൊരു മാല മോഷണത്തെ ബോറടിപ്പിക്കാത്ത സിനിമയാക്കി വികസിപ്പിച്ചതാണ് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കു സജീവ് പാഴൂരിനെ പുരസ്കാര ജേതാവാക്കിയത്.സംഭവ ബഹുലമായ കഥ പറയുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ചെറിയ കഥ വികസിപ്പിച്ചെടുക്കുന്നതെന്നു ജൂറി വിലയിരുത്തി.വെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കഥയാണ് എം.എ.നിഷാദിനെ മികച്ച കഥാകൃത്താക്കി മാറ്റിയത്.എല്ലാക്കാലത്തും എല്ലായിടത്തും പ്രസക്തിയുള്ളതാണ് നിഷാദിന്റെ ‘കിണർ’ എന്നു ജൂറി വിലയിരുത്തി.

കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള അവാർഡിനു ‘രക്ഷാധികാരി ബൈജു  ഒപ്പ്’മാത്രമാണ് ജൂറി പരിഗണിച്ചത്.ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രത്യേകതയും സാമ്പത്തിക വിജയവുമാണ് അവാർഡിന് അർഹമാക്കിയത്.