അന്ന് അപ്പയ്ക്ക് അത് കിട്ടാതിരുന്നപ്പോൾ വലിയ വിഷമമായി: കാളിദാസ്

പൂമരം സിനിമയുടെ ഷൂട്ടിങ്ങിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്ക് വരുമ്പോൾ കാളിദാസൻ ആലോചിച്ചത് കേരളത്തിലെ കോളജുകളിൽ പഠിച്ചിരുന്നുവെങ്കിൽ തനിക്ക് ഈ ചിത്രം കൂടുതൽ അനായാസമാകുമായിരുന്നു എന്നാണ്. പൂമരത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി മടങ്ങുമ്പോൾ കാളിദാസൻ പറയുന്നു : ഇവിടെ ഒരു കോളജിൽ രണ്ടു വർഷം പഠിച്ച അതേ അനുഭവം. അത്രയധികം കൂട്ടുകാർ. എല്ലാവരും ക്യാംപസിൽ നിന്നുള്ളവർ. കേരളത്തിൽ പഠിക്കാത്ത കുറ്റബോധവും ഇനിയില്ല.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലെത്തുമ്പോൾ ജയറാമിന്റെ മകൻ കാളിദാസന് നായകനായ ആദ്യ മലയാള സിനിമയുടെ വിസ്മയം. ചെന്നൈ ലയോള കോളജിൽ ബിഎസ്‍സി വിഷ്വൽ കമ്യൂണിക്കേഷന് ചേരുമ്പോൾ കാളിദാസൻ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നടനായിരുന്നു. സിബിമലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റേം ’ എന്ന ചിത്രത്തിനായിരുന്നു ഏഴാം വയസ്സിലെ പുരസ്കാരം.

‘‘അന്ന് അച്ഛനും സിബിയങ്കിളും പറഞ്ഞത് അതേപടി ചെയ്തു. ഇപ്പോഴും അങ്ങനെ തന്നെ... എല്ലാക്കാര്യത്തിലും പെർഫെക്​ഷനിസ്റ്റാണ് ഷൈൻ ചേട്ടൻ. അത് കൃത്യമായി ഫോളോ ചെയ്താൽ മതിയായിരുന്നു’’ – കൊച്ചി നഗരത്തിൽ തന്റെ കൂറ്റൻ ഹോർഡിങ്ങുകൾക്കു നടുവിലൂടെ കാറിലിരുന്ന് പോകുമ്പോൾ കാളിദാസൻ പറഞ്ഞു.

കൊച്ചുകൊച്ചു സന്തോഷങ്ങൾ

സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ ’ ആയിരുന്നു കാളിദാസന്റെ ആദ്യ സിനിമ. അപ്പയുടെ മടിയിലിരുന്നായിരുന്നു ഡബ്ബിങ്. ഡയലോഗുകൾ പറഞ്ഞുതുടങ്ങിയപ്പോൾ തൃപ്തിവരാതെ സത്യൻ ജയറാമിനെ പറഞ്ഞുവിട്ടു. കാളിദാസൻ സ്വയം ചെയ്യട്ടെ എന്നായിരുന്നു സത്യന്റെ തീരുമാനം. മൂന്നു മണിക്കൂറിനുള്ളിൽ ഡബ്ബിങ് പൂർത്തിയായെന്ന് സത്യൻ വിളിച്ചുപറയുമ്പോൾ ജയറാമിനും അത് വിശ്വസിക്കാനായില്ല. സിനിമ കാണുമ്പോൾ കാളിദാസന്റെ സംഭാഷണം ശ്രദ്ധിച്ചാൽ ഒരു അഞ്ചുവയസ്സുകാരന്റെ ചൊടിയും ചുണയും കൃത്യമായി കാണാം.

കാളിദാസൻ വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചതു സിനിമയിലേക്കു വരുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. എഡിറ്റിങ്ങും ക്യാമറയും തിരക്കഥയുമെല്ലാം ക്യാംപസിൽ പഠിപ്പിച്ചപ്പോൾ കൂട്ടുകാർ ഷോർട്ട് ഫിലിമിന് കാളിദാസനെ നായകനാക്കി.

അമ്മ മകനോട് പറഞ്ഞത്

‘‘ഞാൻ സിനിമയിൽ വരുമ്പോൾ അച്ഛൻ സിനിമയുടെ വലിയ തിരക്കിലാണ്. അമ്മ സിനിമയെല്ലാം വിട്ടിരുന്നു. ഞാൻ പൂമരം ചെയ്യുമ്പോൾ അമ്മ പറഞ്ഞു: നിനക്ക് നല്ല വീടുണ്ട്. കഴിക്കാൻ ഭക്ഷണമുണ്ട്. ജീവിക്കാൻ വേണ്ടതെല്ലാമുണ്ട്. നീയൊരു സിനിമ തിരഞ്ഞെടുക്കുമ്പോൾ പണത്തിനു പ്രാധാന്യം നൽകരുത്. സിനിമയെ ഒരു ബിസിനസായി കാണുകയുമരുത്. അമ്മയുടെ കഥാപാത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടം വടക്കുനോക്കിയന്ത്രത്തിലെ ശോഭയെയാണ്. ശ്രീനിയങ്കിളിനെപ്പോലെ ബ്രില്യന്റായൊരു തിരക്കഥാകൃത്തിന്റെ രചനയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ഞാൻ അമ്മയോടു പറയും. അപ്പയുടെ സിനിമകളിൽ എന്റെ ഫേവറിറ്റ് കമലങ്കിൾ സംവിധാനം ചെയ്ത ‘നടൻ’. ആ സിനിമയിലെ അഭിനയത്തിന് അപ്പയ്ക്ക് അവാർഡ് കിട്ടുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു. കിട്ടാതിരുന്നപ്പോൾ എനിക്കത് വലിയ വിഷമമായി.’’

റിലീസ് വൈകിയപ്പോൾ

‘‘പൂമരത്തിന്റെ റിലീസ് വൈകിയപ്പോൾ എനിക്കൊരു ടെൻഷനുമുണ്ടായിരുന്നില്ല. ആദ്യം നായകനാകുന്ന സിനിമ എന്റെ ജീവിതത്തിൽ ഓർത്തുവയ്ക്കാനാകുന്ന സിനിമയാകണമെന്ന് എനിക്കുണ്ടായിരുന്നു. പൂമരം തീർച്ചയായും അത്തരമൊരു സിനിമ അനുഭവമാണ് സമ്മാനിച്ചത്. ഞാനും ഞാനുമെന്റാളും എന്ന പാട്ട് ആദ്യമേ തന്നെ ഹിറ്റായതുകൊണ്ടാണ് ചിത്രം വൈകി എന്ന തോന്നലുണ്ടായത്. ആ പാട്ട് സമ്മാനിച്ച ജനപ്രീതിയും അംഗീകാരവും വളരെ വലുതാണ്. ആ പാട്ട് ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണെന്ന് അപ്പ പറയും. അതിന്റെ ഫീൽ ഒന്നു വേറെയാണ്. ഞാനും അതിനായി കാത്തിരിക്കുകയാണ്.’’