‘ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല’: അരുൺ ഗോപി

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും സംവിധായകൻ അരുൺ ഗോപി. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തിൽ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേൾക്കുന്നതിൽ ദു:ഖമുണ്ടെന്നും അരുൺ ഗോപി മനോരമ ഓൺലൈനോട് പറഞ്ഞു. 

‘സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നൽകിയാൽ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാൻ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങൾ വഴി അറിഞ്ഞ വാർത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.’ 

‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാൾക്ക് സഹായകരമാകട്ടെ എന്നോർത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതിൽ ദു:ഖമുണ്ട്.’ അരുൺ പറഞ്ഞു. 

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാന്‍ എന്ന പെൺകുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. ഒരുദിവസം കൊണ്ടാണ് ആ കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. വാർത്ത വലിയ ചർച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. അതിൽ ഒന്നായിരുന്നു അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൊരു വേഷം. എന്നാല്‍ പിന്നീട് ഇൗ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. അതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു.