ദിലീപ് പിന്മാറിയിട്ടില്ല: സത്യം വെളിപ്പെടുത്തി നാദിർഷ

തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന‍ിൽനിന്നു ദിലീപ് ഒഴിവായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നാദിർഷ. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദിലീപ് ഈ സിനിമയിൽനിന്നു പിന്മാറിയെന്ന വാർത്ത തെറ്റാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ െഗറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽനിന്നു ദിലീപ് മാറിയത്. പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ തൊണ്ണൂറുകാരനായി ചിത്രത്തിൽ എത്തും. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്. ഇപ്പോഴും ദിലീപ് ചിത്രത്തിന്റെ ഭാഗമാണ്. കാരണം ഈ സിനിമയുടെ നിർമാണം ദിലീപ് ആണ്.’ – നാദിർഷ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് തിരക്കഥ. തൊണ്ടിമുതലിലേതു പോലെ തന്നെ റിയലിസ്റ്റിക്കായ കഥപറച്ചിലായിരിക്കും ഈ ചിത്രത്തിലും.