Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഫഹദ് കത്തിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ അത് ചെയ്തേനെ', പ്രേക്ഷകരുടെ ചൂടറിഞ്ഞ് വിജിലേഷ്

vijilesh-varathan

നട്ടെല്ലുള്ള ഏത് പെണ്ണും ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു പോകുന്ന സ്വഭാവം. വരത്തനിലെ ജിതിൻ എന്ന കഥാപാത്രത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. സിനിമ കണ്ടിറങ്ങുന്ന ആരും ജിതിൻ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. അതൊരു കഥാപാത്രമാണല്ലോ എന്ന ചിന്തയൊക്കെ രണ്ടാമതേ വരൂ. വിജിലേഷ് കാരയാട് എന്ന അഭിനേതാവ് പ്രേക്ഷകരെ കയ്യിലെടുത്തത് അങ്ങനെയാണ്. 'നീ ചെയ്തത് നന്നായി എന്നു പറയുന്നതിനു മുൻപ് രണ്ടു പൊട്ടിക്കാൻ തോന്നി' എന്നാണ് എല്ലാവരും പറയുന്നതെന്ന് നിറഞ്ഞ ചിരിയോടെ വിജിലേഷ് പങ്കുവയ്ക്കുന്നു. വരത്തനിലെ കഥാപാത്രത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും വിജിലേഷ് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നു പറയുന്നു. 

ഫഹദ് കത്തിച്ചത് നന്നായി!

വരത്തനിലെ കഥാപാത്രത്തെപ്പറ്റിയും സിനിമയെപ്പറ്റിയും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ട് പൊട്ടിച്ചേനെ എന്നു പറയുന്ന ആളുകളായിരുന്നു അധികവും. ഫഹദ് കത്തിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ കത്തിച്ചേനെ, എന്നുള്ള മെസേജുകളൊക്കെ വന്നു. അത്രയ്ക്കു അറപ്പും വെറുപ്പും തോന്നിപ്പോയി എന്നാണ് സിനിമ കണ്ടവർ പറയുന്നത്. ആ കഥാപാത്രത്തെ ആളുകൾ അംഗീകരിച്ചതിൽ സന്തോഷം. 

I ME MYSELF ft. Sharaf U Dheen

അമ്മ സിനിമ കണ്ടോ?

അമ്മയും അച്ഛനും സിനിമ കണ്ടില്ല. സിനിമയിലെ കഥാപാത്രത്തെ കണ്ടാൽ അമ്മ തല്ലുമെന്നു കരുതി മനഃപൂർവം കാണിക്കാതിരുന്നതല്ല. എന്റെ അച്ഛനും അമ്മയും ഒക്കെ അധികം സിനിമകൾ തിയറ്ററിൽ പോയി കാണുന്നവരല്ല. സമയം ഒത്തു വന്നില്ല. ഞാൻ അഭിനയിച്ച തീവണ്ടി എന്ന സിനിമ അവർ കണ്ടിരുന്നു. വരത്തനും അധികം വൈകാതെ കാണും. 

കരാട്ടെക്കാരൻ, ലിബാഷ്, ജിതിൻ

മഹേഷിന്റെ പ്രതികാരത്തിനു മുൻപ് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പെങ്ങളെ ശല്യം ചെയ്തയാളെ തല്ലുന്നതിനായി കരാട്ടെ പഠിക്കുന്ന കഥാപാത്രത്തിൽ നിന്നു തീർത്തും വ്യത്യസ്തമാണ് വരത്തനിലെ കഥാപാത്രം. ശരിയ്ക്കുമൊരു വഷളൻ. തീവണ്ടിയിലെ ലിബാഷ് എന്ന കഥാപാത്രവും കുറച്ചു കൊള്ളരുതായ്മകൾ ഒപ്പിയ്ക്കുന്നുണ്ടെങ്കിലും വരത്തനിലെ കഥാപാത്രം പോലെ വഷളനല്ല. ചെയ്ത സിനിമകളിൽ ഈ കഥാപാത്രങ്ങളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

ഈ ശരീരത്തിന് നെഗറ്റീവ് വഴങ്ങുമോ എന്ന ആശങ്ക

ലൊക്കേഷനിൽ എത്തിയതിനു ശേഷമാണ് കഥാപാത്രം എന്താണെന്ന് അറിയുന്നത്. നെഗറ്റീവ് കഥാപാത്രം ആണെന്നു പോലും മനസിലാകുന്നത് അപ്പോഴാണ്. എന്റെ ശരീരഘടന വച്ച് ഒരു നെഗറ്റീവ് കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നെ അതിനു യോജിക്കുന്ന ശരീരഭാഷ, നോട്ടങ്ങൾ, ചലനങ്ങൾ ഒക്കെ കൊണ്ടു വന്നു. സംവിധായകനുമായും തിരക്കഥാകൃത്തുക്കളുമായും സംസാരിച്ചു വ്യക്തത വരുത്തി. 

vijilesh-varathan-1

ആ രംഗം ഏറെ വിഷമിപ്പിച്ചു

സിനിമയിൽ ചേതൻ ചെയ്യുന്ന കഥാപാത്രത്തെ ജിതിൻ തല്ലുന്ന ഒരു രംഗമുണ്ട്. ഗപ്പി മുതൽ എനിക്ക് ചേതനെ അറിയാം. അവൻ എനിക്ക് അനിയനെ പോലെയാണ്. എന്റെ ചങ്ക്. അവനെ തല്ലുന്ന സീക്വൻസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കുറച്ചു ഹെവിയായി ചെയ്താലെ ആ രംഗം നന്നാവൂ. വെറുതെ ആക്​ഷൻ കാണിച്ചാൽ പോരാ. ആ സമയത്തു വലിയ അസ്വസ്ഥതയായിരുന്നു.

ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല

സിനിമ മൊത്തത്തിൽ കാണുമ്പോഴാണ് ഈ കഥാപാത്രം എത്ര അലമ്പനാണെന്നു മനസിലാകുന്നത്. തീവണ്ടിയിലെ കഥാപാത്രത്തെക്കാൾ ആളുകൾ വരത്തനിലെ ജിതിനെ ശ്രദ്ധിച്ചു. പ്രേക്ഷകരുടെ പ്രതികരണം വലിയൊരു അംഗീകാരം ആണ്. 

നേരത്തെ പുച്ഛം, ഇപ്പോൾ അംഗീകാരം

ഡിഗ്രി സംസ്കൃതം ആയിരുന്നു. അതുകഴിഞ്ഞ് പിജി ചെയ്തത് തിയറ്ററിൽ. നാടകം, അഭിനയം എന്നൊക്കെ പറഞ്ഞു നടക്കുന്നത് പുച്ഛത്തോടെയായിരുന്നു പലരും കണ്ടിരുന്നത്. ഈ ശരീരം വച്ച് എന്തു ചെയ്യാനാണ് എന്നൊക്കെയുള്ള സംശയങ്ങളും പരിഹാസങ്ങളും. സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോൾ നേരത്തെ കളിയാക്കിയിരുന്നവരൊക്കെ നിലപാടു മാറ്റി. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനമാണ് എന്നെ നിലനിറുത്തിയത്. എന്റെ ഇഷ്ടങ്ങളെ വീട്ടുകാർ എതിർത്തില്ല. 

അഭിനയം തുടരും

എംജി സർവകലാശാലയിൽ നിന്നു തീയറ്ററിൽ എംഫിൽ നേടി. യുവകലാകാരന്മാർക്കുള്ള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിയറ്ററിൽ ഗവേഷണം നടത്താനുള്ള പരിപാടി തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. അഭിനയം തുടരാനാണ് തീരുമാനം. കുറച്ചു സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങിയിട്ടില്ല. എന്തായാലും കരിയർ സംബന്ധിച്ച് ആശയക്കുഴപ്പമില്ല. അത് അഭിനയം തന്നെ!