അനുമതി ഇല്ലാതെ ഈ ചിത്രം ഞാൻ പങ്കുവയ്ക്കുന്നു !

ഈ ചിത്രം പങ്കുവയ്ക്കാമോ എന്നെനിക്കറിയില്ല. സ്വകാര്യതയുള്ളൊരു ചിത്രമാണിത്. ചിത്രങ്ങൾ നൽകുന്നതിനു മുൻപു അതുമായി ബന്ധപ്പെട്ടവരോടൊരുവാക്കു പറയാറുണ്ട്. എന്നാൽ അത്തരം അനുമതികളില്ലാതെ ഈ ചിത്രം പങ്കുവയ്ക്കുന്നു. 

ഫഹദ് ഫാസിൽ വളരെ വികാരഭരിതമായി സത്യൻ അന്തിക്കാടിനെ കെട്ടിപ്പിടിക്കുന്ന നിമിഷമാണിത്. ‘ബ്രോ’ എന്നു പറഞ്ഞു ആചാരംപോലെ നടത്തുന്ന കെട്ടിപ്പിടുത്തമല്ലിത്. സ്വന്തം വീട്ടിൽനിന്നു താമസംമാറിപ്പോകുന്നൊരു മകന്റെയോ സഹോദരന്റെയോ മനോവിചാരത്തോടെയുള്ള കെട്ടിപ്പിടുത്തം. 

‘ഞാൻ പ്രകാശൻ ’എന്ന സിനിമയുടെ സെറ്റിൽപോയ ദിവസം ഫഹദ് പറഞ്ഞു,സത്യൻ സാറിന്റെ സിനിമ എനിക്കു വീടുപോലെയാണ്. ഇവിടേക്കു വരുന്നതു വീട്ടിൽപോകുന്നതുപോലെയാണ്. കയ്യിലും മനസ്സിലും ഒന്നും വേണ്ട. ഇവിടെയുള്ളതെല്ലാം എന്റെതുകൂടിയാണ്. ’നടുമുറ്റമുള്ളൊരു വീട്ടിൽവച്ചാണു ഫഹദ് ഇതു പറഞ്ഞത്. ഒരു തറവാട്ടിൽനിന്നു പറയുന്ന ഫീലിങ്. 

എത്രയോ കാലമായി സത്യൻ അന്തിക്കാടിന്റെ സെറ്റിനു വീടിന്റെ മനസ്സുണ്ട്. മോഹൻലാലിനെപ്പോലുള്ള ഒരാൾ ഇത്രയേറെ സന്തോഷിച്ചും അലസനായും മടിയനായും ഒരു തിരക്കുമില്ലാതെയും ഇരുക്കുന്നതു കണ്ടിട്ടില്ല. സ്വന്തം വീട്ടിലെന്നപോലെയാണു ലാൽ എന്നും സത്യന്റെ സെറ്റിൽ പെരുമാറാറുള്ളത്. ഭക്ഷണം കഴിക്കുന്ന സ്ഥലത്തുപോലും അത്തരമൊരു അന്തരീക്ഷമുണ്ട്. 

പണ്ട്, ശങ്കരാടി നേരെ സെറ്റിലേക്കു നേരിട്ടെത്തി സത്യാ... എന്നാണു അഭിനയിച്ചു തുടങ്ങേണ്ടതെന്നു ചോദിക്കുമായിരുന്നത്രെ. വേഷമുണ്ടോ ഇല്ലയോ എന്നതു പ്രശ്നമെയല്ല. സ്വന്തം വീട്ടിൽ ചോറുണ്ടോ എന്നു നോക്കി ആരെങ്കിലും വരാറുണ്ടോ. ഇല്ലെങ്കിൽ വച്ചുണ്ടാക്കണമെന്നുമാത്രം.. പല സെറ്റുകളിലും സൗഹൃദവും പുതിയ ബന്ധങ്ങളുമുണ്ടാകും. പക്ഷെ ഇത്രയേറെ വികാരത്തോടെ ആളുകൾ കൂടുകയും പിരിയുകയും ചെയ്യുന്ന ഇടങ്ങൾ വളരെ കുറവെ കണ്ടിട്ടുള്ളു. സത്യനോടു വിടപറയുമ്പോൾ ഫഹദ് കരഞ്ഞുവോ എന്നറിയില്ല. പക്ഷെ സെറ്റിലെ പലരും കരഞ്ഞു. ഈ ചിത്രത്തിലും അതു കാണാം. പലർക്കും തിരിച്ചുപോകാൻ മടിയായിരുന്നു. അതു ക്യാമറാമാനായാലും ലൈറ്റ് ബോയ് ആയാലും ഭക്ഷണം നൽകുന്നവരായാലും ഒക്കെ പാതി മനസ്സോടെയാണു തിരിച്ചു പോയത്. 

വീടിനു പുറത്തു സ്വന്തം വീടുപോലെ ഒരിടമുണ്ടാകുക എന്നതു വലിയ കാര്യമാണ്.അത്തരം ഇടങ്ങൾ ബാക്കിയാകുമ്പോഴാണു നന്മയുടെ നിലാവുള്ള സിനിമകളുണ്ടാകുന്നത്.എത്ര തവണ കണ്ടാലും വീണ്ടും അതേ വികാരത്തോടെ കാണുന്ന എത്ര സിനിമയുണ്ടെന്നു എണ്ണി നോക്കുക. അതിൽ സത്യനും ശ്രീനിവാസനുമെല്ലാമുള്ള എത്ര സിനിമയുണ്ടെന്നു നോക്കുക. അപ്പോൾ മനസ്സിലാകും അവരുടെ സെറ്റുകളിലെ സ്നേഹം സ്ക്രീൻ വഴി നമ്മുടെ മനസ്സിലേക്കും എങ്ങിനെയോ കടന്നുവന്നിട്ടുണ്ടെന്ന്. നമ്മുടെ വീട്ടിലുണ്ടാകണമെന്നു നാം കരുതുന്ന എന്തെല്ലാമോ ആ സിനിമയിലുണ്ടെന്ന്. സന്ദേശം, ടി.പി.ബാലഗോപാലൻ എംഎ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ തുടങ്ങിയ സിനിമകളൊന്നും വെറും സിനിമകളല്ല. നമ്മുടെ വീട്ടിലെ ഒരംഗംതന്നെയാണ്. അമ്മാവനെപ്പോലെ അമ്മായിയെപ്പോലെ ഇടയ്ക്കു കായവറുത്തതും മിക്ചറുമായി വിരുന്ന വരുന്ന ഒരാൾ. 

‘ഞാൻ പ്രകാശൻ’ എന്ന സിനിമ നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടതു അതു കാണുന്ന സാധാരണക്കാരിൽ സാധാരണക്കാരാണ്. അല്ലാതെ നിരൂപകരോ സാമൂഹ്യ മാധ്യമങ്ങളിലെ വിചാരണക്കാരോ അല്ല. സ്നേഹം തുളുമ്പുന്ന മനസ്സുകളിൽനിന്നു ജനിക്കുന്ന സിനിമകളിൽ ആ സ്നേഹം എന്തായാലുമുണ്ടാകും. എത്രയോ പേർ ഒരേ മനസ്സോടെയുണ്ടാക്കുന്നൊരു സിനിമയിൽ ദൈവത്തിന്റെ ഒരു സ്പർശം കാണാതിരിക്കാൻ സാധ്യത കുറവാണ്. കരഞ്ഞുകൊണ്ടു പിരിഞ്ഞുപോയവരുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. 

ഇനി അഭിനയിക്കേണ്ട ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയുടെ ഷൂട്ട് രണ്ടു ദിവസത്തേക്കു ഫഹദ് മാറ്റിവച്ചു. ‘പ്രകാശൻ’ മനസ്സിൽനിന്നു ഇറങ്ങുന്നില്ല എന്നാണു ഫഹദ് പറഞ്ഞത്. വേഷം വേഷക്കാരനെ പിൻതുടരുന്നതു പുതുമയല്ല. അതുണ്ടാകുന്നതു കുടംബംപോലെ വളർന്ന ഒരു ബന്ധത്തിൽനിന്നാണെന്നതു കൂടുതൽ സന്തോഷം നൽകുന്നു. ഒരോ സിനിമയുടെ സെറ്റും ഇത്തരം കുടുംബങ്ങളുടെ കഥയാകട്ടെ. ഒരോ കലാകാരനും സാങ്കേതിക വിദഗ്ധനും ജോലിക്കാരും മനസ്സു നിറഞ്ഞു തിരിച്ചുപോകട്ടെ. പല മലയാള സിനിമകൾക്കും  ഇടയ്ക്കുവച്ചു കൈവിട്ടുപോയതും ഇതുതന്നെയാണ്. ഒരോ സിനിമയും ഒരു വീടാകട്ടെ.