പാവാടയിലെ സിസിലി, ജീവിതത്തിലെ ശോഭ; തിരക്കഥാകൃത്ത് ബിപിൻ പറയുന്നു

ആശ ശരത്ത്, ശോഭ, ബിപിൻ ചന്ദ്രൻ

2016 ജനുവരിയിലാണ് പൃഥ്വിരാജ് നായകനായ പാവാട റിലീസാകുന്നത്. തന്റേതല്ലാത്ത നഗ്നദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ ജീവിതം നിഷേധിക്കപ്പെട്ട സിസിലി എന്ന സ്ത്രീയുടെ കഥയായിരുന്നു പാവാട പറഞ്ഞത്. സിസിലിയ്ക്കു വേണ്ടി സിനിമയിൽ നിയമപോരാട്ടം നടത്തുന്നത് മകൻ ജോയിയും സിനിമയുടെ നിർമാതാവ് ബാബുവുമാണ്. 

എന്നാൽ പാവാട എന്ന ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുമ്പെ തൊടുപുഴ കരിങ്കുന്നം സ്വദേശി ശോഭയുടെ പോരാട്ടം തുടങ്ങിയിരുന്നു. വാട്ട്സാപ്പിൽ പ്രചരിച്ച നഗ്നദൃശ്യം തന്റേതല്ലെന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു ശോഭ ഇറങ്ങിത്തിരിച്ചത്. അമ്മ മോശക്കാരിയല്ലെന്ന് മക്കൾക്കു മുന്നിലെങ്കിലും തെളിയിക്കാൻ ശോഭയ്ക്കു അത് അനിവാര്യമായിരുന്നു. സിനിമയിലെ രണ്ടര മണിക്കൂറിൽ കഥ കലങ്ങി തെളിയുമ്പോൾ ശോഭയ്ക്കു വേണ്ടി വന്നത് നീണ്ട രണ്ടര വർഷത്തെ നിയമപോരാട്ടമായിരുന്നു. മുഖം മറയ്ക്കാതെ, ധൈര്യം കൈവിടാതെ ശോഭ നടത്തിയ ചെറുത്തുനിൽപ് ഒടുവിൽ വിജയം കണ്ടു. പ്രചരിച്ച നഗ്നദൃശ്യം ശോഭയുടേതല്ലെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ 'സി–ഡാക്' സ്ഥിരീകരിച്ചു. 

ഈ സിനിമയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികം മാത്രമാണെന്ന് എഴുതിക്കാണിച്ചാലും ചിലപ്പോഴൊക്കെ സംഭവിച്ചേക്കാവുന്ന യാദൃശ്ചികത വിരൽചൂണ്ടുന്നത് സിനിമാക്കഥകളിലെ ജീവിതത്തിലേക്കാണ്. അതുകൊണ്ടും കൂടിയാണല്ലോ സിനിമ ഇത്രമേൽ ജനകീയമാകുന്നതും. സിനിമയുടെ തിരക്കഥയിൽ എഴുതി വച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതു കണ്ട് ഞെട്ടലൊന്നും തോന്നിയില്ലെന്ന് പറയുകയാണ് 'പാവാട'യുടെ കഥയും തിരക്കഥയും ഒരുക്കിയ ബിപിൻ ചന്ദ്രൻ. "അസംഭവ്യമായ കഥയല്ല പറഞ്ഞുവച്ചിരിക്കുന്നത്. എങ്കിലും അതേ ട്രാക്കിൽ കാര്യങ്ങൾ സംഭവിക്കുമ്പോൾ, കാലിക പ്രസക്തമായ ഒരു വിഷയം തന്നെയാണ് കൈകാര്യം ചെയ്തത് എന്ന് അടിവരയിടുന്നു,"- ബിപിൻ പറയുന്നു. 

പാവാട എന്ന ചിത്രത്തിന്റെ കഥ പരുവപ്പെട്ട വഴികളെക്കുറിച്ചും സിനിമയിലെ ജീവിതത്തെക്കുറിച്ചും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു. 

ശോഭയുടെ കഥ അറിയുന്നത് മാധ്യമങ്ങളിലൂടെ

പത്രമാധ്യമങ്ങളിലെ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് 'പാവാട' എന്ന ചിത്രത്തിന്റെ കഥയുമായി പലവിധത്തിൽ സാമ്യതയുള്ള ഒരു സംഭവം യഥാർത്ഥത്തിൽ സംഭവിച്ച കാര്യം അറിയുന്നത്. പാവാടയുടെ കഥയ്ക്ക് പ്രചോദനമായത് ഒരു യഥാർത്ഥ സംഭവകഥയേ ആയിരുന്നില്ല എന്നതാണ് സത്യം. ഓസ്ട്രിയൻ എഴുത്തുകാരനായ ജോസഫ് റോത്ത് എഴുതിയ ദി ലെ‍ജൻഡ് ഓഫ് എ ഹോളി ഡ്രിങ്കർ എന്ന പുസ്തകം പണ്ട് ഞാൻ വായിച്ചിരുന്നു. എല്ലാ കാര്യങ്ങളും മദ്യപാനത്തിനു വേണ്ടി മാറ്റി വയ്ക്കുന്ന ഒരു കഥാപാത്രം. വായിച്ചപ്പോൾ ആ കഥാപാത്രം രസകരമായിത്തോന്നി. അതിൽ നിന്നൊക്കെയാണ് കഥാതന്തു ലഭിക്കുന്നത്.

കോളജിൽ പഠിക്കുന്ന കാലത്ത് വായിച്ച നോവലായിരുന്നു അത്. അതിൽ നിന്നൊരു സിനിമയുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അതിൽ ഒരു സിനിമാക്കഥ ഇല്ലായിരുന്നു. മദ്യപാനികളുടെ പ്രശ്നം പറയുക, മദ്യവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങൾ പറയുക എന്ന ആശയം മനസിൽ കിടന്നു. അതിലേക്ക് കഥാപാത്രത്തിന്റെ അമ്മയ്ക്കു പറ്റുന്ന കാര്യങ്ങൾ കൂട്ടിച്ചേർക്കുവാൻ തോന്നിപ്പിച്ചത് മറ്റു ചില സംഭവങ്ങളാണ്. 

ബിറ്റ് വച്ച മൊഴിമാറ്റ ചിത്രങ്ങൾ

പണ്ട് മലയാള സിനിമകൾ തമിഴിലേക്കു മൊഴിമാറ്റം ചെയ്യുമ്പോൾ അതിൽ ബിറ്റ് ചേർക്കുന്ന പതിവുണ്ടായിരുന്നു. സിനിമയിൽ ഇല്ലാത്ത അശ്ലീല ദൃശ്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിച്ചേർക്കാറുള്ളത്. ആ സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ പോലും ആകില്ല ആ ദൃശ്യങ്ങൾ. ഒരു നടി കുളിക്കാൻ കയറുന്ന രംഗം ഉണ്ടെങ്കിൽ അവർ കുളിമുറിയിൽ കയറി വാതിലടച്ചാൽ പിന്നെ കാണിയ്ക്കുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും. പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇതുപോലെ ബിറ്റുകൾ ചേർക്കും.

കേരളത്തിൽ മികച്ച കലക്‌ഷൻ നേടിയ കുടുംബചിത്രങ്ങൾക്കു പോലും ഈ ദുര്യോഗം ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളിൽ അഭിനയിച്ച നടിമാർ സഞ്ചരിക്കുമ്പോൾ തമിഴ്നാട്ടിലെ ചിലരൊക്കെ വേറൊരു തരത്തിലാണ് ഇവരെ നോക്കുക. അങ്ങനെയുള്ള കഥകൾ എനിക്കും അറിയാമായിരുന്നു. അതൊക്കെയാണ് പാവാട എന്ന സിനിമയ്ക്കു പ്രചോദനമായത്. നിത്യജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം നേരിട്ട സ്ത്രീയുടെ കാര്യം എനിക്ക് അറിയില്ലായിരുന്നു. 

ചൂഷണം എല്ലാ കാലത്തുമുണ്ട്

ഇത്രയധികം വിദ്യാഭ്യാസവും സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉള്ള കാലത്തുപോലും മീ ടു പോലുള്ള ക്യാംപെയിനുകൾ സജീവമാകുന്നു. അതിന് കാരണം, ഇത്തരത്തിലുള്ള ചൂഷണങ്ങൾ എല്ലാ കാലത്തും നടക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെയാണ്. ഇരുപത്തിയഞ്ചോ മുപ്പത്തിയഞ്ചോ വർഷങ്ങൾക്കു മുൻപ് ഇതുപോലെയുള്ള ചൂഷണങ്ങൾ നടന്നിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല.

നഗ്നദൃശ്യം തന്റേതല്ലെന്നു തെളിയിക്കാൻ വീട്ടമ്മ പോരാടിയത് രണ്ടരവർഷം

കുറച്ചൊക്കെ കാര്യങ്ങൾ നമ്മുടെ വരുതിയിൽ നിൽക്കുമെന്ന് തോന്നുന്ന പുതിയ കാലത്തും ചൂഷണങ്ങൾ നടക്കുന്നു. പലരും പേടിച്ചിട്ടും മാനക്കേട് ഭയന്നിട്ടും കുടുംബക്കാരുടെ ശാസന ഭയന്നിട്ടും മിണ്ടാതിരിക്കുന്നവരുണ്ടാകും. ശോഭയെപ്പോലെ നിയമപോരാട്ടം നടത്താൻ പലരും തയ്യാറാകണമെന്നില്ല. പോരാടുവാനുള്ള അവരുടെ ആ തീരുമാനമാണ് നിർണായകം. 

ചർച്ചയാകേണ്ട വിഷയം

'പാവാട' എന്ന സിനിമ കണ്ടിട്ടുള്ള ലക്ഷക്കണക്കിന് ആളുകളിൽ പത്തു പേരെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിക്കുകയോ മനുഷ്യവിരുദ്ധമായ കാര്യമാണെന്ന് തിരിച്ചറിയുകയോ ചെയ്യുകയാണെങ്കിൽ അത്രയും നന്മയുണ്ടാകുമല്ലോ! സിനിമ കണ്ടിട്ട്, ചിലർക്കെങ്കിലും ഇതൊരു പൈങ്കിളി കഥയല്ലേ എന്നൊക്കെ തോന്നിയിട്ടുണ്ടാകാം. സിനിമയ്ക്കു വേണ്ടിയുണ്ടാക്കിയ അതിഭാവുകത്വം കലർന്ന കഥയായി ഇതിനെ കരുതുന്നവരുണ്ടാകാം. ഇത്തരം സംശയങ്ങളെ ദൂരീകരിക്കുന്ന സംഭവം കൂടിയാണ് ശോഭയുടെ നിയമപോരാട്ടവും വിജയവും.