ആ പടക്കം രാജേട്ടനു വേണ്ടി പൊട്ടിച്ചു: ഭീമൻ രഘു‌

ഗണേഷിന്റെ പ്രചരണത്തിനായി മോഹൻലാൽ പത്തനാപുരത്തെത്തിയപ്പോൾ ജഗദീഷ് കരഞ്ഞു, പക്ഷേ ഭീമൻ രഘു നെഞ്ചും വിരിച്ച് നിന്ന് പറഞ്ഞു, ബച്ചൻ വന്നാലും ഇവിടെ ഞാനേ ജയിക്കൂ. മത്സരത്തിൽ ബിജെപി സ്ഥാനാർഥിയായി മൂന്നാമനായേ ഫിനിഷ് ചെയ്തുള്ളുവെങ്കിലും ഭീമൻ രഘുവിന്റെ കോൺഫിഡൻസും സന്തോഷവും അന്നും ഇന്നും ഭീമൻ തന്നെ.

എന്താണെന്നോ ഇപ്പോൾ രഘു പറയുന്നത്, "എനിക്കൊരു സംശയവുമില്ല ഞാൻ ജയിച്ചുവെന്ന കാര്യത്തിൽ....കാരണം കഴിഞ്ഞ പ്രാവശ്യത്തേക്കാൾ മൂന്നിരട്ടി വോട്ട് പിടിക്കാനായി എനിക്ക്. അപ്പോൾ ഞാൻ‌ ജയിച്ചില്ലേ...." ഭീമൻ രഘുവിന്റെ പക്ഷമതാണ്. ഞാൻ ജയിച്ചു..പൊട്ടിക്കുമെന്ന് പറഞ്ഞ പടക്കം ഞാൻ പൊട്ടിക്കുകയും ചെയ്തു. ഭീമൻ രഘു പറയുന്നു. ഒ രാജഗോപാൽ നേമത്ത് ജയിച്ചാല്‍ പൊട്ടിക്കുമെന്നു പറഞ്ഞ പടക്കത്തിന്റെ കാര്യമാണ് ഭീമൻ രഘു പറഞ്ഞത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജഗോപാലിന്റെ വിജയം രഘു പ്രതീക്ഷിച്ചിരുന്നു. വിജയം ആഘോഷിക്കാന്‍ പടക്കവും വാങ്ങിവച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നിരാശനാകേണ്ടി വന്നു. അന്ന് നിസാരമായ വോട്ടിനാണ് രാജേട്ടന്‍ തോറ്റുപോയതെന്ന് രഘു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പറഞ്ഞിരുന്നു. ഇത്തവണ ജയിച്ചാല്‍ അന്ന് രാജേട്ടന്റെ ജയത്തിൽ പൊട്ടിക്കാന് വാങ്ങിവച്ച പടക്കങ്ങളുമായി രാജേട്ടന്റെ വീടിന്റെ മുന്നില്‍ വരുമെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. ആ സന്തോഷവും രഘുവിന്റെ വാക്കുകളിലൂടെ അറിയാം.

പത്തു ഉൽസവം കണ്ട പ്രതീതിയായിരുന്നു പത്തനാപുരത്തുകാർക്ക് തെരഞ്ഞെടുപ്പുകാലം കൊടുത്തത്. ഗണേഷും ജഗദീഷും ഭീമൻ രഘുവും ചേർന്ന താരപോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലത്തിലെ സംഭവങ്ങൾ മാധ്യമങ്ങളുടെയും ട്രോളുകളുകാരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. ഗണേഷിനായുള്ള മോഹൻലാലിന്റെ വരവും, ഗണേഷും ജഗദീഷും തമ്മിലുള്ള വാക് പോരും മണ്ഡലത്തെ താരമാക്കി. തെരഞ്ഞെടുപ്പിൽ ഗണേഷ് ജയിച്ചെങ്കിലും അതിനു മാറ്റമില്ല. ഗണേഷും ജഗദീഷും തമ്മിലുള്ള അസ്വാരസ്യം ഇപ്പോഴും തുടരുകയാണ്. വെടിനിർത്തലിലേക്ക് നീങ്ങുന്നതേയുള്ളൂ.

പക്ഷേ ഭീമൻ രഘുവിന് അതൊന്നും ഒരു പ്രശ്നമേയല്ല. ഇവർക്കൊന്നും വേറെ പണിയില്ലേയെന്നാണ് ഭീമൻ രഘു ചോദിക്കുന്നത്. കാരണം ജനങ്ങളൊരു തീരുമാനമെടുത്തു കഴിഞ്ഞു. ഇനി നമ്മളിങ്ങനെ സംസാരിച്ചിട്ട് എന്താണ് കാര്യം? രഘു ചോദിക്കുന്നു. "രാഷ്ട്രീയത്തിൽ സജീവമായി തന്നെയുണ്ടാകും. നല്ലൊരു ശതമാനം വോട്ടു പിടിച്ചതിന് കുമ്മനം രാജശേഖരന്‍ ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് അഭിനന്ദനം കിട്ടി. പത്തനാപുരത്തെ ജനങ്ങളെ കണ്ട് നന്ദിയും പറഞ്ഞു. നല്ലൊരു അനുഭവമായിരുന്നു തെരഞ്ഞെടുപ്പ് കാലം." ഭീമന്‍ രഘു പറയുന്നു.

തോറ്റെങ്കിലും തനിക്ക് നേടാനായ മോശമല്ലാത്തെ വോട്ടിന്റെയും കുറേ നാൾ ജനങ്ങൾക്കിടയിൽ നിൽക്കാനായതിന്റെയും പിന്നെ എംഎൽഎ ആയി മത്സരിച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഭീമൻ രഘു.