ബിജു മേനോന് ദിലീപ് നൽകിയ മുന്നറിയിപ്പ്!

സൗഹൃദമൊരു നിക്ഷേപമാണെങ്കിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള നടൻ ബിജുമേനോൻ ആയിരിക്കും. അഭിനയിച്ച സിനിമകളിലെ സംവിധായകർ മുതൽ പ്രൊഡക്​ഷൻ ബോയ് വരെയുണ്ടു ബിജുവിന്റെ സൗഹൃദ സംഘത്തിൽ. ഈ സൗഹൃദ സമ്പത്തു കണ്ട് അസൂയ തോന്നിയവരും ഉണ്ട്.

ഓർഡിനറി സൂപ്പർ ഹിറ്റായപ്പോൾ ബിജുവിനെ വിളിച്ച് അഭിനന്ദിച്ച കൂട്ടത്തിൽ ദിലീപ് ഒരു മുന്നറിയിപ്പുകൂടി ബിജുവിനു നൽകിയിരുന്നു. ‘ഭായ് നോക്കിക്കോ...ഇനി ഭായ്ക്കും ശത്രുക്കൾ ഉണ്ടായിത്തുടങ്ങും.’ അപ്പോൾ ബിജു അത് അത്ര കാര്യമാക്കിയില്ല. പക്ഷേ, ഇപ്പോൾ അനുരാഗ കരിക്കിൻ വെള്ളം, കവി ഉദ്ദേശിച്ചത്, സ്വർണക്കടുവ... ഇങ്ങനെ പടങ്ങൾ ഓരോന്നോരോന്നായി വിജയിക്കുമ്പോൾ സൗഹൃദങ്ങൾ ഓരോന്നോരോന്നായി കുറയുകയാണോന്നു ബിജുവിനും സംശയം.

ദിലീപ് പറഞ്ഞതു സത്യമായി എന്നു തോന്നുന്നുണ്ടോ?

ശത്രുക്കളുണ്ടായി എന്നു തോന്നുന്നില്ല. പക്ഷേ, പിണക്കങ്ങളുണ്ടാകുന്നുണ്ട്. അതിന്റെ പേരിൽ എനിക്കും വലിയ വിഷമമുണ്ട്. സുഹൃത്തുക്കളായ എഴുത്തുകാർ വന്നു കഥ പറഞ്ഞിട്ട് അത് ഇഷ്ടമായില്ല എന്നു പറഞ്ഞാൽ അവർ പിണങ്ങും. സംവിധായകരുടെ കാര്യവും അങ്ങനെ തന്നെ. നമ്മൾ ആരോടൊക്കെ നോ പറഞ്ഞോ അവർക്കൊക്കെ മാനസിക വിഷമം ഉണ്ടായിട്ടുണ്ടാകും.

എന്തിനാണ് അവരെ പിണക്കിയത്. യേസ് പറയാമായിരുന്നില്ലേ...?

കഥ പറയുന്ന ആളെയല്ലല്ലോ കഥയല്ലേ നമുക്ക് ഇഷ്ടമാകേണ്ടത്. സൗഹൃദത്തിന്റെ പേരിൽ ഒരു ചെറിയ വേഷം വേണമെങ്കിൽ ചെയ്യാം. പക്ഷേ, ഞാൻ നായകനാകുമ്പോൾ ഉത്തരവാദിത്തം കൂടും. നായകനെ മുന്നിൽ കണ്ടാണ് ആ സിനിമയുടെ കച്ചവടം നടക്കുന്നത്. അപ്പോൾ പണമിറക്കുന്ന നിർമാതാവിനോടു നമുക്കുള്ള ബാധ്യതയും കൂടും. അതുകൊണ്ട് എന്റെ കയ്യിൽ നിൽക്കുമെന്ന് എനിക്കു ബോധ്യമുള്ള സിനിമകളേ ഏറ്റെടുക്കാൻ പറ്റൂ. അപ്പോൾ കൊമേഴ്സ്യൽ സാധ്യതയില്ലാത്ത കഥകൾ തള്ളിക്കളയേണ്ടി വരും. ഇതൊക്കെ മനസ്സിലാക്കുമ്പോൾ പിണങ്ങിപ്പോയവരൊക്കെ തിരിച്ചുവരുമായിരിക്കും.

ഒട്ടും തന്ത്രശാലിയല്ലാത്ത ബിജു മേനോനും തന്ത്രശാലിയായി എന്നാണോ...?

കഥകൾ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പാലിക്കാൻ തുടങ്ങി എന്നതാണു സത്യം. തന്ത്രമല്ല, പ്രാക്ടിക്കലായി നീങ്ങുന്നു എന്നു കരുതിയാൽ മതി. ഒരു സിനിമ നടന്നാൽ അതുകൊണ്ട് എനിക്കു മാത്രം ഗുണമുണ്ടായിട്ടു കാര്യമില്ല. സിനിമ ജനത്തിനു ബോറടിക്കരുത്. കൂടുതൽപ്പേർ അതു കാണണം. എന്നാൽ, എനിക്കു കാര്യമായി എന്തെങ്കിലും സംഭാവന ചെയ്യാൻ പറ്റുന്നതുമായിരിക്കണം.

ബിജു മലയാളത്തിലെ എണ്ണം പറഞ്ഞ നായകനായി എന്നു തോന്നിത്തുടങ്ങി അല്ലേ?

ഞാൻ സ്വീകാര്യനായി എന്നു തോന്നിത്തുടങ്ങി. സ്വർണക്കടുവ കണ്ടിട്ട് പലരും ആളുകൾ വിളിച്ച് അഭിനന്ദിച്ചു. ലാൽ ജോസും ജോണി ആന്റണിയുമൊക്കെ പറഞ്ഞത് എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണെന്നാണ്. അതു കേൾക്കുന്നതാണു വലിയ സന്തോഷം. എനിക്കും വളരെ പ്രിയപ്പെട്ട സിനിമയാണു സ്വർണക്കടുവ.

സ്വർണക്കടുവയുടെ കഥയിൽ എന്താണ് താങ്കളെ ആകർഷിച്ചത്...?

കഥ സത്യസന്ധമാണ് എന്നതാണ് ആദ്യത്തെ കാര്യം. വളരെ റിയലിസ്റ്റിക്കായ ക്യാരക്ടർ. ഹീറോ എന്ന സങ്കൽപത്തിൽ നിന്നു മാറി നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ. എനിക്കതൊരു വെല്ലുവിളിയായി തോന്നി. ആ അവസരം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. നന്നായി പെർഫോം ചെയ്താൽ ശ്രദ്ധിക്കപ്പെടും എന്നൊരു പ്രതീക്ഷ. അതുകൊണ്ടുതന്നെ നന്നായി പണിയെടുത്തു. അതിനു ഫലമുണ്ടായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളും തിയറ്റർ റിപ്പോർട്ടുകളും പറയുന്നത്.

ബിജു മേനോന് ഒരു സംസ്ഥാന അവാർഡൊക്കെ കിട്ടാറായോ...?

നമ്മളൊരു നല്ല നടനായി എന്നു കേൾക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. വലിയ താരമായി എന്നു കേൾക്കുന്നതിനേക്കാൾ ഞാൻ ഒരു വേഷം ഭംഗിയാക്കി എന്നു കേൾക്കുന്നതാണ് ഇഷ്ടം.

ജീവിതം ആസ്വദിക്കുന്ന ഒരാൾ എന്ന നിലയിൽ അതിനു കുറവുണ്ടായിട്ടുണ്ടോ...?

തീർച്ചയായും. ഇപ്പോൾ കോഴിക്കോട്ട് പയ്യോളിയിൽ രഞ്ജൻ പ്രമോദിന്റെ ‘രക്ഷാധികാരി ബൈജു–ഒപ്പ്’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. ഇവിടെ എല്ലാ ദിവസവും എനിക്കു ജോലി ഉണ്ട്. ഇത് ഒട്ടേറെ അഭിനേതാക്കൾ ഉള്ള വലിയ പടമാണ്. അതുകൊണ്ടു തോന്നുമ്പോൾ ഓടി വീട്ടിലേക്കു പോകാൻ പറ്റുന്നില്ല. വീട്ടിൽ പോയിട്ട് 33 ദിവസമായി. ഭാര്യയെയും മകനെയും കാണുന്നില്ല. ഫോണിൽ സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളു. പക്ഷേ, ദിവസവും പല പ്രാവശ്യം ഫോൺ വിളിക്കും. അതിന്റെ സുഖം ആസ്വദിക്കുന്നു. പിന്നെ ര‍ഞ്ജൻ പ്രമോദിന്റെ ഏറ്റവും മനോഹരമായ തിരക്കഥയായിരിക്കും ഇത്. വളരെ ഇഷ്ടപ്പെട്ട വേഷമാണിത്. ആ വേഷം അഭിനയിക്കുന്നതിലും ഒരു സുഖമുണ്ട്. എല്ലാം ചേർന്നതാണല്ലോ ജീവിതാസ്വാദനം.