പേടിപ്പിക്കുമോ എസ്ര ? സംവിധായകൻ പറയുന്നു

ജെ.കെ, പൃഥ്വിരാജ്

ചിരിപ്പിക്കാനാണോ, കരയിപ്പിക്കാനാണോ, ത്രില്ലടിപ്പിക്കാനാണോ അതോ ഇനി പേടിപ്പിക്കാനാണോ പ്രയാസം എന്നു ചോദിച്ചാൽ സംശയമന്യേ ഏതു ഫിലിം മേക്കറും പറയും പേടിപ്പിക്കാനാണെന്ന്. പ്രത്യേകിച്ച് മലയാളസിനിമയിൽ. ലക്ഷണമൊത്ത ഒരു ഹോറർ സിനിമ മലയാളത്തിലിറങ്ങിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു. മായ പോലുള്ള മികച്ച ഹൊറർ സിനിമകൾ തമിഴിൽ ഉണ്ടായിട്ടും മലയാളത്തിന്റെ കാത്തിരിപ്പു നീണ്ടു. അവിടെയാണ് ‘എസ്ര’ എന്ന ചിത്രത്തിന്റെ പ്രസക്തി. കാഴ്ചക്കാരനെ പേടിപ്പിക്കുന്നതാണോ തന്റെ സിനിമയെന്ന് സംവിധായകൻ ജയകൃഷ്ണൻ തന്നെ പറയുന്നു.

ഹൊററിൽ ഹരിശ്രീ ?

നല്ല കാര്യമല്ലേ. കുറേ നാളായി ഹൊറർ വിഭാഗത്തിലൊരു സിനിമ മലയാളത്തിൽ വന്നിട്ട്. അത് ഇവിടെയും എക്സ്പ്ലോറ് ചെയ്യേണ്ടതാണ്. അതു കൊണ്ടാണ് ഹോറർ സിനിമ തന്നെ ആദ്യം ചെയ്യാമെന്നു വച്ചത്. അപ്പോൾ അതിന്റേതായൊരു എക്സൈന്റ്മെന്റ് പ്രേക്ഷകരിലുണ്ട്. എസ്രയും ഈ പ്രതീക്ഷ കാക്കുമെന്നാണ് വിശ്വാസം. മലയാളത്തിൽ ഹൊറർ കോമഡി സിനിമകളാണ് വന്നുപോയിട്ടുള്ളത്. മലയാളത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് നല്ലൊരു എന്റർടെയിനിങ് സിനിമ ഉണ്ടാക്കാനുള്ള സത്യസന്ധമായ ശ്രമം നടത്തിയിരിക്കുന്നു. ഒരു കഥയെ അതിന് ഏറ്റവും അനുയോജ്യമായ സാങ്കേതികവിദ്യകളിലൂടെ അവതരിപ്പിക്കുക. മലയാളത്തിലെ നമ്മുടെ ബഡ്ജറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതില്‍ ഏറ്റവും നന്നായി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സമ്മർദം ?

ഒട്ടും സമ്മർദമില്ല. സിനിമയെ വളരെ സിൻസിയറായാണ് കൈകാര്യം ചെയ്യുന്നത്. അതേ ഗൗരവത്തോടെയാണ് അത് പ്രേക്ഷകരിലേക്കെത്തിക്കുന്നതും. പ്രേക്ഷകർക്ക് അതിഷ്ടപ്പെട്ടാൽ സന്തോഷം.

മറ്റു ഹൊറർ ചിത്രങ്ങളുടെ സ്വാധീനം ?

മലയാളത്തിൽ ഇതിന് മുമ്പ് ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. സിനിമയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഹൊറർ സിനിമകളും മാറിയിട്ടുണ്ട്. ഇന്നത്തെ ടെക്നോളജിയും ഫിലിം മേക്കിങ് രീതികളുമൊക്കെ വന്നതിന് ശേഷം ഇങ്ങനെയൊരു സിനിമ മലയാളത്തിൽ വന്നിട്ടില്ല. ഒരു റെഫറൻസ് എനിക്കില്ല. കളർ ടോണും അന്തരീക്ഷവും ഇതുപോലെ ആയിരിക്കണമെന്നത് പ്രൊഡക്ഷൻ മാനേജരും കോസ്റ്റ്യൂം ഡിസൈനറും അതേ പോലെ ഛായാഗ്രാഹകനും ആലോചിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. സിനിമയുടെ ലുക്ക് ഇതായിരിക്കണം കളർ ടോൺ ഇന്ന ബാക്ക് ഗ്രൗണ്ടിലായിരിക്കണം ഇതായിരിക്കണം അതിന്റെ കോൺട്രാസ്റ്റ് അതിന്റെ കോസ്റ്റ്യൂം എന്നൊക്കെ വിവരിക്കുന്ന കൃത്യമായൊരു ചാർട്ട് ഉണ്ടായിരുന്നു. പരസ്യരംഗത്ത് ഒരു മുൻപരിചയമുണ്ട്. അല്ലാതെ ഇതൊന്നും മറ്റൊന്നിൽ നിന്നു കണ്ടുപഠിക്കുന്നതല്ല.

ശരിക്കും എസ്ര നമ്മളെ പേടിപ്പിക്കുമോ?

പേടിപ്പിക്കാൻ വേണ്ടി മാത്രമുള്ള ചിത്രമല്ല എസ്ര. ഇതിലൊരു കഥയുണ്ട്. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥ‌. ഇവ രണ്ടും കൂടി ബന്ധിപ്പിച്ചൊരു സ്റ്റോറി ടെല്ലിങ്ങാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ ചിലപ്പോൾ കുറച്ച് പേടിപ്പിക്കുന്ന ഇമോഷണൽ മൂവ്മെന്റ്സ് ഉണ്ടാകും. അല്ലാതെ മനഃപൂർവം പേടിപ്പിക്കാൻ വേണ്ടി മാത്രം എടുത്ത പടമല്ല.

സിനിമയുടെ ലൊക്കേഷനിൽ വന്ന പ്രേതം ?

ഞാനും കേട്ടു ,എനിക്ക് നേരിട്ട് അനുഭവമില്ല. അങ്ങനെയൊരു അതീന്ദ്രിയ പ്രതിഭാസം ഞാൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ സെറ്റില്‍‌ ഒരു നെഗറ്റീവ എനർജി ഉണ്ടായിട്ടുണ്ട് എന്നു പലരും പറഞ്ഞു. ഇങ്ങനെ പലർക്കും തോന്നിയതുകൊണ്ടാണ് പള്ളീലച്ചനെ കൊണ്ട് വെഞ്ചരിച്ചത്. അന്ന് ഞാനുമുണ്ടായിരുന്നു.

എവിടെനിന്നാണ് ഈ കഥാപാത്രം കൂടെ കൂടിയത്?

അങ്ങനെ ഒരു കഥ വന്നു. കഥാപാത്രം വന്നു. കഥയില്‍ നിന്നാണ് കഥാപാത്രമുണ്ടായത്. നമുക്കൊരു ഹിസ്റ്ററി ഉണ്ടല്ലോ. ഒന്നു തിരിഞ്ഞു നോക്കിയാൽ കിട്ടാവുന്നതൊക്കെയുള്ളൂ.

ഷൂട്ടിങ്ങ് എക്സ്പീരിയൻസ് ?

എന്റെ നിർമാതാവ് എന്നെ പൂർണമായും വിശ്വസിച്ച് കൂടെതന്നെ നിന്നു. കോംപ്രമൈസ് ചെയ്യേണ്ടിവന്നിട്ടില്ല. ഞാൻ അറിഞ്ഞിടത്തോളം ആദ്യ സംവിധായകർ പല കോംപ്രമൈസുകളും ചെയ്യേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്. നല്ല നിലവാരമുള്ള ടെക്നിക്കൽ ക്രൂവിനെയായിരുന്നു ഞാൻ തിരഞ്ഞെടുത്തത്. മലയാളിയായ സിനിമോട്ടോഗ്രാഫർ സുജിത് വാസുദേവ്. ബാക്കി ഇതിൽ പ്രവർത്തിച്ചവർ എല്ലാവരും മുംബൈയിൽ നിന്നുള്ളവരാണ്. നല്ല ടെക്നിക്കൽ ക്രൂവും പണം മുടക്കാൻ നല്ല പ്രൊഡ്യൂസറും പിന്നെ പൃഥ്വിരാജിനെപ്പോലുള്ള ആക്ടറും ഉള്ളതുകൊണ്ട് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോൾ

പൃഥ്വിയെ നേരത്തേ അറിയാമായിരുന്നു. പൃഥ്വിയോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു. മലയാളത്തിലെ സെൻസിബിളായിട്ടുള്ള ടോപ് ആക്ടേഴ്സിൽ ഒരാളാണ് പൃഥ്വി. ഈ കഥയുടെ വിഷ്വൽ പൂർണമായിട്ടും മനസിലാക്കുകയും അവിടുന്നുള്ള യാത്രയിൽ ഭാഗമാവുകയും ചെയ്തു. 2010 ൽ ഈ സിനിമയുടെ ഒരു ത്രഡ് ആണ് പറഞ്ഞത്. പിന്നീട് ഞാൻ പരസ്യത്തിന്റെ തിരക്കുകളിലായിരുന്നു. 2014 ലാണ് പ്രോപ്പറായിട്ടുള്ള തിരക്കഥ പൃഥ്വിയുടെ അടുത്ത് പറയുന്നത്. ഷൂട്ട് ഒന്നരവർഷത്തോളം എടുത്തു.

പൃഥ്വിയുടെ നിർദ്ദേശം ?

കൈകടത്തൽ പൃഥ്വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു ആക്ടറുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.

സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച്?

ക്യാമറ സുജിത് വാസുദേവ്. സുജിത് നന്നായി ഈ സിനിമയ്ക്കുവേണ്ടി പരിശ്രമിച്ച ഒരാളാണ്. അദ്ദേഹത്തിന് ‘നോ’ എന്ന വാക്കില്ല. സംവിധായകന്റെ കൂടെ 100% കൂടെനിന്നു. സംവിധായകന്റെ കാഴ്ചപ്പാട് മനസിലാക്കി പ്രവർത്തിച്ച ഒരു സിനിമോട്ടോഗ്രാഫറാണ് അദ്ദേഹം.

എസ്രയിൽ മോഹൻലാൽ ?

ഞാനും കേട്ടു ഈ സിനിമയിൽ മോഹൻലാൽ ഉണ്ട് എന്ന്. ഞാനും ആഗ്രഹിച്ചുപോയി പൃഥ്വിരാജിന്റെ കൂടെ ഒരു ഗസ്റ്റ് റോളിൽ മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. അതൊരു ആഗ്രഹമായിട്ട് നിലനിൽക്കുകയാണ്. എന്നാൽ ലാൽസാർ ഈ പടത്തിൽ അഭിനയിക്കുന്നില്ല.

ഇഷ്ടപ്പെട്ട സിനിമകൾ ?

എന്റർടെയ്ൻ ചെയ്യുന്ന എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. മലയാളത്തിൽ ഇഷ്ടപ്പെട്ട സിനിമ എന്നു എടുത്തു പറയാൻ ഒരെണ്ണം ഇല്ല. അടുത്തിടെ ഇറങ്ങിയ കമ്മട്ടിപ്പാടം ഇഷ്ടമാണ്. മലയാളത്തിൽ കെ ജി ജോർജ് സാർ , ഭരതൻ സാർ, ഐ വി ശശി സാർ, ലാൽ ജോസ്, ഭദ്രൻ സാർ, അൻവർ റഷീദ്, രാജീവ് രവി ഇവരുടെ ചില പടങ്ങൾ ഇഷ്ടമാണ്.