സിദ്ധി അഥവാ പ്രകാശം പരത്തുന്ന പെൺകുട്ടി

സിദ്ധി മഹാജൻകട്ടി

"ഇത് അങ്ങനെ സാധാരണ പെണ്ണൊന്നുമല്ലടാ, She is difficult.." ആനന്ദത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ ആ അസാധാരണ പെൺകുട്ടി ആരാണെന്ന ചോദ്യമാണ് സോഷ്യൽമീഡയയിൽ ചുറ്റിതിരിയുന്നത്. ഏഴു പുതുമുഖങ്ങളെവെച്ച് എൽജെ ഫിലിംസിന്റെ ബാനറിൽ വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം മലയാളത്തിലെ മറ്റൊരു പ്രേമം ആകുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകർ. പ്രേമത്തിലെ മലരിനെപ്പോലെ, തട്ടത്തിന് മറയത്തിലെ ഐഷയെപ്പോലെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന സിദ്ധിമഹാജൻ കട്ടി ആനന്ദം എന്ന ആദ്യ സിനിമയുടെ ആനന്ദം മനോരമഓൺലൈനുമായി പങ്കുവെക്കുന്നു.

മലയാളത്തിൽ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം

സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് ദിയ അമ്പാട്ട്. വിനീതേട്ടൻ എന്നെ ഫെയ്സ്ബുക്കിലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തിയത് പ്രകാശം പരത്തിയ ദിയ എന്നാണ്. ഭയങ്കര ജോളിയും സന്തോഷവതിയുമായ ഒരു കുട്ടി. എല്ലാവരുടെ അടുത്ത് സംസാരിക്കും പെട്ടെന്ന് കൂട്ടുകൂടുന്ന പ്രകൃതമാണ്. ദിയ എന്ന കഥാപാത്രം ഭയങ്കര എനർജറ്റിക് ആയിട്ടുള്ള ആളാണ്.

ക്ലാസിൽ എപ്പോഴും സംസാരം, എല്ലാവർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. സത്യത്തിൽ റിയൽ ലൈഫിലും എപ്പോഴും ബഹളം ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുകണ്ടിട്ടാണ് ഗണേഷേട്ടൻ (ഗണേഷ് രാജ്) എന്നെ സെലക്ട് ചെയ്തത്. സ്കൂളിൽ സീനിയറായിരുന്നു ഗണേഷേട്ടൻ. മാത്രമല്ല അവിടെ ഡ്രാമാ ടീമീലെ അംഗമായിരുന്നു. പ്ലസ് വൺ പഠിക്കുമ്പോൾ ഒരു പരസ്യം ചെയ്തിരുന്നു ഗണേഷേട്ടന്റെ കൂടെ. അതുകഴിഞ്ഞ് ഇപ്പോൾ ആനന്ദം.

∙ ആനന്ദം എന്ന സിനിമയെ സ്പെഷൽ ആക്കുന്ന ഘടകം?

ഈ സിനിമയിൽ അഭിനയിക്കുന്ന പുതുമുഖങ്ങൾ. അതുതന്നെയാണ് സ്പെഷൽ. സ്ക്രീനിന് മുന്നിലും പുറകിലും പ്രവർത്തിച്ചവരുടെയെല്ലാം ആദ്യ സിനിമയാണ്. ഇതുവരെ ഇങ്ങനെയൊരു ന്യൂജനറേഷൻ സിനിമ വന്നിട്ടേയില്ല. ഫിലിം ട്രെയിലർ കാണുമ്പോൾ മനസിലാക്കാം ഇതിലെ കോസ്റ്റ്യൂസ് ഭയങ്കര വ്യത്യാസമുള്ളതാണ്. അതും ഒരു സ്പെഷ്യൽ ആയിട്ടാണ് തോന്നുന്നത്. ഇതിൽ അഭിനയിക്കുന്ന ഏഴുപേർക്കും അവരുടെ സ്വഭാവത്തിൽ അവരുടേതായ പ്രത്യേകതകൾ ഉണ്ട്. ഏഴുപേരുടെ കഥാപാത്രങ്ങൾക്കും സിനിമയിൽ ഒരേപ്രാധാന്യമാണ്.

∙ ഹാപ്പിഡെയ്സ് എന്ന സിനിമയുമായിട്ടുള്ള ഫീൽ ഈ സിനിമയിൽ ഉണ്ടായിട്ടുണ്ടോ?

സ്ക്രിപ്റ്റ് കേട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് തോന്നിയത് പുതിയ ഒരു സ്ക്രിപ്റ്റായാണ്. പുതിയ ഒരു ഐഡിയ ആണ് ഈ സിനിമയിൽ ഉള്ളത്. ഹാപ്പിഡേയ്സ് ആയിട്ട് ഈ സിനിമ താരതമ്യം ചെയ്യാൻ പറ്റില്ല. പിന്നെ കോളജ് ക്യാംപസ് സിനിമയായതുകൊണ്ട് ഹാപ്പിഡെയ്സ് എന്ന സിനിമയുടെ ഫീൽ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ മനസിലായി കുറേ ആളുകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവമാണെന്ന്.

∙ വിനീത് എന്ന നിർമാതാവ്

അവസാന നിമിഷം വരെ അറിയില്ലായിരുന്നു വിനീതേട്ടൻ ആണ് ഈ സിനിമയുടെ പ്രൊഡ്യൂസർ എന്ന്. റിഹേഴ്സൽ സമയത്താണ് വിനീത് വന്ന് പറയുന്നത് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ഞാനാണെന്ന്. ഭയങ്കര സന്തോഷം തോന്നി. രണ്ട് മൂന്ന് പ്രാവശ്യം സെറ്റിൽ വന്നിരുന്നു. നല്ല ഫ്രണ്ട്‌ലി ആണ്. സെറ്റിൽ പല കാര്യങ്ങളും പറഞ്ഞു തന്നിരുന്നു. ഒരു ലീഡർ പോലെ ആയിരുന്നു. പേടിയൊക്കെ ഉണ്ടായിരുന്നു. എന്റെ ബർത്ത്ഡേയ്ക്ക് വന്നിട്ടുണ്ടായിരുന്നു. ഭയങ്കര സന്തോഷം തോന്നി.

∙ ഗണേഷിന്റെ ആദ്യത്തെ സിനിമയെക്കുറിച്ച്

ഞാൻ ഉൾപ്പടെ ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള ഒരുപാടുപേരുടെ ആദ്യസിനിമയാണ് ആനന്ദമെന്ന് തുടക്കമൊന്നും അറിയില്ലായിരുന്നു. ഗണേഷേട്ടൻ എന്തെങ്കിലും സീൻ സെറ്റിൽ പറഞ്ഞാൽ അത് നന്നായി ചെയ്ത് തീർക്കാൻ കഴിവതും ഞങ്ങൾ ശ്രമിക്കാറുണ്ട്. സീൻ ചെയ്യുമ്പോൾ വിശദമായി പറഞ്ഞുതരും. അപ്പോൾതന്നെ അത് കറക്ട്ചെയ്യാൻ സഹായിക്കും. എല്ലാവരുടേയും നിർദ്ദേശങ്ങൾ കേൾക്കുമായിരുന്നു. സ്ക്രിപ്റ്റ് കേട്ടുകഴിഞ്ഞ് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പറയണമെന്ന് ഞങ്ങളോട് ചോദിച്ചിരുന്നു.

മാറ്റേണ്ടതായ രംഗങ്ങളുണ്ടെങ്കിൽ അത് കട്ട്ചെയ്ത് കളയാമെന്നും പറഞ്ഞു. ഒരു സീനും കട്ട് ചെയ്യേണ്ടിവന്നില്ല. എല്ലാവർക്കും ഇഷ്ടമായി. ഡിന്നർ ഒരുമിച്ചു കഴിക്കുമ്പോൾ പിറ്റേദിവസത്തെ ഷൂട്ടിങ്ങിനുള്ള സീനുകളെക്കുറിച്ച് ചർച്ചചെയ്തിട്ടേ ഞങ്ങൾ പിരിയുമായിരുന്നൊള്ളൂ.

∙ കുടുംബം

ബാംഗ്ലൂരിൽ സെന്റ് ജോർജിയസ് കോളജിൽ ബിബിഎയ്ക്കു പഠിക്കുന്നു. ഫസ്റ്റ് ഇയറിന്റെ എക്സാം കഴിഞ്ഞു. വളർന്നത് കൊച്ചിയിലാണ്. അച്ഛൻ ബീരേന്ദ്ര ഒരു കമ്പനിയിൽ ഫിനാൻസ് ഡിവിഷനിൽ ജോലിചെയ്യുന്നു. അമ്മ ലക്ഷ്മി എജ്യൂക്കേഷൻ ട്രെയിനിങ് സെന്ററിൽ ജോലി ചെയ്യുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന അനിയനുണ്ട്. ശ്രീഖർ. ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നത് അനിയനാണ്. ഒരു അമ്മൂമ്മയുണ്ട്.

∙ ടെൻഷൻ ഉണ്ടോ?

എനിക്ക് ടെൻഷനുണ്ട് . ഇതുവരെ ഫിലിം കണ്ടിട്ടില്ല. ഡബ്ബ് ചെയ്തതും ഞാനല്ല. വർക്കിനെക്കുറിച്ചൊന്നും കേട്ടിട്ടില്ല. കൂട്ടത്തിൽ എക്സാംകൂടി വന്നപ്പോൾ ഭയങ്കര ടെൻഷനായി. കൂട്ടുകാർ പറഞ്ഞു എല്ലാസ്ഥലത്തും ബാനറിൽ പടം മുഴുവനായി വന്നിട്ടുണ്ടെന്ന്. അതൊരു ആനന്ദം തന്നെ ആയിരുന്നു.