ജൂറികളുടെ ‘ഫാഷ’ ഗംഭീരം: മധുപാൽ

‘ യഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ് ആദരണീയം...’

‘മുകളില്‍ പറഞ്ഞിരിക്കുന്നത് നമ്മുടെ ഭാഷയാണ്. മലയാളഭാഷ അത്യാവശ്യമൊക്കെ മനസിലാകുന്ന ഭാഷയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലെ ജീവിതത്തിനിടെ കുറച്ച് കഥകളും തിരക്കഥയുമൊക്കെ എഴുതിയിട്ടുണ്ട്. സത്യംപറയട്ടെ ആ എഴുതിയിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല’ . സംവിധായകന്‍ മധുപാല്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹരായവരെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തല്‍ സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോഴാണ് മധുപാല്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കുന്നത്.

‘ ജൂറിയിലുള്ള ആളുകളെല്ലാം പ്രതിഫലംകൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. ഇതുപോലുള്ള വാക്കുകള്‍ എഴുതിപ്പിടിക്കുന്പോള്‍ അത് സാധാരണക്കാര്‍ക്ക് വ്യക്തമാക്കി കൊടുക്കേണ്ട കടമകൂടി കാശ് വാങ്ങുന്ന ആളുകള്‍ക്കുണ്ട്. ഇതില്‍ എനിക്ക് ശക്തമായ അതൃപ്തി ഉണ്ട്.

മലയാള സിനിമ ഇപ്പോള്‍ സാധാരണമാകുകയാണ്, ഭാഷ സാധാരണമാകുകയാണ്, മനുഷ്യരുടെ ഇടപെടലുകള്‍ സാധാരണമായി മാറുകയാണ്. പിന്നെ എന്തിനാണ് മലയാളികള്‍ക്ക് പോലും മനസ്സിലാകാത്തതരത്തിലുള്ള ഭാഷപ്രകടനങ്ങള്‍ നടത്തുന്നത്. ഇതില്‍ മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ട നസ്രിയയെക്കുറിച്ച് ജൂറി പറഞ്ഞിരിക്കുന്ന വാചകമുണ്ട്....

‘കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്മങ്ങളിലെ പ്രസരിപ്പിനെയും നിസഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട് അനായാസസുന്ദരമായി കാഴ്ചവെച്ച പ്രകാശനത്തിന്’.... എന്താണ് ഈ കാഴ്ചവെച്ച പ്രകാശനം ? എന്തുമാത്രം മണ്ടത്തരങ്ങളാണ് ഇതില്‍ കാട്ടിക്കൂട്ടിയിരിക്കുന്നത്, സത്യത്തില്‍ ഇതുവായിച്ച ഞാന്‍ ഞെട്ടിപ്പോയി.

എന്‍റെ അവസ്ഥ തന്നെ ആയിരിക്കും ഇതുവായിച്ച ഓരോ മലയാളിക്കും ഉണ്ടാകുക. മലയാളഭാഷ പണ്ഡിതനെ കൊണ്ടുവന്ന് വായിച്ച് മനസ്സിലാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. സിനിമയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക് ഇത് അറിയുവാനുള്ള അധികാരം കൂടിയുണ്ട്. മലയാളത്തെ ശ്രേഷ്ഠഭാഷയായി കരുതുമ്പോഴും മലയാളത്തെ സ്നേഹിക്കുമ്പോഴും ഇത്തരം മണ്ടത്തരങ്ങള്‍ കൊണ്ടുവരുന്നത് ആ ഭാഷയെ കൊല്ലുന്നതിന് തുല്യമാണ്.

ചിലപ്പോള്‍ ഭാഷയിലുള്ള അറിവില്ലായ്മ മൂലമാകാം ഈ വാചകങ്ങള്‍ എനിക്ക് മനസ്സിലാകാതിരുന്നത്. മണിപ്രവാളവും സംസ്കൃതവും ഉപയോഗിച്ചുള്ള ഭാഷശൈലിയായിരിക്കാം എഴുത്തിന്‍റേത്. എന്നാല്‍ നിത്യജീവിതത്തില്‍ നമ്മള്‍ അങ്ങനെയാണോ വാക്കുകള്‍ ഉപയോഗിക്കുക. കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്പോളാണ് അതെല്ലാവര്‍ക്കും സ്വീകാര്യമാകുന്നത്. മലയാളത്തിനപ്പുറം മലയാളം ഉണ്ടെന്ന തിരിച്ചറിവുണ്ടാക്കി തന്നതിന് ജൂറിയോട് നന്ദിയുണ്ട്. മധുപാല്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് ഒരുമാസം മുന്‍പേ സംവിധായകന്‍ മധുപാല്‍ രാജിവച്ചിരുന്നു. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാലാണ് സമിതിയില്‍ നിന്ന് പിന്മാറിയത്.