സുരേഷ് ഗോപി മകനോട്: തകർത്തേക്കണം ! മകൻ : എന്ത് ?

സുരേഷ് ഗോപി, ഗോകുൽ

മലയാളസിനിമയിലിപ്പോൾ താരപുത്രന്മാരുടെ കാലം കൂടിയാണ്. അവരുടെ ഇടയിലേക്ക് മറ്റൊരു താരപുത്രൻ കൂടിവരികയാണ്. നടനും എംപിയുമായ സുരേഷ്ഗോപിയുടെ മകൻ ഗോകുൽസുരേഷ്. ബാംഗ്ലൂരിൽ ആദ്യ സിനിമയെക്കുറിച്ചും അച്ഛന്റെ പുതിയ എം.പി റോളിനെക്കുറിച്ചും ഗോകുൽ മനോരമ ഓൺലൈനുമായി മനസ്സുതുറക്കുന്നു.

ആദ്യ സിനിമ റിലീസ് ആകുന്നു, അതോടൊപ്പം അച്ഛന്റെ എംപിയായുള്ള സ്ഥാനാരോഹണവും, സന്തോഷത്തിന്റെ നെറുകയിലാണോ ഗോകുലിപ്പോൾ?

രാഷ്ട്രീയത്തിനെക്കുറിച്ച് എനിക്ക് അത്ര അറിവില്ല അതുകൊണ്ട്, അച്ഛന്റെ എംപിയായുള്ള സ്ഥാനകയറ്റം എന്നെ അത്രത്തോളം സന്തോഷിപ്പിച്ചുണ്ടോയെന്ന് അറിയില്ല. കേരള രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് അത്ര മതിപ്പില്ല.

ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ നാടിന് രാഷ്ട്രീയത്തിലൂടെ നല്ല ഒരു മാറ്റം സംഭവിക്കുന്നതുവരെ എനിക്ക് പൊളിറ്റിക്സിൽ അത്ര വിശ്വാസം വരില്ല. ഞാൻ ഇതുവരെയും ഒരു കാര്യത്തിനും അച്ഛന്റെ ഒരു പവറും ഉപയോഗിച്ചിട്ടില്ല, ഇനി ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ഡൽഹിയിൽ സത്യപ്രതി‍‍ജ്ഞാചടങ്ങിന് എത്താൻ പറഞ്ഞു, എത്തി. അത്രയേ എനിക്ക് പൊളിറ്റിക്സുമായി ബന്ധമുള്ളൂ.

സുരേഷ്ഗോപി എന്ന പുതിയ എംപിക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടോ?

അച്ഛൻ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എത്രമാത്രം നടപ്പിലാകുമെന്ന് അറിയില്ല. അതിന് ഒപ്പമുള്ളവരും എതിർപാർട്ടിയുള്ളവരുമൊക്കെ എത്രമാത്രം സമ്മതിക്കുമെന്നും അറിയില്ല. നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ആദ്യ സിനിമ മുദ്ദുഗൗവിനെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ്?

സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെൻസറിങ്ങ് ജോലികൾ പൂർത്തിയായിട്ടില്ല. ട്രെയ്‌ലറിന് മികച്ച സ്വീകരണമുണ്ട്. മുഴുവൻ സിനിമ കണ്ടിട്ട് പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ സിനിമ അവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നിട്ടുണ്ടോയെന്ന്.

ആദ്യ സിനിമാഅനുഭവം എങ്ങനെയുണ്ടായിരുന്നു?

എനിക്ക് മുദ്ദുഗൗവിന്റെ ക്രൂവിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് എന്നെ ഒരുപാട് കംഫർട്ടബിളാക്കിയിരുന്നു. പിന്നെ എന്റെ അടുത്ത സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പം തന്നെയുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം തോന്നിയ ടെൻഷനൊക്കെ വേഗം തന്നെ മാറി നന്നായി അഭിനയിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം.

വീട്ടിൽ നിന്നുള്ള പിന്തുണ എത്രമാത്രം ഉണ്ടായിരുന്നു?

ഞാൻ നന്നായിട്ട് ചെയ്യണമെന്നുള്ളത് അവരുടെ പ്രാർഥനയിലുണ്ടായിരുന്നു. അതല്ലാതെ കൂടുതൽ ചർച്ചകളൊന്നും സിനിമയെക്കുറിച്ച് വീട്ടിൽ നടന്നിട്ടില്ല. മനസ്സുകൊണ്ട് അവരുടെ പിന്തുണയുണ്ടായിരുന്നു. അതല്ലാതെ ഒരുപാട് സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. അച്ഛൻ തകർത്തേക്കണം എന്നൊരു വാക്ക് പറഞ്ഞു അത്രയേ ഒള്ളൂ.

സിനിമയിലേക്ക് എത്തിയത് സ്വന്തം തീരുമാനം ആയിരുന്നോ?

എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നെങ്കിലും സിനിമയിൽ വരണമെന്ന്. അത് ഇത്രവേഗം നടക്കുമെന്ന് വിചാരിച്ചില്ല. അച്ഛനാണ് ആദ്യം കഥ കേട്ടത്. കേട്ടിട്ട് എന്നോട് താൽപ്പര്യമുണ്ടെങ്കിൽ കഥ കേട്ടുനോക്കൂ എന്നു പറഞ്ഞു. എനിക്കും കഥ കേട്ടപ്പോൾ ഇഷ്ടമായി. സെപ്തംബറിൽ ഷൂട്ടിങ്ങും ആരംഭിച്ചു.

താരാധിപത്യവും താരപുത്രന്മാരുടെ വാഴ്ച്ചയും ഉള്ള ഒന്നാണ് മലയാളസിനിമ. ഗോകുലിന് അതൊരു വെല്ലുവിളിയാണോ?

ഇന്നിപ്പോഴുള്ള താരങ്ങളെയും താരപുത്രന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്റെ അച്ഛനെ വരെ ഒരു അഭിനേതാവ് എന്ന രീതിയിലാണ് ഞാൻ ആരാധിക്കുന്നത്. ഇന്ത്യ എന്നുപറയുന്ന രാജ്യത്ത് സിനിമാതാരങ്ങളെ ദൈവത്തെപോലെയാണ് പലരും കാണുന്നത്. എനിക്കും അതിന്റെ സ്വാധീനം എന്നിലുമുണ്ട്. ഞാന്‍ എന്നും ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് ഇവരുടെയെല്ലാം സിനിമകൾ ആസ്വദിച്ചിട്ടുള്ളത്.

ഒരു സാധാരണക്കാരൻ സിനിമാതാരങ്ങളെ കാണുമ്പോഴുള്ള അത്ഭുതം തന്നെയാണ് എനിക്കും മമ്മൂട്ടി അങ്കിളിനെയും മോഹൻലാൽ അങ്കിളിനെയുമൊക്കെ കാണുമ്പോൾ ഉള്ളത്. അവരുടെ വീട്ടിലൊക്കെ പോകുമ്പോൾ അവർ കൈതരുമ്പോഴൊക്കെ ഒരു സാധാരണക്കാരൻ തോന്നുന്ന കുളിരും സംസാരിക്കുമ്പോഴുള്ള ഞെട്ടലുമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് മധുസാർ ഉൾപ്പടെയുള്ള എല്ലാതാരങ്ങളെയും ഞാൻ നേരിട്ട് കണ്ടിരുന്നു. എല്ലാവരും All the best പറഞ്ഞു. എല്ലാവരുടെ പ്രതീക്ഷളും പ്രാർഥനകളും വിഫലമാകാതിരിക്കട്ടെ എന്നു തന്നെയാണ് എന്റെയും ആഗ്രഹം.