ലീലയിലെ വേഷം; ഭാര്യയുടെ മറുപടി എന്നെ ഞെട്ടിച്ചു

പ്രചാരണച്ചൂടിലാണ് ജഗദീഷ്. പത്താനാപുരത്ത് പ്രചാരണം നടത്തുമ്പോൾ ചിലർ വന്ന് തങ്കപ്പൻ നായർ കലക്കിയെന്ന് പറയുന്നുണ്ട്. അവരോടെല്ലാം വോട്ടുകൂടി അഭ്യാർഥിക്കാൻ ജഗദീഷ് മ‌റക്കുന്നില്ല. ‌ആരാണ് ഇൗ തങ്കപ്പൻ നായരെന്നല്ലേ? ലീല എന്ന ചിത്രത്തിലെ ക്രൂരനായ വില്ലനാണ് തങ്കപ്പൻ നായർ. മകളെ പീഡിപ്പിക്കുന്ന അച്ഛൻ. ലീലയിലെ വേഷത്തെക്കുറിച്ച് ജഗദീഷ് പറയുന്നു.

ലീലയിലെ വില്ലൻ വേഷത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ ആദ്യം ഒന്നു പകച്ചു. പിന്നെ എന്റെ ഭാര്യയോട് ഇൗ ക്രൂരമായ വേഷത്തെക്കുറിച്ച് പറഞ്ഞു. അവരുടെ‌ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. തീർച്ചയായും ഇത് ചെയ്യണം. ഇത്തരം വേ‌ഷങ്ങളൊക്കെ വല്ലപ്പോഴും ലഭിക്കുന്ന ഭാഗ്യങ്ങളല്ലേ? സിനിമാ ജീവിതത്തിലെ നാ‌ഴികക്കല്ലായിരിക്കും ഇൗ വേഷമെ‌ന്നാണ് ഭാര്യ പറഞ്ഞത്.

എനിക്ക് രണ്ടു പെൺമക്കളാണ്. രണ്ടുപേരും ഡോക്ടർമാരാണ്. അവരോടും ഞാൻ ഇൗ വേഷത്തെക്കുറിച്ച് സംസാരിച്ചു. രണ്ടുപേരും പോസിറ്റീവായാണ് പ്രതികരിച്ചത്. എന്റെ പേടി ഞാൻ ഇൗ വേഷം ചെയ്താൽ കുടുംബത്തിന് മോശം അഭിപ്രായമുണ്ടാകുമോ എന്നായിരുന്നു. എന്നാൽ അവരിൽ നിന്ന് പോസിറ്റീവായ പിന്തുണ ലഭിച്ചപ്പോൾ എനിക്ക് സന്തോഷമായി.

അതിനുശേഷമാണ് ലീല വായിച്ചത്. ഭരത്ഗോപിയോടാണ് ലീലയിലെ എന്റെ അഭിനയത്തെ അവർ താരതമ്യം ചെയ്തിരിക്കുന്നത്. അദ്ദേഹം ഒരു വൃക്ഷമാണെങ്കിൽ ഞാൻ ഒരു തൈ മാത്രമാണ്. അദ്ദേഹത്തോടൊക്കെ എന്നെ താരത്യമം ചെയ്യുന്നത് വരെ വലിയ അഭിമാനമാണ്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇൗ ക്രൂരനായ വില്ലൻ വേഷം എന്റെ ഇമേജിനെ മോശമായ ബാധിക്കില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നേ ഞാൻ പറയൂ. കാരണം സിനിമയും ജീവിതവും രണ്ടാണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. പ്രചാരണത്തിനിടയിലും ലീലയിലെ വേഷത്തെ‌ അഭിനന്ദിച്ച് കുറെ കോളുകൾ വരുന്നുണ്ട്. ഒപ്പം നേരിട്ടും വോട്ടു ചോദിച്ചു ചെല്ലുമ്പോൾ ആളുകൾ അഭിനന്ദിക്കുന്നുമുണ്ട്.

തങ്കപ്പൻ നായർക്ക് വേണ്ടി ലുക്കിൽ ചെറിയ മാറ്റം വരുത്തേണ്ടി വന്നു. രഞ്ജിത്താണ് ലുക്ക് നിശ്ചയിച്ചത്. മുടി മുമ്പിൽ നിന്ന് പറ്റെവെട്ടി. മുടി നരപ്പിച്ചു. പിന്നെ ഞാൻ പ്രോഗ്രാം ‌അവതരിപ്പിക്കാൻ പോയപ്പോൾ മുടി മുഴുവൻ പറ്റെ വെട്ടേണ്ടിവന്നു. ഇലക്ഷൻ തീരുമാനങ്ങൾക്കു മുമ്പായിരുന്നു സിനിമ കമ്മിറ്റ് ചെയ്തത്.

ഞാൻ ചെയ്തതിൽ വച്ചേറ്റവും ക്രൂരമായ വേഷമാണിത്. എനിക്കും വില്ലൻ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്നതിന്റെ തെളിവാണിത്. സേതുരാമയ്യർ സിബിഐയിൽ വില്ലൻ വേഷം ചെയ്തിരുന്നെങ്കിലും ഇത്ര ക്രൂരമായിരുന്നില്ല. ജഗദീഷ് മനോരമ ഒാൺലൈനോട് പറഞ്ഞു.