‘എല്ലാ സിനിമയും ആളുകളെ സ്വാധീനിക്കും’

സിനിമ എന്നും ആളുകളെ സ്വാധീനിക്കുന്നുണ്ട്. അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമില്ല. അതെങ്ങനെ സ്വാധീനിക്കുന്നുവെന്നത് ആ സിനിമ കാണുന്ന വ്യക്തിയുടെ സ്വഭാവത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും- ജീത്തു ജോസഫ് പറയുന്നു.

വിദ്യാര്‍ഥികളെ സിനിമകള്‍ സ്വാധീനിക്കുന്നുണ്ടെന്ന ഡിജിപി ടി.പി. സെൻകുമാറിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഏതെങ്കിലും സിനിമകളുടെ പേരെടുത്ത് വിമര്‍ശിക്കുന്നത് ശരിയല്ല. സിനിമ മുഴുവനായും ആളുകളെ സ്വാധീനിക്കുന്നുണ്ട്. അതില്‍ ഒരു സിനിമ, രണ്ടു സിനിമ മാത്രം ആളുകളെ മോശക്കാരുക്കുന്നു എന്ന തത്വത്തോട് ഒട്ടും യോജിക്കാനാകില്ല. ഇനി സിനിമകളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന വാദം വന്നാല്‍ സിനിമ തന്നെ നിര്‍ത്തിവെക്കേണ്ടി വരും. സിനിമ മാത്രമല്ല സീരിയലുകളും ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ട്.

മമ്മി ആന്‍ഡ് മി പോലുള്ള സിനിമകള്‍ കണ്ട് മകളോടുള്ള അടുപ്പമെങ്ങനെയാകണമെന്നും അതനുസരിച്ച് പ്രവര്‍ത്തിച്ചവരുമായ അമ്മമാരുണ്ടാകാം. ദൃശ്യം സിനിമയില്‍ എല്ലാവരും അതിന്‍റെ തെറ്റായ വശത്തെക്കുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ ഒരു കുടുംബത്തില്‍ മക്കള്‍ മാതാപിതാക്കളോട് ഒരുകാര്യം പോലും ഒളിച്ചുവക്കരുതെന്ന നല്ല സന്ദേശം കൂടി ഈ സിനിമ നല്‍കുന്നുണ്ട്.

സിനിമയിലെ നല്ലതും ചീത്തയും ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കണമെന്ന് ചിന്തിക്കേണ്ടത് നാമോരോരുത്തരുമാണ്. ആളുകളുടെ ജീവിതസാഹചര്യം, സ്വാഭാവം ഇവയെല്ലാം അതിന് കാരണമാണ്. ജീത്തു ജോസഫ് പറഞ്ഞു.