നായിക ആകാൻ ജൂഡിന് മുത്തശ്ശിമാരെ വേണം

ജൂഡ് ആന്തണി ജോസഫ്

അറുപതിന്റെ പടി കടന്നിട്ടും ആവേശവും പ്രസരിപ്പും നഷ്ടപ്പെടാത്ത ആത്മവിശ്വാസമുള്ള മുത്തശ്ശിമാരുണ്ടെങ്കിൽ തയാറായിരുന്നോളൂ. അജു വർഗീസ്, രൺജി പണിക്കർ,സംവിധായകൻ ലാൽ ജോസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു പക്ഷേ നിങ്ങളാവാം നായിക. കാരണം ഇൗ സിനിമയ്ക്കു പുതുമുഖങ്ങളെ വേണ്ട പഴയ മുഖങ്ങളെ മതി.

ഓം ശാന്തി ഓശാനയ്ക്കു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണു മുത്തശ്ശിമാരെയും മുത്തശ്ശൻമാരെയും അന്വേഷിക്കുന്നത്. ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്ന് ഏറ്റവും മികച്ച രണ്ടു പേർ മുഖ്യകഥാപാത്രങ്ങളായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കും.

യോഗ്യതകൾ ഇത്രമാത്രം: പ്രായം 60– 70. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹം, ആവേശം, ചുറുചുറുക്ക്. മതി.. ഇത്രയും ഉണ്ടെങ്കിൽ ധൈര്യമായി അപേക്ഷിക്കാം. ഒരു വൃദ്ധസദനത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ രണ്ടു മുത്തശ്ശിമാരാണ്. ഓം ശാന്തി ഓശാനയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ടാകും. മുൻപു സിനിമയിൽ അഭിനയിക്കണമെന്നു തീവ്രമായി ആഗ്രഹിച്ചിരുന്നവർക്കുള്ള വലിയ അവസരമാണു ചിത്രത്തിലൂടെ തുറന്നു കിട്ടുന്നതെന്നത്– ജൂഡ് പറയുന്നു.

കൊച്ചിയിൽ തന്നെയാകും ചിത്രീകരണം. ഒരു മാസം കൊണ്ടു സിനിമ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന. അറുപതാം വയസിൽ ലൈം ലൈറ്റ് വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന തലവര ആരുടേതാണെന്നു കാത്തിരുന്നു കാണാം. കൂടുതൽ വിവരങ്ങൾക്കും ഫൊട്ടോ അപ്‌ലോഡ് ചെയ്യാനും മനോരമ ഓൺലൈൻ മൂവി ചാനൽ സന്ദർശിക്കാം. പേരും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങൾ ചേർക്കാൻ മറക്കരുത്.

ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ