‘വേട്ട’യിൽ മഞ്ജുവിനൊപ്പം കാതൽ സന്ധ്യയും

ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ‘വേട്ട’യിൽ മഞ്ജുവാര്യർക്കൊപ്പം കാതൽ സന്ധ്യയും പ്രധാനവേഷത്തിലെത്തുന്നു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാഫിക്കിലെ പോലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലും കാതൽ സന്ധ്യയുടേത്.

സൈലെക്സ് എബ്രഹാം എന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കഥാപാത്രമാണ് ഇന്ദ്രജിത്തിന്റേത്. കമ്മീഷണർ ശ്രീബാലയായി മഞ്ജു എത്തുമ്പോൾ മെൽവിൻ എന്ന കഥാപാത്രമായി ചാക്കോച്ചനും എത്തുന്നു. അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, പ്രേം പ്രകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ പ്രധാന കഥാപാത്രമായി മറ്റൊരു നായിക കൂടി ചിത്രത്തിൽ ഉണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് അനീഷ് ലാൽ ആണ്. സംഗീതം ഷാൻ റഹ്മാൻ.

3 ആളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്ന് സംവിധായകൻ രാജേഷ് പിള്ള മനോരമ ഒാൺലൈനോട് പറഞ്ഞു. തന്റെ മുൻകാല സിനിമകളിൽ നിന്നും തികച്ചും വളരെ വ്യത്യസ്തമായ ഇൗ ചിത്രം ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് പിള്ള ഫിലിംസ് നിർമിക്കുന്ന ചിത്രം രാജേഷ് പിള്ളയുടെ ആദ്യ നിർമാണസംരംഭം കൂടിയാണ്.          ചിത്രസംയോജനം-അഭിലാഷ്. ചീഫ് അസോഷ്യേറ്റ് ഡയറ്കടര്‍-മനു അശോകന്‍, കോസ്റ്റ്യൂം ശ്രേയ അരവിന്ദ്. ആർട്ട് ഡയറക്ഷൻ: സിറിൾ കുരുവിള. പ്രൊഡക്ഷൻ കൺട്രാളർ: ജിത്തു പിരപ്പൻകോട്. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സൂരജ് ഫിലിപ്പ്. രാജേഷ് പിള്ള തന്നെ സംവിധാനം നിർവഹിച്ച ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും റിലീസിനൊരുങ്ങുകയാണ്.