മെസി, ഓനെന്തിനാ.. ഇങ്ങനെ ചെയ്തെ: മാമുക്കോയ

‘സർ, ഫുട്ബോൾ ഒരുപാടിഷ്ടമാണല്ലോ അല്ലേ?’

‘പിന്നേ...അതെന്ത് ചോദ്യമാണ്?’

‘മെസി വിരമിച്ചല്ലോ. അതിനെക്കുറിച്ച്’... പറഞ്ഞുമുഴുമിപ്പിക്കും മുൻപേ മറുചോദ്യം...

‘എപ്പോ...’

‘ഇന്നു രാവിലെയായിരുന്നു. ഫൈനലിൽ തോറ്റതിന്റെ സങ്കടത്തിൽ മെസി മാത്രമല്ല, ടീമിലെ മറ്റു ചില കളിക്കാരും...’

ഞെട്ടലിനു പിന്നാലെ ഒരു നിമിഷത്തെ മൗനം. പിന്നെ, വിവരം വിശ്വസിക്കാനാകാത്തപോലെ ചെറിയൊരു പരിഭവത്തോടെ മാമുക്കോയ സംസാരിച്ചു തുടങ്ങി. സാധാരണ വാര്‍ത്തകൾക്കായി വിളിക്കുമ്പോൾ അൽപം ഗൗരവവും ഇടയ്ക്കൊരു തമാശയുമൊക്കെയായാണ് മാമുക്കോയ സംസാരിക്കാറ്. പക്ഷേ മെസിയെക്കുറിച്ച് പറഞ്ഞപ്പോൾ ശബ്ദത്തിന് കൂടുതൽ ആഴം വന്നപോലെ. കാൽപ്പന്തുകളിയെ നെഞ്ചോടു ചേർത്ത തനിനാടൻ മലബാറുകാരനായി മാമുക്കോയ വർത്തമാനത്തിലേക്ക് വന്നു.

‘അതിനു മാത്രമെന്താണുണ്ടായത്. പെനൽറ്റി പിഴച്ചുപോയി. മെസി കരയുന്നുണ്ടായിരുന്നു. എങ്കിലും ഇങ്ങനെ ചെയ്യണോ? വിരമിക്കാനൊന്നുമില്ല. എന്താണതിനു മാത്രമുണ്ടായത്. അന്നേരത്തെ മാനസിക വിഷമത്തിന് ചെയ്തതാവും. മെസിയെപ്പോലൊരാൾ ഇങ്ങനെ ചെയ്യുന്നത് വലിയ സങ്കടമാണ്. മെസിക്ക് മാത്രമല്ല, ആരാധകർക്കും, ഫുട്ബോൾ ലോകത്തിനും നഷ്ടമാണ്. കളിച്ച് തോറ്റതല്ലേ. അതൊരു ഭാഗ്യക്കുറവ് മാത്രമാണ്. അതിന് ഇങ്ങനെ ചെയ്യണോ?’

‘ഒരുപാട് പരിശ്രമിച്ചു. എന്നിട്ടും അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കാനായില്ല. അതുകൊണ്ട് വിരമിക്കുന്നുവെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? ഒരു മെസി വിചാരിച്ചതുകൊണ്ടു മാത്രം അർജന്റീനയ്ക്ക് കിരീടം കിട്ടുമോ? അത് ടീം ഒന്നടങ്കം ചിന്തിക്കണം. അവർ നന്നായി കളിച്ചു. പക്ഷേ പെനൽറ്റിയിൽ ഗോള്‍ നേടുക, കറക്ട് സമയത്ത് ഗോൾ വീഴുക ഇതൊക്കെ ഒരു ഭാഗ്യമാണ്. മെസിയുടെ പ്രശ്നം കൊണ്ടുമാത്രം വന്നതല്ല. അടിച്ചതു മുഴുവൻ ഗോളായാൽ പിന്നെന്ത് കളിയാണ്? അതൊക്കെ മാജിക്കായി പോകില്ലേ? ചിലെയുടെ ഗോളി അസാധ്യമായാണ് കളിച്ചത്. സ്റ്റാർ ഓഫ് ദി ഗെയിം അയാളായിരുന്നു. മെസിയെ പോലൊരാൾ ഇങ്ങനെ ചെയ്യാമോ. എനിക്കെന്തോ വലിയൊരു ദുഃഖവാർത്ത കേട്ടപോലെ...മെസി മരിച്ചുപോയെന്ന് കേൾക്കുന്നതിന് തുല്യമാണത്...’

വെളളിത്തിരയിലൂടെ കേട്ടുപരിചയിച്ച സ്വരത്തിൽ സങ്കടവും നിരാശയും നിഴലിക്കുന്നത് അറിയാമായിരുന്നു.

‘പെലെ, മറഡോണ, നെയ്മർ, മെസി, സിദാൻ തുടങ്ങി നമ്മുടെ സ്വന്തം വിജയൻ വരെയുള്ള എല്ലാ നല്ല കളിക്കാരോടും സ്നേഹവും ആദരവുമാണെനിക്ക്. ഫുട്ബോൾ ഇപ്പോഴും ക്രേസ് ആണ്. ഇന്നും ഏത് പാതിരയ്ക്കും ഉണർന്നിരുന്നു കളികാണും. അമ്പതുവയസുവരെ ഞാനും ഫുട്ബോൾ കളിച്ചിരുന്നു. ഇപ്പോഴില്ല. വയസുകാലത്തെന്തു കളി. ഇപ്പോഴതിനുളള സ്റ്റാമിനയൊന്നുമില്ല. ഇപ്പോൾ റമ്മി കളിക്കും. അത്രതന്നെ. എന്നാലും മെസി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല...എന്തോ പോലെ...ഒരു വലിയ സങ്കടകാര്യം കേട്ടപോലെ തോന്നുന്നു....’