Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലു ചേട്ടന്‍ പകരം വീട്ടി ; മാര്‍ട്ടിന്‍ ബെസ്റ്റ് ആക്ടര്‍

martin-laljose

മാർട്ടിൻ പ്രക്കാട്ട് ഒരു സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണെന്ന് അടുത്ത സുഹൃത്തുക്കൾക്കറിയാം. കോളജ് പഠനകാലത്തെ നാടകയാത്രകളിൽ സജീവമായിരുന്ന മാർട്ടിന്റെ അഭിനയ ജീവിതത്തെ അക്കാലത്തു കൂടെപഠിച്ചവർ‌ക്കും അയൽകോളജുകളിലെ നാടക പ്രവർത്തകർക്കും നന്നായറിയാം. കാലം പക്ഷേ, മാർട്ടിനെ ‘വനിത’യിൽ ഫൊട്ടോഗ്രഫറാക്കി. മനസിൽ കൊളുത്തിവച്ച കലയുടെ തിരി കെടാതെ സൂക്ഷിച്ച മാർട്ടിൻ സിനിമയിലെത്തി. ‘ ബെസ്റ്റ് ആക്റ്റർ’ ആവാനല്ല. മികച്ചൊരു സംവിധായകനാവാനായിരുന്നു നിയോഗം.

വിജയം തീർച്ചപ്പെടുത്തിയവരിലേക്കു വന്നു ചേരുമെന്നു മാർട്ടിൻ തെളിയിച്ചു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സമസ്ത ഭാവങ്ങളിലേക്കും ക്യാമറ പിടിച്ച ‘ബെസ്റ്റ് ആക്റ്റർ’ മാർട്ടിനെ മലയാള സിനിമയുടെ പ്രതീക്ഷാനിർഭരമായ സംവിധാന വഴിയിൽ മുൻനിരയിൽ നടക്കാൻ പ്രേരിപ്പിച്ചു. ആ ചിത്രത്തിൽ ലാൽ ജോസ് എന്ന സംവിധായകൻ നടനായി. ലാൽ ജോസായി തന്നെ അഭിനയിച്ചു. അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലെന്ന മട്ടിൽ അന്നു പറഞ്ഞൊഴിഞ്ഞ ലാൽ ജോസിനെ നേരിട്ടു ചെന്നു കണ്ടാണു മാർട്ടിൻ നടനാക്കിയത്. ഇപ്പോഴിതാ, ലാൽ ജോസ് ആ കടം വീട്ടിയിരിക്കുന്നു. പുതിയ ഹിറ്റ് ചിത്രമായ നീനയിൽ മികച്ചൊരു വേഷം നൽകി മാർട്ടിനെയും നടനാക്കി ലാൽജോസ്. അതേക്കുറിച്ച് മാർട്ടിന്റെ വാക്കുകൾ കേൾക്കുക.

നീനയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം ക്യാമറാമാൻ ജോമോൻ ടി ജോൺ വിളിക്കുന്നു. അത്യാവശ്യമായി പനമ്പിള്ളി നഗറിൽ വരണം. കാലത്തു തന്നെയാണു വിളി. ചെന്നപ്പോൾ ലാൽ ജോസും നായകൻ വിജയ് ബാബുവുമെല്ലാമുണ്ട്. നീനയിൽ ഇത്തരമൊരു ക്യാരക്റ്റർ നിനക്കുണ്ട്, ചെയ്യണം. പണ്ടെന്നെ നടനാക്കിയതിനു പ്രതികാരം ചെയ്യാൻ കിട്ടിയ അവസരമാണിത്. ചെയ്തേ പറ്റൂ എന്നായി ലാലു ചേട്ടൻ. ഒരു ഡോക്ടറാവാൻ പറ്റിയ ലുക്കൊന്നും എനിക്കില്ല, എന്നെ ഒഴിവാക്കൂ എന്നു പറഞ്ഞിട്ടൊന്നും കേൾക്കാതെ പിടിച്ച പിടിയാലെ കൂർഗിലെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നു. രണ്ടു ദിവസം ഷൂട്ട്.

( മാർട്ടിൻ നന്നായി അഭിനയിച്ചുവെന്നും ഇത്തരം വേഷങ്ങൾക്ക് ഇനിയും മാർട്ടിനെ സംവിധായകർ സമീപിക്കുമെന്നും പ്രതീക്ഷയുണ്ടെന്നാണു ലാൽ ജോസിന്റെ നിരീക്ഷണം. ഏതായാലും നടനാവാൻ പണ്ടു കോളജുകാലത്ത് ഓഡിഷനു ചെന്ന മാർട്ടിന്റെ ജാതകത്തിൽ നടനാവാൻ നിയോഗമുണ്ടായിരുന്നു. ആ പഴയ കഥ കൂടി പറയട്ടെ.)

മാർട്ടിൻ ആദ്യമായി സിനിമയിൽ വേഷമിട്ടതു അൻവർ റഷീദിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലാണ്. ഒരു ദിവസം അൻവർ വിളിച്ചു, പോയി. ഒരു ചെറിയ വേഷം ചെയ്തു. അതായിരുന്നു ക്യാമറയ്ക്കു മുന്നിലെ ആദ്യാനുഭവം. കോളജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായിരുന്ന കഥയ്ക്കെല്ലാം സക്ഷിയായിരുന്ന അൻവറിനു മാർട്ടിനിലെ നടനെ പണ്ടേ പരിചയമായിരുന്നു. എന്നാൽ പണ്ടു പഠനകാലത്തു സാക്ഷാൽ ഹരിഹരന്റെ മുന്നിൽ ഓഡിഷനു പോയ ചരിത്രവുമുണ്ട് മാർട്ടിന്. മനസിൽ അഭിനയ മോഹം വളർന്ന കാലമായിരുന്നു അത്. കോഴിക്കോട്ട് വച്ചായിരുന്നു ഓഡിഷൻ. പ്രേം പൂജാരി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. പിന്നീട് അറിയിക്കാം എന്ന മറുപടി കേട്ടു മടങ്ങി. സംഗതി അന്നു നടന്നില്ലെങ്കിലും പിന്നീടു മാർട്ടിൻ നടനായി. നടൻമാരെ മെനഞ്ഞെടുക്കുന്ന സംവിധായകനായി. മാർട്ടിൻ പ്രക്കാട്ട് മൂന്നാം ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ. രണ്ടു സൂപ്പർ ചിത്രങ്ങൾക്കു ശേഷമുള്ള സിനിമ. ചെറുപ്പവും ചുറുചുറുക്കുമുള്ള മറ്റൊരു ചിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു. നീനയിലെ അഭിനയം നൽകിയ ആത്മവിശ്വാസം കൂടി സംവിധായകനെന്ന നിലയിൽ മാർട്ടിനു കരുത്താകുമെന്നു കരുതാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.