ഒരു സിനിമയ്ക്കു വേണ്ടി 3 വർഷം, ശരീരഭാരം 102 കിലോ: പ്രഭാസ് പറയുന്നു

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?’ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു സിനിമയുടെ കഥ കഴിഞ്ഞിട്ടും ഇതുപോലെ ചർച്ച ചെയ്യപ്പെട്ടൊരു ചോദ്യമുണ്ടാവില്ല. ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരെ ആകാംക്ഷയിലാക്കുന്നതും ഈ ചോദ്യമാണ്. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലി ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രമായപ്പോൾ ശരിക്കും മാറിമറിഞ്ഞതു ബാഹുബലിയായ പ്രഭാസിന്റെ ജീവിതമായിരുന്നു. തെലുങ്ക് നാടിന്റെ അതിരുകൾക്കുള്ളിൽ മാത്രം താരമായിരുന്ന പ്രഭാസ് രാജ്യത്തിനു പുറത്തും ആരാധകരെ സൃഷ്ടിച്ച ലോക താരമായി.

ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള പ്രഭാസിന്റെ സമർപ്പണവും അസാമാന്യമായിരുന്നു.

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ല പ്രഭാസ്. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു.

ദുർമേദസ് ഒട്ടും കൂടാതെ വടിവൊത്ത രീതിയിൽ മസിലുകൾ പെരുപ്പിച്ച് നേടിയ ഈ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളാണത്രേ പ്രഭാസിന്റെ വീട്ടിലെത്തിച്ചത്. മൂന്നൂറു ദിവസത്തോളം നീണ്ട ഷൂട്ടിങ്. മഹാസംഭവമായി മാറിയ ഒന്നാം ഭാഗം ബാക്കിയാക്കിയ സസ്പെൻസ് രണ്ടാം ഭാഗത്തിനു മേൽ ഇപ്പോൾ പ്രതീക്ഷകളുടെ ഇരട്ടിഭാരമായി മാറുന്നു.

രാജമൗലിയെ പോലെ തന്നെ ജീവിതത്തിൽ മറ്റെല്ലാം ബാഹുബലിക്കായി മാറ്റിവച്ചിരിക്കുകയാണ് പ്രഭാസും. ബാഹുബലി- ദ് കൺക്ലൂഷൻ എന്ന രണ്ടാം ഭാഗത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു; 2017 ഏപ്രിൽ 28. ഇന്ന് 37-ാം ജൻമദിനം ആഘോഷിക്കുന്ന പ്രഭാസ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ സംസാരിക്കുന്നു. സിനിമയിലെന്ന പോലെ സംസാരത്തിലും സസ്പെൻസുകൾ ഒളിച്ചുവയ്ക്കുന്നു താരം...

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നതാണോ രണ്ടാം ഭാഗത്തിന്റെ പഞ്ച്?

ഇല്ല. ചിലപ്പോൾ മൂന്നാം ഭാഗത്തിലായിരിക്കും അതിനുള്ള ഉത്തരമെങ്കിലോ? എന്താണ് രണ്ടാം ഭാഗത്തിന്റെ പഞ്ചെന്ന് ഏപ്രിൽ 28ന് കണ്ടറിയണം. അതല്ലേ രസം. കൂടുതൽ വൈകാരികമാണു രണ്ടാം ഭാഗം. പ്രേക്ഷകർ കാത്തിരിക്കുന്നതു പോലെ രസകരമായ ആക്‌ഷൻ രംഗങ്ങളും ഈ സിനിമയിലുമുണ്ടാവും. ആദ്യ ബാഹുബലി ഒരു പരീക്ഷണമായിരുന്നു. അതിൽ നിന്നു കിട്ടിയ അനുഭവങ്ങളും പരിചയങ്ങളുമായാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. അതിന്റെ ഗുണം ഈ സിനിമയ്ക്കുണ്ടാവും.

ബാഹുബലിക്കായി ശരീരഘടന മാറ്റിയെടുത്ത അനുഭവം എങ്ങനെയായിരുന്നു?

അതൊരു വലിയ യജ്ഞമായിരുന്നു. മഹേന്ദ്ര ബാഹുബലിക്കും അമരേന്ദ്ര ബാഹുബലിക്കുമായി വ്യത്യസ്തമായ ലുക്കാണ് വേണ്ടിയിരുന്നത്. അതിനനുസരിച്ച് ശരീര ഘടന മാറ്റുക ശരിക്കും വെല്ലുവിളി തന്നെയായിരുന്നു. ഭക്ഷണവും ജീവിത രീതിയുമെല്ലാം അതിനനുസരിച്ചായി. ഭാഗ്യത്തിന് ഷൂട്ടിങ് ഏറെയും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ തന്നെയായിരുന്നതിനാൽ ഇടയ്ക്ക് അൽപ സമയം കിട്ടിയപ്പോഴെല്ലാം വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചെലവഴിക്കാനായി.

ബാഹുബലി ജീവിതം എങ്ങനെ മാറ്റിമറിച്ചു?

ഒരു സ്വപ്നം പോലെ മനസിൽ കൊണ്ടു നടന്നു ചെയ്ത സിനിമയാണു ബാഹുബലി. ഇപ്പോൾ ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും ഏറെപ്പേർ എന്നെ തിരിച്ചറിയുന്നു. അതൊരു ഗംഭീര അനുഭവമാണ്..

ബാഹുബലി നായകൻ എന്ന നിലയിൽ ഇനിയുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സമ്മർദം ഉണ്ടോ?

തീർച്ചയായും . ഇതുപോലൊരു സിനിമയ്ക്കു ശേഷം മറ്റൊരു കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ ഏറെ സമ്മർദമുണ്ട് . ഒരു വെല്ലുവിളി തന്നെയാണത്. പക്ഷേ അടുത്ത സിനിമയിലെ കഥാപാത്രം എങ്ങനെയാവും എന്ന് ചിന്തിക്കുമ്പോൾ ഒരു ഹരവുമുണ്ട്.

ബാഹുബലിയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളിലൊന്നു കേരളമായിരുന്നല്ലോ? ഇവിടുത്തെ ഷൂട്ടിങ് അനുഭവം എങ്ങനെയായിരുന്നു?

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ഷൂട്ടിങ്ങ് ഗംഭീരം എന്നേ പറയാനുളളൂ. വനയാത്ര എനിക്ക് ഏറെ ഇഷ്ടമാണ്. കേരളത്തിലെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങും മുൻപ് കാട്ടിലെ കുറെ മൃഗങ്ങളെയും നേരിട്ടു കാണാനായി. പക്ഷേ, കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം മറ്റൊന്നാണ്; ആലപ്പുഴ. നാലു വർഷം മുൻപ് തെങ്കാശിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആലപ്പുഴയെക്കുറിച്ചു കേൾക്കുന്നത്. ആ ആവേശത്തിൽ നാലു മണിക്കൂറിലേറെ യാത്ര ചെയ്ത് ആലപ്പുഴയിലെത്തി. ബോട്ട് യാത്ര നടത്തി. പച്ചപ്പിന്റെയും കായലിന്റെയുമെല്ലാം സൗന്ദര്യം മതിയാവോളം ആസ്വദിച്ചു. ഞാൻ കണ്ടിട്ടുളളതിൽവച്ച് ഏറ്റവും മനോഹരമായ സ്ഥലമാണത്.

മലയാളം സിനിമകളേതെങ്കിലും കണ്ടിട്ടുണ്ടോ?

മമ്മൂട്ടി സാറിന്റെയും മോഹൻലാൽ സാറിന്റെയും ഏറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്കു പ്രചോദനമാവുന്ന താരങ്ങളാണവർ. കുറച്ചു മാസം മുൻപ് മോഹൻലാൽ സാറിനെ കണ്ടിരുന്നു. വളരെ കൂളാണദ്ദേഹം, രസികനും. അടുത്തിടെ കണ്ട മറ്റൊരു മലയാളം സിനിമ നിവിൻ പോളിയുടെ പ്രേമമാണ്. മനോഹരമായ ചിത്രം.

തെലുങ്കിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമെന്ന നിലയിൽ മലയാള സിനിമയിൽ ഒരു അവസരം വന്നാൽ..?

2002ൽ ആണ് ഞാൻ സിനിമയിലെത്തുന്നത്. ഇതിനിടെ വൻ ബജറ്റ് സിനിമകളിലും ചെറിയ ബജറ്റുള്ള സിനിമകളിലും ഒരുപോലെ അഭിനയിച്ചിട്ടുണ്ട്. നല്ല തിരക്കഥയുടെ കരുത്തുള്ള മനോഹരമായ സിനിമകൾ മലയാളത്തിൽ ഏറെ ഇറങ്ങുന്നുണ്ട്.. ഗംഭീര മികവുള്ള സാങ്കേതിക പ്രവർത്തകരുമുണ്ട്. അതുകൊണ്ടു തന്നെ മലയാളത്തിൽ നല്ലൊരു സിനിമയിൽ അവസരം കിട്ടിയാൽ ചെയ്യാൻ ഒരു മടിയുമില്ല.

സിനിമ കഴിഞ്ഞാൽ എന്തൊക്കെയാണ് ഹരങ്ങൾ?

ആദ്യത്തേത് സിനിമ തന്നെ. പിന്നെ യാത്രകളും സുഹൃത്തുക്കളും. വോളിബോൾ കളിക്കാനും ഏറെ ഇഷ്ടമാണ്.

ഈ പ്രായത്തിലും അവിവാഹിതനായി തുടരുമ്പോൾ ഗോസിപ്പുകൾ സ്വാഭാവികം.. വിവാഹത്തെക്കുറിച്ചെല്ലാമുള്ള ഗോസിപ്പുകൾക്കു വ്യക്തത വരുത്താൻ സമയമായില്ലേ?

ഇല്ല. ഇപ്പോൾ സിനിമയെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.