ജനാധിപത്യത്തിന്റെ നാശം സെൻസർ ബോർഡിന്റെ അജണ്ട: രാജീവ് രവി

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കൃത്യമായ ലംഘനമാണ് സെൻസർ ബോർഡ് നടത്തുന്നത് സംവിധായൻ രാജീവ് രവി. ഉഡ്താ പഞ്ചാബിനെതിരെയും കമ്മട്ടിപാടത്തിനെതിരെയും സെൻസർ ബോർഡ് നടത്തിയ നീക്കങ്ങൾക്കെതിരെ രാജീവ് രവി ആഞ്ഞടിച്ചു. പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ചു പ്രതിപാദിക്കുന്ന ചിത്രമാണ് ഉഡ്്താ പഞ്ചാബ്. റിലീസിങ് അനുമതി നല്‍കണമെങ്കില്‍89 സീനുകള്‍ഒഴിവാക്കണമെന്നാവശ്യപ്പെട്ട സെന്‍സര്‍ബോര്‍ഡിനെതിരെ സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ഉഡ്താപഞ്ചാബിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. രാജീവ് രവിയുമായി മനോരമ ഓൺലൈൻ നടത്തിയ അഭിമുഖം വായിക്കാം;

സെൻസർ ബോർഡിന്റെ ഇത്തരം നിലപാടുകൾ സിനിമയുടെ ആത്മാവിനെയല്ലേ നശിപ്പിക്കുന്നത്?

തീർച്ചയായും അതെ. 89 സീനുകളൊക്കെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ ആ സിനിമയുടെ സർഗാത്മകയ്ക്ക് കത്രികവയ്ക്കുകയാണ്. അതൊന്നും ഒഴിവാക്കില്ല എന്നു തന്നെയാണ് അനുരാഗ് കശ്യപിന്റെ നിലപാട്. പഞ്ചാബിൽ നിലനിൽക്കുന്ന ലഹരിമരുന്നു മാഫിയയെ പ്രതിപാദിക്കുന്ന സിനിമയാണ് ഉഡ്താ പഞ്ചാബ്. അവിടുത്തെ സംസ്ക്കാരം രീതികൾ അതെല്ലാം കാണിക്കാന‍് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സീനുകൾ അത്യാവശ്യമാണ്. പഞ്ചാബിനെക്കുറിച്ചുള്ള സിനിമയിൽ പഞ്ചാബ് എന്ന നാമം പാടില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാവും. അവർ പറയുന്നത് പോലെ സിനിമയെടുക്കാനാണെങ്കിൽ ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രഷന്റെ പ്രസക്തിയെന്താണ്? അവിഷ്ക്കാര സ്വാതന്ത്ര്യം താമസിയാതെ ഇല്ലാതാക്കുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. സിനിമ എന്ന മാധ്യമത്തിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യം നടത്താൻ അനുവദികാത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണ്.

കമ്മട്ടിപാടത്തിനോടും പ്രതികൂല നിലപാടാണല്ലോ സെൻസർ ബോർഡ് എടുത്തത്?

കമ്മട്ടിപാടത്തിലെ സീനുകളൊന്നും ഒഴിവാക്കിയില്ല. എന്നാൽ എന്നോടു പറഞ്ഞു ഞങ്ങൾ ഏതാനും പദങ്ങളുടെ ലിസ്റ്റ് തരാം അവയെല്ലാം ഒഴിവാക്കണം അല്ലെങ്കിൽ ബീപ് വെയ്ക്കണം എന്നായിരുന്നു അവർ പറഞ്ഞത്. വയലൻസ് ഒരുപാട് ഉണ്ടെന്നു പറഞ്ഞാണ് സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് തന്നത്. എന്നാൽ ആ സിനിമ ആവശ്യപ്പെടുന്ന വയലൻസ് മാത്രമേ അതിൽ ഒള്ളൂ. സിനിമയുടെ റിലീസിങ്ങ് തിയതിയെല്ലാം പ്രഖ്യാപിച്ചു കഴി‍ഞ്ഞതിനുശേഷമായിരുന്നു സെൻസർ ബോർഡിന്റെ ഈ നിലപാട്. അതിനാൽ അന്ന് എനിക്ക് അധികം എതിർത്തുനിൽക്കാൻ സാധിച്ചില്ല. സിനിമയ്ക്ക് A തന്നത് ഒന്നും വിഷയമല്ല, പക്ഷെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊക്കെ സിനിമയെ വിലയിരുത്തുന്നത്. ആരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് അന്വേഷിക്കേണ്ടതാണ്.

നമ്മുടെ നാട്ടിൽ ഒരു സിനിമയെടുക്കുന്നത് ദുർഘടമായ ഒരു സംഗതിയായി മാറുകയാണോ?

ആ ഒരു അവസ്ഥയിലേക്കാണ് പോകുന്നത്. പണ്ടൊക്കെ ഒരു സിനിമയെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. രണ്ടുവർഷമായിട്ടാണ് സെൻസർബോർഡിന്റെ രീതികൾ ഫിലിംമേക്കേഴ്സിന് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. നരേന്ദ്രമോദിയെക്കുറിച്ച് എന്തോ എഴുതിയതിന്റെ പേരിൽ കൊളേജ് മാഗസിൻ നിരോധിച്ചതൊക്കെ ഈ കാലഘട്ടത്തിലാണെന്ന് ഓർക്കണം. പണ്ട് നെഹ്റുവിനെയും ഗാന്ധിജിയേയുമൊക്കെ ഏതെല്ലാം തരത്തിൽ വിമർശിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത നിരോധനങ്ങളും വിലക്കുകളുമാണ് ഇന്നുള്ളത്. പലർക്കു നേരെയും പലകാര്യങ്ങളും തുറന്നടിച്ചു പറഞ്ഞിട്ടുള്ളവയാണ് നമ്മുടെ മലയാളം സിനിമകൾ. നിരവധി പൊളിറ്റികൽ സിനിമകൾ ഇറങ്ങിയ നാടാണ് നമ്മുടേത്. പണ്ടും സെൻസർ ബോർഡ് ഇത്തരം നിലപാടുകളാണ് സ്വീകരിച്ചിരുന്നതെങ്കിൽ ദ കിംഗും കമ്മീഷണറും ഒന്നും ഇറങ്ങുകപോലുമില്ലായിരുന്നു. ജനാധിപത്യത്തിന്റെ അർഥം തന്നെ പൂർണ്ണമായി നശിപ്പിക്കുക എന്നുള്ളതാണ് അവരുടെ അജണ്ട. ഓരോ തവണയും സിനിമ റിലീസ് ചെയ്യാൻ ഫിലിം മേക്കേഴ്സ് കോടതി കയറേണ്ട അവസ്ഥയായിരിക്കുകയാണ്.